ഹിഡുംബി

കണ്ണിൽമയ്യെഴുതാനറിയാത്ത
മെയ്യിൽ അലങ്കാരമേതുമില്ലാത്ത
കരിവീട്ടിനിറത്തിലൊരു കാടത്തി

പശിയെന്നവികാരം മാത്രമറിഞ്ഞ്
കാടുകുലുക്കി നടന്ന കാടത്തി

മനുഷ്യമാംസത്തിൻ്റെ ഗന്ധമറിഞ്ഞ്
സോദരൻ പറഞ്ഞയച്ചവളെങ്കിലും
അത്രമേൽ അഗാധമായ്
ഒരുനറുംനിലാവു പോലെ
പ്രണയത്തിൻ ശീതളിമ
ഭീമദർശനത്താൽ അവളാദ്യമായറിയുന്നു

കുലവും ജാതിയും നോക്കിയല്ലല്ലോ
പ്രണയത്തിനരിമുല്ല പൂക്കുന്നത്
ചോദിച്ചൂ ,ലജ്ജയേതുമില്ലാതെ
കാപട്യത്തിൻ വർണ്ണമവളിലില്ലല്ലോ

തിരസ്കരിച്ചൂ ഭീമനവളെ, ജ്വലിച്ച കണ്ണാലെ….
ഇവിടെയീ കാട്ടിലെനിക്കൊരേയൊരു ദൗത്യം
കുടുംബ സംരക്ഷണം
നിന്നാങ്ങളയെ വധിച്ചതുമതിന്
വെറുക്കപ്പെടേണ്ടവൻ
സഹോദര ഘാതകൻ

എങ്കിലുമവളുടെ മനസ്സനുവദിച്ചില്ല – വിട്ടു പോവാൻ
എന്തേയീ മനസ്സിത്ര മേൽ തപ്തമാവുന്നത്?
പെണ്ണിനെ പെണ്ണറിയുമെന്നയാ ബലത്തിൽ
കുന്തിമാതാവിനോടിരന്നു
മകൻ്റെ ഇത്തിരി സ്നേഹത്തിനായ്

ഒരുകരാറിന്നുടമ്പടിമേൽ നീട്ടി
രാജകുമാരൻ്റെ വധുവാകാനിത്തിരി നേരം
അതുമതിയായിരുന്നവൾക്ക്
കുഞ്ഞു പിറന്നാൽ തിരിച്ചു പൊയ്ക്കൊള്ളാം
കാട്ടിനുള്ളിലേയ്ക്കു തന്നെ

ചിരിച്ചും കളിച്ചും ഭീമനെ കാമിച്ചവൾ
ഗന്ധമധൂകരച്ചുവടുകൾ
കാട്ടിന്നഗാധ താഴ്വരകൾ
കാട്ടുപൂവിൻ സുഗന്ധത്തിലുന്മത്തയായ്
ഭീമൻ്റെ കണ്ണിലെ തിളക്കമായ് നടന്നൂ
കാട്ടു സുന്ദരി ഹിഡുംബി….

പുത്രജനനത്തോടെ പിരിയാൻ
സമയമായെന്നോതിയതുമവൾതന്നെ!
കാലം കടന്നു പോകെ പുതിയവർ സ്ഥാനം പിടിച്ചു
ഭീമനെന്ന ദീപ്തമാം ഓർമ്മയിൽ
കഴിഞ്ഞ രാക്ഷസസുന്ദരി
ഒരിടവേളയ്ക്കപ്പുറം ഭീമസമാഗമസന്തോഷാധിക്യത്താൽ
അത്രമേൽ പ്രണയം കൊതിച്ചവൾ നീട്ടിയ
ഛായാമുഖിയിൽ തെളിഞ്ഞതോ ദൗപദി!!!

മനസ്സിൻ്റെ ദീപ്തി മാഞ്ഞ്
നിസ്സഹായതയുടെ കട്ടപിടിച്ച ഇരുട്ടുമായ്
കാട്ടിൽ മറഞ്ഞവൾ
അർജുനനെ രക്ഷിക്കാൻ
സ്വന്തം മകനെ ബലികൊടുത്തവൾ
യുദ്ധതന്ത്രമോ രാജ്യതന്ത്രമോ അറിയാത്തവളെങ്കിലും
ഒരു ചോദ്യമവളിലും ത്രസിക്കുന്നുണ്ട്
കുന്തീ മാതാവിനോടായ്…..

മദിച്ചുവന്നത് കാറ്റോ കാട്ടാളനോ ??

കോഴിക്കോട് സ്വദേശിനി ആണ്. മലപ്പുറം, കൊണ്ടോട്ടി ഗവ: ജി യു പിഎസിൽ അധ്യാപിക.