നമുക്കിടയിൽ
അസ്തമിക്കുന്നത്
ഒരു വെയിൽ
മാത്രമല്ലേ?
നനുത്ത വിരഹത്തിൻ
തണുവാർന്നൊരുഷസ് !
സൗഹൃദതാപസൂര്യോദയം
പ്രണയനട്ടുച്ചകൾ…
പങ്കുവെച്ച സായന്തനം….
നിന്റെ ചില്ലയിൽ നിന്നും
എന്നിലേക്ക് ചേക്കേറി-
യൊരു സ്വപ്നത്തിന്
മുകിൽമാലനൂലുകൾ
കൊരുത്ത് അനന്ത-
വിഹായസ്സിലേക്ക്
പറത്തി വിട്ടതും…
നിന്നെയാകെ തിരഞ്ഞു
മഴയായ്…
മണ്ണിലേക്കുതിർന്നതും
സ്വപ്‌നങ്ങൾ വേവുന്നൊരെൻ
കഞ്ഞിക്കലത്തിലൊരു
വറ്റു മാത്രമായ്
നീ മാറുമെന്നും
കണ്ണീരുപ്പും കൂട്ടി
ഞാനതിൽ പശിയടക്കു-
മെന്നും….
എന്നിലെ ഭ്രാന്തൻ ചിന്തകൾക്ക്
വലിഞ്ഞു കയറാനുള്ളോരു
മാവിൻകൊമ്പ്
നീ മാത്രമെന്നും…
ഉലയൂതിയൂതിപ്പഴുപ്പിക്കു-
മിരുമ്പു പോൽ ജീവിതം
പഴുക്കുമെന്നും…
മൂർച്ചയേറുമെന്നും…
തൊട്ടാൽ മുറിയുമെന്നും…
(അതേ… തീർച്ചയായും മുറിയുമെന്നും)
നീ അറിയുക..
ഇവിടെ
ഈ മരവിച്ച സന്ധ്യയിൽ
ജനിമൃതികൾക്കപ്പുറത്തുനിന്നെങ്ങോ നിന്ന്…
ക്ഷീരപഥങ്ങളും താണ്ടി
രണ്ടാത്മാക്കൾ..
ആകാശത്തു രണ്ടൂഞ്ഞാലു
കെട്ടി…
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്..
ചാടിച്ചാടി..
അവർക്കിടയിൽ
നക്ഷത്രങ്ങളും
പൂത്ത നിലാവും..
അതേ…
അസ്തമയത്തിനുമപ്പുറം
നാം…
വീണ്ടുമൊരുമിക്കുമെന്നും.