“എന്നെ ഒന്ന് തൊടാമോ?” അവൾ ചോദിച്ചു.
അവളെ എനിക്ക് അറിയില്ല. ഇതിനു മുൻപ് കണ്ടിട്ടുമില്ല.
ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിലെ ഇരിപ്പിടങ്ങളിൽ ഞങ്ങളിരുന്ന അത്രയും സമയം മാത്രമുള്ള പരിചയം.
പ്രായം തിരിച്ചറിയാൻ കഴിഞ്ഞില്ല എങ്കിലും മദ്ധ്യവയസ്കയെന്ന് തോന്നി. അവരുടെ നീണ്ട വിരലുകൾ വിറയലോടെ കരഞ്ഞു കൊണ്ടിരുന്നു.
“ഒരു പ്രാവശ്യം … “
വീണ്ടും അവർ. ഇപ്രാവശ്യം അധികാരത്തോടെ എന്റെ കൈയിൽ കയറി പിടിച്ചു കൊണ്ട്. മെലിഞ്ഞ വിരലുകൾ. മരണം പോലെ മരവിച്ചവ.
“Hug me” അവർ പിറുപിറുത്തു.
അഞ്ചു സെക്കന്റ് നേരം എന്റെ സമ്മതമാഗ്രഹിക്കാതെ അവരെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“എന്നെ ഒരിക്കൽ പോലും കെട്ടിപിടിച്ചിരുന്നില്ല, സ്നേഹിച്ചിട്ടുമില്ല.”
അപ്പോഴേയ്ക്കും പുറത്തു വന്ന ഒരു സ്‌ട്രെച്ചറിലെ ഏതോ ഒരു ദേഹത്തോടൊപ്പം പിന്നെയവർ നടന്നു പോയി.
അടക്കിപ്പിടിച്ച ദീർഘ നിശ്വാസത്തോടെ ഓപ്പറേഷൻ തീയേറ്ററിന് പുറത്ത് ഒരു ഡോക്ടർ നിൽപ്പുണ്ടായിരുന്നു.