സർഗ്ഗവഴിയിലെ തരിശ്ശിടങ്ങൾ

സദാ മിടിച്ചു കൊണ്ടിരുന്ന സർഗാത്മകത പത്മരാജനിൽ എപ്പോഴും ഉണ്ടായിരുന്നു. അല്ലെങ്കിൽ കഷ്ടി ഇരുപത്തിയഞ്ചു വർഷങ്ങൾക്കിടയിൽ നൂറ്റിഇരുപതിലധികം കഥകളും പതിനാലു നോവലുകളും മുപ്പത്തിയാറ് സിനിമകളും ഒരാൾക്കെഴുതാൻ ആവില്ല. മരണത്തോടടുക്കുമ്പോൾ അതിന്റെ പാരമ്യത്തിലും കൈവിടാത്ത നിരന്തര വായനയും അടുക്കും ചിട്ടയുമുള്ള രചനാക്രമവും ഏകാഗ്രമായി പിന്തുടർന്നിരുന്നു അദ്ദേഹം. മരിക്കുന്നതിന് ആറു മാസം മുൻപ് പ്രതിമയും രാജകുമാരിയും സൃഷ്‌ടിച്ച ആളിൽ നിന്നും പുതിയ അത്ഭുതങ്ങൾ മലയാള കഥയും സിനിമയും പ്രതീക്ഷിക്കുക തന്നെ ആയിരുന്നു.

ക്രിയാത്മകതയുടെ ആ ഋതുഭേദങ്ങളെ കുറിച്ചാണ് മകൻ അനന്ത പത്മനാഭൻ എഴുതുന്നത്.

I see them all so excellently fair,

I see, not feel, how beautiful they are! (‘DEJECTION: AN ODE’)

ഇംഗ്ലീഷ് കവിതയുടെ സുവർണകാലനഭസ്സിൽ ഏറ്റവും തിളങ്ങിയ നക്ഷത്രം സാമുവൽ കോൾറിഡ്‌ജിന്റെതാണ് മേൽ വരികൾ. പ്രശാന്ത നിശയും മുന്നിൽ പരന്നൊഴുകുന്ന ചന്ദ്രികയും അലസമായി ഒഴുകി കളിക്കുന്ന മേഘ ശകലങ്ങളും ഒന്നും കവിതയുടെ ദിവ്യവിതാനത്തിലേക്ക് തന്നെ ഉയർത്താത്തതിന്റെ നിരാശ കവിയിൽ നിറയുന്നു. ഹതാശമായ മനസിന്റെ പ്രാർത്ഥന ആണത്. തന്നെ സർഗ്ഗപരതയുടെ സൂര്യകിരണങ്ങൾ വീണ്ടും തഴുകുവാൻ ഉള്ളു തുറന്നുള്ള അർത്ഥന.

എല്ലാ കലാകാരന്മാരും ഈ പ്രാർത്ഥന തന്റെ സർഗജീവിതത്തിൽ എപ്പൊഴെങ്കിലുമൊക്കെ നടത്തിയിരിക്കും. കുഞ്ഞിരാമൻ നായരുടെ ആത്മകഥയിൽ (കവിയുടെ കാല്പാടുകളിലോ, എന്നെ തിരയുന്ന ഞാനിലോ, നിത്യകന്യകയെ തേടിയിലോ – എതിലോ ഒന്നിൽ) ഊഷരമായി കിടക്കുന്ന തന്റെ മനസ്സെന്ന തരിശിനെ കാവ്യ ദേവത നനവും പൊടിപ്പും കനിഞ്ഞരുളി അനുഗ്രഹിക്കാൻ ഉള്ളുരുകി വിളിക്കുന്ന ഒരു ജീവിത സന്ദർഭം ഓർമയിൽ വരുന്നു. പിറ്റേന്ന് രാവിലെ കവിത കൊടുക്കണം. പ്രതിഫലം മുൻ‌കൂർ കൈപ്പറ്റി പോയി. ഒടുവിൽ ഉറക്കമില്ലാത്ത രാത്രിക്കൊടുവിൽ, പുലരിയോടൊപ്പം തന്നിൽ കവിത നിറയുന്ന ദിവ്യനിമിഷത്തെ പറ്റി അദ്ദേഹം ഹർഷാതിരേകത്തോടെ വാചാലനാകുന്നു. ഓരോ കലാകാരനും ഈ ഉൾവറ്റലും പുനർ നനയലും നിറയലും തന്റെ സർഗസന്ധികളിൽ പലപ്പോഴും അനുഭവിക്കുന്നു. പഴയ പുരാണ തുടക്കങ്ങളിലും ഇതിഹാസ രചനകളുടെ നാന്ദിയിലും എഴുത്തുകാരൻ  കാവ്യദേവതയെ അക്ഷരങ്ങളിലേക്ക് ആവാഹിക്കുന്നത് ഈ പ്രാർത്ഥനയോടെ ആണ്. INVOCATION TO THE MUSES ഉം കിളിപെണ്ണിനെ ആവാഹിക്കലും ഒക്കെ ഈ ഉൾവിളിയുടെ പ്രതിധ്വനി തന്നെ. അജ്ഞാതമായ ഏതോ സിദ്ദിസ്രോതസ്സിന്റെ തടസ്സങ്ങളൊഴിഞ്ഞ ശ്രുതി ചേർക്കലിന്  തന്നെ ആണ് കലാകാരൻ ഇവിടെ അർത്ഥിക്കുന്നത്.

ഇടവേളകൾ / നിശബ്ദദകൾ, ക്രിയാത്മക മരണം എന്ന് തെറ്റിദ്ധരിക്കപ്പെട്ട എത്രയോ ഉദാഹരണങ്ങൾ.1950 ൽ തന്റെ GARDEN OF EDEN എന്ന പൂർത്തിയാക്കാത്ത നോവൽ ഉദ്യമത്തിന് ശേഷം ഹെമിംഗ് വേ ACROSS THE RIVER AND INTO THE TREES  രചിച്ചു. നോവൽ സമ്പൂർണ പരാജയം എന്ന് ലോകം വിധി എഴുതി. അതിനു മുൻപ് ഭൂമി- ജലം- വായു എന്നിവ പ്രമേയമാക്കി അദ്ദേഹം മനസ്സിലുറപ്പിച്ചു വെച്ച ഭൂതത്രയം കൂടി ഉപേക്ഷിച്ചതോടെ വിമർശകപത്തികൾ ഉയർന്നു, വിധി എഴുതി, PAPA IS FINISHED. അടുത്ത വർഷം പാപ്പാ തിരിച്ചെത്തി തന്റെ ഉജ്ജ്വല മറുപടിയുമായി, ‘THE OLD MAN AND THE SEA.’

സർഗാത്മകതയുടെ വിദ്യുത്പ്രവാഹം ഉള്ളിൽ വഹിക്കുന്ന ഒരാളിന് എപ്പോൾ വേണമെമെങ്കിലും ഇന്ദ്രജാലക്കാരൻ തൊപ്പികൂടയിൽ നിന്നും മുയലിനെ എന്ന പോലെ കലയുടെ വജ്രകാന്തി തന്നിൽ നിന്നും പുറത്തെടുക്കാൻ ആവും.

ഓരോ കലാസൃഷ്ടാവും തന്റെ സർഗവർഷങ്ങളിൽ വസന്തവും ഗ്രീഷ്മവും ഹേമന്തവും വർഷവും അനുഭവിക്കുന്നു. ഊഷരമായി പോകുന്ന ചില മുഹൂർത്തങ്ങളെ സർഗമൃതിയായി വിമർശകർ വിധി എഴുതുന്നു. മിക്കപ്പോഴും ഈ വിധിയെഴുത്തുകൾ അമ്പേ അബദ്ധം എന്ന് കാലം പിന്നീട്  മാറ്റിതിരുത്തുന്നു.

അത്തരം ഒരു തിരുത്തൽ ആവശ്യമെന്നു തോന്നുന്നത് കൊണ്ട് ഈ കുറിപ്പ്. വിഷയം സിനിമ ആയതു കൊണ്ട് ആദ്യമേ പറയട്ടെ സൃഷ്ടിയുടെ വാണിജ്യ വിജയം അല്ല ഇവിടെ പരാമർശം. കാലത്തെ അതിജീവിച്ച, പിന്നാലെ വന്ന തലമുറകൾ ആവേശപൂർവം ചർച്ചചെയ്യുന്ന കൃതികളെ / സിനിമകളെ പറ്റി ആണ്.

“പത്മരാജന്റെയും ഭരതന്റെയും ജോർജിന്റെയും അവസാനകാല സൃഷ്ടികൾ വല്ലാതെ നിരാശപ്പെടുത്തി” എന്ന് ശാരദക്കുട്ടിയെ പോലെ ഞാൻ താല്പര്യപൂർവം പിന്തുടരുന്ന ഒരെഴുത്തുകാരി പറഞ്ഞപ്പോൾ എത്ര അശ്രദ്ധമായ ഒരു പ്രസ്താവന ആയി അത് എന്നോർത്ത് പോയി. കലാസപര്യയുടെ അവസാന വർഷങ്ങളിൽ ഇവരൊക്കെ സർഗ്ഗശേഷിയുടെ അപരാഹ്നത്തിൽ ആയിരുന്നു എന്ന് തന്നെ ആണ് വിവക്ഷ. പത്മരാജന്റെ കാര്യത്തിലെങ്കിലും ഈ പ്രസ്താവന തെറ്റാണ്. അവസാന ചിത്രമായ ഗന്ധർവ്വൻ നിരാശപ്പെടുത്തി പലരെയും എന്നത് ശരിതന്നെ. (ചിത്രം ഇഷ്ടപെടുന്ന ധാരാളം പേർ ഉണ്ട്.) എന്നാൽ അതിനു തൊട്ടു മുൻപ് വന്ന ചിത്രങ്ങൾ ഏതൊക്കെ? അവസാന അഞ്ചു ചിത്രങ്ങൾ പട്ടിക ഇതാണ് – അപരൻ, മൂന്നാംപക്കം, സീസൺ, ഇന്നലെ, ഞാൻ ഗന്ധർവ്വൻ.1988 ൽ പുറത്തു വന്ന ചിത്രങ്ങൾ അപരൻ, മൂന്നാംപക്കം എന്നിവ ആണ്. വളരെ നേർത്ത കഥാതന്തുക്കളിൽ നിന്നും വാർത്തെടുത്ത  ശില്പ ഭംഗിയുള്ള തിരക്കഥകൾ ആയിരുന്നു രണ്ടും. വ്യക്തിപരമായി അച്ഛന്റെ തിരക്കഥകളിൽ ക്രാഫ്റ്റ് കൊണ്ട് അരപ്പട്ട കെട്ടിയ ഗ്രാമത്തിന് ഒപ്പം ഞാൻ സ്ഥാനം നൽകുന്നതാണ് അപരന്റേത്. ആ വർഷത്തെ സംസ്ഥാന അവാർഡും അപരൻ തിരക്കഥക്ക് നേടി. 1989 ൽ ആണ് പത്മരാജന്റെ ഏറ്റവും മോശം ചിത്രം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന സീസൺ വരുന്നത്. അതിനു പിന്നിലെ സംഭവം ഇതാണ്. മോഹൻലാൽ, സുമലത, മധു എന്നിവരെ വച്ച് സി. രാധാകൃഷ്ണന്റെ ‘ഒറ്റയടിപ്പാതകൾ’ ആണ് തുടങ്ങാൻ ഇരുന്നത്. അവസാന നിമിഷം മോഹൻലാലിൻറെ ആക്ഷൻ ചിത്രം വേണം എന്ന നിർമാതാവിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നതാണ്. ഇതൊക്കെ ആണെങ്കിലും സീസൺ ചെറുപ്പക്കാർക്കിടയിൽ ആവേശത്തോടെ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ആത്യന്തികമായി കാലം തീരുമാനിക്കുന്നു ഏത് മെച്ചം എന്ന്.

തൂവാനത്തുമ്പികളുടെ ചിത്രീകരണ വേളയിൽ പദ്‌മരാജൻ . ക്യാമറയ്ക്കു മുന്നിൽ മോഹൻലാൽ 

1990 ൽ പുറത്തിറങ്ങിയ ഇന്നലെ നൂറു ദിവസം ഓടിയ ചിത്രം ആയിരുന്നു. ഉല്ബുദ്ധരായ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ചെയ്തു. ആ വർഷത്തെ സിനിമ കണക്കെടുപ്പിൽ മലയാളത്തിലെ മികച്ച അഞ്ചു ചിത്രങ്ങൾ മനോരമക്കായി സൂര്യ കൃഷ്ണമൂർത്തി തിരഞ്ഞെടുത്തപ്പോൾ അതിലെ രണ്ടാമതായി അദ്ദേഹം കണക്കാക്കിയത് ഇന്നലെ ആയിരുന്നു. അടൂർ ഗോപാലകൃഷ്ണൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പത്മരാജൻ ചിത്രമായി ഒരിക്കൽ പറഞ്ഞതും ഇന്നലെ ആയിരുന്നു.1991 ജനുവരിയിൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് ഏറ്റവും വിമർശനം നേരിട്ട ചിത്രം.

പത്മരാജന്റെ പെരുവഴിയമ്പലം, ഫയൽവാൻ, പവിത്രൻ, നവംബറിന്റെ നഷ്ടം (തുടക്കം) കാലമാണ്. മികച്ചതെന്നും അതല്ല പിൽക്കാലത്തെ മുന്തിരിത്തോപ്പുകൾ – തൂവാനത്തുമ്പികൾ – അരപ്പട്ട – മൂന്നാംപക്കം – അപരൻ – മൂന്നാംപക്കം -ഇന്നലെ കാലമാണ് സുന്ദരം എന്നും വിശ്വസിക്കുന്ന രണ്ട് വിഭാഗം വ്യക്തമായി ഉണ്ട്. രണ്ട് കാലത്തും വ്യത്യസ്ത അഭിരുചിക്കാരെ ആണ് തൃപ്തിപെടുത്തിയത്.

എന്തൊക്കെ വിമർശനം പറഞ്ഞാലും മഞ്ജീരധ്വനിയോ ചുരമോ ഒരു യാത്രയുടെ അന്ത്യമോ ഇലവങ്കോട് ദേശമോ പോലെ പത്മരാജന്റെ ഈ അവസാന ചിത്രങ്ങൾ പടു നിരാശയിലേക്കു  പ്രേക്ഷകരെ തള്ളിയിട്ടിട്ടില്ല. പലതും പലരുടെയും ഏറ്റവും പ്രിയതരങ്ങളുടെ പട്ടികയിലും ഉണ്ട്.

സർഗ്ഗ വസന്തകാലം ഏത്?

ഒരു ചലച്ചിത്രകാരന്റെ ഏറ്റവും സർഗദീപ്തമായ ഘട്ടം അയാളുടെ ആരംഭകാലം തന്നെ ആവണം എന്നില്ല. ചില ഉദാഹരണങ്ങൾപരിശോധിക്കാം.

ഗുൽസാർ, ചിദാനന്ദ ഭാസ് ഗുപ്ത, തപൻ സിൻഹ തുടങ്ങിയവർ തങ്ങളുടെ ക്രാഫ്റ്റിൽ പിൽക്കാലത്ത് മികവ് തെളിയിച്ചവർ ആണ്. സപര്യയുടെ മുഖ്യ സംഭാവനയും പിൽക്കാലത്താണ്. ഈ ചിത്രങ്ങളൊകെ പിൽക്കാലം ചർച്ചചെയ്യുന്നോ കാലത്തെ മറി കടക്കുന്നോ എന്നതാണ് വിഷയം. സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന മൗലിക പ്രതിഭക്കു മങ്ങലേൽക്കില്ല എന്ന് തന്നെ വിശ്വസിക്കുന്നു. എന്നാൽ ഇക്കൂട്ടരിൽ ക്രിക്കറ്റിൽ പറയുമ്പോലെ ഫോം ലോസ് ഉണ്ടാകും. (FORM IS TEMPORARY, WHEREAS CLASS IS PERMANENT എന്നല്ലേ പറയുക.) അത്തരം ഒരു താഴ്ച വരുമ്പോൾ ഇവരിൽ ക്രിയാത്മക വാശി നിറയുന്നു. അടുത്തതിൽ ഞാൻ കാണിച്ചു തരാം എന്ന വാശി. ഒരുദാഹരണം എടുക്കാം. തമിഴ്സിനിമയിലെ നവസിനിമയുടെ പതാക വാഹകൻ ഭാരതിരാജ. എഴുപതുകളിൽ തുടങ്ങിയ ചലച്ചിത്ര സപര്യ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രം എന്ന് ഞാൻ കരുതുന്ന വേദംപുതിത് വരുന്നത് 1987 ലാണ്. അടുത്ത വർഷം ഇറങ്ങിയ കൊടി പറക്കത്തു ആണ് അദ്ദേഹത്തിന്റെ ഏറ്റവും മോശം സിനിമ. (ചിത്രം പരാജയം ആയിരുന്നു.) പരാജയം ഇരുത്തി ചിന്തിപ്പിച്ചു. തുടർന്ന് വന്ന കറുത്തമ്മ, അന്തിമന്താരയ് എന്നീ ചിത്രങ്ങളിലൂടെ തുടർച്ചയായി ദേശീയ ബഹുമതി നേടി കൊണ്ട് വിമർശകരുടെ  നാവടപ്പിച്ചു. പിൽക്കാലത്തു കടലോരപൂക്കളിലൂടെ തിരക്കഥക്കും ദേശീയ ബഹുമതി അദ്ദേഹം നേടി. പരാജയത്തിന്റെ വാശി ആണ് തിരിച്ചു വരവിന് കാരണം ആയത്. (ഇതൊന്നുമല്ല, തുടക്കകാലമായ 16 വയതിനിലെ, കിഴക്കേ പോകും റയിൽ, സുവപ്പു റോജാക്കൾ കാലം ആയിരുന്നു മികച്ചത് എന്നൊരു മതവും ഉണ്ട്.)

ഇനി ബാലചന്ദർ. 1960 കളിൽ തുടക്കം. 1981 ലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രം തണ്ണീർ തണ്ണീർ പുറത്തു വരുന്നത്. ആകാലത്ത് ഹിന്ദിയിലും തെലുങ്കിലുമെല്ലാം തുടർച്ചയായ വിജയങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. (കരിയറിന്റെ തുടക്കത്തിൽ കുറച്ചു ചിത്രങ്ങൾ ചെയ്തു മങ്ങി പോയില്ല ആ പ്രതിഭ. സിന്ധുഭൈരവി, മനതിൽ ഉരുതി വേണ്ടും പോലുള്ള ചിത്രങ്ങൾ പിന്നാലെ വന്നു.) തൻറെ വാരിക്കുഴി, മഞ്ഞ് എന്നീ ചിത്രങ്ങളുടെ പരാജയങ്ങൾക്കു ശേഷമുള്ള വാശി ആണ് എം.ടിക്കു രണ്ടാമൂഴത്തിന്, ചരിത്രമായ നോവലിന്, വഴിയൊരുക്കിയത് (I WILL SHOW MY METTLE എന്ന വാശി)

ലോക സിനിമയുടെ ചരിത്രത്തിൽ ഇനിയും ധാരാളം പേരുണ്ട്. തന്റെ എൺപതാം വയസ്സിനു ശേഷം രണ്ടു ഓസ്കാർ ചിത്രങ്ങൾ സംവിധാനം ചെയ്ത ക്ലിന്റ് ഈസ്റ്റുവുഡ് (MILLION DOLLAR BABY, SULLY) ഉദാഹരണം. മിടിച്ചു കൊണ്ടിരിക്കുന്ന സർഗ്ഗാത്മകതയ്ക്ക് പ്രായം ഒരു വിഘാതമല്ല. തർക്കോവ്സ്കി, കുറോസോവ, സെർജിയോ ലിയോൺ, കീസ്ലോവ്സ്കി, ഡേവിഡ് ലീൻ എന്നിവരുടെ വിശ്രുത ഹംസ ഗീതങ്ങൾ ഓർത്തു പോകുന്നു. അന്ന് വരെ ചെയ്തുവന്ന തന്റെ കരിയർ ഗ്രാഫ് ഒറ്റയടിക്ക് മാറ്റിയെടുക്കാൻ ഇക്കൂട്ടർക്ക് കഴിയും. കച്ചവട വിജയം തന്നെ ആകണമെന്നില്ല ഈ വാശിക്ക് പിന്നിലെപ്പോഴും. അച്ഛൻ തിരക്കഥ എഴുതി എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത സത്രത്തിൽ ഒരു രാത്രി സൂപ്പറ്റ് ഡ്യൂപ്പർ ഹിറ്റ് ആയിരുന്നു. എന്നാൽ അച്ഛന് ചിത്രം ഇഷ്ടമായില്ല. ചിത്രത്തിനെതിരെ പരസ്യമായി ‘എന്റെ തിരക്കഥ നശിപ്പിച്ചു’ എന്ന് പ്രതികരിച്ചു. പടം ഹിറ്റ് ആണ്. പക്ഷെ അച്ഛന്റെ മനസ്സിൽ അതിനു വേണ്ടത് കവിതാത്മായ പരിചരണം ആയിരുന്നു. ഭരതന്റെയൊക്കെ രീതിയിൽ. അതിനുള്ള പ്രതികരണം ആയിരുന്നു ഒരു വർഷത്തിനുള്ളിൽ ചെയ്തു കാണിച്ച പെരുവഴിയമ്പലം.

സ്വയം പുതുക്കി കൊണ്ടിരിക്കുന്ന ഒരു മൗലിക പ്രതിഭക്ക് ഒരിക്കലും കാലഹരണം ഉണ്ടാവില്ല എന്നു ഞാൻ കരുതുന്നു.1975 ൽ പ്രയാണം മുതൽ 1991  ജനുവരിയിൽ ഞാൻ ഗന്ധർവ്വൻ വരെ ഉള്ള പതിനാറു വർഷം ആണ് പത്മരാജന്റെ സിനിമാക്കാലം.1990 ഡിസംബർ എന്ന് പറയുന്നതാവും കൂടുതൽ യുക്തം. ഡിസംബറിൽ ഗന്ധർവൻ സെൻസർ കഴിഞ്ഞതോടെ ആ സർഗകാലം അവസാനമാകുന്നു. ചിത്രം റിലീസ് ജനുവരി 11 നും മരണം 23 നും.1989 ൽ എഴുതി മാതൃഭൂമിയിൽ വന്ന ഓർമ്മ ആണ് അവസാന ചെറുകഥ. 1990 ൽ രണ്ടു നോവലുകൾ തുടരെ എഴുതി. പ്രതിമയും രാജകുമാരിയും മഞ്ഞുകാലം നോറ്റ കുതിരയും. വ്യക്തിപരമായി ഞാൻ ഏറ്റവും ഇഷ്ടപെടുന്ന അച്ഛന്റെ നോവൽ പ്രതിമയും രാജകുമാരിയും, ഏറ്റവും പ്രിയപ്പെട്ട ചെറുകഥ ഓർമയും ആണ്. എഴുത്തിന്റെ, ക്രാഫ്റ്റിന്റെ പൂർണതയിൽ നിൽക്കുന്ന രണ്ടു ശില്പങ്ങൾ ആയിട്ടാണ് എനിക്കവ തോന്നിയിട്ടുള്ളത്. 1990 ലെ മികച്ച സാഹിത്യകൃതികൾ മനോരമയ്ക്ക് വേണ്ടി കെ.പി.അപ്പൻ 1991 ജനുവരിയിൽ തിരഞ്ഞെടുത്തപ്പോൾ പോയ് വർഷത്തെ ഏറ്റവും നല്ല സാഹിത്യ സംഭവമായി അദ്ദേഹം ആദ്യം പറഞ്ഞത് പ്രതിമയും രാജകുമാരിയും ആയിരുന്നു. മരണത്തിനു രണ്ടാഴ്ച മുൻപ് അച്ഛന് അത് നൽകിയ ആഹ്ളാദത്തിത്തിനു അതിരുകളില്ലായിരുന്നു. തന്റെ സർഗ്ഗപരതയുടെ ഉച്ചസ്ഥായിൽ നിൽക്കവേ ആണ് അച്ഛൻ പോയത്. ഒന്നുറപ്പാണ്, ഓർമയും പ്രതിമയും കുതിരയും ഒക്കെ അച്ഛൻ  സിനിമ ആക്കുമായിരുന്നു. ഓരോന്നും നവ്യമായ ദൃശ്യഅനുഭവങ്ങളും ആകുമായിരുന്നു. ഓർമ്മയിൽ നിന്നും പ്രചോദനം കൊണ്ട് ബ്ലെസി പിന്നീട് തന്മാത്ര സൃഷ്ടിച്ചു. മഞ്ഞു കാലം നോറ്റകുതിര അടുത്ത് തന്നെ സിനിമ ആകുവാൻ പോകുന്നു. പ്രതിമയെ പറ്റിയുള്ള ആലോചനകൾ പ്രമുഖരായ പല പ്രൊഡക്ഷൻ ചർച്ചകളിലും നടക്കുന്നു. അതും തിരശീലയിൽ ഉറപ്പായും വരും.

സൃഷ്ടിപഥത്തിലെ നിമ്നോന്നതങ്ങൾ

ഒരിക്കൽ കൂടി അച്ഛനിലേക്ക് വരട്ടെ. സംവിധാനം ചെയ്ത ആദ്യ സൂപ്പർ ഹിറ്റ് കൂടെവിടെ ആയിരുന്നു. ആ ചിത്രം അഞ്ച് സ്റ്റേറ്റ് അവാർഡ്, പനോരമ കൂടാതെ 101 ദിവസം ആഘോഷിച്ചു. അത് കഴിഞ്ഞു വന്ന പറന്നു പറന്നു പറന്നാണ് അച്ഛന്റെ ഏറ്റവും മോശം ചിത്രം. (അഭിപ്രായം വ്യക്തിപരം.)  “ഞാൻ സംവിധാനം ചെയ്ത ചിത്രങ്ങൾ മാത്രമാണ് എന്റേത്. മറ്റുള്ളവർക്ക് വേണ്ടി എഴുതുമ്പോൾ ഞാൻ ഒരു ഉപകരണം മാത്രം” എന്ന് അച്ഛൻ പറഞ്ഞത് കൊണ്ട് ആ ചിത്രങ്ങൾ പരാമർശിക്കുന്നില്ല. ആ പരാജയത്തിന് ശേഷമുള്ള ഉയിർത്തെഴുന്നേല്പാണ് തിങ്കളാഴ്ച നല്ല ദിവസം, (ദേശീയ അവാർഡ്). അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റുപോലെ എന്നീ ചിത്രങ്ങൾ. സീസണിന് ശേഷം ഉള്ള വാശിയാണ് ഇന്നലെ എന്ന ഹിറ്റിനു കാരണം. ഗന്ധർവന് ശേഷം ഇങ്ങനെ ഒരുക്രിയേറ്റീവ് സ്‌ട്രൈക് ബാക്ക് അച്ഛനിൽ നിറഞ്ഞിരുന്നു.

1991 മാർച്ചിൽ രാഗം മൂവിസ്ന് വേണ്ടി തുടങ്ങാനിരുന്ന പ്രമേയത്തെ പറ്റി നേരിയ അറിവുണ്ട്. കുട്ടനാടിന്റെ ഉള്ളകങ്ങളിൽ നിന്നും ഒരു നാഷണൽ മീറ്റിനു പോകാൻ തയ്യാറെടുക്കുന്ന പെൺകുട്ടികളുടെ ഒരു റോവിങ് ടീം. സുന്ദരനായ കോച്ച് ആയി റഹ്മാൻ. അവരിൽ ഒരു കുട്ടിയുടെ കാമുകൻ (ചിത്രകാരൻ, മദ്യപൻ, റൊമാന്റിക്) ആയി ജയറാം. കാമുകന്റെ സെക്ഷ്വൽ ജലസി. ഏഷ്യാഡ് പോലുള്ള വലിയ ഒരു മീറ്റിന് പോകുന്ന ടീമിനെ തകർക്കാൻ അയാൾ പദ്ധതി ഇടുന്നു. എല്ലാ പ്രതിബന്ധങ്ങളും കടന്ന് ടീം വിജയികൾ ആകുന്നിടത്താണെന്ന് തോന്നുന്നു അന്ത്യം. അതിനിടയിൽ മാറി മറിയുന്ന ബന്ധങ്ങൾ. തകരുന്ന സങ്കല്പങ്ങൾ. നേട്ടങ്ങൾക്കിടയിലെ വലിയ നഷ്ടങ്ങൾ. ഇത്രയേ എനിക്കറിവുള്ളു. മലയാളത്തിന് അന്ന് (ഇപ്പോൾ പോലും) അപരിചിതമായ ഒരു മേഖല ആയിരുന്നു ചിത്രത്തിന്റെ പ്രമേയ പരിസരം. ജനുവരിയിൽ അച്ഛൻ പോയി. പിന്നീട് ചക് ദേ കണ്ടപ്പോൾ വർഷങ്ങൾക്കു ശേഷം ഡങ്കൽ കണ്ടപ്പോൾ ഒക്കെ നടക്കാതെ പോയ ആ പ്രൊജക്റ്റ് ഓർത്തു. അച്ഛന്റെ കൈയിൽ ഓർമയും പ്രതിമയും കുതിരയും ഇരിക്കവേ തന്നെ ആണ് ഇത്തരം ഒരു പ്രമേയത്തിലേക്ക് മനസ്സെത്തിയത്. കുറച്ചു കാലത്തിനു ശേഷം ചലച്ചിത്ര നിർമ്മാണത്തിലേക്കു തിരിച്ചുവരാൻ നിന്ന സാജ് മൂവീസിന്‌ വേണ്ടി പ്രതിമയുടെ ആലോചനകൾ തുടങ്ങിയിരുന്നു. 1990 നവംബറിൽ ഇളയരാജയും കമലാഹാസനുമായി ആ ബ്രഹത് പദ്ധതിയുടെ പ്രാരംഭ ചർച്ചയും കഴിഞ്ഞിരുന്നു.

സദാ മിടിച്ചു കൊണ്ടിരുന്ന സർഗാത്മകത അച്ഛനിൽ എപ്പോഴും ഉണ്ടായിരുന്നു. അല്ലെങ്കിൽ കഷ്ടി ഇരുപത്തിയഞ്ചു വർഷങ്ങൾക്കിടയിൽ നൂറ്റി ഇരുപതിലധികം കഥകളും പതിനാലു നോവലുകളും മുപ്പത്തിയാറ് സിനിമകളും ഒരാൾക്കെഴുതാൻ ആവില്ല. മരണത്തോടടുക്കുമ്പോൾ അതിന്റെ പാരമ്യത്തിലും കൈവിടാത്ത നിരന്തര വായനയും അടുക്കും ചിട്ടയുമുള്ള രചനാക്രമവും ഏകാഗ്രമായി പിന്തുടർന്നിരുന്നു.(നമ്മുടെ പല ചലച്ചിത്ര പ്രതിഭകളും ഒരു ഘട്ടം കഴിഞ്ഞാൽ ആളെ ബോധിപ്പിക്കാനുള്ള വായനയിലേക്ക് ചുരുങ്ങുന്നു.) അടുത്ത സിനിമകൾക്കായി ഒറ്റയടിപ്പാതകൾക്കൊപ്പം വേറെയും ചില കഥകൾ മനസ്സിൽ ഉറപ്പിച്ചിരുന്നു. മാധവിക്കുട്ടിയുടെ അവസാനത്തെ അതിഥി, ദിവ്യെന്ദു പാലിതിൻറെ ബംഗാളി നോവൽ സഹായോദ്ധാവ് (സമ്മതം അറിയിച്ചുകൊണ്ട് അദ്ദേഹം കൽക്കട്ടയിൽ നിന്നും എഴുതിയ കത്ത് ഇപ്പോഴും ഉണ്ട്), മുണ്ടൂർ സേതുമാധവന്റെ മരണഗാഥ, ടി.കെ.ശങ്കരനാരായണന്റെ മാർവാഡി ജയിക്കുന്നു. എല്ലാ എഴുത്തുകാരുമായി അച്ഛൻ സംസാരിച്ചും വെച്ചിരുന്നു. ഇതൊന്നുമല്ലാതെ ഒരു റെഡ്ഢിക്കു വേണ്ടി എം.ടി എഴുതുന്ന അഗ്നിവർണൻ (സൂര്യവംശത്തിലെ അവസാന കണ്ണി) അഡ്വാൻസും കൈ പറ്റിയിരുന്നു. അച്ഛന് കഥയ്ക്ക് ക്ഷാമം ഇല്ലായിരുന്നു. മറ്റുള്ളവരെ പോലെ തിരക്കഥ ഒരുക്കാൻ ഒരു എഴുത്തുകാരന്റെ സഹായം ആവശ്യം ഇല്ലായിരുന്നു. താരങ്ങൾ അനിവാര്യവും അല്ലായിരുന്നു. സമകാലീകരിൽ ഭൂരിപക്ഷവും ആണ്ടു പോയ മദ്യാസക്തി അച്ഛനെ തീണ്ടിയിരുന്നില്ല. എന്റെ പത്തൊമ്പതു വയസ്സിനിടക്ക് ഒരിക്കൽ പോലും അച്ഛനെ മദ്യപിച്ച നിലയിൽ ഞാൻ കണ്ടിട്ടില്ല എന്ന്പറയുമ്പോൾ തന്നെ എത്ര തെറ്റായ ചത്രമാണ് മറ്റുള്ളവരോടൊപ്പം ഒരേ നുകത്തിൽ കെട്ടി അച്ഛന്റെ ഇമേജ് തെളിക്കുന്നവർ നൽകുന്നത് എന്ന്മനസ്സിലാകുമല്ലോ. (വേറെ ചില ലേഖകരെ ആണ് ഉദ്ദേശിക്കുന്നത്.)

ഗന്ധർവൻ കഴിഞ്ഞു മടങ്ങുമ്പോൾ വായിച്ചു പേജുകൾ പിന്നിട്ട നോവൽ അച്ഛന്റെ കൈകളിൽ  ഞാൻ എയർപോർട്ടിൽ കണ്ടു-ലവ് ഇൻ ദി ടൈം ഓഫ് കോളറ. കൃതികളിൽ ആവേശം കൊണ്ട, ആ ആവേശത്തിൽ നിന്നും പുതിയ പൂക്കളുടെ വിത്ത് പാകാൻ ഭൂയിഷ്ഠമായ മണ്ണെന്നും ഉള്ളിൽ കരുതിയിരുന്ന, തിരിച്ചു വരവിന്റെ അഗ്നി ഉലയൂതി നിർത്തിയിരുന്ന മനസ്സായായിരുന്നു അച്ഛന്റേത്. നാല്പത്തിഅഞ്ചാം വയസ്സിൽ വേർപിരിഞ്ഞ, എഴുത്തിൽ പുതുമയുടെ പരീക്ഷണങ്ങൾ നടത്തിയിരുന്ന ഒരാളിന്റെ സർഗജീവിതത്തെ എങ്ങനെ ആണ് ക്രിയാത്മകതയുടെ പാതാള ഗർത്തത്തിൽ, പ്രതീക്ഷകളുടെ അടിത്തട്ടിൽ എത്തി എന്ന് വിധി എഴുതുന്നത്. അൻപതാം വയസ്സിന് ശേഷം എം.ടി സിനിമയിലേക്കും സാഹിത്യത്തിലേക്കും വാശിയോടെ തിരികെ വന്നു തന്നെ ‘കൊന്നവർക്കുള്ള’ മറുപടി കൊടുത്ത സാക്ഷ്യം നമുക്ക് മുന്നിൽ തന്നെ ഇല്ലേ.

അവസാന ദിവസങ്ങൾ

മരിക്കുന്നതിന് തൊട്ടു മുൻപുള്ള നാളുകളിലൊന്നിൽ ഗുരു ദത്തിനെ പറ്റിയുള്ള ഒരു ഡോക്യൂമെന്ററി ടീവിയിൽ അച്ഛനോടൊപ്പം കാണുക ആയിരുന്നു ഞാൻ. ‘കാഗസ് കെ ഫുൽ ലെ വിഘ്യാതമായ ആ രംഗം- പ്രശസ്ത ചലച്ചിത്ര സംവിധായകൻ സുരേഷ് സിൻഹ തന്റെ സ്വപ്നസാക്ഷാത്കാരമായ ചലച്ചിത്രം പ്രേക്ഷകർക്കൊപ്പം തീയേറ്ററിൽ കാണുന്നു. കാണികൾ കൂക്കി വിളിക്കുന്നത് കണ്ടു പൊട്ടിക്കരയുന്ന സംവിധായകൻ. പെട്ടെന്ന് അച്ഛൻ എഴുനേറ്റു പുറത്തെ ബാൽക്കണിയിലേക്ക് പോയി. ഒരു സിഗരറ്റ് എടുത്തു കൊളുത്തി. കണ്ണുകൾ ചുവന്നിരിക്കുന്നു. തീയേറ്ററിൽ ഗന്ധർവന് മിശ്രപ്രതികരണം വന്നു കൊണ്ടിരിക്കുന്നു.

ഞാൻ  എന്തോ പറയാൻ തുടങ്ങിയപ്പോൾ അച്ഛൻ പതുക്കെ പറഞ്ഞു, ‘നീ ഒരിക്കലും സംവിധാനം ചെയ്യാൻ പോകരുത്. സിനിമ ഉപജീവനംആക്കരുത്.’

ആ രംഗം ഉള്ളിൽ വല്ലാതെ തറച്ചിരിക്കുന്നു. എന്നാൽ രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ അച്ഛൻ അത് കുടഞ്ഞെറിഞ്ഞു കുട്ടനാടൻ ഓളങ്ങൾക്കൊപ്പം തുഴച്ചിൽ സംഘത്തിലെ നാല് പെൺകുട്ടികൾക്കൊപ്പം, മനസ്സിനെ തുഴയാൻ വിട്ടു. (മരിക്കുമ്പോൾ ആറു സിനിമകളുടെ അഡ്വാൻസ് അച്ഛന്റെ കൈവശം ഉണ്ടായിരുന്നു, അത്തരം ഒരു ആശങ്കക്കും ഇടയില്ലാത്ത വിധം. രണ്ടു മാസത്തിനുള്ളിൽ പുതിയ പടം രാഗം മൂവിസിന് തുടങ്ങണം!)

എല്ലാ എതിർ ഒഴുക്കുകൾക്കും എതിരെ എന്റെ അച്ഛൻ തുഴഞ്ഞു കയറും എന്നെനിക്കുറപ്പുണ്ടായിരുന്നു. പക്ഷെ….

ഒന്നുറപ്പാണ്, പത്മരാജൻ മറ്റുള്ളവരെ പോലെ തീർത്തും നിരാശ നൽകിയിട്ടില്ല. മരിക്കുന്നതിന് ആറു മാസം മുൻപ് പ്രതിമയും രാജകുമാരിയും സൃഷ്‌ടിച്ച ആളിൽ നിന്നും പുതിയ അത്ഭുതങ്ങൾ മലയാള കഥയും സിനിമയും പ്രതീക്ഷിക്കുക തന്നെ ആയിരുന്നു. സർഗപാതകളിലെ കിതപ്പിനെയും ഇടർച്ചയെയും തുടരൊഴുക്കിനെയും പറ്റി ബോധ്യമുള്ള മലയാളി  കാത്തിരിക്കുക തന്നെ ആയിരുന്നു. പല കാരണങ്ങൾ കൊണ്ട് ജീവിച്ചിരിക്കെ തന്നെ സർഗാത്മകതയുടെ കൂമ്പടഞ്ഞു പോയി മറ്റു പ്രതിഭകളുടെ എന്ന വാദത്തോട് യോജിക്കുന്നു. എന്നാൽ  കാലം ചെയ്തു കാൽ നൂറ്റാണ്ടു കഴിഞ്ഞും കാലാന്തരത്തിനു കിനാവുകൾ കരുതി വെച്ച ഒരാൾ ആ ഗണത്തിൽ പെടില്ല. ജീവിതം അനുവദിച്ചു  കിട്ടിയിരുന്നെങ്കിൽ ഇപ്പോഴും കഥകളുടെ പൂപ്പിറവി ആ നിത്യഹരിതശാഖിയിൽ കാലം ദർശിച്ചേനെ.

വർഷങ്ങൾക്കു ശേഷമുള്ള ചില ആഴമില്ലാത്ത കാടടച്ചുവെടികൾ, അശ്രദ്ധമായ തിരിഞ്ഞുനോട്ടങ്ങൾ കാണുമ്പോൾ കോൾറിഡ്ജിന്റെ വരികൾ തന്നെ ഓർത്തു പോകുന്നു:

And still I gaze-and with how blank an eye!

ചെറുകഥാകൃത്ത്, തിരക്കഥാകൃ ത്ത് ഒപ്പം ഏഷ്യാനെറ്റിൽ ഫിക്ഷൻ വിഭാഗം ക്രിയേറ്റീവ് പ്രൊഡ്യൂസർ കൂടിയാണ്.