ഹിന്ദു മണമുള്ള കുപ്പായം

പെരുമഴയത്ത് നനഞ്ഞൊട്ടിയാണ് ഹൈദർഹാജിയും ഭാര്യ ബിയ്യുമ്മയും ഹൈസ്കൂൾ വരാന്തയിലേക്ക് കയറിയത്. വരിവരിയായി നിൽക്കുന്ന ആളുകൾക്ക് പിന്നിലായി അവരും നിന്നു. പരിചിതമായ മുഖങ്ങൾ തേടിയെങ്കിലും ഒന്നും കണ്ടില്ല, നനഞ്ഞൊട്ടി നിൽക്കുന്നവർക്കെല്ലാം ഒരേ മുഖമായിരുന്നതുകൊണ്ടാവാം. വെള്ളം ഒലിച്ചിറങ്ങുന്ന വരാന്തയിൽ തളംകെട്ടി നിൽക്കുന്നത് നിശബ്ദതയാണ്. ഇനിയെന്ത് എന്ന ചിന്തയുമായി നിൽക്കുന്നവരുടെ വസ്ത്രങ്ങളിലൂടെ മഴയുടെ അവശേഷിപ്പുകൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. വരിയിൽ പിന്നിലായി ആളുകൾ വന്നുകൊണ്ടേയിരിക്കുന്നു. മെഴുകുതിരിയുടെ വെളിച്ചത്തിൽ എന്തൊക്കെയോ എഴുതുന്ന ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും. അരിയും വസ്ത്രങ്ങളും മറ്റു സാധനങ്ങളുമായി ഓടിനടക്കുന്ന ചിലർ. അപ്പോഴും പെയ്‌തു തിമിർക്കുകയാണ് മഴ.

ഒരുമണിക്കൂർ സമയമെടുത്തു, എഴുതിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ അടുത്തെത്തിയപ്പോഴേക്കും. പേരും വിലാസവും ചോദിച്ചുകൊണ്ട് അയാൾ എന്തൊക്കെയോ എഴുതിക്കൂട്ടുന്നതു കണ്ടു. പിന്നിലുള്ള ചെറുപ്പക്കാരിലാരോ അടുത്ത റൂമിലേക്ക് കൊണ്ടുപോയി. അവിടെ ആളുകൾക്ക് വസ്ത്രങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു.

കുന്നുകൂട്ടിയിരിക്കുന്ന ആ വസ്ത്രങ്ങൾക്കിടയിൽ നിന്നും ഹൈദർ ഹാജിക്ക് കിട്ടിയതാണീ മേൽപ്പറഞ്ഞ കുപ്പായം. പലയിടത്തുനിന്നും ആളുകൾ കൊണ്ടുകൊടുത്ത വസ്ത്രങ്ങൾക്കിടയിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഹൈദർ ഹാജിക്ക് നേരെ നീട്ടിയതാണീ കുപ്പായം. ഇത് ഹിന്ദുകുപ്പായമെന്നു ഹാജിക്ക് തോന്നാൻ കാരണമെന്തെന്ന് വ്യക്തമല്ല. അതിന് അത്തറിന്റെ മണമില്ലാത്തതാണോ അതോ ചന്ദനനിറം കണ്ടിട്ടാണോ എന്നറിയില്ല. എന്തായാലും അത് വൃത്തിയായി അലക്കി ഇസ്തിരിയിട്ടു മിനുക്കിയ ഒരു ഷർട്ടായിരുന്നു. കൂടെ കിട്ടിയതാകട്ടെ ഒരു കാവി മുണ്ടും. ഹാജി ആ ചെറുപ്പക്കാരനോട് ചോദിച്ചു..

“വേറെ കുപ്പായവും തുണിയും ഉണ്ടോ ഡാ “

ആ തിരക്കിനിടയിൽ ആ ചെറുപ്പക്കാരൻ അതു കേട്ടതേയില്ലെന്നു തോന്നി. പുറകിൽ നിന്ന മറ്റാരോ ഹാജിയെ മുന്നോട്ടു നയിച്ചു. ബിയ്യുമ്മയെ അതിന് മുമ്പേ ആരോ സ്ത്രീകളുടെ ഭാഗത്തേക്ക് മാറ്റിയിരുന്നു. അവൾക്കു കിട്ടിയത് എങ്ങനെയുള്ള കുപ്പായമാണോ ആവോ എന്ന ചിന്തയിൽ വ്യാകുലനായി ഹാജി നിന്നു. മൂന്ന് ഹജ്ജുകൾ ചെയ്ത, ഇരുപതേക്കർ തെങ്ങിൻ തോപ്പും ഇരുനില മാളികയും ഉള്ള തനിക്കാണ് ആരോ ഇട്ടു പഴകിയ കുപ്പായം കിട്ടിയിരിക്കുന്നത്.

“പതിഞ്ചാം നമ്പർ മുറിയിലേക്ക് പൊയ്‌ക്കോളൂ..” പിന്നാലെ വന്ന ചെറുപ്പക്കാരൻ പറഞ്ഞു.

“മോനെ ഞങ്ങളുടെ ബന്ധുവീട്ടിൽ പൊയ്ക്കൂടേ .. ആറു കിലോമീറ്റര് ദൂരെ ഉളളൂ. ആരടേലും വണ്ടി കിട്ടിയാൽ … പൈസ എത്ര വേണേലും കൊടുക്കായിരുന്നു .”

“നമ്മുടെ ഗ്രാമത്തിന്റെ നാലുവശത്തും വെള്ളം കയറിയിരിക്കാണ് ഇക്ക. അത് ഇറങ്ങാതെ ഒരു മാർഗവുമില്ല, നാളെ വെള്ളം ഇറങ്ങുകയാണേൽ നമുക്ക് പോകാം”

എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഹാജി പതിനഞ്ചാം നമ്പർ മുറി ലക്ഷ്യമാക്കി നീങ്ങി, ആ ഹിന്ദുകുപ്പായവും കാവിമുണ്ടുമായി.

ചതുരാകൃതിയിൽ ആണ് ക്ലാസ്സുമുറികൾ. മൂന്നുനിലകളിലായി അവ പടർന്നു കിടക്കുന്നു. ഓരോ മുറികളിലും ആളുകൾ നിറഞ്ഞിരിക്കുന്നു. ക്‌ളാസ്സുമുറിയിലെ ബെഞ്ചുകളെല്ലാം ഒരുവശത്തേക്കു മാറ്റിക്കൊണ്ട് അവിടങ്ങളിൽ പായ നിവർത്തിയിരിക്കയാണ്. ഏതോ പള്ളികളിൽ നിന്നും കൊണ്ടുവന്ന നീളത്തിലുള്ള പായകളാകണം. വസ്ത്രങ്ങൾ മാറിയിടുന്നവർ,… ബെഞ്ചിൽ പുറത്തേക്കു നോക്കി വ്യാകുലരായി ഇരിക്കുന്നവർ,… പരസ്പരം സംസാരിച്ചുകൊണ്ടു വരാന്തയിൽ നിൽക്കുന്നവർ.;;; അവർക്കു മീതെ പെയ്തുതോരാൻ മടിക്കുന്ന മാനവും. വലിയ ശബ്ദത്തോടെ മഴ പെയ്യുകയായിരുന്നു അപ്പോഴും .

ഇന്നലെ തുടങ്ങിയ മഴയാണ് ഇടതടവില്ലാതെ പെയ്യുന്നത് പുഴയിൽ വെള്ളം കയറുന്നു, എവിടൊക്കെയോ ഉരുൾ പൊട്ടിയിട്ടുണ്ട് എന്ന് പണിക്കു വരുന്ന ലീല പറഞ്ഞപ്പോൾ അത്ര കാര്യമാക്കിയില്ല. കറണ്ടില്ലാത്തതിനാൽ ഫോൺ ഓഫായിരുന്നു എപ്പോഴോ. വെള്ളം തൊടിയിലൂടെ ഒലിച്ചുപോകുന്നത് നോക്കി നിൽക്കുമ്പോഴാണ് അടുക്കള ഭാഗത്തുകൂടി വെള്ളം കയറുന്ന വിവരം അവള് പറഞ്ഞത്. പുറകിൽ മണ്ണെടുത്തതിന്റെ ബാക്കി ഭാഗങ്ങൾ അടരാൻ തുടങ്ങുന്നുണ്ടെന്നും പറഞ്ഞപ്പോൾ പേടിയായിത്തുടങ്ങി. പിന്നീട് വെള്ളം വീട്ടിനുള്ളിലേക്ക് കയറാൻ തുടങ്ങി.

മെമ്പറും രണ്ടു ചെറുപ്പക്കാരും വരുമ്പോൾ മുകളിലത്തെ നിലയിൽ ആയിരുന്നു രണ്ടുപേരും. താഴെ ഒരാൾപ്പൊക്കത്തിൽ വെള്ളം കയറിയിരുന്നു. വലിയ ചെമ്പിൽ ഇരുന്നുകൊണ്ടാണ് പുരയിടം താണ്ടിയത്. മുകളിലെ റോഡിലെത്തി തിരിഞ്ഞു നോക്കുമ്പോൾ വീടിനൊരു വശം മണ്ണെടുത്തിരുന്നു. ബാക്കി ഭാഗം വെള്ളവും.

പതിനഞ്ചാം നമ്പർ ക്ലാസ്സുമുറിയിൽ അമ്പതോളം ആളുകൾ ഉണ്ടായിരുന്നു. ഡെസ്കിൽ കത്തിച്ചുവച്ചിരുന്ന മൂന്നു മെഴുകുതിരികളാണ് ആ മുറിയിൽ വെളിച്ചം വിതറിയിരുന്നത്. ഹാജി ഒരു മൂലയിൽ മാറിനിന്നുകൊണ്ട് തന്റെ കുപ്പായവും മുണ്ടും മാറാൻ തുടങ്ങി. ചന്ദനനിറമുള്ള ആ കുപ്പായം തന്റെ ശരീരത്തിൽ തട്ടുമ്പോൾ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതായി അദ്ദേഹത്തിന് തോന്നി. ഇതാരുടേതാവും ..?

സർക്കാർ ആപ്പീസർമാർ ആരെങ്കിലും, അല്ലെങ്കിൽ അമ്പലത്തിലെ കമ്മറ്റി അംഗങ്ങൾ,അല്ലെങ്കിൽ വലിയ ജോലിയുള്ള ആരെങ്കിലും ..

എന്തായാലും ഒരു ഹിന്ദുകുപ്പായം ആണിത്…. അത്തറിന്റെ മണമില്ലാത്ത, തിളങ്ങുന്ന നിറമില്ലാത്ത ഒരു സാധാരണ കുപ്പായം… മുറിക്കയ്യൻ കുപ്പായം ഇതിനു മുമ്പേ ഇട്ടതായി ഓർമ്മയിൽ ഇല്ല. ഉടുത്തിരുന്നത് ഇടത്തോട്ടാണെങ്കിലും ഈ കാവി കളർ നമ്മുടേതല്ലല്ലോ. അങ്ങനെ വസ്ത്രങ്ങളും താനും രണ്ടു ലോകങ്ങളിൽ ആയതായി ഹാജിക്ക് തോന്നി. നഗ്നനായ തനിക്കും മറ്റുള്ളവർക്കും ഇടയിൽ ചന്ദനനിറമുള്ള ഒരു കുപ്പായവും കാവിമുണ്ടും.

മുറിയിലുള്ള ആരോ ഒരു തോർത്തുമുണ്ട് കൊടുത്തു. അതുമായി തല തുവർത്തി അടുത്തുകണ്ട ബെഞ്ചിൽ ഇരുന്നുകൊണ്ട് ഹാജി ഗൾഫിലുള്ള മക്കളെപ്പറ്റിയും അപ്പുറത്തെവിടെയോ ഇതുപോലെ ഇരിക്കുന്ന ഭാര്യയെയും ഓർത്തു.

“ആദ്യം ഹെലികോപ്ടറിന്റെ ശബ്ദമാണെന്നാണ് കരുതിയത്. മഴയുടെ ശബ്ദം തന്നെ ഭയാനകമായിരുന്നു. രാത്രി എട്ടുമണി ആയിക്കാണണം അപ്പോൾ. ഞാൻ പുറത്തേക്കിറങ്ങി നോക്കുമ്പോൾ കാണുന്നത് ….”
അയാൾ തെല്ലുനേരം സംസാരം തടസ്സപ്പെട്ടു നിന്നു.

മുറിയിൽ ഒരു മൂലയിൽ ഇരുന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അയാൾ. ചുറ്റും കുറച്ചുപേർ കൗതുകത്തോടെ ഇരിക്കുന്നു. തലേ ദിവസം എവിടെയോ ഉരുളുപൊട്ടിയത് കേട്ടിരുന്നു. അവിടെയുള്ള ആളാവണം.

“ഇരുട്ടിൽ ഒന്നും കാണാനാവുമായിരുന്നില്ല… മഴയും. എങ്കിലും ആ ശബ്ദങ്ങൾ പേടിപ്പെടുത്തുന്നതായിരുന്നു. എന്തൊക്കെയോ വീഴുന്നതിന്റെയും ഒലിച്ചിറങ്ങുന്നതിന്റെയും ശബ്ദം. വീടിരിക്കുന്നിടത്തു നിന്നും ഏതാണ്ട് അര കിലോമീറ്ററോളം ദൂരം കാണും അങ്ങോട്ട്. രാവിലെ എന്നും കണികാണുന്നത് ആ മലയായിരുന്നു.. അവിടെയുള്ള ആളുകളെയും “

അയാൾ ഇരുകൈകളിലും മുഖമമർത്തി വിതുമ്പിക്കരഞ്ഞു. ആ മുറിയാകെ നിശബ്ദമായി. ആ മനുഷ്യന്റെ തേങ്ങലുകൾ മാത്രം ക്ലാസ്സുമുറിയിൽ അങ്ങിങ്ങു തട്ടി പ്രതിധ്വനിച്ചു, ആശ്വസിപ്പിക്കാൻ പോലുമാകാതെ ചുറ്റും നിന്നിരുന്നവർ തലതാഴ്ത്തി നിന്നു. അലറിപ്പെയ്യുന്ന മഴ ആസ്ബറ്റോസ് ഷീറ്റുകളിൽ തട്ടി അവർക്കു ചുറ്റും അലയടിച്ചു.

“നിങ്ങളും കുടുംബവും സുരക്ഷിതമല്ലേ..?” ആരോ ചോദിച്ചു..

അയാൾ തലയുയർത്തി. ആ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു .
“നൂറോളം വീടുകളാണ് സുഹൃത്തേ മണ്ണിനടിയിൽപെട്ട് കിടക്കുന്നത്. ആ വീടുകളിലുള്ള ആളുകളും. എനിക്ക് പാല് കൊണ്ടുവന്നു തന്നിരുന്ന ആരതി മോൾ., അവളെന്റെ ഇളയ കൊച്ചിന്റെ കൂടെ മൂന്നാം ക്ലാസ്സിലാ പഠിക്കുന്നത്.. പത്രം കൊണ്ടുവരുന്ന ഷമീർ എന്ന പത്താം ക്ലാസ്സുകാരൻ .. എല്ലാ ദിവസവും കണ്ടിരുന്ന ആളുകളുടെ സ്ഥാനത്ത് ഇപ്പോൾ ഉള്ളത് ഒരു വലിയ മൺകൂനയാണ് .. കുറെ ജെ സി ബി കൈകൾ അവിടെ തിരയുകയാണ് … ഇപ്പോഴും മഴയാണ്.. ഇതിനിടയിൽ ഞാനും എന്റെ കുടുംബവും മാത്രം സുരക്ഷിതമായിട്ടെന്തു കാര്യം .. ഒരാളെ പോലും എനിക്ക് രക്ഷിക്കാനായില്ല .. ആ പ്രദേശത്തേക്ക് അടുക്കാൻ പോലും കഴിഞ്ഞില്ല . സെക്കൻഡുകൾക്കുള്ളിൽ എല്ലാം ….”

ഹാജിയുടെ കണ്ണുകൾ നിറഞ്ഞു, എഴുന്നേറ്റ് അയാൾക്കരികിലേക്കു ചെന്ന് ആ തലയിൽ തലോടി.എം അയാളാകട്ടെ ഹാജിയുടെ കൈകളിൽ മുറുകെപ്പിടിച്ചു, ഒരു അഭയമെന്നോണം. ഹാജി അയാൾക്കരികിൽ ചമ്രം പടിഞ്ഞിരുന്നു. ഇരുന്നിടത്തു നിന്നും തണുപ്പ് അരിച്ചുകയറുമ്പോഴാണ് അയാൾ ഇരുന്നത് വെള്ളം കിനിയുന്ന ചുമരിനരികിലാണെന്ന് ഹാജിക്ക് മനസ്സിലായത്. പടച്ചോനെ ഈ ചെളി ആയ മുണ്ടും ഉടുത്തു നാളെ എങ്ങനെ സുബഹി നിസ്കരിക്കും .? ഹാജി ചിന്താമഗ്നനായി. അയാളുടെ തലയിൽ തലോടി. ഹാജിയുടെ മനസ്സിൽ ഭൂതത്താൻ കുന്നിലെ മരുമകൻ നടത്തുന്ന ക്വാറി മനസ്സിലൂടെ മിന്നിമറഞ്ഞു. അസംഖ്യം ജെ സി ബി തുമ്പിക്കൈകൾ പിഴുതെടുക്കാൻ ശ്രമിക്കുന്ന കുന്നിന്റെ ചിത്രം. ആടിയുലയുന്ന മരങ്ങൾ, ഒലിച്ചിറങ്ങുന്ന മണ്ണിലൂടെ മുകളിലോട്ടു കയറുന്ന ജെസിബികൾ. ഭൂതത്താൻ കുന്നിന്റെ ഉച്ചിയിലേക്കാണ് അവയുടെ യാത്ര. വരിയായി നീങ്ങുന്ന അവയ്ക്കിപ്പുറം ആളുകൾ കുപ്പായം വാങ്ങാനായി നിൽക്കുന്നു. തിളങ്ങുന്ന പട്ടുകുപ്പായങ്ങൾ മുതൽ ഒട്ടും ഭംഗിയില്ലാത്ത കുപ്പായങ്ങൾ വരെയുണ്ട്. ജെസിബി യിൽ നിന്നും ആരോ അവ മുകളിലേക്കെറിയുന്നു. നിലത്തുവീണു ചെളിപറ്റുന്നതിനു മുമ്പേ അവ കൈക്കലാക്കാൻ ആളുകൾ ഓടിക്കൂടുന്നു. അവരുടെ ഉടലാകെ ചെളിയാണ്. എങ്കിലും ചെളിയില്ലാത്ത കുപ്പായം അവര് കൊതിക്കുന്നുണ്ടാകണം. എനിക്കും ഒരു നല്ല കുപ്പായം കിട്ടിയിരുന്നെങ്കിൽ.. ഹാജി ആളുകളുടെ കൂടെ ഓടാൻ തയ്യാറായി നിന്നു. ദൂരെ നിന്നും ആരോ മൈക്കിലൂടെ എന്തോ വിളിച്ചു പറയുന്നു.ആളുകൾ ചിതറിയോടുന്നു.

ആരോ ചുമലിൽ തൊട്ടു വിളിച്ചപ്പോഴാണ് ഹാജി ഉണർന്നത്. ബെഞ്ചിൽ ഇരിക്കുകയായിരുന്നു ഹാജി അപ്പോൾ.

“ഭക്ഷണത്തിനുള്ള വിളിയാണ്.. പോയി കഴിച്ചിട്ട് വന്നോളൂ. കുറച്ചു കഴിഞ്ഞാൽ കിട്ടിയെന്നു വരില്ല. ആളുകളങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. ഈ സ്കൂൾ ഇന്ന് അഭയാര്ഥികളെക്കൊണ്ട് നിറയുമെന്നാണ് തോന്നുന്നത് “

ഒരു സ്റ്റീൽ പ്ലേറ്റ് തനിക്കു നേരെ നീട്ടിക്കൊണ്ടാണ് ആ ചെറുപ്പക്കാരൻ പറയുന്നത്. അവന്റെ മുഖമാകെ വലിഞ്ഞു മുറുകിയിരുന്നു.

“നീ കഴിച്ചോ മോനെ ” ഹാജി ചോദിച്ചു

അവൻ അതെയെന്നോ അല്ലായെന്നോ വ്യക്‌തമാകാത്ത വിധം ഒന്ന് മൂളി.

എവിടെയാണ് ആവോ.. ഭക്ഷണം കിട്ടുന്ന സ്ഥലം. അവൾ കഴിച്ചുകാണുമോ ആവോ. ഇത്യാദി ചിന്തകളിൽ മുഴുകി ഹാജി പ്ലേറ്റുമായി നടക്കാൻ തുടങ്ങി.

“നല്ല തിരക്കാണ് അവിടെ. അധികനേരം നിൽക്കാൻ കഴിയുമോ അച്ഛന്..?” ചെറുപ്പക്കാരൻ ചോദിച്ചു.

കണ്ടില്ലേ ഈ കുപ്പായം വരുത്തിയ വിന. ഇത്രേം ഹജ്ജ് ചെയ്ത എന്നെ വിളിച്ചത് അച്ഛാ എന്ന്. എങ്കിലും ആ വിളിയിലുള്ള സ്നേഹം ഹാജിയുടെ മനസ്സിൽ വല്ലാതെ സ്പർശിച്ചു.

“എന്റെ കൂടെ വരൂ. ആ വരാന്തയിൽ ഇരുന്നാൽ മതി, ഞാൻ ഭക്ഷണം വാങ്ങി വരാം” ആ ചെറുപ്പക്കാരൻ പ്ലേറ്റുമായി മുന്നിൽ നടന്നു.

ഹാജി വരാന്തയിലെ ബെഞ്ചിൽ ഇരുന്നു. കുറച്ചകലെ ഭക്ഷണശാലയിൽ തെല്ലു വെളിച്ചമുണ്ട്. മറ്റിടങ്ങളിലെല്ലാം ഇരുട്ടാണ്.

മുന്നിൽ സ്കൂളിലെ ബാസ്കറ്റ്ബാൾ കോർട്ടിൽ ഏതാണ്ട് മുട്ടറ്റം വെള്ളം കയറിയിരിക്കുന്നു. മെഴുകുതിരിയുടെ വെട്ടത്തിൽ കാണുന്ന ക്ലാസുമുറികൾ, അല്ല ഇപ്പോൾ അഭയാർത്ഥി ഭവനങ്ങൾ. ദൂരെ കയറ്റത്തിൽ സ്കൂൾ ഗെയിറ്റ് കാണാം. അവിടെ വാഹനങ്ങൾ വന്നുകൊണ്ടേ ഇരിക്കുന്നു. ആളുകളുടെ പ്രവാഹമാണ്. അയാൾ പറഞ്ഞ ഇടത്ത് ആ മണ്ണിനടിയിൽ കിടക്കുന്ന ആളുകൾ, അവരുടെ ബന്ധുക്കൾ….പടച്ചോനെ ഇതെന്തു പരീക്ഷണം ?

കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ എത്തി.
വിശപ്പുകാരണം കൈകഴുകാനൊന്നും ഹാജി മെനക്കെട്ടില്ല. ഒന്നും കാണുന്നില്ലെങ്കിലും കൈതടഞ്ഞപ്പോൾ ചോറും കറിയും ആണെന്ന് മനസ്സിലായി. ആദ്യം തടഞ്ഞ കഷ്ണം വായിലേക്കിട്ടു. മത്തൻ ആണ്, ഗ്യാസ്ട്രബിൾ വരുമെന്ന പേടിയാൽ ദിനചര്യയിൽ നിന്നും ഒഴിവാക്കിയിരുന്ന ഭക്ഷണം. കഴിച്ചു തീർന്നപ്പോഴേക്കും ആ ചെറുപ്പക്കാരൻ ഒരു സ്റ്റീൽ ഗ്ലാസിൽ വെള്ളം കൊണ്ട് വച്ചിരുന്നു.

“മോൻ ഏതു മുറിയിലാ ?” തല താഴ്ത്തി ഇരിക്കുന്ന ചെറുപ്പക്കാരനോട് ഹാജി ചോദിച്ചു.

അവൻ തല ഉയർത്തി ഹാജിയെ നോക്കി. വ്യക്‌തമല്ലെങ്കിലും ആ കണ്ണുകളിൽ നനവ് പടർന്നിരിക്കുന്നത് ഹാജി കണ്ടു.
“വീട്ടിലുള്ളോരൊക്കെ ഏതൊക്കെ മുറികളിലാ.? “
അവൻ ഒന്നും മിണ്ടാതെ ചുമരിൽ ചാരി ഇരുന്നു.

“ഞാനിതു വരെ ഒരു ടൂറിലായിരുന്നു അച്ഛാ… ക്ഷമിക്കണം എന്റെ അച്ഛനെപ്പോലെ തന്നെയാണ് അങ്ങയെ കാണാൻ. അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. ‘അമ്മ അപ്പോഴേ പറഞ്ഞതാ.. പക്ഷെ ഞാൻ പോയി… എല്ലാതവണ വീട്ടീന്നിറങ്ങുമ്പോഴും ‘അമ്മ പറയാറുണ്ട്… അതുകൊണ്ട് കാര്യാക്കീല.. പക്ഷെ ഇത്തവണ …”
അവൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ തല ചുമരിലിടിച്ചു.. ഒന്നല്ല, ഒരുപാടു തവണ. ഹാജി അവനെ തടയാൻ ഒരുപാടു ശ്രമിച്ചെങ്കിലും ബലിഷ്ഠമായ അവന്റെ ചെയ്‌തികളെ തടയാനായില്ല.

“നീയൊന്ന് അടങ്ങ് മോനെ .. എല്ലാത്തിനും ഒരു മാർഗമുണ്ടാവും .. ” അങ്ങനെപറയാനാണ് ഹാജിക്ക് തോന്നിയത്.

എന്ത് മാർഗം ..? ഇന്നലെ വീട്ടിൽ വിളിച്ചപ്പോൾ അനിയത്തി പറഞ്ഞിരുന്നു വീടൊഴിഞ്ഞുപോകാൻ പറഞ്ഞിട്ടുണ്ട് ഉരുൾപൊട്ടൽ ഭീഷണിയുണ്ട് എന്നെല്ലാം. കഴിഞ്ഞ രണ്ടു വര്ഷങ്ങളായി ഞങ്ങൾ ക്യാമ്പിൽ താമസിച്ചിരുന്നു രണ്ടാഴ്ചയോളം, ഇതേകാരണത്താൽ . ഇത്തവണ ആരും പോകുന്നില്ല എന്നാണ് അവളപ്പോൾ പറഞ്ഞത്.

ഇന്നുച്ച കഴിഞ്ഞാണ് ഇവിടെ എത്തിയത്. നാട്ടിലേക്ക് എത്താൻ പറ്റുന്നില്ല. പോവുന്ന വഴിയിലൂടെ ഒരു പുതിയ പുഴ രൂപപ്പെട്ടിരിക്കുന്നു.

രണ്ടാൾ ഉയരത്തിലാണ് അതിന്റെ ഒഴുക്ക്. മറ്റു വഴികൾ നോക്കി ഞാൻ കുറച്ചു ദൂരം നടന്നു. അപ്പോഴാണ് അവിടെയുള്ള ആരോ പറഞ്ഞു ഞാൻ കേൾക്കുന്നത്, ഭൂതത്താൻ കുന്നിനെയാകെ ഉരുൾ എടുത്ത കാര്യം.

അവരെത്തേടി ഞാൻ എല്ലാ ക്യാമ്പുകളിലും പോയി.. ഒടുക്കം ഇവിടെ എത്തി.. ആരും പുറത്തെത്തിയില്ല എന്നറിയാമായിരുന്നെങ്കിലും വെറുതെ ഒരു പ്രതീക്ഷ ..”

അവന്റെ തോളിൽ വച്ചിരുന്ന ഹാജിയുടെ കൈകൾ അവിടെനിന്നും ഊർന്നിറങ്ങി ബെഞ്ചിന്റെ ഒരറ്റത്ത് അള്ളിപ്പിടിച്ചു. ആ കൈകളുടെ ബലം നഷ്ടമാകുന്നതായി ഹാജിക്കനുഭവപ്പെട്ടു.

“അച്ഛൻ ,’ അമ്മ, അമ്മമ്മ, അനിയത്തി.. എല്ലാവരും ഇപ്പോൾ ആ മൺകൂമ്പാരങ്ങൾക്കടിയിലാണ്. ഞാൻ മാത്രം ഇവിടെയും. അമ്മയുടെ വാക്കുകൾ കേൾക്കാതെ പോയിട്ടാണ്. ഇല്ലെങ്കിൽ എനിക്കും ..”

അവനെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഹാജി തളർന്നു. ആ കണ്ണുകൾ നിറഞ്ഞു. ഇടതു കുപ്പായക്കൈ കൊണ്ട് കണ്ണുനീര് ഒപ്പുമ്പോൾ ഹാജിക്ക് വീണ്ടും ആ മണമടിച്ചു. ചന്ദനത്തിന്റെ മണമാവാം.അല്ലെങ്കിൽ …

അമർത്തിപ്പിടിച്ച ഒരു ചിരി അവിടെയെങ്ങോ അലയടിച്ചു.

ഈ സന്ദർഭത്തിൽ ചിരിക്കാനുതകുന്ന ഒന്നും ഇല്ലാത്ത ഒരിടത്ത് ഇങ്ങനൊരു ചിരി എവിടുന്നായിരിക്കും. ഹാജി നാലുപാടും നോക്കി .ചുമരിൽ ചാരിയിരുന്നു കരയുന്ന ആ ചെറുപ്പക്കാരനും, അവന്റെ പേര് ആദിത്യൻ എന്നാണത്രെ. സംസാരത്തിനിടയിൽ എപ്പോഴോ ഹാജിക്ക് കിട്ടിയതാണീ നാമധേയം. മുന്നിൽ പെയ്തുതോരാതെ മഴയും. പിന്നിലെ മുറികളിൽ ഉറങ്ങാൻ തുടങ്ങുന്ന ആളുകളും., ഇതിനിടയിൽ ഈ ചിരി ..?

ആദിത്യന്റെ കയ്യും പിടിച്ചുകൊണ്ട് ഹാജി ആ വരാന്തയിലൂടെ നടക്കുമ്പോൾ ചിന്തിച്ചത് നിമിഷനേരങ്ങൾ കൊണ്ട് ജീവിതത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട അവന്റെ മനോനിലയെക്കുറിച്ചായിരുന്നു . തന്റെ പേരക്കുട്ടിയുടെ പ്രായം മാത്രം ഉള്ളവൻ. ഇനിയുള്ള അവന്റെ ജീവിതം. ഒരുപക്ഷെ ആ ടൂറു പോയില്ലായിരുന്നെങ്കിൽ അവനും …

ഇനിയും എത്രയോ കാഴ്ചകൾ ബാക്കി വച്ചിട്ടുണ്ടാകും ഈ മഴക്കാലം ..?

ആദിത്യനെന്ന ‘പേരക്കുട്ടി’യെയും ചേർത്തുപിടിച്ചു ഹാജി പതിനഞ്ചാം നമ്പർ മുറിയിലേക്ക് നടക്കുമ്പോൾ അകലെ ഭൂതത്താൻ കുന്നിലെ മൺകൂമ്പാരങ്ങൾക്കിടയിൽ നിന്നും ആളുകളെ തിരയുകയായിരുന്നു യന്ത്രക്കൈകൾ. അപ്പോഴും ആ ചിരിയായിരുന്നു ഹാജിയുടെ മനസ്സിൽ. തന്റെ ചെയ്തികളെ വീക്ഷിക്കുന്ന ആരായിരിക്കും ഇവിടെ. ചിലപ്പോൾ വെറുതെ മനസ്സിൽ തോന്നിയത് ആകാനും മതി.

മലപ്പുറം ജില്ലയിലെ ചുങ്കത്തറ സ്വദേശി . ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഫത്തേ ദർവാസാ ജീവിതം മുഴങ്ങുന്നിടം, റീ മലാലക്കോ മഡഗാസ്കർ എന്നിങ്ങനെ രണ്ടു ചെറുകഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്