‘സാദരം’ എം ടി ഉൽസവം മെയ് 16-20 : കഥകളുടെ അക്ഷയഖനിക്ക് മലയാളത്തിന്റെ ആദരം

മലയാളത്തിന്റെ മഹാകഥാകാരൻ എം ടി വാസുദേവൻ നായർക്ക് സാംസ്കാരിക വകുപ്പും തുഞ്ചൻ സ്മാരക ട്രസ്റ്റും ചേർന്ന് ആദരമർപ്പിക്കുന്ന ‘സാദരം എം ടി ഉൽസവം’ ഈ മാസം 16 മുതൽ 20 വരെ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. നവതി ആഘോഷിക്കുന്ന എം.ടി. തുഞ്ചൻപറമ്പിന്റെ സാരഥ്യമേറ്റെടുത്തിട്ട് മൂന്നു പതിറ്റാണ്ടു തികയുന്ന ഈ വേളയിൽ കലാ-സാഹിത്യ – സാംസ്കാരിക – ചലച്ചിത്ര രംഗത്തെ പ്രമുഖർ ഒന്നിക്കുന്ന മഹാസംഗമാണ് നടക്കുന്നത്. കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ പ്രഥമ കേരളജ്യോതി പുരസ്കാര ജേതാവിന് ഭാഷാപിതാവിന്റെ ജന്മം കൊണ്ട് പവിത്രമായ തുഞ്ചൻപറമ്പിൽ ഇത് മലയാളത്തിന്റെ ആദരം.

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ മെയ് 16-ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നിർവഹിക്കും. നടൻ മമ്മുട്ടി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. എം.ടി.യുടെ പുസ്തകങ്ങൾ, പുരസ്കാരങ്ങൾ, ഫോട്ടോകൾ തുടങ്ങിയവ കോർത്തിണക്കിയ ‘കാഴ്ച’പ്രദർശനം കായികമന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. സി. രാധാകൃഷ്ണൻ ആദരഭാഷണം നടത്തും. ശേഷം എം ടി യുടെ മറുമൊഴിയും ഉണ്ടായിരിക്കും.

രണ്ടാം ദിവസം 17-ന് രാവിലെ 10-ന് എം.ടി.യുടെ നോവൽ ഭൂമികയെപ്പറ്റി ജോർജ് ഓണക്കൂർ, ജയമോഹൻ, ടി.ഡി. രാമകൃഷ്ണൻ, എം.എം. നാരായണൻ എന്നിവർ പ്രഭാഷണം നടത്തും. എം.എം. ബഷീർ അധ്യക്ഷനാകും. ഉച്ചയ്ക്ക് രണ്ടിന് എം.ടി.യുടെ കഥാപ്രപഞ്ചത്തെപ്പറ്റി വൈശാഖന്റെ അധ്യക്ഷതയിൽ സി.വി. ബാലകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, ഡോ. പി.കെ. രാജശേഖരൻ, കെ. രേഖ എന്നിവർ പ്രഭാഷണം നടത്തും. 4.30-ന് സ്നേഹസംഗമം പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനംചെയ്യും. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷനും മണമ്പൂർ രാജൻ ബാബു മോഡറേറ്ററുമാകും. രാത്രി ഏഴിന് എം.ടി.യുടെ സ്ത്രീകഥാപാത്രങ്ങൾക്ക് നൃത്താവിഷ്കാരം നൽകി അശ്വതി ശ്രീകാന്ത് വേദിയിൽ അവതരിപ്പിക്കും.

മൂന്നാം ദിവസം 18-ന് രാവിലെ 10-ന് എം.ടി.യുടെ ചലച്ചിത്രകാലത്തെപ്പറ്റി ആലങ്കോട് ലീലാകൃഷ്ണന്റെ അധ്യക്ഷതയിൽ ഹരിഹരൻ, കെ. ജയകുമാർ, സീമ, പ്രിയദർശൻ, വിനീത്, ലാൽജോസ് എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് എം.ടി. എന്ന പത്രാധിപരെക്കുറിച്ചുള്ള പ്രോഗ്രാം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.എൻ. കാരശ്ശേരി അധ്യക്ഷനാകും. ജോൺ ബ്രിട്ടാസ് എം.പി., വെങ്കിടേഷ് രാമകൃഷ്ണൻ, കെ.വി. രാമകൃഷ്ണൻ, കെ.സി. നാരായണൻ എന്നിവർ സംസാരിക്കും. അഞ്ചിന് എം.ടി. രചനയും സംവിധാനവും നിർവഹിച്ച നിർമാല്യം പ്രദർശിപ്പിക്കും. രാത്രി ഏഴിന് എം.ടി.യുടെ കഥയെ അടിസ്ഥാനമാക്കി സതീഷ് കെ സതീഷ് രചനയും സംവിധാനവും നിർവഹിച്ച നാടകം ‘ഷെർലക് ‘. എട്ട് മണിക്ക് ‘ സുകൃത ഗാനങ്ങൾ ‘ . എം.ടി. സിനിമകളിലെ ഗാനങ്ങൾ ചേർത്തുള്ള സംഗീതനിശ പിന്നണിഗായകൻ എടപ്പാൾ വിശ്വനാഥനും സംഘവും അവതിരപ്പിക്കും.

നാലാം ദിവസം 19-ന് രാവിലെ 10-ന് ‘അറിയുന്ന എം.ടി., അറിയേണ്ട എം.ടി.’ സെഷനിൽ വി. മധുസൂദനൻനായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വി.കെ. ശ്രീരാമൻ എന്നിവർ പ്രഭാഷണം നടത്തും. ഡോ. പി.എം. വാരിയർ അധ്യക്ഷനാകും. ഉച്ചയ്ക്ക് രണ്ടിന് ‘എം.ടി. തലമുറകളിലൂടെ’ സെഷനിൽ കെ.പി. മോഹനൻ മോഡറേറ്ററും ഡോ. കെ. മുരളീധരൻ അധ്യക്ഷനുമാകും. പ്രമുഖ എഴുത്തുകാരുടെ മക്കളായ അനീസ് ബക്കർ, ഷാഹിന ബഷീർ, സരിത വർമ്മ, ഇ. അശോക് കുമാർ, പുഷ്പ തിക്കോടിയൻ, സുമിത്ര ജയപ്രകാശ്, എൻ. ഹാഫിസ് മുഹമ്മദ്, രാജീവ് ഒ. എൻ. വി, ശ്യാം കക്കാട്, സുധാകരൻ ഉറൂബ് എന്നിവർ സംസാരിക്കും. വൈകീട്ട് അഞ്ചിന് ‘ഓളവും തീരവും’സിനിമ, രാത്രി ഏഴിന് എം ടിയുടെ രചനയിൽ കോട്ടയ്ക്കൽ മുരളി സംവിധാനം ചെയ്ത ‘ഗോപുരനടയിൽ’ നാടകം.

അഞ്ചാം ദിവസം 20-ന് രാവിലെ 10-ന് എം.ടി.യും തുഞ്ചൻ പറമ്പും. അബ്ദുസമദ് സമദാനി എം.പി., എ. വിജയരാഘവൻ, ഡോ. എം.ആർ. രാഘവ വാരിയർ, കെ.പി. രാമനുണ്ണി എന്നിവർ സംസാരിക്കും പി.കെ. ഗോപി സ്വാഗതവും സി. ഹരിദാസ് അദ്ധ്യക്ഷനുമായിരിക്കും. ഉച്ചയ്ക്ക് രണ്ടിന് ‘വൈശാലി’ സിനിമ പ്രദർശിപ്പിക്കും. വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുഖ്യാതിഥിയാകും. കുറുക്കോളി മൊയ്തീൻ എം.എൽ.എ. മുഖ്യപ്രഭാഷണവും സച്ചിദാനന്ദൻ ആദരപ്രഭാഷണവും നടത്തും. രാത്രി ഏഴിന് പിന്നണി ഗായകൻ സുധീപ് കുമാറിന്റെ നേതൃതത്തിൽ എം ടി സിനിമകളിലെ ഗാനങ്ങൾ ചേർത്തിണക്കിയ ഹൃദയരാഗത്തോടെ സമാപനം.

സോഫ്റ്റ്‌വെയർ കൺസൾട്ടൻറ്. ആക്സന്റാസ് സോഫ്റ്റ്‌വെയർ ടെക്നൊളജിസ് മാനേജിങ്ങ് ഡയറക്ടർ. ദുബായിൽ താമസം