ഷെല്ലികോൺ നിറ കണ്ണുകളോടെ വേദിയിൽ നിന്നിറങ്ങി സദസിൻ്റെ പിന്നിലേക്ക് ഓടി. സങ്കടം സഹിക്കവയ്യാതെ അവൾ പൊട്ടിക്കരയുന്ന മട്ടിലായി. സദസ്യരുടെ കണ്ണുകൾ ശരവേഗത്തിൽ അവർക്കു പിന്നാലെ പാഞ്ഞു……….
തങ്കശ്ശേരി മൗണ്ട് കാർമൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ അവളുടെ പപ്പ, സാമുവേൽ സാം സെൽവൻ അന്നാട്ടിലെ അറിയപ്പെടുന്നൊരു ചിത്രകാരനും ഒപ്പം മദ്യപാനിയായിരുന്നു. റമ്മി കളിയിലും ചിത്രരചനയിലും, മദ്യപാനത്തിലും അയാളെ തോൽപ്പിക്കാൻ അവിടെ മറ്റൊരാൾ ഉണ്ടായിരുന്നില്ല. ഷെല്ലിയുടെ അമ്മ എമിലി ബെൻ സെൽവൻ കുട്ടികളെ ഭാഷ പഠിപ്പിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലർത്തിയിരന്നത്. പോർത്തുഗീസ്, ഡച്ച്, ഇംഗ്ലീഷ്, ജർമ്മൻ, ഇറ്റാലിയൻ മുതലായ ഭാഷകൾ അവർക്ക് നല്ല വശമായിരുന്നു. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ പൊറുതിമുട്ടിയപ്പോഴും എമിലി ബെൻ സാമുവേലിനെ കുറ്റപ്പെടുത്തിയിരുന്നില്ല. കാരണം അയാളിലെ കലാകാരനെയും, പച്ചയായ മനുഷ്യസ്നേഹിയേയും അവൾ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നു.
കേരളത്തിലും ഗോവയിലും മാംഗളൂരിലുമൊക്കെയായി ജീവിതം ഹോമിച്ചു കളയുന്ന സങ്കരവർഗ്ഗമാണ് തങ്ങളെന്ന് സാമുവേൽ എപ്പോഴും പറയുമായിരുന്നു. സ്വന്തമായൊരു നാടില്ലാത്തതിൻ്റെയും നാട്ടുകാരുടെയിടയിൽ അന്യനായി ജീവിക്കേണ്ടി വരുന്നതിൻ്റെയും അമർഷം മദ്യപിച്ചു കഴിയുമ്പോൾ സാമുവേലിനു മറച്ചുവയ്ക്കാൻ കഴിയാറില്ല. “വി ആർ ഇൻഡ്യൻസ് ആൾസോ കേരളേറ്റ്സ്. വ്യഭിചരിക്കപ്പെട്ട തലമുറയിലെ അവസാന കണ്ണികൾ.. നിങ്ങൾ തുറിച്ചു നോക്കണ്ട. യുറോപ്പിലെ ഞങ്ങളുടെ അപ്പാപ്പൻമാർക്ക് ഇന്ത്യൻ സ്ത്രീകളോട് തോന്നിയ പ്രണയത്തിൻ്റെ ബാക്കി പത്രങ്ങളാണ് ഞങ്ങൾ”. സാമുവേൽ സാം സെൽവൻ്റെ ശബ്ദം ഉയരങ്ങൾ താണ്ടിക്കൊണ്ടേയിരിക്കും. മദ്യപിക്കാതിരുന്നാൽ ആരോടും അയാൾ മിണ്ടാറില്ല വീടിനു പുറത്തിറങ്ങാറുമില്ല.
അന്നൊരു ഗാന്ധിജയന്തി ദിനമായിരുന്നു. തങ്കശ്ശേരി ഫോർട്ടിനു സമീപത്ത് ‘യംഗ് ഇന്ത്യ’ ക്ലബ്ബ് സംഘടിപ്പിച്ച അവയവദാന പരിപാടി നടക്കുന്ന സമയം. സമാജം സെക്രട്ടറി ബോറീസ് കരോൾഫിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സ്ഥലം എം.എൽ.എ. ഉത്ഘാടനം നിർവ്വഹിച്ച ഉടനെ അവയവദാന സമ്മതപത്രം സ്വീകരിക്കൽ ആരംഭിച്ചു.
ഹൗസ് ബോട്ടു മുതലാളി ജോൺ കോര തൻ്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യുന്നതായി തദവസരത്തിൽ പ്രസ്താവിച്ചു. ജനാവലിയുടെ കരഘോഷം അവസാനിച്ചതും പുറകിൽ നിന്ന് സാമുവേൽ സാം സെൽവൻ വേദിയിലേക്ക് കൈ ഉയർത്തി കാട്ടികൊണ്ട് പറഞ്ഞു ദാനം ചെയ്യാൻ എനിക്കും സമ്മതം. “കടമല്ലാതെ താൻ എന്തു ദാനം ചെയ്യും, ഉള്ള ആന്തരികാവയവങ്ങളൊക്കെ കുടിച്ചു കുടിച്ചു ദ്രവിച്ചു തീർന്നില്ലെ പിന്നെങ്ങനെ” അയൽവാസി കിട്ടിയ അവസരം പാഴാക്കിയില്ല.
“ഏയ് ഇയാളുടെ സമ്മതപത്രം വാങ്ങരുത് മുഴുക്കുടിയനാ… ഇയാൾ പറയുന്നത് വിശ്വസിക്കാൻ കഴിയില്ല “
“അല്ലെങ്കിൽ തന്നെ ഇപ്പം വാങ്ങിയിട്ടെന്തിനാ?”
പലതരം അഭിപ്രായങ്ങൾ ഉയർന്നു കേട്ടു .
“എടാ പൊട്ടന്മാരെ അസുഖം വരുമ്പഴും, ആശുപത്രി കിടക്കുമ്പഴും ജാതി മതം കുടിയൻ, നാട്ടുകാരൻ ,കൂട്ടുകാരൻ അങ്ങനെയൊന്നുമില്ലെന്നറിയില്ലേ! അവിടെ സഹായിക്കുന്നവരെല്ലാം ഏതു നിരീശ്വര വാദിക്കും ദൈവങ്ങളാ, വിളിച്ചാൽ വിളികേൾക്കുന്ന കർത്താവ് ഈശോ മിശിഖാ !”
ഒടുവിൽ സമ്മതപത്രവും നൽകിയ ശേഷം സാമുവേൽ നേരേപോയതും ഷാപ്പിലേക്കായിരുന്നു….
മദ്യപിച്ചു കഴിഞ്ഞാൽ സാമുവേലിൻ്റെ മറ്റൊരു വിനോദമായിരുന്നു കരിക്കട്ടയും ചുടുകല്ലും കൊണ്ട് ചുമർചിത്രങ്ങൾ വരയ്ക്കുക എന്നത്. ഈ അടുത്തായി സാമുവേൽ ഒരു മനുഷ്യൻ്റെ ആന്തരികാവയവങ്ങളുടെ ചിത്രം വരച്ചു. അതിൽ കരൾ മാത്രം ഉണ്ടായിരുന്നില്ല.
“ഇത് മറ്റാരുടെതുമല്ല സാമുവേലിൻ്റെ തന്നെ ഉൾചിത്രമാണെന്നേ! അയാൾക്കല്ലേ നമ്മുടെ നാട്ടിൽ കരളില്ലാത്തത്”
ബോറീസ് കരോൾ കൂടി നിന്നവരോടായി പറഞ്ഞു.
ഇതിനിടയിൽ ഒന്നാം പ്രളയകാലത്ത് ജോൺ കോര കാലുമാറി. എല്ലാപേരും പരസ്പരം അറിഞ്ഞു സഹായിച്ചിരുന്ന പ്രളയ ദുരിത സമയത്ത് അയാൾ തൻ്റെ അവയവദാന സമ്മതപത്രം പിൻവലിച്ചു. സമ്പന്നർക്ക് മാത്രം പിടിക്കുന്ന ചില അപൂർവ്വരോഗങ്ങൾ തന്നെ പിൻതുടരുന്നതായി അയാൾ അവകാശപ്പെട്ടു. അൽപ്പനെന്നു വിളിച്ച് നാട്ടുകാർ അയാളെ കളിയാക്കിയെങ്കിലും അയാൾ വഴങ്ങിയില്ല.
ഡിസംബറിൻ്റെ തണുപ്പ് ഓർമ്മയായി കൊണ്ടിരിക്കുന്നതിൽ സാമുവേലിന് അതിയായ വിഷമം ഉണ്ടായിരുന്നു. ഒരു ദിവസം അയാൾ തൻ്റെ സുഹൃത്തുക്കൾക്കൊപ്പം ഇത്തിക്കരപ്പുഴ പരവൂർ കായലിലേയ്ക്ക് ഒഴുകിയെത്തുന്ന സ്ഥലത്തേക്കൊരു യാത്ര പോയി. തണുപ്പിൽ കുളിച്ചു രസിക്കുകയായിരുന്ന അവർ പരസ്പര ബഹളത്തിനിടയിൽ സാമുവേൽ കയത്തിലേക്ക് വഴുതി പോയത് അറിയാൻ കുറച്ച് വൈകിപ്പോയി. സമീപവാസിയായ ഒരു യുവാവ് സാമുവേൽ മുങ്ങി പൊങ്ങുന്നതു കണ്ട് വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
നാടിനെയും വീട്ടുകാരെയും, കൂട്ടുകാരെയും ദുഖത്തിലാഴ്ത്തികൊണ്ട് സാമുവേൽ സാം സെൽവൻ ഓർമ്മയായി…. മദ്യപിക്കുമെങ്കിലും കലാകാരനും,നല്ല മനസിൻ്റെ ഉടമയുമാണ് സാമുവേലെന്നായിരുന്നു സമാജം സെക്രട്ടറിയുടെ ആദ്യ പ്രതികരണം. സാമുവേലിൻ്റെ ആഗ്രഹം പോലെ തന്നെ അദ്ദേഹത്തിൻ്റെ ശരീരം അവയവദാനത്തിനും പഠനത്തിനുമായി മെഡിക്കൽ കോളേജിനു കൈമാറാൻ എമിലി ബെൻ സെൽവൻ തീരുമാനിച്ചു.
സാമുവേൽ മരിച്ച് ഒരാഴ്ച്ച കഴിഞ്ഞ് വന്ന മെഡിക്കൽ റിപ്പോർട്ട് ഏവരേയും അതിശയിപ്പിച്ചു. അയാൾക്ക് കരളേയുണ്ടായിരുന്നില്ല അത് ഏറെക്കുറെ ദ്രവിച്ചു പോയിരുന്നു.
അന്നു വൈകന്നേരം തങ്കശ്ശേരി മൗണ്ട് കാർമൽ സ്കൂളിൽ നടന്ന അനുസ്മരണ യോഗത്തിൽ അവയവദാനം നടത്തിയ സാമുവേലിനുള്ള ആദരവ് മകൾ ഷെല്ലി കോൺ ഏറ്റു വാങ്ങുമ്പോൾ നാരായണൻ മാഷ് പറഞ്ഞു.
“സാമുവേലിൻ്റെ കരൾ ഇവരാണ് ഷെല്ലിയും, എമിലിയും”
ഇതു കേട്ട ഷെല്ലി കോണിൻ്റെ ഹൃദയം നുറുങ്ങി. അവൾ സ്റ്റേജിൻ്റെ പിന്നിലേക്ക് നോക്കുമ്പോൾ സാധാരണ പപ്പ നിൽക്കുന്ന അതേ സ്ഥലത്ത് അവളുടെ മമ്മ നിൽപ്പുണ്ടായിരുന്നു. പപ്പയുടെ പേരിലുള്ള ആദരവുമായി ആൾക്കൂട്ടത്തിനിടയിലൂടെ മമ്മയുടെ അടുത്തേക്ക് ഓടുമ്പോൾ അവളുടെ പിന്നാലെ പാഞ്ഞ കണ്ണുകളും ഈറനണിഞ്ഞിരുന്നു.