സസ്നേഹം ബിനോയ് !!

സർവ്വീസിൽ നിന്നും വിരമിച്ച എ.സി.പി ( പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ) ബിനോയിയും ഡി.വൈ.എസ്.പി (പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട്) ബാബുരാജും തിരുവനന്തപുരത്തുനിന്നും പുലർച്ചെ നാലുമണിയോടെ എറണാകുളം ചങ്ങമ്പുഴ പാർക്കിലേയ്ക്ക് യാത്ര തിരിച്ചത് കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും കൂട്ടായ്മയ്ക്ക് ശക്തി പകരുന്നതിനായിരുന്നു. ചങ്ങമ്പുഴ പാർക്കിലെത്തി അടുത്തദിവസം നടക്കാനിരിക്കുന്ന സംഗമത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം കാക്കനാടിനടുത്തുള്ള ലോഡ്ജിൽ വിശ്രമത്തിലേർപ്പെട്ടു. ബിനോയ് എറണാകുളത്ത് എത്തിയ വിവരമറിഞ്ഞ് ബന്ധുവും ബാല്യകാല കളിക്കൂട്ടുകാരനുമായ ജോസ് സക്കറിയ ലോഡ്ജിൽ എത്തി. ബാബുരാജിനെ പരിചയപ്പെട്ട ജോസ് സക്കറിയ, തമാശകൾ പറഞ്ഞും ബിനോയിയുമൊത്തുള്ള കുട്ടിക്കാലം പങ്കുവച്ചും സംസാരം നീണ്ടു പോകുന്നതിനിടയിലാണ് ബിനോയിയുടെ ഫോൺ റിംഗ് ചെയ്തത്. ഫോണെടുത്ത് നോക്കിക്കൊണ്ട് ബിനോയ് പറഞ്ഞു,
“ഷിനു മോനാ”.
അയാൾ സംസാരം ആരംഭിച്ചു,
“എന്താ മോനെ….. എന്താടാ വിളിച്ചത്?”
“അങ്കിൾ പറഞ്ഞത് പ്രകാരം ഞാനും സിനോജ് മാത്യുവും പോലീസ് സ്റ്റേഷനിലെത്തി പരാതി രേഖാമൂലം നൽകി. ആഴ്ച ഒന്ന് കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല!?” ഷിനു മറുപടി നൽകി.
“മോനിപ്പോൾ എവിടെയുണ്ട്?” ബിനോയ് തിരക്കി.
“ഞാൻ ഓഫീസിലാണങ്കിൾ! ഇറങ്ങാൻ പോകുന്നു.”
“എന്നാൽ മോനൊരു കാര്യം ചെയ്യ്, ജോസ് സക്കറിയ അങ്കിളിന്റെ വീടിനു മുന്നിലുള്ള ലോഡ്ജിലേക്ക് പോന്നേയ്ക്ക്, ഞാൻ അവിടെയുണ്ട്.” ബിനോയ്, ഷിനുവിനോട് ആവശ്യപ്പെട്ടു.
“വരാം അങ്കിൾ, ഞാൻ ഉടൻ എത്താം.” അവൻ ഉത്സാഹത്തോടെ അറിയിച്ചു.
“ആരാടാ അത് ?” ജോസ് സക്കറിയ അന്വേഷിച്ചു.
“അത് നമ്മുടെ ഷീലാ ജോസഫിന്റെയും ചാക്കോയുടെയും രണ്ടാമത്തെ മകൻ, ഷിനു ചാക്കോ.” ബിനോയ് അറിയിച്ചു.
“കഴിഞ്ഞയാഴ്ച കൂടി അവൻ വീട്ടിൽ വന്നു പോയതാ. എന്താ അവൻ നിന്നെ വിളിക്കാൻ കാരണം?” ജോസ് ചോദിച്ചു.
“ഒന്നുമില്ല, ചെറിയൊരു കാര്യം. അവനും അവന്റെ കൂട്ടുകാരൻ സിനോജ് മാത്യുവും കഴക്കൂട്ടം ടെക്നോപാർക്കിൽ നിന്നും കാക്കനാട് ടെക്നോ സിറ്റിയിലേക്ക് സ്ഥലംമാറി പോയി. അവർ താമസിച്ചിരുന്ന ലോഡ്ജിൽ അയ്യായിരം രൂപ വീതം അഡ്വാൻസ് നൽകിയിട്ടുണ്ടായിരുന്നു. ലോഡ്ജ് ഉടമ ആ പണം മടക്കി നൽകുന്നില്ല. അയാൾക്ക്, പകരം ആളെ നൽകണം അല്ലെങ്കിൽ പുതിയ താമസക്കാരെ കിട്ടണം. അവരിൽ നിന്നും ലഭിക്കുന്ന അഡ്വാൻസ് തുക ഇവർക്ക് മടക്കി നൽകാമെന്നാണ് പറയുന്നത്. പരാതി നൽകാൻ ഞാനാ പറഞ്ഞത്. പരാതിയൊക്കെ നൽകി! പക്ഷേ, നടപടി ഒന്നും ഉണ്ടായിട്ടില്ല.” ബിനോയ് ഇരുവരെയും ധരിപ്പിച്ചു.

“അതെന്നാ പന്നത്തരമാ. താമസക്കാരൻ പോകുമ്പോൾ അഡ്വാൻസ് മടക്കി കൊടുക്കണ്ടായോ? അതങ്ങനെ വിടാൻ പാടില്ല.” ജോസ് അമർഷത്തോടെ പറഞ്ഞു.
“അവിടത്തെ എ.സി.പി ആരാ ബാബു?” ബിനോയ് അന്വേഷിച്ചു.
“എന്റെ ബാച്ചിൽ ട്രെയിനിംഗ് കഴിഞ്ഞ നിഹാസാണ്. എസ്.എച്ച്. ഒ. ക്കല്ലേ പരാതി നൽകിയത്? നൂറ് കാര്യങ്ങൾക്കിടയിൽ വിട്ടുപോയതായിരിക്കും. നിഹാസ് നല്ലവനാ. വിവരമറിയിച്ചാൽ ഇടപെടും, ഉറപ്പാണ്.” ബാബുരാജ് പറഞ്ഞു.
“അപ്പോൾ കാര്യങ്ങൾ എളുപ്പമായി.”

ബിനോയിയുടെ സംസാരത്തിനിടയിൽ കോളിംഗ് ബെൽ മുഴങ്ങി. ബിനോയ് ഇരുന്നിടത്തുനിന്നും എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു.
“ങാ….വാടാ മോനെ! വന്നേ വന്നേ!”
ബിനോയ് അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു.

അകത്തേക്ക് കടന്നുവന്ന ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് വയസ്സ് തോന്നിക്കുന്നയാളെ നോക്കി ബിനോയ് പറഞ്ഞു, “ഇവൻ ഞങ്ങട കുട്ട്യാ…… പേര് ഷിനു ചാക്കോ. കമ്പ്യൂട്ടർ വിദഗ്ധനാ. പറഞ്ഞിട്ടെന്താ കാര്യം, ഇപ്പോ എല്ലാ കമ്പനികളും ശമ്പളം കുറച്ചേ നൽകാറുള്ളൂ.”

“ഹായ് അങ്കിൾ!”
അയാൾ ബാബുരാജിനെ പരിചയപ്പെടുകയും ജോസ് സക്കറിയയെ നോക്കി ചിരിക്കുകയും ചെയ്തു.

“എടാ മോനേ…. ബാബുരാജിന്റെ ബാച്ചുകാരനാ അവിടെ എ.സി.പി. നീയാ കത്തിൻ്റെ പകർപ്പ് വാട്സാപ്പ് വഴി ബാബുവിന് ഒന്ന് അയച്ചു കൊടുക്ക്. ബാക്കിയെല്ലാം പുള്ളി നോക്കിക്കൊളളും.” ഷിനുവിനെ നോക്കിക്കൊണ്ട് ബിനോയ് പറഞ്ഞു.

“അങ്കിളിന്റെ നമ്പർ?” ഷിനു നമ്പർ ചോദിച്ചു.
“നമ്പർ ഞാൻ അയച്ചു തരാം.” ബിനോയ് അറിയിച്ചു.
“എടാ ഉവ്വേ! നിനക്ക് എന്നാ ശമ്പളം കിട്ടുന്നുണ്ട്?” ഷിനുവിനോട് ജോസ് സക്കറിയ ചോദിച്ചു.
“മാസം ഇരുപത്തയ്യായിരം കിട്ടുന്നുണ്ടങ്കിൾ.”
“ഇത്രയും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവനിൽ നിന്നാ ആ ലോഡ്ജുകാരൻ അയ്യായിരം പിടിച്ചു പറിച്ചത്. നേരിൽ കണ്ടെങ്കിൽ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു! മാറിപ്പോകുന്നവർ പകരം ആളെ ഉണ്ടാക്കിക്കൊടുക്കണം പോലും….. അഹങ്കാരം പിടിച്ചോൻ'”
ജോസ് അരിശത്തോടെ പറഞ്ഞു.

“താൻ ഇടപെടേണ്ട….. അത് ബാബുരാജും ഞാനും നോക്കിക്കൊള്ളാം.” ബിനോയ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാൽ ഞാൻ ഇറങ്ങട്ടെ? നമ്പർ കിട്ടിയാലുടൻ കത്തിൻ്റെ പകർപ്പ് അയച്ചു തരാമങ്കിൾ.” ഷിനു യാത്രപറഞ്ഞിറങ്ങി.

രണ്ടുദിവസങ്ങൾ പിന്നിട്ടു. വാട്സ്ആപ്പ് മെസ്സേജുകൾ പരിശോധിക്കുന്നതിനിടയിൽ ഷിനു ചാക്കോ അയച്ചുകൊടുത്ത ലെറ്റർ പകർപ്പുകൾ ബാബുരാജ് വായിക്കുകയും സുഹൃത്തു കൂടിയായ എ.സി.പി.ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഒന്ന് ഇടപെടണമെന്നും വോയിസ് മെസ്സേജും അടിയിലായി ചേർത്തു. ലെറ്ററുകളും മെസ്സേജും വായിച്ചെങ്കിലും എ.സി.പി നിഹാസിൽ നിന്നും മറുപടിയൊന്നും ലഭിച്ചില്ല. അടുത്ത ദിവസം ബിനോയ്, ഫോണിൽ വിളിച്ച് എന്തായെന്ന് അന്വേഷിച്ചു. ലെറ്ററിന്റെ കോപ്പി ഫോർവേഡ് ചെയ്തിട്ടുണ്ട്. ഒപ്പം വോയിസ് മെസ്സേജിലൂടെ കാര്യങ്ങൾ അറിയിച്ചിട്ടുമുണ്ട്. മെസ്സേജുകൾ നിഹാസ് കണ്ടു കഴിഞ്ഞെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല!.

“ങാ…. നമുക്ക് നോക്കാം.” ബിനോയ് പറഞ്ഞു.

ആഴ്ച ഒന്ന് പിന്നിട്ടിട്ടും എ.സി.പി നിഹാസിന്റെ അറിയിപ്പ് ലഭിക്കുകയോ വിഷയത്തിൽ നടപടി സ്വീകരിക്കുകയോ ഉണ്ടായില്ല.
ബിനോയ് ഫോണിൽ സംസാരിക്കുന്നതിനിടയിൽ ബാബുരാജിനോട് പറഞ്ഞു, “ചെറിയ കാര്യങ്ങളിൽ പോലും നീതി നേടിക്കൊടുക്കാൻ കഴിയാത്ത പോലീസ് ഓഫീസർമാർ വലിയ വിഷയങ്ങളിൽ എന്ത് നിലപാടാകും സ്വീകരിക്കുക?”

“ഞാനൊന്ന് ഫോണിൽ വിളിച്ചു നോക്കാം.” ബാബുരാജ് പറഞ്ഞു.

രണ്ട് ദിവസങ്ങൾക്കുശേഷം ബിനോയ്, ബാബുരാജിനെ വിളിച്ച് അന്വേഷിച്ചു,

“എന്തായി, എ.സി.പി. യെ വിളിച്ചോ?”

“വിളിച്ചു. രണ്ടു തവണ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ട്. ഫോൺ എടുക്കുന്നില്ല. തിരികെ വിളിച്ചതുമില്ല. ഒരേ തട്ടകത്തിൽ നിന്നും വന്നവരായതിനാലാണ് ബിനോയി സാർ പറഞ്ഞപ്പോൾ ഞാൻ ഇടപെടാമെന്ന് ഏറ്റത്. ശുപാർശ ചെയ്യുന്നത് എനിക്ക് ഇഷ്ടമുള്ള പണിയല്ല! പിന്നെ ഈ വിഷയത്തിൽ നീതികേട് ഉണ്ടെന്നതിനാലാണ് ഇടപെടാമെന്ന് വച്ചത്. നാണക്കേടായി.” ബാബുരാജ് വെറുപ്പോടെ പറഞ്ഞവസാനിപ്പിച്ചു.

“വേണ്ട….. വേണ്ട….. ഇനി വിളിക്കണ്ട. എന്റെ കയ്യിൽ നമ്പറുണ്ട്. ഞാൻ വിളിച്ചുനോക്കാം. നടക്കുന്നെങ്കിൽ നടക്കട്ടെ!.” ബിനോയ് പറഞ്ഞു.

രണ്ടുദിവസം കൂടി കഴിഞ്ഞ് ബിനോയ്, ബാബുരാജിനെ ഫോണിൽ വിളിച്ചു. കഴിഞ്ഞദിവസം ഞാൻ നിഹാസിനെ വിളിച്ചിരുന്നു. അയാൾ ഫോൺ എടുത്തു. എന്റെ പുതിയ നമ്പറിൽ നിന്നാണ് വിളിച്ചത്. കാര്യങ്ങൾ ധരിപ്പിച്ചു. നോക്കാമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.
“നന്നായി. നടക്കുന്നെങ്കിൽ നടക്കട്ടെ. അന്ന് എന്തെങ്കിലും തിരക്കുണ്ടായിട്ടാകും പുള്ളി ഇടപെടാതിരുന്നത്. രണ്ടുപേരിൽ നിന്നുമായി പതിനായിരം രൂപയല്ലേ ലോഡ്ജ് ഉടമ അടിച്ചുമാറ്റിയത്.”

നിരവധി വിഷയങ്ങളിലൂടെ അവരുടെ ചർച്ച നീണ്ടുപോവുകയും ഒടുവിൽ ഫോണിലെ സംസാരം അവസാനിപ്പിക്കുകയും ചെയ്തു.

ബിനോയി സാറിന്റെ വിവരങ്ങൾ അറിഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. വിവരങ്ങൾ അന്വേഷിച്ചേക്കാമെന്ന് കരുതി ബാബുരാജ്, ബിനോയിയെ ഫോണിൽ വിളിച്ചു. രണ്ടുപേരും ഫോണിലൂടെ കലാസാംസ്കാരിക കൂട്ടായ്മയുടെ വിശേഷങ്ങളും സുഖവിവരങ്ങളും കുറച്ച് അധികനേരം സംസാരിച്ചു.

ബിനോയിയിൽ നിന്നും ഒടുവിൽ ആ വെളിപ്പെടുത്തൽ വന്നു, “പിന്നെ, നമ്മുടെ പയ്യൻ…. ആ ഷിനു ചാക്കോ ഇന്നലെ വിളിച്ചിരുന്നു. അവന്റെയും സിനോജ് മാത്യുവിന്റെയും അക്കൗണ്ടുകളിലേയ്ക്ക് ലോഡ്ജ് ഉടമ അയ്യായിരം വീതം അയച്ചുകൊടുത്തു!.”

“നന്നായി. ഞാനന്നേ പറഞ്ഞില്ലേ, നിഹാസ് ഇടപെടുമെന്ന്.” ബാബുരാജ് സന്തോഷം മറച്ചുവയ്ക്കാതെ സംസാരിച്ചു.

“അയാൾ ആത്മാർത്ഥത കൊണ്ടോ നീതിബോധം കൊണ്ടോ ഇടപെട്ടതല്ല; എന്റെ ഒരു വാട്സ്ആപ്പ് കുറിപ്പ് കണ്ട് ആത്മാർത്ഥതയും നീതിബോധവും ഉണ്ടായിപ്പോയതുകൊണ്ട് ഇടപെട്ടതാണ്!” ബിനോയ് തമാശ രൂപേണ അറിയിച്ചു.

“സാറ് എന്താണ് വാട്സ്ആപ്പിലൂടെ കുറിച്ചത്?” ബാബുരാജ് ചോദിച്ചു.

“ഞാൻ കൂടുതലൊന്നും എഴുതിയില്ല. ഇത്രമാത്രം,”

പ്രിയ സുഹൃത്തേ! റിട്ടയറായ ശേഷം പോലീസ് കാര്യങ്ങളിൽ ഇടപെടണമെന്നോ സ്റ്റേഷനിൽ കയറി ഇറങ്ങണമെന്നോ ഞാനോ ബാബുരാജോ ആഗ്രഹിച്ചിട്ടില്ല. പക്ഷേ, വലിയൊരു നീതികേട് കണ്ടപ്പോൾ തിരുത്തപ്പെടേണ്ടതാണെന്ന് തോന്നിയതിനാൽ ഞങ്ങൾ രണ്ടുപേരും ഇടപെട്ടുപോയതാണ്. താങ്കൾ ഒരു മാന്യനും നീതിമാനും ആണെന്ന് ബാബുരാജ് പറഞ്ഞതുകൊണ്ട് മാത്രമാണ് താങ്കൾക്ക് മുന്നിൽ കൈ നീട്ടിയത്. എന്നാൽ, കാര്യങ്ങൾ അങ്ങനെയല്ലെന്ന് താങ്കൾ ബോദ്ധ്യപ്പെടുത്തിത്തന്നു. ഇനി വിളിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യില്ല. പ്രിയ സഹോദരാ! ഏതൊരു രാജാവിനും രാജ്യവും സിംഹാസനവും കിരീടവും ചെങ്കോലും ഒരു ദിനം നഷ്ടപ്പെട്ടേക്കാം…… പ്രജകൾ രാജാവിനെ ഓർക്കണമെങ്കിൽ; ആ രാജാവ് പ്രജകൾക്ക് എന്തെങ്കിലും നന്മകൾ ചെയ്തവനായിരിക്കണം. മറിച്ചായാലോ, പ്രജകൾ നായക്ക് കൽപ്പിക്കുന്ന സ്ഥാനം പോലും നൽകിയെന്ന് വരില്ല. താങ്കൾക്ക് ഐ.പി.എസ് പദവി കൂടി ലഭിച്ചാൽ പോലും അറുപതാം വയസ്സുവരെ മാത്രമേ സിംഹാസനത്തിൽ ഇരിക്കാൻ കഴിയൂ. ഓർമിപ്പിച്ചെന്നേയുള്ളൂ!! താങ്കൾക്ക് പ്രശംസകളോടൊപ്പം ആശംസകളും നേരുന്നു. സസ്നേഹം ബിനോയ്!!

തിരുവനന്തപുരം പേരൂർക്കട സ്വദേശി. 2003 ൽ സബ് ഇൻസ്പെക്ടറായി കേരള പോലീസിൽ പ്രവേശിച്ചു. പോലീസ് ഹെഡ് ക്വോർട്ടേഴ്സിലെ എസ്. സി. ആർ. ബി. യിൽ നിന്നും 2024 മെയ് മാസം റിട്ടയർ ചെയ്തു. ആദ്യ ചെറുകഥ 'എവിടേക്കെന്നില്ലാത്ത യാത്ര' മനോരമയുടെ ബാലജനസഖ്യം സുവനീറിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. തുടർന്ന് നിരവധി ചെറുകഥകൾ വിവിധ മാസികകളിലൂടെ പുറത്തുവന്നു. നാടക രചന, അഭിനയ രംഗങ്ങളിൽ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 2024 ൽ സമസ്യ പബ്ലിക്കേഷനിലൂടെ ആദ്യപുസ്തകം നിലാവ് (2024 - ചെറുകഥാ സമാഹാരം). ചെമ്മണാംപതിയിലെ കൊലപാതകം എന്ന അന്വേഷണാത്മക നോവൽ പ്രസിദ്ധീകരണ ഘട്ടത്തിലാണ്.