ഗർഭത്തിൽ,
ശൈശവത്തിൽ
ഉപമയെന്നൊരലങ്കാരം
തൊട്ടു തീണ്ടാത്ത
അമ്മയാണാകാശം
നിറമേഴും കലർന്നതേ
ബാല്യത്തിന്നാകാശം
ഇളം വെയിലേറ്റ്
തളിർക്കും
പോക്കുവെയിലേറ്റ്
പൊന്നായി വളരും
യൗവനത്തിൻ്റെ ആകാശം
കാറ്റും കോളും പേമാരിയും
മിന്നലും കൊണ്ട്
വെയിലറിയാതെ ഇരുളും
ദിശയറിയാതെ പായുന്ന
കുതിരപ്പുറത്ത്
പാഞ്ഞുകൊണ്ടിരിക്കെ
ആകാശം നരച്ചു പോകും
നിറയെ നക്ഷത്രങ്ങൾ
പൂത്തു നില്ക്കുമ്പോൾ
പകൽ വീട്ടിൽ
ഒറ്റയ്ക്കു പൊള്ളിയ
മരുപ്പരപ്പിൽ
നിലാവ് വാർന്നൊഴുകും
പുതപ്പിനുള്ളിലേക്ക്
നൂഴ്ന്നു കയറുന്ന സർപ്പം
വന്നുമ്മ വയ്ക്കുന്നതും
സ്വപ്നം കണ്ടുറങ്ങും
വാർധക്യം.