“I’m sure mine only works one way,”
Alice remarked.
“I can’t remember things before they happen.”
“It’s a poor sort of memory that only works backward,” the queen remarked.
-alice in wonderland
1
അവളുടെയോർമയിൽ നാരകമരങ്ങളായിരിക്കാം,
അറിയാത്ത ലോകങ്ങളുടെ
ആഴക്കയങ്ങളായിരിക്കം
അതുമിതുമൊന്നുമല്ലായിരിക്കാം
നീണ്ട ശവഘോഷയാത്രകൾ
മാത്രമായിരിക്കാം.
എടുപ്പുകൾക്കും
ഏകദേശ
കണക്കുകൾക്കും
അപ്പുറം
ചില ജലാംശമുള്ള
ഓർമകൾ
ബാക്കിയാകുന്നു.
അകലെ,
അല്ലെങ്കിൽ
ഏറ്റവുമടുത്തായി
കേട്ടുതുടങ്ങുന്ന
ചരക്കുതീവണ്ടിയുടെ
നിലവിളി.
അതിനിടയിൽ
മരിച്ചുപോയ
അച്ഛൻ്റെ
മിസ്കോൾ
വരാനിരിക്കുന്ന
ദിവസങ്ങളുടെ
പുളിച്ചു തികട്ടൽ
2
ഉടുപ്പിനാലൊളിപ്പിച്ച
മുറിവുകൾ
നട്ടുച്ചയായാൽ
പൂത്തുവിടരും,
പൊട്ടിയൊഴുകും,
ഒഴുക്കിൽ
പൊത്തുകളിൽനിന്നുന്മാദവും
വിയർപ്പും വഴുക്കും
മാംസം കൊത്തി
ചെറുകിളികൾ
കിഴക്കോട്ടു
പറക്കും.
അവളുടെ മറവിയിൽ
ഒരുണക്കയില
ചിലന്തിനൂലിൽ
ഞാന്നുകിടക്കും
കാറ്റതിനെ ഊഞ്ഞാലാട്ടുമ്പോൾ
വൈകുന്നേര വെയിൽ
പഴുപ്പിച്ചെടുത്ത
നാരങ്ങകൾ,
ചില്ലയിലൂടെ
ചുമന്നുറുമ്പുകൾ…
ചില്ല കാറ്റിൽ വിറയ്ക്കും
ഉറുമ്പുകൾ വിറയ്ക്കും
ഇടവേളകളിൽ
കയറ്റം
തുടരും…