എന്നും വരാറുള്ളതുപോലെ
ഇന്നും അവളെന്റെ അടുത്തുവന്നിരുന്നു
കറുപ്പും തണുപ്പുമുള്ള ചേല പുതച്ചിരുന്നു
കറുത്ത മിഴികളിലും തണുപ്പായിരുന്നു
അടുത്തിരുന്ന് അവൾ വിരലുകൾ നീട്ടി
കൂർത്ത നഖങ്ങളിൽ ചോരക്കറനിറത്തിൽ
ചായം പുരട്ടിയിരുന്നു
കുളിരുണർത്താത്ത വിരലുകളിൽ
മരവിച്ച നിർവികാരതയായിരുന്നു
തുടിക്കുന്ന ചോരത്തിളപ്പിൽ
വികാരത്തിന്റെ ചാകരയിൽ
മത്സ്യങ്ങൾ പിടഞ്ഞു
കുളിർചുംബനത്തിനായി കൊതിക്കുന്ന ചുണ്ടുകളിൽ
തൊട്ടു തൊട്ടില്ല എന്നായപ്പോൾ
മരച്ച വിരലുകൾ പിൻവലിച്ച്
ഇരുൾപോലെ അവൾ തിരിച്ചുപോയി
വളിച്ചം തെളിഞ്ഞപ്പോൾ ചുവർഘടികാരത്തിൽ
മരിച്ച സമയസൂചികൾ വീണ്ടും ചലിച്ചുതുടങ്ങി.