സർഗം

വ്യഥിതഹൃദന്തം
കടൽപോലിരമ്പവേ
അരികെയുണ്ടെന്ന്
തൊട്ടുവിളിയ്ക്കും പോൽ
ജ്വരശയ്യയിൽപ്പോലും
നെറുകിൽതലോടും പോൽ

അന്തിമാനച്ചോപ്പി –
ലംഗുലികൾ തൊട്ട്
കരളിൻ താളുകളി-
ലെഴുതുന്ന ചിത്രംപോൽ
കറുമ്പൻകാലിച്ചെറുക്കന്റെ –
യധരങ്ങൾ ഒരു മുളന്തണ്ടിനെ
ചുംബിയ്ക്കെ പാട്ടിന്റെ
മധുമാരി മെല്ലെപൊഴിയവെ
നീലമയൂരങ്ങൾ ചുറ്റും
നടനമാടുംപോൽ
മാധവം ചിറകുകുടഞ്ഞു
തളിർ തേടി
ഒരു കുയിലായി
പാട്ടുമൂളും പോലെ
പുലരിത്തുടുപ്പിന്റെ ചിമിഴ്
കമിഴ്ന്നൊരു കവിളിൽ
പവിഴമല്ലികൾ പൂക്കുംപോൽ
ഹൃദയഗീതങ്ങൾ
കുപ്പിവളകൾകിലുക്കും പോൽ

കവിതേ നീയെന്നിൽ
തുളുമ്പുകിലില്ലാ,യെനിക്കു
ജനിമൃതി, വിൺഗംഗപോൽ
ഞാൻ നുരയും ലഹരിയായ്
നാദബിന്ദുക്കളായ്. 

കോട്ടയം ജില്ലയിൽ ഞീഴൂർ വിശ്വഭാരതി ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപിക. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതാറുണ്ട്. 'ഹൃദ്യലിപികൾ' പ്രഥമ കവിതാ സമാഹാരം.