സ്ക്രീൻ ഷോട്ട്

പ്രണയത്തിന് കണ്ണും കാതുമില്ലെന്ന്
നാട്ടിൻപുറത്തുനിന്നാരോ മൊഴിഞ്ഞു.

കൈകൾ കോർത്ത് കെട്ടിപ്പുണർന്ന്
കവിളിൽ തലോടി ചെവിയിൽ മന്ത്രിച്ച്
മിഴികൾ കൊളുത്തി നിലാവിനെ വരുത്തി
അകതാരിൽ പടർത്തി മാറിൽ തല ചായ്ച്ച്
പരിഭവം പ്രാണൻ്റെ നേരിൽ കലർത്തി
ലൈലയായ് മജ്നുവായ് നിറഞ്ഞ നേരം

കാണുമ്പോൾ മായും, മായുമ്പോളകലും
ഉടലിൽ പടരുമ്പോൾ പിടയും നെഞ്ചിൽ
ചേരുമ്പോൾ വിടരും കനവിൽ കലരുമ്പോൾ
ഒന്നായി നിറയും ഒരു മനമെന്ന് തെളിയും.

പോയതൊക്കെയും നല്ലകാലം
താരകം നിറഞ്ഞതാം പ്രണയാംബരം
പൂത്തുലഞ്ഞതാം പൗർണമി; പൂവനം
പങ്കായമില്ലാ കൊതുമ്പു യാനം.

ഇന്നതിൽ നിറമെത്ര മാറിയെന്നോ
ഇതളുകൾ മാഞ്ഞെത്ര നീറിയെന്നോ
തുടർച്ചതോറ്റിടർച്ചയായ് തേങ്ങലുകൾ
വിങ്ങിത്തകർന്ന നെഞ്ചകങ്ങൾ
മാറണം പുതു വിണ്ണിലേക്കെന്ന്
താരകംതോറ്റൊരു നവനിലാവിലേക്കെന്ന്.

കാണാം ദൂരെ നിന്നെത്രയാകിലും കേൾക്കാം
പുതുരൂപ മാർഗം ഇടർച്ചയൊന്നിൻ ഒലി
തൊട്ടറിയാനായിരമാശയടക്കണമെങ്കിലും
കാണാതെ വയ്യ കേൾക്കാതെ വയ്യയെന്നാകയാൽ.

വന്നു കാഴ്ചയിൽ സ്വരത്തിൽ ദൂരെയേതോ
ഗ്രഹത്തിൽ നിന്നെന്ന പോൽ
ഓർമകൾ വേരറ്റ കാട്ടുവള്ളിപ്പടർപ്പുകൾ
ഒന്നു തൊടാനുയർന്ന കൈകൾ ചില്ലിൽ തട്ടി
തലോടാനോടിയ വിരലുകൾ പിൻവലിഞ്ഞു
ചുംബനക്കൊതിയാൽ ചുണ്ടുകൾ കൂട്ടിമുട്ടി
സ്ക്രീനിൽ നിറയുന്നൊരുപ്പു സ്രാവം.

ആലിംഗനത്തിൽ ഞെരിയുന്ന ഫോൺ കവർ
പ്രണയഗന്ധമില്ല വെറുമൊരു ബാഹ്യ ചിത്രം
സുസ്മേരമവിടെയുമിവിടവുമമൂർത്ത ലയനം
വേദനകളൊരു വെർച്ച്വൽ സ്ക്രീൻ ഷോട്ടു മാത്രം

കാഴ്ചകൾ കണ്ണും മൂക്കും വദനവും മാത്രം
ഇത് നിശബ്ദതയിൽ മരണം കോറിയ പ്രണയം.

മൊകേരി ഗവ.കോളജിൽ അസി. പ്രഫസറായി ജോലി ചെയ്യുന്നു. നാല് മലയാള പുസ്തകങ്ങളും നാല് 4 ഇംഗ്ലീഷ് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും വിവർത്തനം, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവ എഴുതാറുണ്ട്