ഒരിടത്തൊരു സ്റ്റേഷനിൽ
അന്നേവരെ
പ്രണയം
കടന്നുപോയിട്ടില്ലാത്ത
ഒരാളുണ്ടായിരുന്നു.
അയാളുടെ മുന്നിലൂടെ
കിളികൾ കുറുകി,
ശലഭങ്ങൾ നൃത്തംവച്ചു,
പൂക്കൾ
ആർക്കൊക്കെയോവേണ്ടി
വിരിഞ്ഞു,
എന്നിട്ടുമയാൾ
ചുവന്ന കൊടിമാത്രം
മനസ്സിന് വീശിക്കൊടുത്തു.
ഒരുനാൾ
ആ സ്റ്റേഷനിൽ
മഞ്ഞുതുള്ളിപോലൊരു
പെൺകുട്ടിവന്നിറങ്ങി,
വെയിലായി
അവളെയുരുക്കാൻ
ഓർമ്മകളിലവളുടെ നഷ്ടപ്രണയവും.
അന്നും കിളികൾപാടി,
സ്റ്റേഷന്റെയടുത്തുള്ള
താഴ്‌വരയിൽ
മയിൽ പീലിവീശി
ബഹുവർണ്ണക്കൊടി കാണിച്ച്
അവളെ
അയാളിലേക്കിറക്കിവിട്ട്
തിരിച്ചുപോയി.
അയാളെയിഷ്ടപ്പെട്ടിരുന്നിട്ടും
ഉള്ളിലെ
പഴയ പ്രണയം
കുത്തിനോവിക്കുന്നെന്ന്
അവളും
മറക്കാൻ ശ്രമിക്കുവോളം
നിമിഷനേരംകൊണ്ട്
അസ്ഥിക്കുപിടിച്ചുപോയി
നീയെന്നയാളും.
അന്നുതന്നെ
അവരൊന്നിച്ചൊരു
തീരുമാനമെടുത്തു,
ഒന്നിച്ചുചേരാതെ
സമാന്തരമായുള്ള യാത്രയേക്കാൾ
സുഖകരമാണ്
ഒന്നിച്ചുള്ള
അവസാനത്തെ
യാത്രപോക്കെന്ന്!
നിശ്ചലമായ ഒന്നാംഗേറ്റിൽ
ട്രെയിനുകൾ
കടന്നുപോവാറില്ലായിരുന്നു,
അന്നവിടെ
ആദ്യത്തെ ട്രെയിൻ
കടന്നുവന്നു.
അകലേക്കുമറയുന്ന
പച്ചക്കൊടിനോക്കി
പോകരുതെന്നവൾ,
പോയേ പറ്റൂവെന്നയാൾ.
തുരുമ്പിച്ച
പാളങ്ങൾക്കിടയിൽപ്പെട്ടിട്ടും
ഇളകിക്കൊണ്ടിരുന്ന
രണ്ട് മുടിനാരുകൾ പറയും
പ്രണയത്തിന്
കാറ്റിനേക്കാൾ വേഗതയാണെന്ന്!
അന്നുപോയ
അവസാനട്രെയിനിന്റെ മുൻവശത്ത്
ചുവപ്പിന്റെ ആലിംഗനമുദ്രയും
കീറിപ്പറിഞ്ഞ
രണ്ട് സീസൺ ടിക്കറ്റുകളുമുണ്ടായിരുന്നു!