സ്പർശം

പുഴയുടെ തുടക്കമറ്റത്ത്-
കുന്നിനോടൊപ്പം
വിരൽ പിടിച്ച്‌ മഴ

ഒഴുകി വന്നൂ മണ്ണ്
ഇലകൾ ചില്ലകൾ
മരങ്ങൾ മലതന്നെയും

കാഴ്‌ച അത്രയുമെത്തുമോയെന്ന്
വിസ്മയപ്പെട്ട്
നോക്കാനായുമ്പോഴേക്കും
പെയ്ത് തീർന്നുപോയി

നനവും തണുപ്പും
ഓർത്തുവെക്കാൻ
മണ്ണിൽ ഉറവകൾ-
പൊട്ടിയരുവിയായ്
മഞ്ഞ് തൊട്ടു
വെയിൽ തൊട്ടു-
വറ്റി വേനലായ്‌
മണൽ പഴുത്തു

ഒരു സ്പർശസ്മൃതിയിൽ
നിറയുന്ന മനസ്സായി
മഴയിൽ നദി

കൊച്ചി സർവകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ ആണ്. സാമ്പത്തിക ശാസ്ത്രം , രാഷ്ട്രതന്ത്രം, ലൈബ്രറി സയന്‍സ് തുടങ്ങിയവയില്‍ ബിരുദാനന്തര ബിരുദം, ലൈബ്രറി സയന്‍സില്‍ യു ജി സി ലെക്ച്ചര്‍ഷിപ്പ്, എം.ഫില്‍. ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചു (സത്യസന്ധമായ മോഷണങ്ങൾ : ഇൻസൈറ്റ് പബ്ലിക്ക കോഴിക്കോട്). ആകാശവാണിയിൽ കവിത, പ്രഭാഷണങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്. ഓൺലൈൻ / ഓഫ്‌ലൈൻ പ്രസിദ്ധീകരങ്ങളിൽ എഴുതുന്നു .