
സൂക്കിയെന്നായിരുന്നു അവന്റെ പേര്.
പലമകളുടെ കാട്ടിൽ
ഒറ്റയ്ക്കിറങ്ങുമ്പോൾ
എന്റെ ചവിട്ടനക്കങ്ങളെ
ചെവിയോർത്തിരിക്കുന്ന
അവൻ പറഞ്ഞു.
“പ്രപഞ്ചമേ…
ഇനിയെങ്കിലും
പ്രേമത്തിൽ
നിന്റെ കവിതമുള്ള് കൊണ്ട്
എന്നെ കോറിവരയ്ക്കൂ.
എന്റെ
കീശയിൽ
നീ
ചുരുട്ടിയിട്ട ഉമ്മക്കടലാസ്സുകൾ
നിവർത്തി വിരിക്കൂ .
ചുളിവുകൾ
നിന്റെ
കവിതയായ് നിവർത്തൂ.
അലിവേ…
ഇനിയെങ്കിലും
നീയെന്റെ
ചുരുട്ടായി പുകയൂ .
തണുപ്പേ…
നീയെന്റെ തൊലിപ്പുറം
വലിച്ചു കോച്ചുന്ന
മഞ്ഞ് നീര് ആകൂ .
പ്രേമത്തിൽ പേടിയുള്ള
ഞാൻ
എന്റെ സൂക്കിയോട്
മിണ്ടിയിട്ടേയില്ലായിരുന്നു.
അവന്റെ മുടി നാരുകളിൽ
വെളുത്തു തുടങ്ങി.
കൊഴിഞ്ഞു വീണതിൽ നിന്ന്,
ഒന്ന് സൂക്കിയുടെ മുടിചിത്രമെന്ന
തലക്കെട്ടോടെ
എനിക്ക് അവസാനമായി
അവനെടുത്തു തന്ന
സെക്കന്റ് ക്ലാസ്സ് ടിക്കറ്റിന്റെ പുറകിൽ
ഒട്ടിച്ചു വച്ചു.
ആദ്യമായി
ഞാൻ പറഞ്ഞു :
“നിനക്കറിയാമോ,
നിന്റെ വേദനക്കൈയ്യിലാണ്
ഞാനെന്നെ കൊളുത്തിയിടാൻ
നോക്കിയത്.
ഏറിയേറിവരുന്ന
നിന്റെ പ്രേമക്കാറ്റ് ശ്വസിച്ചാണ്
നിന്റെ വിഴുപ്പ് മണവും മറന്ന്,
മീശമുള്ള് കൊണ്ടുമുറിഞ്ഞ
എന്റെ കണങ്കാലിലെ
ചോര ഒപ്പി വടിച്ചത്.
കാലിൽ കാൽ കയറ്റിവച്ചിരിക്കുന്ന
എന്റെ നഖത്തുമ്പുകളെ തൊട്ട്,
ലാവെണ്ടർ കൊണ്ട് നീ
നഖം നിറം കൊടുക്കുമ്പോൾ
അത്രയേറെ സൂക്ഷിച്ച്,
കുനിഞ്ഞിരുന്ന്
ചിത്രം വരയ്ക്കുന്ന
നിന്റെ ഇരുപ്പിലാണ്
പ്രിയപ്പെട്ട സൂക്കീ
എനിക്ക് ആദ്യമായി
സ്നേഹമൂർച്ഛയുണ്ടായത് .
