ഇന്നവളെന്നോട് പറഞ്ഞു
സ്നേഹത്തെക്കുറിച്ച് സംസാരിക്കാൻ,
നടന്ന വഴികളിലൊക്കെ
വാറുപൊട്ടിയ ചെരുപ്പുപോലെ
കൂടെവന്ന സ്നേഹത്തെക്കുറിച്ച്
ഒരുനീണ്ട നെടുവീർപ്പിനപ്പുറം
ഞാനെന്തു പറയാൻ?
പകരമില്ലാത്ത പഴന്തുണിപോലെ
നെഞ്ചിലെ അയയിലിന്നും
ഈറനിറ്റാതെ കിടക്കുന്ന
ചില സ്നേഹപ്പുതപ്പുകളുണ്ട്.
മനസ്സിൽ മരുപ്പച്ചതന്ന്
നടക്കാനിറങ്ങുന്ന
ചിലമുഖങ്ങളും.
ഓർമ്മകളുടെ മേഘമൽഹാറുപാടി
കാത്തിരിപ്പിന്റെ പടവുകളിലെ
പായൽവഴുക്കുകളെ മിനുക്കി
ഇടയ്ക്കിടെ,
മറക്കാതിരിക്കാൻ
ഏതോ ചാറ്റൽമഴയിലേയ്ക്കെന്നെ
തള്ളിയിട്ടു ചിരിയ്ക്കുന്ന
സ്നേഹച്ചൂടിന്റെ ചെറുമഴകൾ…
അവരെക്കുറിച്ചു പറയട്ടെ
ഞാൻ നിന്നോട്,
അവരുടെ കുളിരുള്ള ചൂടിനെപ്പറ്റി…
ഒന്നാം ക്ലാസിലെ തറയോടു തറയിൽ
പനയുടെ പടംവരച്ച്,
മണ്ണിട്ട്,
വെള്ളമൊഴിച്ചതിനു കിട്ടിയ
ചൂരൽക്കഷായത്തിന്റെ ചൂടിനെപ്പറ്റി…
വെള്ളക്ക കുത്തിനിറച്ച
തുണിസഞ്ചിഭാരം പകുത്ത
രണ്ട് കുഞ്ഞിക്കൈകൾ
ചുവന്നുതുടുത്ത ചൂടിനെപ്പറ്റി…
കടലാസ്സ് കീറി
കളിപ്പാവ മെനഞ്ഞ
കുരുത്തക്കേടിന്റെ ചൂടിനെപ്പറ്റി…
*മുന്തിരിക്കളികളുടെ
വട്ടം വെട്ടിച്ച്,
കണ്ണുകൊണ്ട് നിറങ്ങൾ കൈമാറിയ
കുസൃതിക്കാലത്തിന്റെ ചൂടിനെപ്പറ്റി…
കഥകൾ കൂട്ടി
കൂട്ടരെ പറ്റിച്ച
മധുരമുള്ള കളവുകളുടെ
മധുരിച്ച ചൂടിനെപ്പറ്റി…
കഞ്ഞിപ്പാത്രം വയറോടടുപ്പിച്ചു
ചുണ്ടുപൊള്ളിച്ച
വിശപ്പിന്റെ ചൂടിനെപ്പറ്റി…
കണ്ടിട്ടും കാണാതിരുന്ന
ചെറുപിണക്കങ്ങളിൽ,
ചിറക് മുറിഞ്ഞൊരാ
ആകാശമില്ലാ ചൂടിനെപ്പറ്റി…
സമയം കളഞ്ഞുപോയ
കുറ്റിപെൻസിലുകളുടെ
കവിളിലൂടൊഴുകുന്ന
കാലമെഴുതിയ ചൂടിനെപ്പറ്റി…
മഷിപ്പച്ച മായ്ക്കാത്ത
കൈമുറുക്കങ്ങളിലൊളിച്ച,
സ്നേഹത്തിന്റെ
സ്നേഹിച്ചുതീരാത്ത ചൂടിനെപ്പറ്റി…
പിന്നെ ഇന്ന്,
വാക്കുകളില്ലാത്ത
ഏതോ അകലങ്ങളിൽ
പരിചയം പുതച്ചിരിക്കുന്ന
രണ്ടു ചങ്ങായിച്ചികളുടെ
ഹൃദയച്ചൂടിനെപ്പറ്റി…
(*വട്ടത്തിലിരുന്നുള്ള ഒരുതരം വിനോദം)