സദ്യ

അവള്‍ തന്‍റെയുടല്‍
ഒരു നാക്കിലയെന്നു വിരിച്ചിട്ടു
എന്‍റെ ശയ്യയില്‍,
തീന്‍മേശയാണതെന്ന പോലെ.
എന്നിട്ടതിന്നതിരുകളില്‍
വിളമ്പിത്തുടങ്ങി
മെഴുക്കുപുരട്ടിയെന്ന്
പ്രതീക്ഷകള്‍.
പച്ചടിയെന്നല്പം തണുത്ത
വിഷാദം.
അടക്കാനാവാത്ത രോഷമെന്ന്
എരിവില്‍ അച്ചാര്‍.
ആത്മപരിഹാസമെന്ന്
ഇഞ്ചിക്കറി.
ഇല നിറയെ ചോറെന്ന്
വേവൊക്കാത്ത ഉടല്‍.
ചുറ്റുമൊളിഞ്ഞവരുടെ
പല പല ഒളിനോട്ടങ്ങള്‍
ഒത്തൊരുക്കിയ അവിയല്‍.
സങ്കടങ്ങളുടെ പുളിശ്ശേരി
ശ്യാമദുഃഖങ്ങളരച്ചിട്ട
മസാലകളില്‍
വിരലുകളും കഴുത്തും കരളും
കാലും മടമ്പും കൊത്തിയരിഞ്ഞിട്ട
സാമ്പാര്‍.
മാറിടമെന്നവയ്ക്കും മേലെ
തുറന്നിട്ടു പപ്പടം.
കഴിക്കാന്‍ തുടങ്ങും മുമ്പേ
കഴിച്ചു കഴിഞ്ഞ്
പായസമധുരമുണ്ടെന്നവള്‍
ചുണ്ടുകള്‍ വിടര്‍ത്തി.
ഉണ്ണാനാവാതെ
സ്വപ്നത്തെ വെടിഞ്ഞ്
ഞാനവളെ കുലുക്കിയുണര്‍ത്തി,
വെള്ളം എന്ന് ആര്‍ത്തനായി.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.