സൂരജ് ദ ബ്രേവ്

പട്ടണത്തിലെ ഒരു റെസ്റ്റോറന്റിൽ പൊറോട്ടയും മുട്ടക്കറിയും കഴിക്കുകയായിരുന്നു സൂരജ്. പുറത്ത് നിന്ന് കഴിക്കുമ്പോൾ എന്നും പൊറോട്ടയാണ് അവന്റെ ഇഷ്ട ഭക്ഷണം. മൈദ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ഭാര്യ സൗമ്യയുടെ വാദം. എങ്കിലും അവൻ മാസത്തിൽ ഒരിക്കലെങ്കിലും പൊറോട്ട കഴിക്കാതെ ഇരുന്നിട്ടില്ല. സമയം രാത്രി പത്തു മണിയോടടുക്കുന്നു. റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ അവൻ മാത്രമേയുള്ളൂ. കടയിൽ ക്യാഷറും ഒരു പയ്യനും മാത്രമേയുള്ളൂ.

അപ്പോഴാണ് ഒരാൾ റെസ്റ്റോറന്റിലേക്ക് കയറി വന്നത്.
“ഒരു ചിക്കൻ ബിരിയാണി.”
അയാൾ വന്നിരുന്ന പാടേ പറഞ്ഞു.
“സാർ, ബിരിയാണി തീർന്നു.” പയ്യൻ പറഞ്ഞു.
“ഓ, എന്നാ ഉണ്ടാക്ക്. ബിരിയാണി കഴിച്ചിട്ടേ പോകുന്നുള്ളൂ.”
“സാർ, പത്തു മണിക്ക് ഹോട്ടലടക്കും. നമ്മുടെ കുക്ക് നേരത്തേ പോയി.”
അയാൾ പയ്യനെ തല്ലി. സൂരജ് എഴുന്നേറ്റു. ക്യാഷർ വന്ന് മറ്റേയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച സൂരജിന്റെ മേൽ ആ ഗുണ്ട അലക്ഷ്യമായി വലിച്ചെറിഞ്ഞ കസേര വന്നു പതിച്ചു. നെറ്റിയിൽ കണ്ണിന് തൊട്ടു മുകളിലായാണ് കസേരയുടെ കാൽ വന്നു കൊണ്ടത്. രക്തം ഒലിച്ചിറങ്ങി. അപ്പോഴേക്കും നാട്ടുകാർ ഓടിക്കൂടി. സൂരജിനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

നാളുകൾ കഴിഞ്ഞു. മുറിവൊക്കെ ഉണങ്ങി സൂരജ് വീട്ടിലിരിക്കുന്ന സമയം. അന്നത്തെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. ഫെയ്സ്ബുക്കിൽ ആ വീഡിയോ കാണുകയാണ് സൂരജ്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ വാവൽ സുനി നഗരത്തിൽ അഴിഞ്ഞാടിയപ്പോൾ എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. അതിന് താഴെയുള്ള കമന്റ് വായിച്ചു നോക്കി. ഇവനൊക്കെ കാരണം മനുഷ്യന് പുറത്തിറങ്ങാൻ വയ്യാതായി, ഇവനെ കൊല്ലണം, ഇവനെ അകത്തിടണം, പിന്നെ അവന്റെ മതവും രാഷ്ട്രീയവും പറഞ്ഞുള്ള കമന്റുകൾ, പണ്ട് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്നും ഇപ്പോഴാണ് കുറ്റകൃത്യങ്ങൾ കൂടുതലെന്നുമുള്ള കരച്ചിലുകൾ ഒക്കെയുണ്ടായിരുന്നു. ഒന്നാം ക്ലാസ് മുതലേ പത്രം വായിച്ചു തുടങ്ങിയവനാണ് ഞാൻ. അന്നും ഗുണ്ടായിസവും കൊലപാതകവുമൊക്കെ നടക്കുന്ന നാടാണിത്. ഇന്ന് കുറയാനേ സാദ്ധ്യതയുള്ളൂ.

“ചേട്ടാ, രാവിലെ തന്നെ ജോലിക്ക് പോകാതെ ഇതും നോക്കി ഇരിപ്പാണോ? എല്ലാം മറന്നു കള. ഞാനെത്ര തവണ പറഞ്ഞു.” ഭാര്യ സൗമ്യ അങ്ങോട്ട് വന്നു.
“ടീ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനീ കേസിൽ നിന്ന് പിൻമാറൂല. അവനാള് മാറിപ്പോയി.”

അവൾ മുറിയിൽ നിന്നും പോയി. സൂരജിന്റെ ഫോൺ ശബ്ദിച്ചു. സൗമ്യ അടുക്കളയിലേക്ക് പോയി. കല്യാണം കഴിഞ്ഞു ഒരു വർഷം പോലുമായില്ല. അന്ന് സൂരജേട്ടന്റെ അമ്മ പറഞ്ഞതാണ് ഇപ്പോഴും ഓർമ്മയിലുള്ളത്.
“അവൻ വലിയ ധൈര്യമുള്ളവനാ. തെറ്റു കണ്ടാൽ ആര് ചെയ്തതായാലും എതിർക്കും. പട്ടാളം അല്ലെങ്കിൽ പോലീസ് ഏതെങ്കിലും ഒന്നിൽ ചേരണമെന്നായിരുന്നു ആഗ്രഹം. കണ്ടക്ടറാണെങ്കിലും അവന്റെ ബസില് കന്നംതിരിവ് കാണിക്കുന്നവനെയൊക്കെ എറക്കി വിടും.” ഇയാൾ ഷോ കാണിക്കുന്നതാണോ അതോ ധൈര്യശാലിയാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ അവളുടെ ഉള്ളിൽ നിറഞ്ഞു.
“സൗമ്യേ.”
സൂരജിന്റെ വിളി കേട്ട് അവൾ അടുത്തേക്ക് ചെന്നു. അവൻ ഒരു കുപ്പി മദ്യവുമായി ഇരിക്കുന്നു. രണ്ടു ഗ്ലാസിലായി അവൻ മദ്യം പകർന്നു.
“നീ ഇരിക്ക്.” എന്ന് പറഞ്ഞിട്ട് ഒരു ഗ്ലാസ് അവൻ അവൾക്ക് നേരേ നീട്ടി.
ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് അവൾ ആദ്യമായി മദ്യപിച്ചത്. അന്ന് ഡിഗ്രി ഫസ്റ്റ് ഇയറായിരുന്നു. കൂട്ടുകാരികൾ നിർബന്ധിച്ചപ്പോൾ വെറുതേ തമാശക്ക് മദ്യപിച്ചതാണ്. പിന്നീട് ഇടയ്ക്കിടെ നമ്മൾ ഒത്തുകൂടി. ഒരിക്കൽ താര വിളിച്ചപ്പോൾ പണ്ട് വെള്ളമടിച്ച കഥയൊക്കെ പറഞ്ഞിരുന്നപ്പോൾ സൂരജേട്ടൻ കയറി വന്നു. എന്നാൽ അയാൾ അടുത്ത ദിവസം എന്നോട് ചോദിച്ചു.
“നിന്റെ ഫേവറിറ്റ് ബ്രാൻഡേതാ?”
“ഹണീബി. ഞാനതേ കഴിച്ചിട്ടുള്ളൂ.”
ഒരു ദിവസം നമ്മൾ ഒരുമിച്ച് മദ്യപിച്ചു. എന്നിട്ട് മദ്യപിക്കുന്ന ഫോട്ടോ എഫ്ബിയിലെ ജീക്കേപിസി ഗ്രൂപ്പിലിടുകയും ചെയ്തു. ഇങ്ങനെയോരു ഭാര്യയെ കിട്ടിയ താങ്കൾ ഭാഗ്യവാനാണെന്നും ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയ താങ്കൾ ഭാഗ്യവതീയാണെന്നും കമന്റുകൾ കിട്ടി. പോസ്റ്റിന് 10k ലൈക്ക് കിട്ടി.
“നീ പറഞ്ഞത് കൊണ്ട് ഞാനാ തെണ്ടിക്കെതിരെയുള്ള കേസ് പിൻവലിക്കുന്നു. നീയിത് പിടി.”
അവൾ ഗ്ലാസ് വാങ്ങി.
“എന്ത് പെട്ടെന്നിങ്ങനെ തോന്നിയത്?”
“എന്നാ ശരി. ഞാൻ കേസുമായിട്ട് മുന്നോട്ട് പോകാം.”
“വേണ്ട. ഞാൻ ചുമ്മാ പറഞ്ഞതല്ലേ?”
അവർ ചിയേഴ്സ് പറഞ്ഞ് മദ്യപിക്കാൻ തുടങ്ങി. താര പറഞ്ഞ കാര്യമാണ് അപ്പോൾ അവളുടെ മനസ്സിൽ വന്നത്.
“നിന്റെ ഹസ് വളരെ പ്രോഗ്രസീവാണല്ലോ? ഇങ്ങനെയാരാളെ കിട്ടിയത് നിന്റെ ലക്ക് ടീ. വല്ലപ്പോഴും ഒന്നിച്ചിരുന്ന് രണ്ടെണ്ണം അടിക്കാമല്ലോ?”
ഇനി കഥ കുറച്ച് സമയം പിന്നിലേക്ക് പോകാം.

“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനീ കേസിൽ നിന്ന് പിൻമാറൂല. അവനാള് മാറിപ്പോയി.”
അവൾ മുറിയിൽ നിന്നും പോയി. സൂരജിന്റെ ഫോൺ ശബ്ദിച്ചു. സൗമ്യ അടുക്കളയിലേക്ക് പോയി
“സുനിയണ്ണനെതിരെയുള്ള നിന്റെ കേസങ്ങ് പിൻവലിച്ചേക്ക്. കേസ് പിൻവലിച്ചാ നമ്മള് തമ്മിൽ ഇനി കാണില്ല, എല്ലാം ഇതോടെ തീരും. ഇല്ലെങ്കിൽ സുനിയണ്ണൻ ഇന്നല്ലെങ്കിൽ നാളെ ജയിലിൽ നിന്നിറങ്ങും. നിന്നെ തീർത്തിട്ട് അങ്ങേര് ജയിലിൽ പോകും. മര്യാദക്കാണ് പറയുന്നത്, കേട്ടല്ലോ?.” മറുതലക്കൽ നിന്ന് ഭീഷണി കേട്ട സൂരജ് ഞെട്ടി.
“ശരി. ഞാൻ നാളെ തന്നെ കേസ് പിൻവലിച്ചോളാം.”
“എങ്കിൽ നിന്നെ ഒന്നും ചെയ്യില്ല. ഉറപ്പ്.”

വീണ്ടും കഥ സൂരജിന്റെയും സൗമ്യയുടേയും മദ്യപാന സദസ്സിലേക്ക്. “നമുക്ക് നാളെ വൈകുന്നേരം തന്നെ നാട്ടിലേക്ക് പോകണം. ട്രാൻസ്ഫറിന്റെ കാര്യങ്ങൾ നോക്കണം.”

അവർ സംസാരിച്ചു കൊണ്ടേയിരുന്നു.

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി. തിരുവനന്തപുരത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. കഥകൾ എഴുതാറുണ്ട്