മണ്ണുവാരിക്കളിക്കവെ
ചെറുകയ്യിൽ
വിചിത്രഭാഷയുടെ
മന്ത്രത്തകിടു തടഞ്ഞു.
പിഞ്ചുതൊണ്ടയിൽ
ഒരു നിലവിളി കുതറി.
തകിടിൽ നിന്ന്
ഗ്രഹങ്ങളും നക്ഷത്രങ്ങളുമിറങ്ങി
അവൾക്കു ചുറ്റും
ഒരു പ്രപഞ്ചം ഉരുവം കൊണ്ടു.
അവൾ വിറച്ചു.
ഭീതി മാറിയപ്പോൾ
അവളൊരു പുരുഷദൈവത്തെ കണ്ടു..
ദൈവത്തെ
പെൺകുട്ടികൾക്ക് ഭയമാണ്.
നീതി അസമമായും
ഏകപക്ഷീയമായും എഴുതിയ
അവൻ്റെ നിയമസംഹിത
അവൾ
പൂജാമുറികളിൽ കണ്ടിട്ടുണ്ട്.
അവൻ്റെ അരുളപ്പാടുകൾ അവരെ
വിചിത്രജീവികളായി വ്യാഖ്യാനിച്ചിരുന്നു..
രഹസ്യാവയവങ്ങളിൽ
ദൈവം സവിശേഷമായ ശ്രദ്ധ പുലർത്തിയിരുന്നു.
മരിച്ചവരെപ്പോലെ സ്വപ്നത്തിൽ
വന്നു സംസാരിക്കുകയും
ഉണരുമ്പോൾ അപ്രത്യക്ഷമാവുകയും
ചെയ്യുന്ന കൺകെട്ടുകൾ
അയാൾക്കു വശമാണ്.
സ്പർശം കൊണ്ടുപോലും പരിഗണിക്കാതെ,
ഒരുവളെ ഗർഭിണിയാക്കാൻ
അയാൾക്കു കഴിയുമായിരുന്നു.
ചിലപ്പോൾ അവൾ സംശയിച്ചു
ഇത്ര ചെറിയ തകിടുകളിൽ,
താലിക്കഷ്ണങ്ങളിൽ
ഈ ഒളിച്ചുകളി എന്തിന് ?
ഇടതു വശത്തൂടെണീറ്റയാളെ,
തുടർ ഞായറാഴ്ചകളിൽ
തൻ്റെ പേരുരുവിടാത്തയാളെ,
ഒരു കഷ്ണം ഇറച്ചി കഴിച്ച പാവത്തിനെ
യാതൊന്നുമറിയാത്ത കുഞ്ഞുങ്ങളെ..
ഒക്കെയും
വേട്ടയാടുന്നതെന്തിനാണ് ?
സംശയങ്ങളിൽ നിന്ന്
അവളൊരു അരുവിയെ ചുഴന്നെടുത്തു.
അരുവിക്ക്
മലയോളം ബാധ്യതകളില്ലായിരുന്നു.
അരുവിയുടെ രാവിലത്തെ നറുംചൂടിൽ
അവളുടെ ആത്മാവ് നീരാടാനിറങ്ങി.
.
അരുവി ഭാവന വിട്ട്
പുറത്തേയ്ക്കൊഴുകുമ്പോൾ
അവളുടെ ശരീരം ജീവൻ വച്ചിരുന്നു.
ജലത്തിൻ്റെ ആലിംഗനത്തിൽ,
തുമ്പികളുടെ
പുഴനൃത്തങ്ങളിൽ
അവൾ ആമഗ്നയായി.
അവിടെ കിടന്ന് അവൾ
കൂടുതൽ മികച്ച ഒരു ദൈവത്തെ
സൃഷ്ടിക്കാൻ തുടങ്ങി.
ശിലയ്ക്കു പകരം ജലം പോലൊരു
പെൺദൈവത്തെ.
അഥവാ,
അവളെപ്പോലെ തന്നെ
ഒരുവളെ.