സ്വപ്‌നം പുലമ്പുമ്പോൾ

ഇന്നു പുലരുവോളവും
സ്വപ്നങ്ങളെന്നെക്കൊണ്ട്
കരിങ്കല്ല് ചുമപ്പിക്കുകയായിരുന്നു…
നീണ്ട രണ്ടരമണിക്കൂർ
മരിച്ചവരുടെ സമ്മേളനത്തിനു
അധ്യക്ഷത വഹിക്കുവാൻ
ഞറുക്കു വീണത്
എന്റെ പെട്ടിയിലേയ്ക്കാണ്
അത് ഭൂമിയിലല്ല… ആകാശത്തും
ഗാന്ധിജി വേഷപ്രച്ഛന്നനായിരുന്നില്ല
തൊട്ടിപ്പുറത്തു ഇറ്റാലിയൻ പിസ്റ്റലിൽ
ചുംബിച്ചുറങ്ങുന്ന ഗോഡ്സെ..
ഇരുവർക്കുമിടയിൽ ഒരു തോളകലം..
ആ പിസ്റ്റൽ കടം ചോദിച്ചൊരു
മലയാളി ചെക്കൻ കണ്ണിറുക്കുന്നു

എവിടെയും മീശ താഴ്ത്തില്ലെന്ന് ഉറപ്പിച്ചു
ഭാഗ്യം കെട്ടുപോകാത്തൊരു ഭഗോൺവാല
ഇരുപത്തിമൂന്നിന്റെ മെഴുകുതിരി
കൊളുത്തിവച്ചു..
ഊതിയണച്ചാദ്യമധുരം നൽകിയത്
സാന്റേഴ്സ് ആയിരുന്നു…

കാസരോഗം തളർത്താത്ത അയ്യങ്കാളി
അവിടെയും അടിമുറ പഠിപ്പിക്കുന്ന
വാദ്യാരായി മധ്യഭാഗത്തു വടിയൊരുക്കി
കാത്തുനിൽപ്പാണ്..

തച്ചുക്കൊന്ന അത്താഴപഷ്ണിക്കാരൻ
സ്വാതന്ത്ര്യം എന്തിനായിരുന്നു
എന്നചോദ്യം മനസ്സിൽതികട്ടി
മേശപ്പുറത്തെ ചൂടൻ ദോശയിൽ
ചോദ്യം ഛർദിച്ചുവച്ചു..

ഓടിക്കേണ്ടിയിരുന്നത്
വെള്ളകുപ്പായക്കാരെയല്ല
ഇവിടത്തെ വെള്ളപൂശിയവരെയായിരുന്നു
എന്നു താലിയറ്റ ചിഹ്നങ്ങളുടെ
മൂർച്ചയുള്ള നാവ് ഉറക്കെ ഗർജ്ജിച്ചു

ഇവിടത്തെ തർക്കം തീർക്കാൻ
വിളിച്ചു നിർത്തി അപഹസിക്കാൻ
കൂട്ടുവിളിച്ചത്
ചരിത്രപരീക്ഷയിൽ തോറ്റുപോയി
മനംനൊന്താത്മഹത്യച്ചെയ്ത ഈയുള്ളവളെ…

ഞങ്ങളൊക്കെ ജീവിച്ചിരിക്കുന്നവരെന്നും
നിങ്ങളൊക്കെ മരിച്ചവരെന്നും
പിന്തിരിഞ്ഞു നിന്ന്
നേതാജി പറഞ്ഞതോടെ
സ്വപ്നത്തിന്റെ തിരശീല വീണു.

തിരുവനന്തപുരം സ്വദേശിനി. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം. ഓൺലൈൻ മാധ്യമങ്ങളിൽ സജീവമായി എഴുതി വരുന്നു. ആദ്യ പുസ്തകം "ദത്താത്രേയാക്ഷരങ്ങൾ".