സ്വപ്നങ്ങൾ സ്വന്തമാക്കുന്നവർ

വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. ഓരോ വാഹനത്തിൻ്റേയും അടുത്തേയ്ക്കെത്തുന്നത് ആരെങ്കിലും എന്തെങ്കിലും വാങ്ങാതിരിയ്ക്കില്ല എന്ന പ്രതീക്ഷയിലാണ് . ചൂടിനെ ഭയന്നാവാം മിക്കവരും ചില്ലുതാഴ്ത്തുകയോ വാങ്ങാൻ താത്പര്യം കാണിക്കുകയോ ചെയ്യുന്നില്ല.. കുറച്ചെങ്കിലും വിറ്റുപോണം. മുടക്കിയ കാശെങ്കിലും കിട്ടിയാൽ മതി. സാരിത്തലപ്പ് തലയിലേയ്ക്ക് വലിച്ചിട്ട് ഓരോ വണ്ടിയ്ക്കുള്ളിലേയ്ക്കും നോക്കി നോക്കി യമുന കുറേ ദൂരം മുന്നോട്ടു നടന്നു.
ജീപ്പിനുള്ളിലിരിയ്ക്കുന്ന ഒരാൾ ഓരോ പാക്കറ്റ് കൊണ്ടാട്ടവും അച്ചാറും വാങ്ങി. ഇനിയും ഒരു ബിഗ് ഷോപ്പർ നിറയെ അച്ചാറും കൊണ്ടാട്ടവും ബാക്കിയുണ്ട്.

പുതിയ സ്ഥലമാണ്. ഇന്നലെ വീടുകൾ കയറിയിറങ്ങി വില്ക്കാനൊരു ശ്രമം നടത്തി നോക്കി. മിക്കവീടുകളിലും വയസ്സായവർ മാത്രമേയുള്ളൂ. അതു കൊണ്ടു തന്നെ ഗേറ്റിനപ്പുറം കടക്കാൻ കഴിഞ്ഞില്ല. പുതിയതായി അവിടെയെത്തുന്നവരെ സംശയദൃഷ്ടിയോടെയാണ് മിക്കവരും നോക്കുന്നത്. ടോൾ പ്ലാസയിൽ മിക്കവാറും സമയങ്ങളിൽ നല്ല ബ്ലോക്കാണ്. ആ സമയത്ത് ബംഗാളികൾ പല ഉല്പന്നങ്ങളും വിറ്റ് നല്ല കാശുണ്ടാക്കണുണ്ട് എന്നു കേട്ടപ്പോഴാണ് ഇങ്ങനെയൊരു ശ്രമം നടത്താമെന്ന് തീരുമാനിച്ചത്. ജീവിതത്തിലെ എല്ലാ വഴികളും അടഞ്ഞുപോയെന്ന് ചിന്തിച്ചു പോയിടത്തു നിന്ന് തിരിച്ചു നടക്കാൻ ഒരു വരുമാന മാർഗ്ഗം വേണം. ഇതൊരു പരീക്ഷണമാണ്. അക്കാദമിക പരീക്ഷകളിൽ ഉന്നത വിജയം നേടിയിട്ടും ജീവിത പരീക്ഷയിൽ പാടെ പരാജയപ്പെട്ടു പോയ ഒരുവളുടെ ശ്രമം.

പെട്ടെന്ന് അടുത്തുള്ള കാറിൻ്റെ ചില്ല് താഴ്ത്തിയപ്പോൾ പ്രതീക്ഷയോടെ അവൾ കയ്യിലിരുന്ന പാക്കറ്റ് ഉയർത്തിക്കാട്ടി. മുടി ബോബ് ചെയ്ത, പുഞ്ചിരിയ്ക്കുന്ന മുഖമുള്ള ഒരമ്മച്ചി. എവിടയോ കണ്ടു മറന്ന ഒരു ഛായ.

”കാരറ്റ്, പൈനാപ്പിൾ, ബീറ്റ്റൂട്ട്, ഈന്തപ്പഴം, ഉണക്കമുന്തിരി അച്ചാറുകൾ, നല്ല അരിക്കൊണ്ടാട്ടം ഏതാ വേണ്ടത്?” അച്ചാർ 50, കൊണ്ടാട്ടം, 20 എല്ലാം ഓരോന്നെടുക്കട്ടെ?” ഒരു കച്ചവടക്കാരിയുടെ വാഗ്സാമർത്ഥ്യത്തോടെ അവൾ ചോദിച്ചു .

“എല്ലാം ഓരോന്ന് ആയിക്കോട്ടെ.. ” 500 രൂപ നീട്ടിക്കൊണ്ട് അവർ പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവൾക്ക്. എല്ലാം ഓരോ പാക്കറ്റെടുത്ത് കൊടുത്തു കഴിഞ്ഞപ്പോഴാണ് ബാക്കി കൊടുക്കാൻ പൈസയില്ലല്ലോ എന്നോർത്തത്.

അമ്മച്ചി ചില്ലറ ഉണ്ടോ? ബാക്കി തരാനില്ല. സാരമില്ല. ഒരു കാർഡു കൂടി നീട്ടിയിട്ട് ആവശ്യം വന്നാൽ വിളിക്കൂ എന്നു പറഞ്ഞ് അവർ കാറിൻ്റെ ഗ്ലാസ് കയറ്റി. കാർ പതുക്കെ മുന്നോട്ടു നീങ്ങി. ഒരു നിമിഷം നിശ്ചലയായിപ്പോയെങ്കിലും അവൾ അവർ നൽകിയ വിസിറ്റിങ്ങ് കാർഡ് ഒന്നു നോക്കുക പോലും ചെയ്യാതെ സഞ്ചിയിലേയ്ക്കിട്ടു. യാതൊരു പരിചയവുമില്ലാത്തൊരാൾ എന്തിനാണ് അവരുടെ അഡ്രസ്സ് തനിക്കു നൽകിയത്? കൂടുതൽ അതേക്കുറിച്ചാലോചിയ്ക്കാൻ നിൽക്കാതെ നിർത്തിയിട്ട വണ്ടികൾക്കരികിലേയ്ക്കവൾ നടന്നു .

അന്ന് പിന്നേം കുറച്ചൊക്കെ വിറ്റു പോയി.ഇന്നിനി അവസാനിപ്പിക്കാം. വെയിലത്തു നടന്നതു കൊണ്ടാവാം വല്ലാത്ത ക്ഷീണം. വീട്ടിലേയ്ക്ക് തിരിച്ചു നടന്നു. റെയിൽവേ പുറമ്പോക്കിലുള്ള വേലമ്മാളുടെ വീട്ടിലാണവളുടെ താമസം. നാടും വീടുമുപേക്ഷിച്ച് തീവണ്ടിയിറങ്ങി റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ എവിടേയ്ക്കു പോകണമെന്നറിയാതെ ഇരിക്കുമ്പോഴാണ് വേലമ്മാളെ ആദ്യമായി കണ്ടത്. അവിടെ ക്ലീനിങ്ങ് ജോലികൾ നടത്തുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന അവർ രാവിലെ മുതൽ അവിടെക്കണ്ട അവളോട് ഏതു ട്രയിനിനാണ് പോകേണ്ടതെന്നന്വേഷിച്ചു.. പോകാനിടമില്ല എന്നു പറഞ്ഞ അവൾക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. വൈകീട്ട് തിരിച്ചു പോകുമ്പോൾ റെയിൽവേയുടെ പുറമ്പോക്കിലുള്ള അവരുടെ കുഞ്ഞു വീട്ടിലേയ്ക്ക് കൂടെ കൂട്ടി.

വേലമ്മാൾ ഒറ്റയ്ക്കാണ് താമസം. ഒറ്റമുറിയും അടുക്കളയുമുള്ള ആ വീട്ടിൽ വെറുതെയിരുന്ന് മടുത്തു തുടങ്ങിയപ്പോഴാണ് അച്ചാറും കൊണ്ടാട്ടവും ഉണ്ടാക്കാൻ തുടങ്ങീത്. ഇങ്ങനെയൊരാഗ്രഹം പ്രകടിപ്പിച്ചപ്പോൾ വേലമ്മാളാണ് ആവശ്യമുള്ള സാധനങ്ങൾ വാങ്ങത്തന്നത്. രാവിലെ വേലമ്മാളോടൊപ്പം അവളും ഇറങ്ങും. റെയിൽവേയിലെ പരിചയക്കാരോടു പറഞ്ഞു നോക്കാമെന്ന് വേലമ്മാൾ പറഞ്ഞിട്ടുണ്ട്.

നേരം വൈകി. വീട്ടിൽ ചെന്ന് പണികളെല്ലാം തീർത്തു വയ്ക്കാം. തന്നേക്കാൾ മുൻപെത്തിയാൽ വേലമ്മാൾ എല്ലാ ജോലികളും ചെയ്യും. പിന്നെ തന്നെക്കൊണ്ടൊന്നും ചെയ്യിക്കില്ല..

ജീവിതം തനിക്കെന്നും പരീക്ഷണമായിരുന്നു. കുട്ടിക്കാലത്തേ അച്ഛനമ്മമാർ നഷ്ടപ്പെട്ട തന്നെ വളർത്തിയത് ചെറിയമ്മയാണ്. ചെറിയമ്മ വിവാഹം കഴിച്ചിട്ടില്ല. അവരുടെ മകളായിത്തന്നെയാണ് വളർത്തിയതും പഠിപ്പിച്ചതും. പി ജിയ്ക്കു പഠിയ്ക്കുമ്പോൾ ചെറിയമ്മയുടെ പരിചയക്കാരി വഴിയാണ് കിരണിൻ്റെ ആലോചന വന്നത്. സുമുഖനും സത്സ്വഭാവിയുമായ, മർച്ചൻ്റ് നേവിയിൽ ജോലിയുള്ള എംടെക്കുകാരൻ. അമ്മയും മകനും മാത്രമേയുള്ളൂ. വിവാഹ ശേഷം അവരോടൊപ്പം വിശാഖപട്ടണത്ത് താമസമാക്കി. അധികം വൈകാതെ അമ്മയും മകനുമല്ലാതെ മറ്റൊരാൾ ആ വീട്ടിൽ അധികപ്പറ്റാണെന്ന് തിരിച്ചറിഞ്ഞു. തങ്ങൾ കിടക്കുന്ന അതേ, മുറിയിൽ തന്നെയാണ് അമ്മയുടേയും കിടപ്പ്. അമ്മയോട് പറയുന്ന, അമ്മ വഴി ആവശ്യപ്പെടുന്ന കാര്യങ്ങൾ മാത്രമേ കിരൺ ചെയ്തു തരികയുള്ളൂ.

ലീവു കഴിഞ്ഞ് കിരൺ തിരിച്ച് പോകുന്നതിൻ്റെ തലേ ദിവസം യാദൃശ്ചികമായി അമ്മയും കിരണും ഇരിയ്ക്കുന്ന മുറിയ്ക്കുള്ളിലേയ്ക്ക് കടന്നു ചെന്നപ്പോൾ അനുവാദം ചോദിക്കാതെ കടന്നു ചെന്നതിന് കിരൺ വല്ലാതെ ദേഷ്യപ്പെട്ടു.

“നിങ്ങൾ എന്നെയെന്തിനാണ് കല്യാണം കഴിച്ചത് ” എന്ന് അപ്പോഴത്തെ ദേഷ്യത്തിൽ ചോദിച്ചു പോയതിന് ക്രൂരമായ മർദ്ദനമായിരുന്നു ശിക്ഷ. അമ്മ അതു കണ്ട് രസിച്ചിരുന്നു.

തളർന്നുറങ്ങിയ തന്നെ വിളിക്കാതെ, യാത്ര പറയാതെ കിരൺ ജോലി സ്ഥലത്തേയ്ക്ക് തിരിച്ചു പോയി. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേയ്ക്കും ചെറിയമ്മ മരിച്ചു. അറ്റാക്കായിരുന്നു. ഈ ലോകത്ത് ഒറ്റയ്ക്കായതുപോലെ തോന്നി. ഭർത്താവിൻ്റെ വീട്ടിലെ കൂലിയില്ലാത്ത വേലക്കാരി മാത്രമായിരുന്നു താൻ…

കിരൺ എന്നും പലവട്ടം അമ്മയെ വിളിയ്ക്കും. ഒരിയ്ക്കൽ പോലും തന്നെ വിളിയ്ക്കുകയോ സംസാരിയ്ക്കുകയോ ഉണ്ടായില്ല. എന്തിന് വീട്ടുജോലി ചെയ്ത് അവിടെ തൻ്റെ ജീവിതം പാഴാക്കണമെന്ന് ചിന്തിച്ചു തുടങ്ങിയ നാളുകൾ.

പുറം ലോകം കണ്ടിട്ട് മാസങ്ങളായി. അങ്ങനെയിരിയ്ക്കെ കിരണിൻ്റെ അമ്മ ഒരു കല്യാണത്തിനു പോയ ദിവസമാണ് ജീവനും കൊണ്ടവിടെ നിന്ന് രക്ഷപ്പെട്ടത്. കല്യാണം കഴിഞ്ഞു പോരുമ്പോൾ ചെറിയമ്മ കയ്യിൽ കുറച്ചു പൈസ തന്നിരുന്നു. അതെടുത്തു. അത്യാവശ്യം വസ്ത്രങ്ങളെടുത്തു. ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലെത്തി.

നാഗർകോവിലേയ്ക്കുള്ള ട്രെയിനിന് കയറിപ്പോന്നു. ചാലക്കുടി എന്ന ബോർഡ് കണ്ടപ്പോൾ അവിടിറങ്ങി.

പരിചയക്കാർ ഇല്ലാത്ത സ്ഥലം എന്നതായിരുന്നു അവിടെ ഇറങ്ങാൻ പ്രേരിപ്പിച്ചത്. ജീവിതത്തിൽ സഹതാപത്തോടെയുള്ള നോട്ടത്തെയാണ് ഏറ്റവുമധികം വെറുത്തിട്ടുള്ളത്. ചെറുപ്പത്തിൽ അച്ഛനമ്മമാരുടെ വേർപാട് മുതൽ സഹതാപം പ്രകടിപ്പിച്ചു വന്ന ഒരു പാടു മുഖങ്ങൾ കണ്ടിട്ടുണ്ട്. കപടമായ പ്രകടനങ്ങൾ കണ്ട് പ്രതികരിക്കാൻ പോലുമാകാതെ നിസ്സഹായയായി നിന്നു പോയിട്ടുണ്ട്..

ജീവിതത്തിലെ പ്രഹരങ്ങളോരോന്നും ജീവിതപാഠങ്ങളായിക്കാണണമെന്ന് സ്കൂളിൽ മലയാളം പഠിപ്പിച്ചിരുന്ന ലൂസി ടീച്ചർ പറഞ്ഞിരുന്നതിൻ്റെ പൊരുൾ മുതിർന്നപ്പോഴാണ് തിരിച്ചറിഞ്ഞത്. ഇപ്പഴും പഠിപ്പ് തീർന്നിട്ടില്ല എന്നു മാത്രം..

പെട്ടെന്നൊരു കാർ അവൾ നടന്നു പോകുന്നതിന് തൊട്ടുള്ള റോഡരികിലേയ്ക്ക് ചേർത്തുനിർത്തി. അമ്പരപ്പോടെ കാറിനുള്ളിലേയ്ക്ക് നോക്കിയപ്പോൾ ടോൾ പ്ലാസയിൽ വച്ചു കണ്ട അമ്മച്ചിയാണ്. ബാക്കി കൊടുത്തിട്ടില്ല. വേണ്ടാന്ന് അവർ തന്നെയല്ലേ പറഞ്ഞത്. സംശയത്തോടെ അവളവരെ നോക്കി.

“യമുനയ്ക്കെന്നെ മനസ്സിലായില്ലേ” ഡോർ തുറന്ന് പുറത്തേയ്ക്കിറങ്ങി വന്ന അവരുടെ ചോദ്യം കേട്ട അവൾ ഓർമ്മയിൽ ആ പരിചിതമായ മുഖം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു..

അവൾ നിന്നു പരുങ്ങുന്നതു കണ്ടപ്പോൾ “നിൻ്റെ കൂടെപ്പഠിച്ച ചങ്ങനാശ്ശേരിക്കാരി നീനയെ ഓർക്കുന്നുണ്ടോ?”
പി ജിയ്ക്കു പഠിക്കുമ്പോൾ റൂം മേറ്റായിരുന്ന, തൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന നീനയുടെ മുഖം മനസ്സിൽ തെളിഞ്ഞു.

“മമ്മി ?” അവളുടെ ചോദ്യം കേട്ട് അവർ പുഞ്ചിരിയോടെ അവളുടെ കൈയ്യിൽ പിടിച്ചു.

“എനിയ്ക്ക് നിന്നെ കണ്ടപ്പോൾ തന്നെ മനസ്സിലായി. നീയെന്നെ തിരിച്ചറിയുമെന്ന് പ്രതീക്ഷിച്ചു. “

“പുഞ്ചിരിയ്ക്കാൻ ശ്രമിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞു വരുന്നതവളറിഞ്ഞു..

“എവിടാ മോള് താമസം? നമുക്കങ്ങോട്ടു പോകാം.” എന്തു മറുപടി പറയണമെന്നറിയാതെ അവൾ നിന്നു.

നീനയുടെ കയ്യിൽ അവൾ വീട്ടിൽ പോയി വരുമ്പോഴൊക്കെ മമ്മി തനിയ്ക്കു വേണ്ടി കൊടുത്തയയ്ക്കാറുള്ള ഭക്ഷണമൊരുപാട് കഴിച്ചിട്ടുണ്ട്. ഓണം ,ക്രിസ്തുമസ് അവധികൾക്കും മധ്യവേനൽ അവധിയ്ക്കും മാത്രമേ താൻ വീട്ടിൽ പോവാറുള്ളൂ. എല്ലാ വെള്ളിയഴ്ചകളിലും നീന വീട്ടിൽ പോകും. തിങ്കളാഴ്ച രാവിലെ തനിയ്ക്കുള്ള പല തരം വിഭവങ്ങളുമായാണത്തെത്തുക. ചിലപ്പോഴൊക്കെ തന്നെയും വീട്ടിലേയ്ക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോകാറുണ്ട്.

മമ്മിയാണവളെ കൊണ്ടുപോകാനായി മിക്കവാറും വരുക. അക്കാലത്ത് കാറോടിയ്ക്കുന്ന സ്ത്രീകൾ വളരെ കുറവാണ്. ആരാധനയോടെയാണ് പെൺകുട്ടികൾ മമ്മിയുടെ വരവു നോക്കി നിൽക്കാറുള്ളത്. നീനയുടെ മമ്മിയുടെ നീണ്ട മുടിയും മെലിഞ്ഞ രൂപവുമൊക്കെയാണ് മനസ്സിലുള്ളത്. മുടി ബോബ് ചെയ്ത് കുറച്ചു തടിച്ച മമ്മിയെ തനിയ്ക്ക് മനസ്സിലായില്ല.

പഴയ ഓർമ്മകളേയും വ്യക്തികളേയും മനസ്സിൽ നിന്ന് തുടച്ചു നീക്കാൻ ശ്രമിക്കുന്നതു കൊണ്ടു കൂടിയാവാം പെട്ടെന്നവരെ തിരിച്ചറിയാതിരുന്നത്. ഇപ്പോൾ ആരെ കണ്ടാലും, സംസാരിച്ചാലും അവരോട് അല്പം പോലും അടുപ്പം കാണിക്കാൻ മെനക്കെടാറില്ല. എല്ലാരേയും പേടിയാണ്. തന്നെത്തേടി വരാൻ ആരുമില്ല എന്നു വിശ്വസിയ്ക്കാനാണിപ്പോൾ ഇഷ്ടം. വിസിറ്റിങ്ങ് കാർഡ് തന്നിട്ടും അതൊന്ന് വായിച്ചു നോക്കാൻ പോലും ശ്രമിയ്ക്കാതിരുന്നതും അതുകൊണ്ടാണ്.

“യമുനേ നിന്നെ കണ്ട ഉടനെ ഞാൻ നീനയെ വിളിച്ചിരുന്നു. നിന്നേയും കൊണ്ടേ ചെല്ലാവൂ എന്നവൾ പറഞ്ഞിട്ടുണ്ട്. “

“മമ്മീ ഞാൻ ” മനസ്സിലൊതുക്കിയ സങ്കടങ്ങൾ മുഴുവൻ കണ്ണിലൂടെ ഒഴുകിയെത്തി.

“കേറ്,” ഡോർ തുറന്നു പിടിച്ച് അവർ പറഞ്ഞപ്പോൾ അനുസരിയ്ക്കാതിരിയ്ക്കാൻ അവൾക്കായില്ല.

യമുന പറഞ്ഞ വഴികളിലൂടെ അവർ കാറോടിച്ചു. “താമസിയ്ക്കുന്ന ഇടത്തേയ്ക്ക് കാറ് പോകില്ല. റോഡിൽ ഒതുക്കിയിടാം”. അവൾ പറഞ്ഞതനുസരിച്ച് അവർ റോഡരുകിൽ കാറൊതുക്കി.

റോഡിന് താഴേയ്ക്കു പടികളിറങ്ങി വേലമ്മാളുടെ വീടിനു മുൻപിലെത്തി. വേലമ്മാളെത്തീട്ടില്ല. കയ്യിലുള്ള കീയെടുത്തവൾ വാതിൽ തുറന്നു. ആകെയുള്ള പ്ലാസ്റ്റിക് കസേരയെടുത്തിട്ടു. “ഇരിയ്ക്കൂ. ഞാൻ ചായയെടുക്കാം ” എന്നു പറഞ്ഞ് യമുന അടുക്കളയിലേയ്ക്ക് നടക്കാൻ തുടങ്ങിയപ്പോൾ സൂസമ്മ അവളെ തടഞ്ഞു.

“ഈ നേരത്ത് ചായയും കാപ്പിയും പതിവില്ല.മോള് റെഡിയാവൂ. നമുക്കിറങ്ങാം. “

“ഇവിടെ ഞാനൊറ്റയ്ക്കല്ല. ഒരമ്മയുണ്ട്. ഞാനാരാണെന്നു പോലും അറിയാതെ, അതന്വേഷിയ്ക്കാതെ എനിയ്ക്കഭയം തന്നൊരമ്മ. അമ്മയോട് പറയാതെ, അമ്മ സമ്മതിയ്ക്കാതെ എനിയ്ക്ക് വരാനാവില്ല.

“അവർ വരട്ടെ . ഞാൻ സംസാരിയ്ക്കാം. ഒരമ്മയുടെ സ്വാതന്ത്ര്യമെടുത്തു കൊണ്ട് ചോദിയ്ക്കാന്നു കരുതിയാൽ മതി. മോളുടെ കല്യാണത്തിന് ഞാനും നീനയും വന്നിരുന്നു.”

“കല്യാണം കഴിഞ്ഞ് വിശാഖപട്ടണത്തിലായിരുന്നില്ലേ താമസം? പിന്നെ എങ്ങനെ ഇവിടെയെത്തി ?.”

തൻ്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും അവിടെ നിന്ന് രക്ഷപ്പെട്ടു പോന്നതിനെക്കുറിച്ചും യമുന പറഞ്ഞതു കേട്ട് അവർ നിശ്ചലയായിരുന്നു പോയി.

“കൗസല്യ പറഞ്ഞു വിരുന്നുകാരുണ്ടെന്ന് … “വേലമ്മാൾ പടികളിറങ്ങി വരികയാണ്. കയ്യിൽ ഒരു പാക്കറ്റ് പാലും ഒരു പൊതിയുമുണ്ട്.

“മോളേ നിങ്ങള് സംസാരിയ്ക്ക് .ചായ ഇപ്പോത്തരാം.”എത്ര വേണ്ടെന്നു പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. ചായയുണ്ടാക്കി. പൊതിയിലുണ്ടായിരുന്ന പഴംപൊരിയും പരിപ്പുവടയും പ്ലേറ്റിലാക്കി കൊണ്ടുവന്നു ചെറിയ സ്റ്റൂളിൽ വച്ചു. അവരുടെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി സൂസമ്മ ചായയും പഴംപൊരിയും കഴിച്ചു.

“മോളുടെ ആരാ ഇത്? അമ്മയാണോ?” വേലമ്മാൾ ചോദിച്ചു. യമുന സൂസമ്മയെ നോക്കി.

“കൂട്ടുകാരിയുടെ അമ്മയാണ് . യമുനയെ കൊണ്ടു പോകാൻ വന്നതാണ്” സൂസമ്മ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“മക്കളില്ലാത്ത എനിയ്ക്ക് ഒരു മോളെ കിട്ടിയ സന്തോഷായിരുന്നു. വിഷമിപ്പിയ്ക്കരുത് എന്ന് കരുതി ഞാനിതുവരെ ഒന്നും ചോദിച്ചിട്ടില്ല. “

“അതൊന്നും സാരമില്ല കൊണ്ടു പൊയ്ക്കോളൂ. മോള് എവിടെയായാലും സുഖമായിരുന്നാൽ മതിയെന്ന പ്രാർത്ഥനയേ ഉള്ളൂ.”

വിഷമിയ്ക്കണ്ട. നല്ലൊരു കാര്യത്തിനാ ഞാൻ യമുനയെ ഇവിടന്നു കൊണ്ടു പോകുന്നത്. പത്തുനൂറോളം സ്ത്രീകൾ ജോലി ചെയ്യുന്ന ഒരു ഫുഡ് കോർട്ടുണ്ട് എനിയ്ക്ക്. എൻ്റെ മോൾ ആസ്ട്രേലിയയിലാണ്. ഇതാെന്നും ഏറ്റെടുക്കാൻ അവൾക്ക് താത്പര്യോം ഇല്ല. എന്നെക്കൊണ്ട് തനിയെ പറ്റാതായി.

യമുനയ്ക്കത് നന്നായി നടത്തിക്കൊണ്ടു പോകാൻ പറ്റും. ഞങ്ങൾ പോയി എല്ലാം ഒന്ന് ശരിയാക്കി അധികം താമസിയാതെ വരും വേലമ്മാളെ കൊണ്ടു പോകാൻ. ഇവിടിനി ഒറ്റയ്ക്ക് നിൽക്കണ്ട.

എൻ്റെ കൂടെ നാലഞ്ച് അമ്മമാരുണ്ട്. അവരുടെ കൂടെ കൂടാം. വേലമ്മാളുടെ കണ്ണുനിറഞ്ഞു. ഇന്നുവരെ ആരും കാണിക്കാത്ത ഒരു സ്നേഹവും പരിഗണനയുമാണ് സൂസമ്മയുടെ വാക്കുകൾ അവർക്ക് നൽകിയത്.

വേലമ്മാളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ യമുനയുടെ കണ്ണുകളും നിറഞ്ഞു ..

ഒരു വലിയ സ്വപ്നത്തിൻ്റെ തുടർക്കണ്ണിയാവാനാണല്ലോ തൻ്റെ യാത്ര എന്നോർത്ത നിമിഷം അവളുടെ മുഖം പ്രസന്നമായി ..

“അധികം വൈകാതെ അമ്മയെ കൊണ്ടുപോകാൻ ഞാൻ വരും, തയ്യാറായി ഇരുന്നോളൂ…. “

ആ വാക്കുകളിൽ സ്വപ്നങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നവളുടെ ആത്മവിശ്വാസമുണ്ടായിരുന്നു.

തൃശൂർ കേച്ചേരി സ്വദേശി. കുന്നംകുളം ബഥനി സെൻറ് ജോൺസ് സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപികയാണ്