സ്വാർത്ഥമോഹങ്ങൾ

ഞാനും മരിക്കും,നീയും മരിക്കും
എന്തിനാണിന്നു നാം കൊമ്പുകോർക്കുന്നു?
കാലം ഗമിക്കും കോലം നശിക്കും
എന്തിനാണിന്നു നാം ശണ്ഠകൂടുന്നു?

ശാശ്വതമായൊന്നുമില്ല ധരിത്രിയിൽ
ശത്രുക്കൾ വാഴുന്ന സങ്കേതമല്ലയോ
ശാന്തമായ് ജീവിക്കുവാനാർക്കുമാവില്ലേ?
ശ്വാസം നിലക്കുന്നതെപ്പൊഴന്നറിയില്ല.

അന്തമില്ലാക്കയം തന്നിലേക്കപരനെ
സന്തതം വീഴ്ത്തുവാൻ കാത്തിരിക്കുന്നവർ
സ്വന്തമാണെന്നു നിനയ്ക്കുന്നു സർവ്വവും,
ചിന്തയിൽപ്പോലും വിഷം വഹിക്കുന്നവർ

കലഹം പലവിധം കാണുന്നുലകതിൽ
കലഹിപ്പതോ നമ്മൾ മനുജരാണോർക്കണം
കാരുണ്യമെന്താന്നറിയാതെ നാം വെറും
കലികൊണ്ടു മണ്ടത്തരങ്ങൾ കാട്ടുന്നുവോ?

കള്ളം പറയുന്നു കൊള്ളയടിക്കുന്നു
എള്ളോളവും മന:സാക്ഷിയില്ലാത്തവർ
ഉള്ളം തുറന്നു നാം സ്നേഹിക്കുമെങ്കിലോ
മുള്ളിൽ പിടിക്കുന്നമാതിരി തോന്നിടാം.

എവിടെയും കാണുന്നു സ്വാർത്ഥമോഹങ്ങൾ
എവിടെയും കേൾക്കുന്നിതാർത്തനാദങ്ങൾ
എന്തിനീമണ്ണിൽ പിറന്നു നമ്മൾ വെറും
യന്ത്രങ്ങൾ പോലെ ചലിച്ചിടുന്നു വൃദാ.

കൊണ്ടുപോകില്ല നാമൊന്നും കാലങ്ങളായ്
കരുതിയതൊക്കെയുമിവിടെക്കളഞ്ഞിടും
കണ്ടവർ പങ്കിട്ടെടുക്കുമതോർക്കണം
കണ്ടറിഞ്ഞിവിടെ നാം ജീവിച്ചിടേണം

കാണുന്നതെല്ലാം ക്ഷണപ്രഭാചഞ്ചലം
കാര്യങ്ങൾ കണ്ടു പഠിക്കാൻ ശ്രമിക്കുക
കേവലം നാമൊരു യന്ത്രമല്ലോർക്കണം
കരളിന്റെയുള്ളിൽ കനിവുണ്ടറിയണം .

തിരുവനന്തപുരം വെളിയന്നൂർ സ്വദേശി. കേരളാ പോലീസിൽ എസ് ഐ ആയി റിട്ടയർ ചെയ്തു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകൾ എഴുതുന്നു.