സങ്കടപ്പെയ്ത്ത്

ഇന്നത്തെ പകലും അവസാനിക്കുന്നു. അസ്തമയ സൂര്യനെ തഴുകി തലോടി യാത്രപറയുന്ന കടലമ്മ. വേർപാടിന് ഒരു രാത്രിയുടെ ദൂരമേ ഉള്ളൂ എങ്കിലും അവർക്ക് പരസ്പരം ഒരുപാട് പറയാനുള്ളത് പോലെ. കാറ്റിന്‍റെ മാറ്റൊലികൾക്കിടയിൽ അവരുടെ രഹസ്യങ്ങൾ അലിഞ്ഞില്ലാതായി.

സൈറ അവൾക്ക് വന്ന ആ വാട്ട്സ്ആപ്പ് സന്ദേശം ആദ്യമായി വായിക്കുന്ന ആകാംക്ഷയോടെ വീണ്ടും വായിച്ചു.

“എടീ.. സൈറാത്താ, നീ കൂടെ ഇവിടെ എന്‍റെ കൂടുണ്ടെങ്കിൽ ഇപ്പൊ നല്ല രസമായിരുന്നേനെ.. മഴപെയ്യുമ്പോ കടല് കാണാൻ എന്താ ചേല്ന്ന് അറിയോ.. അതേയ് ഞാനിപ്പോ മഴ നനയാ..”

അതിന് ശേഷമുള്ള വോയ്സ് നോട്ട് വീണ്ടും, വീണ്ടും അവൾ കേട്ടു. മഴയുടെയും, കടലിന്‍റെയും ഒന്ന് ചേർന്നുള്ള ശബ്ദം.. അതിനൊപ്പം “ഡീ.. ഇത്താ വേഗം വാ” എന്ന അവന്‍റെ ശബ്ദവും.

കൺകോണിൽ ഊറി വരുന്ന കണ്ണുനീരിന് പ്രതിരോധം തീർത്തുകൊണ്ട് അവൾ മിഴികൾ ഉയർത്തി ആകാശത്തേക്ക് നോക്കി ഉറക്കെ ചോദിച്ചു.

“അയാൻ.. നീ എവിടെയാണ് പൊന്നേ..? ഒളിച്ച് കളിക്കാതെ പെട്ടന്ന് വാ.. ഇത്താത്തയ്ക്ക് ഇനീം കാത്തിരിക്കാൻ വയ്യ..”

സൈറ ഭ്രാന്ത് പിടിച്ച പോലെ മൊബൈൽ ഗാലറിയിലെ ഫോട്ടോകളിലൂടെ വിരലോടിച്ച് കൊണ്ടിരുന്നു.

മുഴുവൻ അയാൻന്‍റെ ഫോട്ടോകൾ. അതിലൊന്നിൽ ചുണ്ട് ചേർത്ത് അവൾ വിതുമ്പി. സാന്ത്വനിപ്പിക്കാനെന്ന പോലെ കടൽക്കാറ്റ് സൈറയുടെ കവിൾ തഴുകി കടന്ന് പോയി.

അയാൻ, സൈറയുടെ കുഞ്ഞനുജൻ. അവൾക്ക് പതിനൊന്ന് വയസ്സ് തികയുന്ന ദിവസം പിറന്നാൾ സമ്മാനമായി ഉമ്മിയും, വാപ്പിയും അവനെ അവളുടെ കൈകളിൽ വച്ച് കൊടുത്തു. അവരുടെ ജീവിതത്തിലേക്ക് വൈകി വന്ന സന്തോഷം. അന്ന് തൊട്ട് സൈറ ആയിരുന്നു അയാന് എല്ലാം. ഇത്താത്തയും, ഉമ്മയും, ടീച്ചറും പിന്നെ അവന്‍റെ പാർട്ണർ ഇൻ ക്രൈമും.. അങ്ങിനെ എല്ലാം.പക്ഷേ 18 വർഷങ്ങളുടെ സന്തോഷങ്ങളും, കളിചിരികളും സങ്കടപ്പെയ്ത്തിലേക്ക് വഴിമാറിയത് ആറ് മാസങ്ങൾക്ക് മുൻപാണ്. അയാൻ അവന്‍റെ കൂട്ടുകാർക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ യാത്ര പോയതാണ് ഗോവയിലേക്ക്. വീട്ടിൽ വാപ്പിയും, ഉമ്മിയും വിലക്കിയിട്ടും, ‘അവന്‍റെ ആഗ്രഹം നടക്കട്ടെ’ എന്ന് പറഞ്ഞ് അയാന് വേണ്ടി സംസാരിച്ചതും, പോകാൻ അനുവാദം വാങ്ങിച്ചെടുത്തതും സൈറയായിരുന്നു. ഗോവൻ ഫെനിയെക്കുറിച്ച് തർക്കിച്ച്, അവസാനം ‘സൈറാത്തക്ക് ഞാൻ തിരിച്ച് വരുമ്പോൾ ഒരു ബോട്ടിൽ ഫെനി എന്തായാലും കൊണ്ട് വരും’ എന്ന ഉറപ്പും നൽകിയാണ് അവൻ യാത്രയായത്.

നെറ്റിയിലും, കവിളിലും വീണുടഞ്ഞ മഴത്തുള്ളികൾ സൈറയെ വീണ്ടും വീണ്ടും അയാൻന്‍റെ ഓർമകളിലേക്ക് തന്നെ വലിച്ചിട്ടു.

ഇവിടെയാണ് അവൻ അവസാനമായി വന്നിരുന്നത്. ഒരു പക്ഷേ ഈ പാറക്കൂട്ടങ്ങൾക്കിടയിൽ ഇരുന്നായിരിക്കും അവൻ എനിക്ക് അവസാനം മെസ്സേജ് അയച്ചത്. ‘എന്നിട്ട് നീ എവിടെപ്പോയി അയാൻ..? കൂട്ടുകാരെ കൂട്ടാതെ സൈക്കിൾ എടുത്ത് ബീച്ചിൽ വന്ന്, അവിടെ നിന്ന് നീ എങ്ങോട്ട് പോയി..?’

സൈറ അവ്യക്തമായി എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. അവളുടെ കൺമുന്നിൽ ആ ദിവസവും, സന്ദർഭങ്ങളും തെളിഞ്ഞ്, മാഞ്ഞുകൊണ്ടിരുന്നു.

വാപ്പിയുടെ കയ്യിൽ മുറുകെ പിടിച്ച് ‘അയാൻന്ന് ഒന്നും സംഭവിക്കരുതേ’ എന്ന് അല്ലാഹുവിനോട് കരഞ്ഞ് പറഞ്ഞ് നിൽക്കുന്ന സൈറ. കടൽത്തീരത്ത് അയാൻ ഉപേക്ഷിച്ച സൈക്കിളിന് ചുറ്റും നിറയേ പോലീസുകാർ. അതിലൊരാൾ സൈക്കിളിൽ നിന്നും കിട്ടിയ അവന്‍റെ ബാക്ക് പാക്കും, അരികെ കിടന്ന ഷൂവും തങ്ങളെ കാണിച്ച് അത് അവന്‍റെ തന്നെ അല്ലേ എന്ന് ഉറപ്പാക്കി. ബാഗിൽ മൊബൈലും, പഴ്സും ഭദ്രമായി വച്ചിട്ടുണ്ടായിരുന്നു.

ആവശ്യമെങ്കില്‍ തിരിച്ച് വാങ്ങും എന്ന് പറഞ്ഞ് പോലീസ് വാപ്പിയുടെ കയ്യിൽ കൊടുത്ത അയാൻന്‍റെ മൊബൈൽ സൈറ വാങ്ങി. അതിലെ കോൾലിസ്റ്റ് മുഴുവനും അവളുടെ മിസ്സ്ഡ് കോളുകൾ ആയിരുന്നു. അവസാനമായി അവൻ സംസാരിച്ചതും, മെസ്സേജ് അയച്ചതും അവൾക്ക് തന്നെ ആയിരുന്നു. പിന്നീടങ്ങോട്ട് കുറേ അന്വേഷണങ്ങൾ, തിരച്ചിലുകൾ. പക്ഷേ എല്ലാം വിഫലമായിരുന്നു.

ഇപ്പോഴും അയാൻന്‍റെ തിരോധാനം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. അവനെ കാണാതായ അന്ന് എത്തിയതാണ് സൈറ ഗോവയിൽ. നാട്ടിലെ ജോലിയും, വീടും എല്ലാം ഉപേക്ഷിച്ച് ഒരു പറിച്ചു നടൽ. അവളിപ്പോഴും വിശ്വസിക്കുന്നത് അയാൻ തിരിച്ച് വരും എന്നാണ്. നാട്ടിൽ കോളേജ് ലക്ചറർ ആയിരുന്ന സൈറ ഇപ്പോൾ ഗോവയിൽ ഒരു പ്രീ പ്രൈമറി ടീച്ചറാണ്.

മറ്റെല്ലാവരും അയാൻ ഇനി തിരിച്ചുവരാൻ ഉള്ള സാധ്യത ഇല്ല എന്ന സത്യവുമായി പൊരുത്തപ്പെട്ട് തുടങ്ങിയിരിക്കുന്നു. പക്ഷേ സൈറ ഇപ്പോഴും അവൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. അങ്ങനെ മടങ്ങി വരുമ്പോൾ സ്വീകരിക്കാൻ താൻ അവിടെ തന്നെ ഉണ്ടാവണം എന്നുള്ളത് അവളുടെ നിർബന്ധമായിരുന്നു. അതുകൊണ്ടാണല്ലോ പലപ്പോഴും അജ്ഞാത മൃതദേഹം തിരിച്ചറിയാനുള്ള യാത്രകളിൽ ഒന്നിൽ പോലും അവൾ വാപ്പിയുടെ കൂടെ പോകാഞ്ഞത്.

ചിലപ്പോഴൊക്കെ താളം തെറ്റുന്ന മനസ്സുമായി ജീവിക്കുന്ന സൈറയെ തനിച്ചാക്കാൻ കഴിയാത്തതുകൊണ്ട്, വാപ്പിയും ഉമ്മിയും അവളോടൊപ്പം ഗോവയിൽ തന്നെ ഉണ്ട്. തങ്ങളുടെ ഒരേ ഒരു മകളെക്കൂടി വിധിക്ക് വിട്ട് കൊടുക്കാൻ തയ്യാറാകാതെ എങ്ങനെയൊക്കെയോ പൊരുതിക്കൊണ്ടിരിക്കുന്ന നിസ്സഹായരായ മാതാപിതാക്കൾ.

“സൈറാ.. മോളേ സൈറാ..” ഉച്ചത്തിൽ ഉള്ള ആ വിളിയിൽ അവൾ സ്വബോധത്തിലേക്ക് തിരിച്ച് വന്നു. അപ്പോഴാണ് ശരീരത്തിൽ ശക്തമായി വീണ് കൊണ്ടിരിക്കുന്ന മഴത്തുള്ളികളെ സൈറ അറിഞ്ഞത്. ദൂരെ നിന്നും തന്‍റെ അടുത്തേക്ക് ഓടി വരുന്ന വാപ്പി. കാറ്റിന്‍റെ ശക്തിയിൽ കുതറി മാറുന്ന കുടയെ ദൂരേക്കെറിഞ്ഞ് അവൾക്കരികിലേക്ക് ഓടി അണഞ്ഞ്, കാലിടറി വീണ് പോയ വാപ്പിയെ സൈറ കൈകളിൽ താങ്ങി.

“മോളേ നീ എന്ത് പണിയാ കാണിച്ചത്.? തനിയെ ഡ്രൈവ് ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുള്ളതല്ലേ. വാപ്പി വരുന്നത് വരെ കാത്തിരിക്കാമായിരുന്നില്ലെ..? എന്നും മുടക്കം കൂടാതെ നിന്നെ ഇവിടെ കൊണ്ട് വരുന്നതല്ലേ ഞാൻ?”

“അവനെന്നെ വിളിച്ച പോലെ വാപ്പി.” “ഞാനിവിടെത്തി ഇത്താത്താ, വേഗം വാ” എന്നും പറഞ്ഞ്.
തൊണ്ടയിൽ തങ്ങി നിന്ന ഗദ്ഗദം വിഴുങ്ങിയ അയാൾക്ക് ‘യാ അല്ലാഹ്’ എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിഞ്ഞില്ല. ‘അവനെ ഞങ്ങൾക്ക് തിരിച്ച് തന്നേക്കണേ നാഥാ’ എന്ന് മനസ്സിൽ ഉരുവിട്ട് സൈറയെ ചേർത്ത് പിടിച്ച് അയാൾ നടന്നു.

കാത്തിരിപ്പിന്‍റെ ഒരു ദിവസം കൂടി അവസാനിപ്പിച്ച് അവിടെ നിന്നും പോകുമ്പോൾ സൈറ കേട്ടു.. മഴയുടെയും, കടലിന്‍റെയും ഒന്നായുള്ള ശബ്ദത്തോടൊപ്പം ‘വേഗം വാ സൈറാത്താ..’ എന്ന അയാൻന്‍റെ നേർത്ത ശബ്ദവും.

പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരം സ്വദേശിനി. പ്രവാസി ആയിരുന്നു, ഇപ്പോൾ പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 'അനാമിക' ആദ്യ കഥ ആണ്.