ഹാഷ്ടാഗ്‌ പ്രകൃതിസ്നേഹി

ബാക്ക്ഗ്രൗണ്ടും, ലൈറ്റിംഗും
ഒക്കെ ഒത്തുവന്നൊരു കിടു-ഇടം
വളപ്പിനുള്ളിൽ തിരഞ്ഞുകിട്ടി.

പച്ചപ്പിന്റെ കരുതലുകാരന്റെ
എളിയ നിമിഷങ്ങൾ
ഒപ്പിയെടുത്ത്‌ പങ്കുവയ്ക്കാൻ
പടം പകർത്തലുകാരനും
റെഡി.

നഖത്തിൽപ്പറ്റിയ
കറുപ്പുനിറം പോവാഞ്ഞ്‌
ഹാൻഡ് വാഷിട്ട്‌
പതപ്പിച്ച്‌ പതപ്പിച്ച്‌
നേരം പോയതു മെച്ചം.
മണ്ണിന്റെയാ മണവും
വിട്ടുപോവുന്നില്ല.

വെള്ളമൊഴിച്ച്‌ കുഴികുത്തിയപ്പോൾ
പുറത്തിറങ്ങിവന്ന് പുളഞ്ഞ
ഞാഞ്ഞൂലിനെ
കണ്ടതുമുതൽക്കാണെങ്കിൽ
കോറാൻ തോന്നുന്ന
വിമ്മിട്ടം മേലാകെ.

അതോ ആ
ഇലയുടെ മുകളിൽക്കൂടി
വല്ല കമ്പിളിപ്പുഴുവും
അരിച്ചുകാണുമോ എന്തോ.

പുലർകാലേ പ്രകൃതിസ്നേഹം
പ്രദർശ്ശിപ്പിക്കുന്നതിനിടെ
കയ്യിലേറ്റ പോറലിനുമേലെ
സാൻഡ്-വിച്ചിലെ
തൗസന്റ്‌ ഐലൻഡ്‌ സ്പ്രെഡ്‌
തട്ടുമ്പോൾ വല്ലാത്ത നീറ്റൽ.

ജനൽവക്കിലെ കൃത്രിമപ്പച്ചകളിലെ
പൊടികണ്ട്‌ മുഖംചുളിച്ച്‌
ഹോട്ട്സ്റ്റാറിൽ അടുത്ത
സീരീസ്‌ തപ്പുന്നതിനിടെ
നല്ലൊരു അടിക്കുറിപ്പും വച്ച്‌
മുഖപുസ്തകത്തിന്റെ ചുവരിൽ
നാട്ടിയ തൈയ്യിനു
അരമണിക്കൂറിൽക്കിട്ടിയത്‌
മുന്നൂറ്ററുപത്തഞ്ച്‌ ലൈക്ക്‌.

എന്തായാലും
നല്ല കുരുത്തമുള്ള സ്ഥലം.
അടുത്ത പരിസ്ഥിതിദിനത്തിൽ
അതേ കുഴിയിൽ നടണം തൈ.

മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് സ്വദേശിനി. സാങ്കേതികമേഖലയിൽ‌ ബിരുദധാരി. ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.