സ്വപ്നത്തീവണ്ടി

ജോലികൊണ്ടു പോലും യാത്രികനാണ് ഷിനിലാല്‍. അതുകൊണ്ടാണ് എഴുത്തുകാരനായ ഷിനിലാല്‍ വായിച്ച കവിതയെ, അതിലെ തീവണ്ടിയെ, സ്വന്തം യാത്രയെ, അതേക്കുറിച്ചുള്ള ഓർമ്മയെ ഒരു കഥപോലെ എഴുതുന്നത്. 
ഗുരുവായൂർ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ച സ്വാതി അയ്യപ്പപ്പണിക്കർ പുരസ്‌ക്കാര ജേതാവ് കൂടിയായ പദ്മദാസ് സമകാലിക മലയാളം വാരികയിൽ എഴുതിയ സ്വപ്നത്തീവണ്ടി എന്ന കവിത തൻറെ പഴയൊരു പാസഞ്ചർ ട്രെയിൻ യാത്ര ഓർമിപ്പിച്ചപ്പോൾ ആ യാത്രയും കവിതയും ചേർത്ത് വി. ഷിനിലാല്‍ എഴുത്തുന്നു സ്വപ്നത്തീവണ്ടി.

കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ അര ദിവസം ചിലവഴിച്ച ശേഷമാണ് ഞാൻ മീറജ് റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. പൂനെയാണ് ലക്ഷ്യസ്ഥാനം. റൂട്ടിൽ സത്താറ നഗരം ഉണ്ടെങ്കിലും അത് മറ്റൊരിക്കലേക്ക് മാറ്റിവച്ചു. തീവണ്ടികളുടെ സമയ വിവരവും കാലവിളംബവും അറിയിക്കാൻ ഇന്നത്തെപ്പോലെ ആപ്പുകൾ ഒന്നുമില്ല. ആപ്പുകളെ അടക്കം ചെയ്യുന്ന ഡിജിറ്റൽ ഫോണുകളില്ല. ഉള്ള ഫോണുകൾക്ക് തന്നെ രണ്ട് രണ്ടരക്കിലോ ഭാരവും അംബാനിക്ക് പോലും താങ്ങാത്ത വിലയുമാണ്. അപ്പോഴാണ് വൈകുന്നേരം പൂനെയിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിൻ ഉണ്ടെന്നറിഞ്ഞത്. വലിയ തിരക്കുണ്ടായിരുന്നു. അതിൽ കയറിപ്പറ്റി. ലഗേജ് റാക്കിൽ ബാഗും വച്ച് അതിന് മുകളിൽ തലയും സ്ഥാപിച്ച് ഗൂഗിൾ നോക്കും പോലെ താഴേക്ക് നോക്കിയിരുന്നു. ഹാ! എത്രതരം തലകൾ! സ്ഥിരം യാത്രക്കാരായ ജീവനക്കാരും തൊഴിലാളികളുമൊക്കെയാണ്. അത്തരക്കാരുടെ മുഖങ്ങിലെല്ലാം ഒരുതരം വലിഞ്ഞുമുറുകൽ കാണാം. ടെൻഷനടിച്ച് ആ തലകളിൽ നിന്നും ആവി പറക്കുന്നുണ്ട്. തലകൾക്കുള്ളിൽ പലതരം കണക്കുകൂട്ടലുകൾ നടക്കുകയാണ്. അതാണ് തല ചൂട് പിടിച്ച് ആവി പൊന്തുന്നത്. ആരോ കംപാർട്മെന്റിന്റെ കോണിൽനിന്നും പറയുന്ന തമാശ കൈമാറിക്കൈമാറി കോച്ചാകെ ഒരു ചിരിയായി മുഴങ്ങുന്നുണ്ട്. അപരൻ ഞാൻ മാത്രമായിരുന്നു.

അവർ എന്നെയെങ്ങാനും കളിയാക്കുന്നതാണോ? ഇരുവശവും കരിമ്പ് വിളഞ്ഞു കിടക്കുന്ന പാടങ്ങൾക്കിടയിലൂടെ പുക തുപ്പി തീവണ്ടി ഓടി. ആളുകൾ ഇപ്പോഴും ബഹളം തന്നെ.

ക്രമേണ കംപാർട്മെന്റിനുള്ളിലേക്ക് സന്ധ്യ കടന്നുവന്നു. പിന്നാലെ ഇരുൾവന്നു. കോച്ചിന്റെ രണ്ടറ്റങ്ങളിൽ മാത്രം രണ്ട് മഞ്ഞ ബൾബുകൾ കഷ്ടപ്പെട്ടു നിന്ന് കത്തി.

ബാഗിൽ തലയമർത്തിവച്ച് ഞാൻ മയങ്ങി. ഉറങ്ങി. ഭീകരമായ സ്വപ്നങ്ങൾ കണ്ടു.

“മുൻപ് നിശ്ചയിച്ചുള്ളോരിടങ്ങളിൽ

ആളിറങ്ങാതെ, ആളിനെക്കേറ്റാതെ

കാതമെത്രയോ താണ്ടി വന്നെത്തിയീ –

കൊച്ചു തീവണ്ടി നിൽക്കുന്നു പാടത്ത്.“

ഞാനുണർന്നു. അറ്റത്തുനിന്നും വരുന്ന അരണ്ട വെട്ടത്തിൽ വാച്ചിൽ നോക്കി. അർദ്ധരാത്രി പന്ത്രണ്ട് മണി. ആളനക്കമില്ലാതെ കംപാർട്മെന്റ് ശൂന്യമായിരിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന ആൾക്കൂട്ടം തങ്ങളുടെ വിയർപ്പു മണം മാത്രം ഇവിടെയുപേക്ഷിച്ച് ഇറങ്ങിപ്പോയിരിക്കുന്നു. കഴിഞ്ഞ ആറേഴ് മണിക്കൂറുകൾ കൊണ്ട് എത്രദൂരം സഞ്ചരിച്ചിട്ടുണ്ടാവും ഈ തീവണ്ടി. അറിയാനുള്ള സംവിധാനമൊന്നുമില്ല

“രാത്രിനേരം സുഷുപ്തിയിലാണതിൽ

യാത്ര ചെയ്തിടുമാളുകളൊക്കെയും

നേരമേറെക്കിടക്കുന്നു പാടത്ത-

തേറെയോടിത്തളർന്ന ക്ഷീണത്തിനാൽ.

നെൽക്കതിരു തഴുകിയെത്തും കുളിർ-

കാറ്റുമോദമാർന്നേറുന്നു വണ്ടിയിൽ.”

ലഗേജ് റാക്കിൽ നിന്നും ചുവടെയുള്ള സീറ്റിൽ ഇറങ്ങിയിരുന്നു. മനുഷ്യർ തിന്നുപേക്ഷിച്ച കപ്പലണ്ടിയുടെ തോടുകളും പാൻപരാഗിന്റെ തുപ്പൽ ബാക്കിയും നിലത്തെ ഒരു തെരുവാക്കി മാറ്റിയിരിക്കുന്നു. ഞാൻ ജനലിലൂടെ വെളിയിലേക്ക് നോക്കി. ട്രാക്കിന്റെ ഒരുവശത്ത് വിളഞ്ഞ കരിമ്പിൻ പാടമാണ്. തിങ്ങി നിറഞ്ഞ വനം പോലെ അത് കാറ്റിനെ സീൽക്കാരമാക്കി ചുഴറ്റി. മറുവശത്ത് വനമാണ്. അതൊരു മയിലേക്ക് വളർന്നു നിൽക്കുന്നുണ്ട്. ഇരുവശത്തുനിന്നും ഭീതി കയറിവന്ന് എന്റെ ഇടത്തും വലത്തും ഇരിപ്പുറപ്പിച്ചു. 

മനുഷ്യസാന്നിധ്യമേയില്ല. തീവണ്ടിയെഞ്ചിൻ അങ്ങ് ദൂരെയാണ്. വളഞ്ഞ് കിടക്കുന്നതിനാൽ പ്ലാറ്റ്ഫോമിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും കാണുന്നില്ല. അപ്പോൾ, ചലിക്കുന്ന ഒരു നഗരം പോലെ അതിവേഗത്തിൽ ഒരു എക്സ്പ്രസ്സ് ട്രെയിൻ കടന്നു പോയി. അതിന്റെ കട….കട…’ എന്ന താണ്ഡവം ഹൃദയത്തിൽ ഭയമായി വന്നു പതിച്ചു.

“ഇന്ധനം തീർന്നതായിടാം മുന്നോട്ടു

വേഗമേറ്റുവാൻ നാഥനില്ലാതെയാം.

മറ്റു വണ്ടികൾ പോകുവാൻ കാക്കയാം

പച്ച കാണാൻ നിലാവിൽ കിടക്കയാം.

തൻ കിനാവിനെത്തോറ്റിയുണർത്തുവാൻ

ജാഗരം സ്വയം കൈവെടിയുന്നതാം.”

പ്രാചീനമായൊരു മൃതനഗരത്തിൽ ഒറ്റപ്പെട്ട മനുഷ്യ ജീവിയായി ഞാൻ. എനിക്ക് പെട്ര എന്ന മൃതനഗരം ഓർമ്മവന്നു. മറ്റു നഗരങ്ങൾക്ക് വേഗമോടാൻ വേണ്ടി മരിച്ചു വളമായി മാറിയ നഗരം. എക്സ്പ്രസ്സ് ട്രെയിൻ കടന്നു പോയിട്ട് നേരമേറെയായി. എന്റെ വണ്ടിക്ക് അനങ്ങാൻ ഭാവമേയില്ല. അപ്പുറത്തെ പ്ലാറ്റ്ഫോമിൽ കൂടി കാക്കി യൂണിഫോമിട്ട നടുവളഞ്ഞ ഒരു റെയിൽവേ ജീവനക്കാരൻ തീപ്പന്തവും പിടിച്ച് നടന്നു പോകുന്നു. ഞാൻ പുറത്തിറങ്ങി പിന്നിലേക്ക് നോക്കി. ട്രാക്കിന്റെ അറ്റത്ത് സ്ഥാപിച്ചിട്ടുള്ള സിഗ്നലിന്റെ സെമഫോർ ആം കുത്തനെ നിവർന്നു. ആ പ്ലാറ്റ്ഫോമിന്റെ അറ്റത്ത് അയാൾ പന്തവും ഉയർത്തിപ്പിടിച്ച് ചൂരൽ വളയവും പിടിച്ച് നിലയുറപ്പിച്ചു. ആ ചൂരൽ വളയത്തിനകത്ത് ഒരിരുമ്പ് ഗോളത്തിനുള്ളിൽ തീവണ്ടിക്ക് അടുത്ത സ്റ്റേഷൻ വരെ പോകാനുള്ള അധികാരം നൽകുന്ന അടയാളം ഒളിപ്പിച്ചു വച്ചിരിക്കുന്നു. അത്രയും ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ചൂരൽക്കൈമാറ്റത്തിനായി നിൽക്കുന്ന അയാളെ ഉഗ്രനായ ഒരു വെളിച്ചപ്പാടായി തോന്നി. അപ്പോൾ വനാന്തരത്തിൽ നിന്നും വീണ്ടും ഒരിരമ്പമുണ്ടായി. ഞാൻ നോക്കിനിൽക്കെ മഹാലക്ഷ്മി എക്സ്പ്രസ്സ് ട്രാക്കിൽ കുടി പാഞ്ഞു. വൃദ്ധൻ നീട്ടിയ ചൂരൽ വളയം ഡ്രൈവർ അതേ വേഗത്തിൽ കൈയിലെടുത്തു. 

വൃദ്ധൻ തിരികെ നടന്നപ്പോൾ എന്നെ കണ്ടു. ഇനിയും ഏറെ നേരം ഈ ട്രെയിൻ ഇവിടെത്തന്നെ കിടക്കുമെന്ന് ആംഗ്യ ഭാഷയിൽ പറഞ്ഞു. മറ്റൊന്നും ചെയ്യാനും ചിന്തിക്കാനുമില്ലാതെ ഞാൻ പഴയ കംപാർട്മെൻറിലേക്ക് തന്നെ മടങ്ങി.

“കൊത്തിവെച്ചപോൽ നിശ്ചലം നിൽക്കുന്ന

വണ്ടിയിൽ നിന്നു യാത്രികരൊക്കെയു-

മൊട്ടെഴുന്നേറ്റു സ്വപ്നാടകർ പോലെ

ആ ഇരുമ്പ് പാളങ്ങൾക്കിരുവശം

താഴെയായിറങ്ങുന്നിതാവേശിതർ

ദൂരെയേതോ കുഴൽവിളി കേട്ടപോൽ!”

മഹാലക്ഷ്മിയും ഗോവ എക്സ്പ്രസ്സും കടന്നു പോയിക്കഴിഞ്ഞു. അസ്വാഭാവികമായതെന്തോ സംഭവിച്ചിരിക്കുന്നു. മറ്റു കോച്ചുകളിൽ അവശേഷിച്ചിരുന്ന യാത്രക്കാരും ട്രാക്കിലേക്കിറങ്ങി. ചെറുസംഘങ്ങളായി അവർ ദിക്കെടവിട്ട് തെക്ക് വടക്ക് നടന്നു. തങ്ങൾ പെട്ടുപോയ ഇടത്തെക്കുറിച്ചൊരു സൂചന പോലും കിട്ടാതെ അലക്ഷ്യമായി അവർ അരമയക്കത്തിൽ നടക്കാൻ തുടങ്ങി.

“മഞ്ഞു തോരാതെ പെയ്യും നിശീഥത്തിൽ

ദിക്കറിയാത്ത നാവികർ പോലവർ

ലക്ഷ്യമേതുമില്ലാതലയുന്നു നൂൽ-

ക്കെട്ടു പൊട്ടിയ പട്ടങ്ങൾ പോലെയും.” 

മനുഷ്യർ ഒഴിഞ്ഞു പോയിരിക്കുന്നു. പാസഞ്ചർ ട്രെയിൻ പെട്ടെന്നൊരു മൃതനഗരമായി മാറി. പുറത്തെ കാടിന് ജീവൻ വച്ചു. അതിനുള്ളിൽ നിന്നും കാട്ടുപക്ഷികൾ ചിറകടിക്കുന്ന ഒച്ച കേട്ടു. വന്യമൃഗങ്ങൾ അലറുന്നത് കേട്ടു. ഉറക്കമില്ലാത്ത ചീവീടുകൾ നിർത്തില്ലാതെ ചിലച്ചു കൊണ്ടിരുന്നു. വലിയ ഇലകൾ കാറ്റത്ത് അടർന്നു വീഴുന്ന ശബ്ദം കേട്ടു. ഹിംസയുടെ ഗർജ്ജനവും ദീനതയുടെ കരച്ചിലും കേട്ടു.

കംപാർട്മെൻറിൽ കത്തിനിന്ന രണ്ട് വെളിച്ചങ്ങൾ കൂടി അണഞ്ഞു. കാട് വന്ന് തീവണ്ടിയിൽ കയറി. പാസഞ്ചർ ട്രെയിൻ ട്രെയിനല്ലാതായി.

“ആമ, ഞണ്ടുകൾ വാൽമാക്രി, പാമ്പുകൾ

കൊറ്റികൾ, ഞാറ്റുപക്ഷി, ചീവീടുകൾ,

രാത്രിജീവികൾ കേറുന്നു വണ്ടിയിൽ,

ആളിറങ്ങിക്കഴിഞ്ഞോരിടങ്ങളിൽ

ആ വിടവു നികത്തുവാനെന്ന പോൽ

പോകുവാനവർക്കുണ്ടിടമെന്നപോൽ.’’

അരമയക്കത്തിൽ എന്റെയുള്ളിലും ഇപ്പോൾ ഒരു കാട് വളരുകയാണ്. പലതരം പാമ്പുകൾ കെട്ടുപിണഞ്ഞ് എന്റെ സീറ്റിനടിയിൽ കിടക്കുന്നു. ഭയത്തോടെ കാലുയർത്തി വലിക്കുമ്പോൾ ഉണർന്ന് അക്കണ്ടതൊക്കെയും ഒരു സ്വപ്നമാണെന്ന് ഞാൻ തിരിച്ചറിയുന്നു. അപ്പോൾ ശുഭസൂചനപോലെ കരിമ്പ് പാടത്ത് നിന്നും ഒരു ട്രാക്ടറിന്റെ ഒച്ച കേട്ടു തുടങ്ങി. നേരം പുലരുന്നതിന്റെ അടയാളം. പഞ്ചതന്ത്രകഥയിലെ കുറുക്കൻ ആ ഒച്ച കേട്ട് ഓടുന്നതിന്റെ ശബ്ദവും. 

പെട്ടെന്ന്,

“നിശ്ചലം കിടക്കുന്ന തീവണ്ടിയോ 

ചെറ്റുജീവൻ വരിച്ചപോൽ പെട്ടെന്ന്

കൂകി നീങ്ങുന്നനന്തത ലക്ഷ്യമായ്

മുൻപെയാരോ പറഞ്ഞുറപ്പിച്ചൊര-

ജ്ഞാത മാന്ത്രികൻ ഗൂഢം ചുഴറ്റുന്ന

മായികം ജാലദണ്ഡിനാൽ നീതനായി.“

ആശ്വാസത്തിന്റെ അലകളിളക്കിക്കൊണ്ട് ഒരു ചൂളം വിളി കേട്ടു. 

തീവണ്ടി പതിയെ ചലിക്കാൻ തുടങ്ങി.

 
ഉടല്‍ഭൗതികം എന്ന ആദ്യനോവലിന് സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്‍റെ പ്രഥമ കാരൂര്‍ പുരസ്കാരം ലഭിച്ചു. നരോദപാട്യയില്‍ നിന്നുള്ള ബസ് - കഥാസമാഹാരം - ചിന്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥകളും യാത്രാനുഭവങ്ങളും എഴുതുന്നു. ദക്ഷിണ റെയില്‍വേയില്‍ ട്രാവലിങ്ങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍.