സിനിമയുടെ സുവിശേഷം: റോബർട്ട്‌ ബ്രെസ്സോണിന്റെ ‘ബാൽത്തസർ’

1966 ൽ പുറത്തിറങ്ങിയ ബ്രസോൺ ചിത്രമാണ് Au Hasard Balthazar. ഒരു കഴുതയുടെ കഥയാണിത്. ഫ്രാൻസിലെ ഒരു വിദൂര ഗ്രാമത്തിൽ ഒരു കുടുംബത്തിലെ സഹോദരീ സഹോദരന്മാർ ഒരു കഴുതക്കുട്ടിയെ കണ്ടെത്തുന്നതും അവരതിനെ മാമോദിസ നൽകി ബാൽത്തസർ എന്ന പേര് നൽകുന്നതുമാണ്‌ തുടക്കം. പിന്നീട് കഴുതയുടെ ജീവിതത്തിലേക്ക് ഒരുപാട് ഉടമസ്ഥർ കടന്നുവരുന്നു. ഈ സിനിമയെ കുറിച്ച് ഗോദാർദ് പറഞ്ഞത് “Balthazar summed up the world“എന്നാണ്. ജീവിതവും അതിന്റെ ദുഃഖങ്ങളും സുഖവും നന്മയും തിന്മയും എല്ലാം ഇടകലരുന്ന നിഴലും വെളിച്ചവും സംഗീതവും സംഭാഷണവും ചേർത്ത് ജീവിതത്തെയും മനുഷ്യ യാഥാർത്ഥ്യത്തെയും അവതരിപ്പിക്കുന്ന അതുല്യമായ ഒരു കലാസൃഷ്ടി. ഈ ബാൽത്താസർ ഒരുപാട് സ്വാധീനം ഒരുപാട് ചലച്ചിത്രകാരന്മാരിൽ ഉണ്ടാക്കിയിട്ടുണ്ട്. അനശ്വര മലയാള സംവിധായകൻ ജോൺ എബ്രഹാമിന്റെ ‘അഗ്രഹാരത്തിലെ കഴുത‘ ഒരുദാഹരണമാണ്. അദ്ദേഹം ആ സിനിമയെയും ബാൽത്താസറിനെയും ഇഷ്ടപ്പെട്ടിരുന്നു എന്ന് ജോൺ ശങ്കരമംഗലം സാർ പറഞ്ഞത് ഓർക്കുന്നു.

ഈ സിനിമ സംഭവിക്കുന്ന ഗ്രാമത്തിൽ ബാൽത്താസർ എന്ന കഴുതയുടെ ജീവിതം ഒരുപാട് പേരുടെ ഇടയിലൂടെ കടന്നുപോകുന്ന നിഷ്കളങ്കമായ ജീവിതാവസ്ഥയുടെ അടയാളപ്പെടുത്തലാണ്. ബാൽത്താസറിന്റെ നിർമ്മിതിയിലേക്ക് ബ്രസോണിനെ നയിക്കുന്ന സ്വാധീനങ്ങൾ നിരവധിയുണ്ട്. ദോസ്തൊയെവ്സ്കി യുടെ ‘ദി ഇഡിയറ്റ്‘ എന്ന നോവൽ, അസ്സിനൂസ് ഔറെയുസ് എന്ന ഏറ്റവും പുരാതനമായ അവശേഷിക്കുന്ന ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട നോവൽ, Christ in the Tomb എന്ന ഹാൻസ് ഹോളിബെയിൻ ജൂനിയറിന്റെ പെയിന്റിംഗ് എന്നിവ എടുത്തു പറയാം. പക്ഷേ ഈ ബാൽത്തസർ നമുക്ക് നൽകുന്ന ചിന്തകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആർഭാടം നിറഞ്ഞ ആധുനികതയെ ബ്രെസ്സൺ തിരസ്കരിച്ചിരുന്നു എന്നതാണ്. ഇത്തരം ആധുനികത ആത്മീയതയ്ക്ക് തടസ്സമായി പലപ്പോഴും സംഭവിക്കുന്നു എന്നുള്ള ഓർമ്മപ്പെടുത്തൽ. പാരിസ്ഥിതിക പ്രശ്നം, മുതലാളിത്തം ഉപഭോഗസംസ്കാരം ഇവ എപ്പോഴും ബ്രസോണിനെ സംബന്ധിച്ച് ശത്രു പക്ഷത്താണ് നിൽക്കുന്നത് എന്ന് ജെയിംസ് ക്വാണ്ടറ്റ് (James Quandt) അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചുള്ള പഠനത്തിൽ വിലയിരുത്തുന്നുണ്ട്.

രസകരമായ ഒരു സംഭവം ബ്രസോണിന്റെ ഡെവിൾ പ്രൊബബ്ലി എന്ന സിനിമയിലെ ഒരു രംഗമാണ്. അതിലൊരു ചർച്ച് ഓർഗൻ-വാക്വം ക്ലീനർ സീൻ വളരെ പ്രസിദ്ധമാണ്. അത് ആധുനികത ആത്മീയതയിലും അല്ലെങ്കിൽ മതത്തിലും ഉണ്ടാക്കുന്ന ഇടർച്ചകൾ, അതിന്റെ അപസ്വരങ്ങൾ ഇവയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളാണ്. ബ്രസോണിനെ സംബന്ധിച്ചിടത്തോളം ആത്മീയത വളരെ ആഘോഷിക്കപ്പെടുന്ന ഉള്ളിലേക്കുള്ള മനുഷ്യസഞ്ചാരത്തിന്റെ, ക്രിസ്തുവിനെ കണ്ടെത്തുന്ന തരത്തിൽ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു. പക്ഷേ അവിടേക്ക് കടന്നെത്തുന്ന പുത്തൻ ശീലങ്ങൾ അപസ്വരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഈ വാക്വം ക്ലീനർ ഓർഗൻ സീനിൽ അദ്ദേഹം ആവിഷ്കരിക്കുന്നു.

സംവിധായകൻ റോബർട്ട് ബ്രെസ്സൺ

ബാൽത്താസറിലെ ചില രംഗങ്ങൾ ആധുനികതയുടെ നിഷേധങ്ങളാണ്. കാരണം ആധുനികത പലപ്പോഴും മനുഷ്യസഹജമായ നന്മകളെ നിരസിക്കുന്ന തരത്തിലേക്ക് മാറുന്നതായി അദ്ദേഹം ഭയപ്പെടുന്നു. ബാൽത്തസറിൽ ബേക്കെറുടെ ഭാര്യ സ്ഥിരമായി ജ്യൂക്ക്ബോക്സിൽ കേട്ടുകൊണ്ടിരിക്കുന്ന സംഗീതം അത്തരം നിരീക്ഷണമാണ്. കഴുതയെ എടുത്തു വളർത്തുന്ന, എന്നാൽ അതിനോടൊപ്പം സഞ്ചരിക്കുന്ന മരിയ എന്ന പെൺകുട്ടിയുടെ ജീവിതം കൂടി ചേർത്താണ് ബാൽത്താസർ സിനിമ മുന്നോട്ട് പോകുന്നത്. ബാൽത്താസറിലെ ദൈവസാന്നിധ്യത്തെക്കുറിച്ച് എടുത്തു പറയേണ്ട ഒന്നാണ്. ഭൗതിക യാഥാർത്ഥ്യങ്ങളിൽ നിന്ന് അഭൗമികമായ ഒന്നിലേക്ക് സഞ്ചരിക്കുന്ന transcendental സിനിമ അല്ലെങ്കിൽ ആർട്ട് എന്ന സങ്കല്പത്തിൽ വിശ്വസിക്കുകയും അതിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ ദൃശ്യമൊരുക്കുമ്പോഴും ഭൗതിക വസ്തുക്കൾ എങ്ങനെ അഭൗമികമായ ദൈവാന്വേഷണതിനു തടസ്സം നിൽക്കുന്നുവെന്നും ബ്രസോൺ സിനിമകൾ ചൂണ്ടിക്കാട്ടുന്നു. പണം എങ്ങനെ ഒരു ആത്മീയ അന്വേഷണത്തിന് തടസ്സമാകുന്നു. കാണപ്പെടുന്ന ഒരു വസ്തു കാണപ്പെടാത്ത മറ്റൊന്നിലേക്കുള്ള മനുഷ്യസഞ്ചാരത്തിന്റെ ഇടയിൽ ഒരു തടസ്സമായി ഭവിക്കുന്നത് എങ്ങനെയെന്ന് ബ്രസോണിന്റെ ആകുലതയാണ്.

ബ്രെസ്സൺ സിനിമകളിലെ ദൈവത്തിന്റെ നിശബ്ദതയെ കുറിച്ച് സെർജിയോ എഴുതുന്നുണ്ട്. പങ്കുവെക്കുന്ന ഭക്ഷണത്തിലൂടെ ഒരുവന്റെ മുന്നിൽ ദൈവം പ്രത്യക്ഷമായത് ആകുന്നത് എങ്ങനെയെന്നും ബ്രസോൺ കാണിച്ചു തരുന്നുണ്ട്. ബാൽത്താസാറിൽ ദൈവം എന്ന പരാമർശം ഇല്ല എന്ന ചോദ്യത്തിന് ‘ദൈവം എന്ന വാക്ക് പറഞ്ഞതുകൊണ്ട് ദൈവം അവിടെ സന്നിഹിതനാകുന്നില്ല’ എന്ന് ബ്രസോൺ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിംഗ്

പ്രശസ്തനായ ഫ്രഞ്ച് എഴുത്തുകാരൻ ജോർജ് ബെർണനോയുടെ ദി ഡയറി ഓഫ് എ കൺട്രി പ്രീസ്റ്, മുഷേ പോലുള്ള നോവലുകൾ ബ്രെസ്സൺ സിനിമകളാക്കി. ഈ സിനിമകളും നോവലുകളും ഉയർത്തുന്ന ആത്മീയതയുടെ സങ്കൽപ്പങ്ങൾ ക്രിസ്തുവിനെ ബ്രെസ്സൺ മനസ്സിലാക്കിയതെങ്ങനെ എന്ന് വെളിപ്പെടുത്തും.

“The feeling of God’s absence is only sign left for his existence“, ബെർണാനോയുടെ വാക്കുകളാണ്. ”Both presence and absence point to the same struggle for divine” അദ്ദേഹം പറയുന്നു. ഇതേ സങ്കല്പത്തിന്റെ ആഘോഷമാണ് ‘പിക്പോക്കറ്റ്‘ എന്ന സിനിമയുടെ സന്ദേശമായി ബ്രെസ്സൺ അവതരിപ്പിക്കുന്നത്. ’The Wind Blows where it likes’ എന്നാണ് ഈ സിനിമയുടെ ഉപശീർഷകമായി ബ്രസോൺ അവതരിപ്പിക്കുന്നത്. ഇത് കണ്ടെത്തുന്നത് വി യോഹനാന്റെ സുവിശേഷം മൂന്നാം അധ്യായത്തിൽ യേശു നിക്കൊദേമോസ്നോട് പറയുന്ന ഒരു വാക്യമാണ്, “കാറ്റ് അതിന് ഇഷ്ടമുള്ള അടുത്തേക്ക് വീശുന്നു” പരിശുദ്ധാത്മാവിന്റെ പ്രവൃത്തി മനുഷ്യനിൽ എങ്ങനെ സംഭവിക്കുന്നു എന്ന് ക്രിസ്തു വിശദമാക്കുകയാണിവിടെ. ഒരു നിയമവും പാലിക്കാതെ ജീവിക്കുന്ന ഒരാളിൽ ദൈവം ഇടപെടുന്നത് ഇതേ പ്രമേയത്തിലൂടെ ബ്രെസ്സൺ പിക്പോക്കറ്റിൽ അവതരിപ്പിക്കുന്നു. ദൈവം ഒരാളെ രക്ഷയിലേക്ക് നടത്തുന്നത് ആർക്കും പ്രവചിക്കാൻ കഴിയാത്ത വഴികളിലൂടെയാണ്.

ജയിലിൽ തന്നെ കാണാനെത്തുന്ന പ്രണയിനിയുടെ കയ്യിൽ സ്പർശിച്ചിട്ട് “ഇതുവരെ എത്താൻ എത്രയോ വഴികളിലൂടെ സഞ്ചരിക്കേണ്ടിയിരുന്നു” എന്ന് പറയുന്ന ഒരു നിമിഷമാണ് അയാൾ അദൃശ്യമായ കൃപയുടെ ഗൂഢശക്തിയെ നേരിടുന്നത്. വിധിയുടെ നിയോഗം, ദൈവത്തിന് അദ്ദേഹത്തോടുള്ള ഇഷ്ടം, കരുണ എന്നൊക്കെ ഒരുപക്ഷേ അതിനെ വ്യാഖ്യാനിക്കാൻ സാധിച്ചേക്കാം.

ഇതേ അദൃശ്യകൃപ തന്നെയാണ് ബാൽത്താസറിനേ മലമുകളിലേക്ക് നടത്തുന്നത്. ഈ സിനിമയുടെ തുടക്കത്തിൽ നാം കാണുന്നത് കഴുതയെ മേടിച്ചു കൊണ്ട് അപ്പനും അവരുടെ മക്കളും ഒരുമിച്ച് ഒരു മലയിറങ്ങി ഭവനത്തിലേക്ക് വരുന്നതാണ്. ഒരുപാട് മനുഷ്യരുടെ ജീവിതങ്ങളിലൂടെ കടന്ന് ഒരുപാട് ഉടമസ്ഥരേയും അവർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെയും ഇടയിലൂടെ സഞ്ചരിക്കുന്ന ബാൽത്തസർ. ഏറ്റവും അവസാനം കള്ളക്കടത്തുകാർ കഴുതയുടെ പുറത്ത് അവരുടെ കള്ളക്കടത്ത് സാധനം കെട്ടിവച്ചു മലകയറ്റി വിടുന്നു. അവിടെവച്ച് പോലീസിന്റെ വെടിയേറ്റ് ബാൽത്താസറിന് മുറിവേൽക്കുന്നു. അടിവാരത്തു നിന്നുമുള്ള മലകയറ്റം ഒരു പുത്തൻ ഗോഗുൽത്തയിലേക്കുള്ള ബാൽത്താസർ എന്ന കഴുതയുടെ സഞ്ചാരത്തിലെ അദൃശ്യമായ ഒരു കൃപയുടെ നിയോഗത്തെക്കുറിച്ച് വളരെ രസകരമായി നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. മനുഷ്യന്റെ പാപങ്ങൾ ഭാണ്ഡമായി പേറുന്ന ഒരു ബലി മൃഗം ആയി ബാൽത്താസർ എന്ന കഴുത. നിഷ്കളങ്കതയുടെ അടയാളമാകുന്ന ഒരു മൃഗം. അതിന്റെ മുന്നോട്ടുള്ള യാത്ര. അതിന്റെ മരണ രംഗം വളരെ തീക്ഷ്ണമാണ്. അതാണ് സിനിമയിലെ അന്ത്യരംഗം. ബാൽത്തസർ എന്ന കഴുത വീണു കിടക്കുന്നതിന് ചുറ്റും മലകയറി എത്തുന്ന ഒരു കൂട്ടം വെളുത്ത ആട്ടിൻകുട്ടികൾ കറുത്ത ബാൽത്താസർ എന്ന കഴുത നടുക്ക്. അത് അവിടെ വീണു കിടക്കുന്നു. ചുറ്റിലും ഈ വെളുത്ത ആട്ടിൻപറ്റം മണികൾ കിലുക്കി കൊണ്ട് നിൽക്കുന്നു. വിശുദ്ധരുടെയൊക്കെ ചുറ്റിനും ഉണ്ടാകുന്ന ഒരു ദിവ്യപ്രഭ പോലെ സൃഷ്ടിക്കുന്ന അത്ര മനോഹരമായ ഒരു രംഗത്തിലാണ് ബാൽത്താസർ എന്ന കഴുതയുടെ വിശുദ്ധിയും അതിന്റെ സഹനയാത്രയും ബ്രസോൺ അടയാളപ്പെടുത്തുന്നത്. ഏറെ വാഴ്ത്തപ്പെട്ട ഒരു രംഗം കൂടിയാണിത്. സമാനതകളില്ലാത്ത ഒരു ആത്മീയ പരിസരമാണ് ബാൽത്താസറിന്റെ അന്ത്യരംഗം നമുക്കു സമ്മാനിക്കുന്നത്. അതോടൊപ്പം തന്നെ ആത്മീയതയുടെയോ സൗന്ദര്യശാസ്ത്രത്തിന്റെയോ ഏത് അളവുകോലുകൊണ്ടു അളന്നാലും ഇന്നുവരെ പുറത്തിറങ്ങിയിട്ടുള്ള ഏത് സിനിമയുമായി നമ്മൾ അതിനെ താരതമ്യം ചെയ്താലും ഒരു പടി മുന്നിൽ നിൽക്കുന്ന ഒരു രംഗമായിരിക്കുമിത്.

ചിത്രത്തിലെ ഒരു രംഗം

ജീവിതത്തിന്റെ അർത്ഥം തേടുന്ന യാത്രയിൽ മരണം ഒരു കവാടം മാത്രമാണെന്ന് ഓർമ്മപ്പെടുത്തുന്ന ഒട്ടേറെ രംഗങ്ങൾ ബ്രസ്സോൺ സിനിമകളിൽ കാണാം. മനുഷ്യ ജീവിതത്തിന്റെ തുടർച്ചയെക്കുറിച്ച് പറയുന്നിടം കൂടിയാണ്‌ ഈ രംഗം. മരണം കൊണ്ട് എല്ലാം അവസാനിക്കുന്നു എന്ന് തോന്നിപ്പിക്കാതെ അതിനപ്പുറത്തേക്ക് ഒരു കവാടം മാത്രമായി മരണത്തെ അവതരിപ്പിക്കാൻ ബ്രസോൺ സിനിമകൾക്ക് സാധിക്കുന്നുണ്ട്. അത് ഡയറി ഓഫ് എ കൺട്രി പ്രീസ്റ്റിലെ പുരോഹിതൻ ആണെങ്കിലും മുഷേയിലെ പെൺകുട്ടി ആണെങ്കിലും ജോവാൻ ഓഫ് ആർക്കിലെ ജോവാൻ ആണെങ്കിലും ഇത്തരം ഓർമ്മപ്പെടുത്തലുകളുമായിട്ടാണ് അവരുടെ ജീവിതത്തിന്റെ കാഴ്ചകൾ അവസാനിപ്പിച്ച് തിരശ്ശീലക്കപ്പുറത്തേക്ക് സഞ്ചരിക്കുന്നത്.

ബ്രസോൺ സിനിമകളുടെ മറ്റൊരു പ്രത്യേകത, എല്ലാ വേദനകളും മനുഷ്യന്റെ സഹനങ്ങളും തിരശ്ശീലയിൽ കാണണമെന്ന് സംവിധായകന് നിർബന്ധമില്ല. പക്ഷേ തിരശ്ശീലക്കപ്പുറത്ത് അവർ ഒട്ടേറെ സഹനങ്ങളിലൂടെ കടന്നുപോയി എന്ന് തിരശ്ശീലയിലേക്ക് എത്തുന്നകഥകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

ചിത്രത്തിലെ ഒരു രംഗം

ബ്രസോൺ സിനിമകളെ ആത്മീയമായി സമ്പന്നമാക്കുന്നത് പശ്ചാത്തല സംഗീതം കൂടിയാണ്. ഒരുതരം കോസ്മിക് ഡിവൈൻ അനുഭവം പ്രദാനം ചെയ്യുന്ന പശ്ചാത്തല സംഗീതം കൊണ്ട് നമ്മുടെ സിനിമക്കാഴ്ചയെ ഒരു ആത്മീയ അനുഭവമാക്കി മാറ്റാൻ ബ്രസോൺ സിനിമയ്ക്ക് പലപ്പോഴും കഴിയുന്നു. ബാൽത്താസാർ എന്തുകൊണ്ട് ഇത്രയധികം ചർച്ച ചെയ്യപ്പെടണം? ബാൽത്തസർ എന്ന കഴുതയെക്കുറിച്ച് മരിയയുടെ അമ്മ പറയുന്നത് ഇതൊരു വിശുദ്ധനാണെന്നാണ്. ഏറ്റവും ആദ്യം കുട്ടികൾ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെ നാമത്തിൽ കഴുതക്കുട്ടിയെ ബാൽത്തസർ എന്ന് മാമോദിസ മുക്കുന്നു. തുടർന്ന് അത്തരം ബൈബിൾ ഇമേജറികളുടെ ഒരു ആഘോഷം തന്നെ ഈ സിനിമയിൽ കാണാൻ സാധിക്കും. മരിയ ക്രിസ്തുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തെ ഓർമിപ്പിക്കുന്നു. മരിയ പുഷ്പ്പകിരീടം ഉണ്ടാക്കി മാമോദിസ സ്വീകരിച്ച ബാൽത്താസർ എന്ന കഴുതയുടെ തലയിൽ ചൂടിക്കുന്നതിനെ പല എഴുത്തുകാരും ക്രിസ്തുവിന്റെ മുൾക്കിരീടത്തോടാണ് സാമ്യപ്പെടുത്തുന്നത്.

ഇതിൽ ഒരു സർക്കസ് രംഗമുണ്ട്. ബാൽത്തസാർ വളരെ ബുദ്ധിയുള്ള ഒരു കഴുതയാണെന്ന് അടയാളപ്പെടുത്തുന്നതിന് ഈ രംഗം ഉപയോഗിക്കുന്നു. ഒരു സർക്കസ് കൂടാരത്തിൽ എത്തിച്ചേരുന്ന കഴുതയെ കൂടാരത്തിന്റെ ഉടമ കുറച്ചു നാൾ സൂക്ഷിക്കുന്നു. അവിടെ മൃഗങ്ങളുടെ വൈവിധ്യം കാണാം. ധാരാളം മൃഗങ്ങളുള്ള ഒരിടം. ഇതിനെ പലപ്പോഴും ഉപമിക്കുന്നത് നോഹയുടെ പെട്ടകത്തിലെ മൃഗങ്ങളുടെ സാന്നിധ്യവുമായിട്ടാണ്. ചരിത്രത്തിൽ തുടരുന്ന മനുഷ്യ സഞ്ചാരത്തിൽ ചേർത്തുവയ്ക്കാൻ പറ്റുന്ന നിഷ്കളങ്ക മനുഷ്യരുടെ സഞ്ചാരത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്‌ ഈ സിനിമ. സ്വർണവും സുഗന്ധവും ഒക്കെ വഹിച്ചുകൊണ്ട് മലകയറി പോകുന്ന ബാൽത്തസർ സിനിമയിലുണ്ട്. വളരെ രസകരമായ ഒരു സാമ്യം ഇതിലുണ്ട്. ബാൽത്താസർ ജ്ഞാനികളിൽ ഒരാളുടെ പേര് കൂടിയാണ്. അവരുടെ വരവിനെയും ഇത് അടയാളപ്പെടുത്തുന്നു. അവർ കാഴ്ച വെക്കുന്ന സുഗന്ധത്തിന്റെയും അവരുടെ ആരാധനയുടെയും ഭാഗമായി തന്നെയാണ് ബാൽത്താസറും ആ മല കയറ്റം നടത്തുന്നത്. മരിയയും മറ്റു കുട്ടികളും ചേർന്ന് ബാൽത്തസറിന്റെ മാമോദീസ നടത്തുന്നത് തമാശയ്ക്കാണെങ്കിലും അത് ക്രിസ്തുവിന്റെ നാമത്തിൽ ചെയ്യുമ്പോൾ ഈ കഴുതയും പിന്നീട് ക്രിസ്തുവിനെപ്പോലെ ജീവിക്കേണ്ട ഒരു ഒരു വിളിയിലേക്ക് എത്തുന്നു. അങ്ങനെ ബാൽത്താസർ ഒരുക്കുന്ന അനുഭവലോകം ബൈബിളിന്റെ പ്രമേയങ്ങളെ ഇഷ്ടപ്പെടുന്ന, ക്രിസ്തുവിനെ ഇഷ്ടപ്പെടുന്ന, അനുഭവ പരിസരങ്ങളിലൂടെ നടക്കുന്നതിന് പര്യാപ്തമാക്കുന്ന ഒന്നാണ്.

ചിത്രത്തിലെ ഒരു രംഗം

ബാൽത്താസർ എന്ന സിനിമയിലേക്ക് എത്തുന്നതിന് ബ്രസോണിനെ ഇൻസ്പെയർ ചെയ്തിട്ടുള്ള ഘടകങ്ങൾ ധാരാളമുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലൂസിയൂസ് എഴുതിയ അസിനുസ് ഔറെയൂസ് എന്ന് വിളിക്കപ്പെടുന്ന ഒരു പുരാതനമായ ലാറ്റിൻ ഭാഷയിൽ മുഴുവനായി കണ്ടെത്തപ്പെട്ടിട്ടുള്ള ആദ്യ നോവലുകൾ അല്ലെങ്കിൽ അവശേഷിക്കുന്ന നോവലിൽ ഒന്ന്. പ്ലെടോണിക്ക് തത്വശാസ്ത്രം അവതരിപ്പിക്കുന്ന തരത്തിൽ എഴുതപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണിത്. ഇതിലെ മുഖ്യകഥാപാത്രത്തിനു കൗതുകം ധാരാളമുണ്ട്. അയാൾ മാന്ത്രികതയിലൂടെ ആത്മീയത കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുന്നു. അത്തരം വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു ദിവസം അയാൾ കഴുതയായി മാറുന്നു. ഈ കഴുത ഒരുപാട് പേരുടെ ഉടമസ്ഥതയിലൂടെ കടന്നുപോകുന്നു. പക്ഷേ മനുഷ്യന്റെ മനസ്സുമായിട്ട് ഒരു കഴുതയുടെ ശരീരത്തിനുള്ളിൽ അയാൾ സഞ്ചരിക്കുന്നതാണ് ആ നോവലിന്റെ പ്രമേയം. ഐസിസ് ദേവതയുടെ അനുഗ്രഹത്താൽ അയാൾ ശാപമോക്ഷം നേടുന്നു. ഇത്തരം സങ്കല്പങ്ങൾ പല പുരാണങ്ങളിലും കാണാം.

ദോസ്‌റ്റോയെവ്സ്‌കിയുടെ നോവൽ ദി ഇഡിയറ്റ് ആണ് മറ്റൊരു പ്രധാനപ്പെട്ട സ്വാധീനം. ഇതിലെ പ്രിൻസ് മിഷ്കിന്റെ സഞ്ചാരം ഇങ്ങനെ തന്നെയാണ്. Holy Fool എന്ന് വിളിക്കുന്ന ഒരു സങ്കല്പത്തിലുള്ള ഒരു മനുഷ്യനാണ് ഇയാൾ. റഷ്യൻ സാഹിത്യത്തിൽ ക്രിസ്തുമതത്തെ അല്ലെങ്കിൽ ക്രിസ്തുവിന്റെ ആത്മീയതയെ ഇത്തരമൊരു വിശുദ്ധ വിഡ്ഢിയുടെ ആത്മീയതയായി അവർ ആഘോഷിച്ചിട്ടുണ്ട്. കാരണം എല്ലാം ജീവിതത്തിൽ നഷ്ടപ്പെടുത്തുന്ന, വളരെ നിഷ്കളങ്കമായി ജീവിക്കാൻ ശ്രമിക്കുന്ന, മനുഷ്യന്റെ പാപങ്ങളെല്ലാം സ്വയം ഏറ്റെടുക്കാൻ സന്നദ്ധനാകുന്ന, ഇതിന്റെയെല്ലാം പേരിൽ മുറിപ്പെടാൻ തയ്യാറാകുന്ന ഒരു മനുഷ്യൻ. മിഷ്കിന്റെ ഒരു അടയാളം ബാൽത്താസർ എന്ന കഴുതയിൽ കണ്ടെത്താൻ പറ്റും. The Idiot എന്ന നോവലിന്റെ കവർ പലപ്പോഴും നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവും ‘Christ in the tomb‘ എന്ന Hans Holbein എന്ന ചിത്രകാരന്റെ ഒരു പെയിന്റിംഗ്. ’1867 നവംബർ 27ന് സെന്റ് പീറ്റേഴ്സ്ബെർഗിൽ ക്രിസ്തു വന്നിറങ്ങിയിരുന്നെങ്കിലോ? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ദി ഇഡിയറ്റ്. പുതിയ നിയമത്തിന്റെ ആത്മീയതയെ ആവാഹിക്കുന്ന നോവലാണിത്. ഉദാത്തമായ ഒരു കലാസൃഷ്ടിയായി നോവൽ മാറുന്നത് അവിടെയാണ്. മിഷ്കിനെ ഏറ്റവും സുന്ദരമായി കാണാൻ സാധിക്കുന്നത് ബാൽത്തസർ എന്ന കഴുതയുടെ മനസ്സിലേക്കു നാം സഞ്ചരിക്കുമ്പോളാണ്. ബാൽത്തസർ എന്ന കഴുതയുടെ മനസ്സിലേക്കുള്ള സഞ്ചാരം എന്ന് പറയുമ്പോൾ തിരശ്ശീലയിൽ ആ സിനിമ ആസ്വദിക്കുമ്പോൾ അങ്ങനെയല്ലാതെ മറ്റൊന്നും നമുക്ക് പറയാൻ സാധിക്കുകയില്ല. നിഷ്കളങ്കമായ നേട്ടങ്ങൾ കൊണ്ടും, ഉടമസ്ഥരോടൊപ്പം ഉള്ള സഞ്ചാരം കൊണ്ടും അങ്ങനെയാണ് നമുക്ക് അത് ബോധ്യപ്പെടുക. നോവലിസ്റ്റ് ആദ്യം ഈ പെയിന്റിംഗിനെ കുറിച്ചു വായിക്കുന്നത് നിക്കോളായി കാരിമ്സിന്റെ ലെറ്റേഴ്സ് ഓഫ് എ റഷ്യൻ ട്രാവലർ എന്ന കൃതിയിലാണ്. ഈ ചിത്രത്തിന്റെ ആദ്യദർശനത്തിൽ ഒരു എപ്പിലെപ്റ്റിക് അറ്റാക്ക് ദോസ്‌റ്റോയെവ്സ്കിക്കു ഉണ്ടായി. നോവലിൽ പ്രിൻസ് മിഷ്കിൻ ഈ ചിത്രത്തിന്റെ ഒരു കോപ്പി വീടിന്റെ ചുമരിൽ കാണുന്നുണ്ട്. മനുഷ്യസഹജമായ എല്ലാ അവശതകളോടും സഹനത്തോടും കൂടി കിടക്കുന്ന ഒരു മൃതശരീരം. ഈ ചിത്രം വരയ്ക്കുന്നത് യഥാർത്ഥത്തിലുള്ള ഒരു ചെറുപ്പക്കാരന്റെ മൃതശരീരം കണ്ടിട്ടാണെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണ് അടയാളപ്പെടുത്തുന്നത് ക്രിസ്തുവിനെയും അങ്ങനെയാണ് നോവലിസ്റ്റ് അടയാളപ്പെടുത്തുന്നത്. മനുഷ്യൻ സഹിക്കാവുന്ന എല്ലാ വേദനകളും ശരീരത്തിൽ ഏറ്റുവാങ്ങിയ ദൈവപുത്രൻ. ആ ദൈവത്തിലേക്കുള്ള അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ നോവൽ. ഇതു തന്നെയാണ് ബ്രസോണിന്റെ സിനിമയിൽ നമുക്ക് കണ്ടെത്താൻ പറ്റുന്നത്. നിഷ്കളങ്കതയുടെ അടയാളമായി മാറുന്ന ഒന്നിൽ നിന്ന്, ഭൗതികമായി കണ്ടുമുട്ടുന്ന യാഥാർത്ഥ്യങ്ങളിൽ നിന്നുകൊണ്ട് അപാരതയിലേക്ക്, മരണത്തിന് അപ്പുറത്തേക്ക് സഞ്ചരിക്കുന്ന സാധാരണ ജീവിതങ്ങളെ വിശുദ്ധമായി വായിക്കുന്ന ഒരു കവിതയാണ് ബാൽത്താസർ എന്ന ചലച്ചിത്രസൃഷ്ടി.