സമ്പർക്കക്രാന്തി

സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവലാണ്. ഈ നോവലിനേക്കുറിച്ചും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും, അവരിലേക്കെത്തിയ വഴികളെക്കുറിച്ചുമൊക്കെ ഷിനിലാൽ എഴുതുന്നു.

കൊച്ചുവേളിയിൽ നിന്നും ചണ്ഢീഗഢ് വരെ പോകുന്ന തീവണ്ടിയാണ് സമ്പർക്കക്രാന്തി എക്സ്പ്രസ്. ഇന്ത്യയുടെ പശ്ചിമ തീരത്തുകൂടി അതിങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ, വിചിത്ര ഭിന്നങ്ങളായ ജനസമൂഹത്തിന്റെ ചെറുസഞ്ചയത്തെ തെക്ക് നിന്നും വടക്കോട്ടും തിരിച്ചും അത് ചുമന്നു കൊണ്ടോടുന്നു. സമ്പർക്ക ക്രാന്തി എന്നാൽ സമ്പർക്കത്തിലൂടെയുള്ള വിപ്ലവം എന്നാണർത്ഥം.

2007- 08 കാലത്ത് ഈ ട്രെയിനിൽ കൊച്ചുവേളി മുതൽ ന്യൂഡൽഹി വരെ ഞാൻ ടിക്കറ്റ് പരിശോധകന്റെ ജോലി ചെയ്തിരുന്നു. അസംഖ്യം മനുഷ്യരെ പരിചയപ്പെട്ടും ധാരാളം സംഭവങ്ങൾക്ക് സാക്ഷിയായും ആ യാത്രകൾ ഓർമയിൽ സമൃദ്ധമായി നിൽക്കുന്നു. ഇന്ത്യയെ, അതിലെ മനുഷ്യരെ, അവരുടെ സംസ്കാരത്തെ, മനുഷ്യ സ്വഭാവത്തെ, അതിനുള്ളിലെ ഗൂഢസ്ഥലികളെ ഒക്കെ ഒരു പഠിതാവിനെപ്പോലെ നോക്കിക്കണ്ടു. സമ്പർക്ക ക്രാന്തി എന്ന തീവണ്ടി എനിക്കൊരു സർവകലാശാലയായി. മനുഷ്യനായിരുന്നു എന്റെ പാഠ്യവിഷയം. യാത്രയിലൂടെ, ഉള്ളിലുറഞ്ഞു കിടന്ന കുടിലതകളും മുൻവിധികളും ക്രമേണ ഇല്ലാതായത് ഞാനറിഞ്ഞു. ഒടുവിൽ, എല്ലാ യാത്രകളും ചെന്നവസാനിക്കുന്ന നിശ്ശൂന്യതയുടെ മരുഭൂമിയും കണ്ടു. നോവലിനുള്ളിൽ ചരിത്രമില്ലാത്ത കുട്ടി എന്ന സങ്കൽപ്പ കഥാപാത്രം ചെന്നു നിൽക്കുന്ന ശൂന്യത അതാണ്.

അക്കാലത്ത് ഞാൻ ഒന്നും എഴുതുകയോ വായിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ, രാജ്യത്തിന്റെ എല്ലാ ഭാഗത്തും യാത്ര ചെയ്തു.

2013-ൽ നോവൽ എഴുതാൻ തുടങ്ങിയപ്പോൾ അന്നു പരിചയിച്ച മനുഷ്യർ ഒന്നൊന്നായി കൺമുന്നിൽ വന്നു നിന്നു. സംഭവങ്ങളുടെയും കഥാപാത്രങ്ങളുടെയും വൻനിര. അവരിൽ നിന്നും വേണ്ടവരെ മാത്രം ഞാൻ ‘സിനിമയിലെടുത്തു.’

ഒരിക്കൽ ഒരു യുവതി.

വായനയോ എഴുത്തോ ഇല്ലാതെ കടന്നു പോയ പത്ത് വർഷങ്ങൾ അവസാനിപ്പിച്ചത് ആ സ്ത്രീയാണ്. നെയ്യാർ ഡാമിലെ യോഗ പരിശീലന കേന്ദ്രത്തിൽ ഒരു മാസത്തെ കോഴ്സ് പകുതിയിൽ ഉപേക്ഷിച്ച് മടങ്ങുന്ന വഴിക്കാണ് അവരും ടി.ടി.ഇ ആയ ഞാനും സമ്പർക്ക ക്രാന്തിയിൽ പരിചയപ്പെടുന്നത്.

പൻവേൽ സ്റ്റേഷനിൽ ഇറങ്ങിപ്പോകുന്നതിന് മുമ്പ് വിചിത്രമായ ചില സ്വപ്നങ്ങളും ആശയങ്ങളും അവർ എന്നോട് പങ്കുവച്ചു. ജീവിതകഥ തുറന്നിട്ടു. അവരുടെ സ്വപ്നങ്ങളിൽ ഒന്ന് ഒരിക്കൽ ഇന്ത്യയും പാകിസ്ഥാനും ഒന്നാകും എന്നുള്ളതായിരുന്നു.
ഒടുവിൽ പ്ലാറ്റ്ഫോമിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ആ സ്ത്രീ അവരുടെ ജീവിതത്തിലെ ഏറ്റവും ഭീകരമായ രഹസ്യം എന്നോട് പറഞ്ഞു. നിരുപദ്രവിയായ ഇനി ഒരിക്കലും കാണാനിടയില്ലാത്ത അപരിചിതൻ എന്ന നിലയിലാവാം അവർ എന്നോട് ഹൃദയം തുറന്നത്. പറഞ്ഞു കഴിഞ്ഞപ്പോൾ ആ മുഖത്തു പെട്ടെന്ന് ഒരു ശാന്തി വ്യാപിച്ചത് ഞാൻ കണ്ടു.

അത് 2007 ലോ 8 ലോ ആയിരുന്നു.

അത് എന്റെയുള്ളിൽ കിടന്ന് തിളച്ചു. അതൊന്ന് കടലാസിൽ പകർത്താൻ പലവട്ടം ശ്രമിച്ചപ്പോഴാണ് ഒരു കാര്യം ബോധ്യമായത്. എനിക്ക് നന്നായി എഴുതാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു.

ഒരു സായിപ്പ്

ഒരു ദിവസം, ഒരു സായിപ്പ് ട്രെയിനിൽ വന്നു. ഏറെ നേരവും ലോൺലി പ്ലാനറ്റിന്റെ ‘ഇന്ത്യ’ എന്ന പുസ്തകം വായിച്ചു കൊണ്ടിരുന്നു അയാൾ. കിടന്നുറങ്ങുമ്പോൾ, നെഞ്ചിൽ ആ പുസ്തകം വിടർത്തി ഇട്ടിരിക്കുന്നു. അത് മനോഹരമായ ഒരു കാഴ്ചയായിരുന്നു.

അഞ്ചാറ് വർഷങ്ങൾ പിന്നെയും നീങ്ങി. പതിയെ ഞാൻ ഒരു കഥയെഴുതാൻ ആരംഭിച്ചു. ആ സ്ത്രീയുടെ കഥ. അത് നീണ്ടുനീണ്ടു പോയി. നൂറ് പേജുള്ള നോവലായി. കഥയിലേക്ക് സായിപ്പും അയാളുടെ പുസ്തകവും കടന്നു വന്നു. ഇന്ത്യ എന്ന പുസ്തകം എന്ന് പേരിട്ടു. അടുത്ത കൂട്ടുകാർ വായിച്ച്, ‘കൊള്ളാം’ എന്നൊക്കെ പറഞ്ഞെങ്കിലും സ്വയം തൃപ്തി തോന്നാത്തത് കൊണ്ട് മാറ്റിവച്ചു.

കാരശ്ശേരി

ഇന്ത്യൻ രാഷ്ട്രീയം പ്രതീക്ഷയറ്റ ഒരു കാലത്തിന്റെ ആരംഭത്തിലായിരുന്നു. ധബോൽക്കറുടെ മരണം ഉണ്ടാക്കിയ മുറിവ് ഉള്ളിൽ ആഴ്ന്നു കിടക്കുന്നു. ജ്ഞാനവൃദ്ധരുടെ കൊലപാതകങ്ങൾ തുടരുകയായിരുന്നു.

ആയിടെയാണ് കാരശ്ശേരി മാഷിനെ മാവേലി എക്സ്പ്രസ്സിൽ വച്ച് കാണുന്നത്. ഷൊർണൂർ നിന്നും തിരുവനന്തപുരം വരെയാണ് എന്റെ ഡ്യൂട്ടി. അദ്ദേഹം ത്രീ ടയർ കോച്ചിൽ ഉണ്ടെന്ന് അറിയാമായിരുന്നു.

സംസാരിക്കാം എന്നു കരുതി ട്രെയിൻ കൊല്ലം വിട്ടപ്പോൾ അദ്ദേഹത്തിന്റെ അടുക്കലേക്ക് ചെന്നു. അത്യാകർഷകമായ ഒരു കാഴ്ചയായിരുന്നു അത്. എല്ലാവരും പുതച്ചുറങ്ങിക്കിടക്കുന്ന ത്രീ ടയർ ഏ.സി. കോച്ചിൽ ഒരു സൈഡ് ബർത്തിൽ മാത്രം വെളിച്ചം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ ആ മനുഷ്യൻ ഇരുന്ന് പുസ്തകം വായിക്കുകയാണ്. പ്രകാശം വീണ് ആ മുഖത്തിന് ചുറ്റും ഒരു പ്രഭാവലയം രൂപപ്പെട്ടിരിക്കുന്നു. മറ്റുള്ളവർക്ക് ശല്യമാവാതിരിക്കാൻ കംപാർട്ട്മെന്റിലെ ലൈറ്റ് ഉപയോഗിക്കാതെ വെളിച്ചം കൂടെക്കൊണ്ട് നടക്കുന്ന മനുഷ്യൻ. അപാരമായ ഉൾവെളിച്ചം വേണം. അങ്ങനെ ഒരു കരുതൽ ഒപ്പം കരുതാൻ.

പിന്നീട്, ‘ജ്ഞാന വൃദ്ധൻ’ എന്ന അധ്യായത്തിൽ നരേന്ദ്ര ധബോൽക്കറെ ചിത്രീകരിക്കുമ്പോൾ എന്റെ മനസ്സിൽ കാരശ്ശേരി മാഷ് തന്നെയായിരുന്നു.

ആദ്യം സൂചിപ്പിച്ച സ്ത്രീ, നോവലിൽ സമീറ ഫാത്തിമയായി. സായിപ്പ് മൂന്ന് തലമുറകളിൽ ഇന്ത്യയോട് ബന്ധമുള്ള ജോൺ ആയി. തുടക്കത്തിൽ ട്രാക്കിലെ മലവിസർജ്യത്തിൽ വീഴുകയും അവസാനം ജോൺ, കരംചന്ദിന് കൈമാറുകയും ചെയ്യുന്ന ‘ഇന്ത്യ’ എന്ന വായിച്ചു തീരാത്ത പുസ്തകവും നോവലിൽ നിറഞ്ഞു.

ഒരു യാത്രക്കഥ ആയിട്ടാണ് നോവൽ എഴുതിത്തുടങ്ങിയത്. എന്നാൽ എഴുത്തിൽ ചങ്കുറപ്പ് തോന്നിയപ്പോൾ, ഞാൻ സമ്പർക്ക ക്രാന്തി എന്ന ട്രെയിനിനുള്ളിലിരുന്ന് വിശാലമായ ഈ രാജ്യത്തെ ഭാവനയിൽ നോക്കാൻ തുടങ്ങി. അപ്പോഴാണ്, രാജ്യം നൂറ്റാണ്ടുകളിലൂടെ ആർജിച്ചെടുത്ത സഹിഷ്ണുതയുടെ സംസ്കാരത്തെ പിന്നിലേക്ക് വലിക്കുന്ന ശക്തികൾക്ക് നിമിഷം പ്രതി ശക്തിയേറുന്നതറിഞ്ഞത്. നോവലിലെ എക്സ്പ്രസിന്റെ ഏറ്റവും പിന്നിൽ ഞാൻ വാണ്ടറർ എന്ന നീരാവിയെഞ്ചിൻ സ്ഥാപിച്ചു.

അങ്ങനെ, ‘ഇന്ത്യ എന്ന പുസ്തകം’ എന്ന് പേരിട്ട് എഴുതിത്തുടങ്ങുകയും പിന്നീട് ‘പഗ്മാർക്ക് ‘ എന്ന് അഴിച്ചുപണിയുകയും ചെയ്ത നോവലാണ് ഇപ്പോൾ ‘സമ്പർക്ക ക്രാന്തി’ എന്ന പേരിൽ നിങ്ങളുടെ മുന്നിലുള്ളത്.

അതിരുകൾ / അവയുടെ നിർണ്ണയം അഥവാ പഗ്മാർക്ക്

ട്രെയിൻ മനുഷ്യ സ്വഭാവങ്ങളുടെ ഒരു മ്യൂസിയം കൂടിയാണ്.
മനുഷ്യരുമായി നിരന്തരം ഇടപെട്ടു ജോലി ചെയ്തപ്പോഴാണ്, മനുഷ്യ സ്വഭാവത്തിൽ ഒളിഞ്ഞിരിക്കുന്ന ചില മൃഗ ശീലങ്ങൾ അടുത്തറിയുന്നത്. രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും നിർണ്ണയിക്കുന്ന അടിസ്ഥാന ശീലങ്ങൾ ഇവയാണെന്ന് ക്രമേണ തോന്നി. അങ്ങനെ, അതിരടയാളമിടുന്ന കടുവയെ ഓർത്തുകൊണ്ട് നോവലിന് പഗ്മാർക്ക് എന്ന് പേരിട്ടു.

വസ്തുവകകളിലെല്ലാം അടയാളമിട്ട് സ്വന്തമാക്കി വയ്ക്കുന്ന ഒരു ശീലം മനുഷ്യന് ഉണ്ടെന്ന ബോധ്യം ഉണ്ടായി. ലേഖാ നമ്പൂതിരിയുടെ പൃഷ്ടത്തിൽ ചാപ്പ കുത്തുന്ന കറിയയും രാജ്യങ്ങൾക്ക് അതിർത്തി വരക്കുന്ന രാജാക്കൻമാരും ഒരേ ആശയത്തിന്റെ വക്താക്കളാണ്.

നോവൽ മൂന്ന് ഭാഗങ്ങളായി വിഭജിച്ച്, ഓരോന്നിനും മൃഗശീലങ്ങൾ പേരു നൽകി. ടെറിട്ടോറിയൽ അനിമൽ, സംഘമൃഗം, വിധ്വംസക ജീവി.

സമ്പർക്ക ക്രാന്തി / അഥവാ ചലനം

ചലനമാണ് മനുഷ്യ സ്വത്വം. മനുഷ്യന്റെ ഉള്ളിൽ സ്വയം പ്രവർത്തിക്കുന്ന ഒരു പൽച്ചക്രം ഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് മനുഷ്യൻ കാലത്തിൽ കൂടിയും ഇടത്തിൽ കൂടിയും സഞ്ചരിക്കുന്നു. കാലം കൊണ്ട് ഞണുങ്ങുകയും വികസിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങളും അങ്ങനെ തന്നെ.

ഇന്ത്യയെ അടയാളപ്പെടുത്താൻ ഏറ്റവും പറ്റിയ രൂപകം ട്രെയിൻ തന്നെയാണ്. ട്രെയിൻ എന്നാൽ ഇന്ത്യ എന്ന വലിയ ശരീരത്തിന്റെ ബയോപ്സി പീസാണ്.

അങ്ങനെ, ഞെരുക്കിയെടുത്ത ഇന്ത്യയാണ് ‘സമ്പർക്ക ക്രാന്തി’ എന്ന നോവൽ.

ചരിത്രം

ചരിത്രത്തിന്റെ പുറം പാളിയിലാണ് കഥ നടക്കുന്നത്. ചരിത്രം എന്നാൽ ആഴമുള്ള ഖനിയാണ്. അവിടെ കൊടുങ്കാറ്റുകളെ അടക്കം ചെയ്ത ചുഴികൾ ഉണ്ട്.

വർത്തമാന രാഷ്ട്രീയത്തിന്റെ ക്രൗര്യം രേഖപ്പെടുത്തുന്നതിനിടയിലാണ് കൊളോണിയൽ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഒരു കപ്പിത്താനും (അൽമേഡ) അയാളുടെ അതിലും ക്രൂരമായ മരണവും കടന്നു വരുന്നത്.

അൽമേഡയുടെ മരണം കഴിഞ്ഞ് ഇങ്ങനെ ഒരു വരി എഴുതി:

“ഒരു ക്രൂരൻ ജനിക്കുമ്പോൾ, വിഷം പുരട്ടിയ ഒരമ്പും ജനിക്കുന്നു. അതെയ്യാൻ ഒരു വേടനും.”

വർത്തമാനകാലം അത്തരത്തിൽ ഒരു വേടനെ കാത്തിരിക്കുന്നുണ്ട്.

ഞാൻ ചിന്തിക്കുന്നു എന്നതിനാൽ …..

‘ഞാൻ ചിന്തിക്കുന്നു എന്നതിനാൽ ഞാൻ ഉണ്ട്.’ എന്ന് പറഞ്ഞത് ദെക്കാർത്തെ ആണ്. അതിന്റെ ഒരു തുടർച്ചയാണ്: ‘ഞാൻ ചിന്തിക്കുന്നു എന്നതിനാൽ നീയും ഉണ്ട്.’ എന്നത്.

നോവൽ യാഥാർത്ഥ്യത്തിലും ഭാവനയിലും ഇടകലർന്ന് നിൽക്കുന്നു. കരംചന്ദ് എന്ന കഥാപാത്രത്തിന്റെ ശിരസ്സിലാണ് പകുതി സംഭവങ്ങൾ നടക്കുന്നത്.

നോവലിന്റെ തുടർയാത്ര.

നോവൽ എഴുതി തുടങ്ങുമ്പോൾ നരേന്ദ്ര ധബോൽക്കർ കൊല്ലപ്പെട്ടു. ഗാന്ധിയുടെ മരണത്തെക്കാൾ പ്രാധാന്യം ധബോൽക്കറുടെ മരണത്തിനുണ്ട്. കാരണം, ഗാന്ധിയുടെ മരണത്തോടെ തൽക്കാലത്തേക്കെങ്കിലും ഭീകര ശക്തികൾ അടങ്ങുകയാണ് ചെയ്തത്. എന്നാൽ ധബോൽക്കറുടെ കൊല ഒരു കൊലപാതക പരമ്പരയുടെ തുടക്കം കുറിച്ചു. അതായത് സമൂഹമനസ്സ് ഇത്തരം കൊലപാതകങ്ങളെ സ്വീകരിക്കാൻ സാധിക്കും വിധം പരുവപ്പെട്ടു. അങ്ങനെ പാതകങ്ങൾ തുടർന്നു. നോവൽ പൂർത്തിയായപ്പോഴേക്കും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടു.

ചണ്ഡീഗഡ് വരെയാണ് സമ്പർക്ക ക്രാന്തി എക്സ്പ്രസ് സഞ്ചരിക്കുന്നത്. എന്നാൽ, നോവൽ ഡൽഹിയിൽ അവസാനിക്കുന്നു. കഥ തുടരുന്നു എന്നു തന്നെയാണ് അർത്ഥം.

മനുഷ്യരെ കംപാർട്മെൻറുകളായി തിരിക്കുന്ന പൗരത്വനിയമം നോവൽ പ്രസിദ്ധീകരണത്തിന് ശേഷം സംഭവിച്ചു. നോവലിൽ പറയുന്ന കാഹള ബഹുമാന നിയമം ഓർമ്മിപ്പിച്ചുകൊണ്ട് പാട്ടകൊട്ടലും സംഭവിച്ചു.

സമ്പർക്ക ക്രാന്തി യാത്ര തുടരും എന്നു തന്നെയാണ് വിശ്വാസം.

ഉടല്‍ഭൗതികം എന്ന ആദ്യനോവലിന് സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്‍റെ പ്രഥമ കാരൂര്‍ പുരസ്കാരം ലഭിച്ചു. നരോദപാട്യയില്‍ നിന്നുള്ള ബസ് - കഥാസമാഹാരം - ചിന്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥകളും യാത്രാനുഭവങ്ങളും എഴുതുന്നു. ദക്ഷിണ റെയില്‍വേയില്‍ ട്രാവലിങ്ങ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍.