സ്വപ്നങ്ങൾ വിൽക്കാനുണ്ട്

ഉടലുകൾ വെന്ത നിശയുടെ
ഭിത്തിയിൽ മുളയിട്ട
പേരിടാസ്വപ്‌നങ്ങൾ
വിൽക്കാനുണ്ട്…

നിൻ മിഴിയിലെ
ഒടുവിലത്തെ
ചുംബനക്കവിത  
കോറിയിടുന്ന കിനാവ്
വിൽക്കാനുണ്ട്…

പ്രണയ ഭിക്ഷാടനം
കഴിഞ്ഞെത്തിയ
ഹൃത്തിൻ ചില്ലറ
നാണയത്തുട്ടുകൾ
വിൽക്കാനുണ്ട്…

വയറൊട്ടിയ
കുഞ്ഞുങ്ങളുടെ
വിശപ്പൂക്കൾ
വിൽക്കാനുണ്ട്…

തല്ലിക്കെടുത്തിയ
കിനാവാഗ്നിയിൽ
കിളിർത്തു പൂത്ത  
തേങ്ങൽ തുണ്ടുകൾ
വിൽക്കാനുണ്ട്…

കടലെണ്ണിക്കരയോട്
പറഞ്ഞൊരു നൂറായിരം
സ്വപ്നങ്ങളുണ്ട് മാനസത്തിൽ
വിൽപ്പനക്കായ്…

പുതുക്കിപ്പുതുക്കി
ജീര്‍ണ്ണിച്ച മനം
പാഴടഞ്ഞ
കിനാവിന്നാകാശക്കോട്ടയുടെ  
പകുതിയിൽ നിന്നടർന്ന ഇരുളിന്റെ
മാറിലേക്ക്
സ്വപ്നങ്ങളുടെ
വിൽപ്പനക്കായ് വീണ്ടും…

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ സ്വദേശിനി. ഇപ്പോൾ കുടുംബത്തോടൊപ്പം ബാംഗളൂരിൽ താമസം. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.