ശ്രീരഞ്ജിനി പൂജാര

ഒരു തമിഴ് സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു കാസർകോട്ടുകാരിയായ ശ്രീരഞ്ജിനിയെ ഞാൻ ആദ്യമായി കണ്ടത്. സെറ്റിലെ രണ്ട് മലയാളികളെന്ന നിലക്ക് അന്ന് സന്ധ്യയ്ക്ക് ഞാനും, ശ്രീരഞ്ജിനിയും വളരെ പെട്ടന്ന് തന്നെ അടുത്തു. ശാന്തസ്വരൂപയായ അവൾ പതുക്കെയായിരുന്നു സംസാരിച്ചിരുന്നത്. അതിനാൽ തന്നെ ചെവി കൂർപ്പിച്ചു വെച്ചാൽ മാത്രമേ അത് കേൾക്കുമായിരുന്നുള്ളൂ. ആ സിനിമയിൽ അത്യാവശ്യം നല്ല റോളും അവൾക്ക് ലഭിച്ചിരുന്നു. കൂടാതെ പാട്ട് സീനിലും അവളുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് അന്നത്തേക്ക് പായ്ക്കപ്പ് പറഞ്ഞപ്പോൾ ശ്രീരഞ്ജിനിയും അവളുടെ മാനേജരായിരുന്ന ഒരു സ്ത്രീയും എനിക്കരികിൽ വന്ന് ഒരു സഹായം ചോദിച്ചു.

അതായത് അവർക്ക് ബ്രാൻഡഡ് ബിയർ ലഭിക്കണം. ഞാൻ ഉടൻ തന്നെ അതേറ്റ് ബൈക്കെടുത്ത് പോയി ഒരു നാലഞ്ച് ബോട്ടിൽ ഹെനിക്കേൻ ഫ്ലാറ്റിലെത്തിച്ചു കൊടുത്തു. അന്നവിടെ ശ്രീരഞ്ജനി ഒരു സാധാരണ യുവതിയായ് മെയ്ക്കപ്പൊന്നുമില്ലാതെ ഇരിക്കുന്നത് കണ്ട് ഒന്ന് നോക്കിയെങ്കിലും തികച്ചും സ്വാഭാവികമായ അവളുടെ രൂപം അതുപോലെ തന്നെ പ്രതികരിക്കുന്നത് കണ്ട് ഞാൻ അമ്പരന്നു പോയി. ഞാൻ നോക്കിയപ്പോൾ അവൾ ഒരു ഷാൾ എടുത്ത് തന്റെ നഗ്നമായ കൈ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് ശരിക്കും ഒരു കുമ്പളക്കാരിയായ് സംസാരിക്കുന്നതായിരുന്നു കണ്ടത്. ശബ്ദവും പൊങ്ങുന്നുണ്ട് ! എനിക്കത് വ്യക്തമായ് തന്നെ അത് കേൾക്കുകയും ചെയ്യാമായിരുന്നു. എന്നാൽ സെറ്റിൽ അവൾ പറയുന്നതെന്താണെന്നറിയാൻ ചെവി കൂർപ്പിച്ച് നിൽക്കണമായിരുന്നു.

സിനിമയിൽ അതി സുന്ദരിയായ ശ്രീരഞ്ജിനി ഇരുനിറത്തിൽ മുഖത്ത് മുഖക്കുരുവിന്റെ പാടുകളുമായ് സാധാരണ കൈകാലുകളുമായ് എന്റെ മുന്നിൽ നിൽക്കുന്നു ! നടിശ്രീരഞ്ജിനിയാണോ എന്ന് ഞാൻ സംശയിച്ചെങ്കിലും അവളിൽ എവിടെയൊക്കൊയേ സെറ്റിലും സ്ക്രീനിലും കാണുന്ന വശ്യയായ ആ സുന്ദരിയുണ്ടായിരുന്നു.

ഞാൻ മനസിൽ പറഞ്ഞു ശ്രീരഞ്ജിനി. വിക്രമിന്റെ കൂടെ നടിച്ച മലയാളിപ്പെൺകുട്ടി. തമിഴരുടെ മനം കവർന്ന സുന്ദരി ഇതാ എനിക്കരികിൽ നിൽക്കുന്നു. അവൾ എന്നെ ബിയർ കഴിക്കാൻ നിർബന്ധിച്ചെങ്കിലും ആ ക്ഷണം ഔപചാരികമായ് നിഷേധിച്ചു കൊണ്ട് ഞാനെന്റെ റൂമിലേക്ക് തിരികെ പോന്നു. വേളാച്ചേരിയിലെ ഒരു ചെങ്ങാതിയുടെ പേയിംഗ് ഗസ്റ്റായിരുന്നു അന്ന് ഞാൻ. എന്റെ ഡിപ്രഷൻ മനസ്സിലാക്കിയതു കൊണ്ടാണെന്നു തോന്നുന്നു അവൻ വാടകയൊഴികെ എന്നോടൊന്നും ചോദിക്കാറില്ലായിരുന്നു. തിരിച്ച് ഞാനും ഒന്നും മിണ്ടില്ല. എന്നോ ഒരിക്കൽ മാത്രം അവൻ തന്റെ വിവാഹത്തെ പറ്റി സംസാരിച്ചിരുന്നു. അന്നവന് മുപ്പത്തിമൂന്ന് വയസ്സ് ! എനിക്ക് ഇരുപത്തൊമ്പത്. ഞങ്ങളുടെ ധാരണ മുപ്പതു വയസിലൊക്കെ സെറ്റിൽഡ് ആകുമെന്നൊക്കെയായിരുന്നു. ഒരിക്കൽ മാത്രം അവൻ എന്നോട് ഇക്കാര്യം സംസാരിച്ചു. ശേഷം ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു

“മുപ്പത്തിനാലാം വയസ്സിലും കക്ഷത്ത് ഒരു ഫയലും ഇറുക്കിപ്പിടിച്ച് ഇന്റർവ്യൂവിന് പോകുന്ന ഞാൻ കല്യാണം കഴിക്കാൻ നടക്കുന്നു. എന്തൊര് കോമഡിയാല്ലേ! നാൽപ്പത്തി നാലിലും ഞാനിങ്ങനെ നടക്കുമായിരിക്കാം “

“ബ്ലാക്ക് ഹ്യൂമർ ” ഞാൻ പറഞ്ഞു. ശേഷം അവനൊരു സിഗററ്റ് നീട്ടി. അവന്റെ വിവാഹത്തെ പറ്റി ഞാനെന്തെങ്കിലും ചോദിക്കുമെന്ന് അവൻ കരുതിയിരുന്നെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയെങ്കിലും ഒന്നും ചോദിച്ചില്ല. സത്യത്തിൽ ഞാൻ അതിനു മാത്രം ബോറനായിരുന്നു. തമിഴ് സിനിമയിൽ പ്രവർത്തിച്ചിരുന്ന ഒരു ചെങ്ങാതിയുടെ വേക്കൻസിയിലായിരുന്നു ഞാനവന്റെ റൂമിലെത്തിപ്പെട്ടത്.

ഒരിക്കൽ മാത്രം അവൻ എന്നോട് ചോദിച്ചു “വിവാഹത്തിന് ലൈഫ് സെറ്റിൽഡാവാൻ കാത്തിരിപ്പാണോ നീ? “
“അല്ല. പറ്റിയ ഒരു പെൺകുട്ടിയെ കണ്ടു കിട്ടിയാൽ ഞാൻ കല്യാണം കഴിക്കും. ഒറ്റയ്ക്ക് ജീവിക്കാൻ എനിക്ക് പറ്റില്ല . എത്ര നാളു വെച്ചാ ഇങ്ങനെ ? “

“പക്ഷെ സ്ഥിരമായൊരു ജോലി …. “

“അതൊരു കോൺസെപ്റ്റ് മാത്രമല്ലേ ? എന്തിനാണിവിടെ സ്ഥിരതയുള്ളത് ?”

“സ്ഥിരമായ ജോലി വേണം. എവിടെയെങ്കിലുമൊന്ന് ഉറച്ച് നിൽക്കണം. മടുപ്പ് ബാധിച്ച് തുടങ്ങി”

“നീ പ്രണയിക്ക്”

“പറയാനൊരു നല്ല ജോലിയില്ലാത്ത; കാണാൻ ലുക്കില്ലാത്ത എന്നെ ആര് പ്രണയിക്കാനാ ഡോ ?”

“വെറും തോന്നൽ മാത്രം. പക്ഷെ …..”

“പറ”

“പക്ഷെ വിവാഹത്തിലെത്താൻ എന്തോ ഒരു മാന്ത്രിക ട്വിസ്റ്റ് അനിവാര്യമാണ്”

“നിന്റെ ജീവിതത്തിൽ പ്രണയമുണ്ടായിരുന്നോ ? “

“ധാരാളം”

“പിന്നീടെന്ത് സംഭവിച്ചു ?”

“മാന്ത്രിക ട്വിസ്റ്റുണ്ടായില്ല”

“യോഗം വേണം”

“ശരിയാണ്”

“ഇനി നീ പ്രണയിക്കുമോ ?”

“ഇല്ല. എന്നാൽ വിവാഹം കഴിക്കാനും , എന്റെ കൂടെ താമസിക്കാനും എനിക്കൊരു പെണ്ണ് വേണം . ഇത് കേൾക്കുമ്പോ ഞാനൊരു പഴഞ്ചൻ മെയിൽ ഷോവനിസ്റ്റ് നാട്ടുമ്പുറംകാരനാണെന്ന് നിനക്ക് തോന്നുന്നുണ്ടാകും. ഒരർത്ഥത്തിൽ അത് ശരിയാണ്. എന്റെ മക്കളുടെ അമ്മയാകാൻ, എനിക്ക് ചോറു വിളമ്പിത്തരാൻ ഒരു പെണ്ണ് … പിന്നെ എനിക്ക് സ്നേഹിക്കാൻ, പ്രണയിക്കാൻ , എന്നെ നിലയ്ക്ക് നിർത്താനും , പാശത്തടവറയിൽ ബന്ധിക്കാനും ഒരു പെണ്ണ് അത്യാവശ്യമാണ് ചെങ്ങാതീ “

പിറ്റേന്ന് രാവിലെ ഷൂട്ടിംഗ് സൈറ്റിലെ തിരക്കിലും ബഹളത്തിലും ഞാൻ ശ്രീരഞ്ജിനിയെ വിഷ് ചെയ്തെങ്കിലും അവൾ തിരിഞ്ഞു നോക്കിയതു പോലുമില്ല. സിനിമ ഇങ്ങനെയൊക്കെയാണ്. നാളെ ഞാനൊരു വലിയ ഡയറക്ടറാകുമ്പോൾ സാറെ , പൂ … എന്ന് വിളിച്ച് കൊഞ്ചിക്കുഴയാൻ വരും. ചിലപ്പോൾ ബെഡ്റൂമിൽ വരെ ഇവളൊക്കെ വന്നെന്നിരിക്കാം. ഇതെല്ലാം ഇതിൽ പറഞ്ഞതായതിനാൽ എന്നെ നോക്കി കളിയാക്കി ചിരിച്ച അസി:ഡയറക്ടർമാരിൽ ഒരുവനോട് ഞാനലറി ” നോക്കി നിക്കാതെ സ്ക്രിപ്റ്റെടുത്തു വാടാ മൈ …. “

ഡയറക്ടറുടെ സ്വന്തക്കാരന്റെ ഒടുക്കത്തെ ഭരണം എന്നൊക്കെ അവൻ മനസ്സിൽ പറഞ്ഞു കാണണം. കൂടെ നാല് തെറിയും.

അക്കാലത്തെ ഒരു മണകുണാഞ്ചനായിരുന്നു നായകൻ. അവൻ ശ്രീരഞ്ജിനിയോട് ഒലിപ്പിച്ചു കൊണ്ടിരിക്കുന്നു. വളരെ ശാന്തയായി പതുക്കെ ശ്രീരഞ്ജിനി മറുപടി പറയുന്നു. കാര്യം അവളുടെ മാസ്റ്റർ പീസായിരുന്നു പതുക്കെയുള്ള വർത്തമാനവും ശാന്തതയും. ചില ഇന്റർവ്യൂകളിലെ ഹൈലൈറ്റ് പോലും അതായിരുന്നു.

ഞാനടുത്ത് തന്നെ ഇരുന്നിട്ടും ഉച്ചയ്ക്ക് ചോറു കഴിക്കുമ്പോഴും ശ്രീരഞ്ജിനി കണ്ടഭാവം നടിച്ചതേയില്ല. അവൾ ഡയറക്ടറോട് ‘പതുക്കെ’ സംസാരിക്കുകയും, ആരും കേൾക്കാതെ ചിരിക്കുകയും ചെയ്തപ്പോൾ ഈ നടി ഡിപ്രഷൻ ആർടിസ്റ്റാണോ എന്നു പോലും ഞാൻ സംശയിച്ചു. എങ്കിലും അവളുടെ സാമീപ്യം ഏതോ ഒരു ധനാത്മക ഊർജ്ജം പ്രദാനം ചെയ്യുന്നുവോ എന്നൊരു തോന്നൽ.

അവൾ ശ്രദ്ധിക്കാതിരുന്നിട്ടും ഞാൻ അവളെ തന്നെ നോക്കി നിന്നു. നിലാവ് പോലെ ശാന്തയായ ഒരു പെൺകുട്ടി. പാതിയടഞ്ഞ കണ്ണുകൾ. മെലിഞ്ഞ ശരീരം. ഗതകാല ഡിപ്രഷൻ മുഖത്ത് കാണാമെങ്കിലും അവൾ ഇടയ്ക്ക് മന്ദഹസിക്കുന്നുണ്ട്. കാരണം അവർക്കതിന് സാധിക്കുന്നു എന്നെനിക്ക് മനസ്സിലായി. യാതൊരു സോഷ്യൽ ആങ്സൈറ്റിയുമില്ലാതെ അവൾ ആളുകളുമായി ഇടപഴകുന്നു, ക്യാമറയ്ക്കുമുന്നിൽ അഭിനയിക്കുന്നു.

അവർക്ക് ഒരേ ഒരു കൂട്ടുകാരിമാത്രമേ ഉണ്ടായിരുന്നുള്ളൂ, ദിലീന. അവൾ തന്നെയായിരുന്നു ശ്രീരഞ്ജിനിയുടെ മാനേജരും. ദിലീന പറയുന്നതെല്ലാം ശ്രീരഞ്ജിനി ചെയ്യുമായിരുന്നു. അവർക്കിടയിലെ ഏക പുരുഷ കഥാപാത്രം മണ്ടനെപ്പോലെ അഭിനയിക്കുന്ന ഡ്രൈവർ ചന്തുവായിരുന്നു. അൽപം തടിച്ച കാഴ്ചയിൽ പരുക്കനും എന്നാൽ പരമസാധുവുമായ ഒരു മനുഷ്യനായിരുന്നു ചന്തു. ചന്തുവിന്റെ പ്രകൃതം ആക്റ്റിംഗ് ആണോ അതോ സ്വാഭാവികമാണോ എന്ന കാര്യത്തിൽ ഇന്നും എനിക്ക് സംശയം തീർന്നിട്ടില്ല. ജീവിക്കാൻ വേണ്ടി പുരുഷൻമാർ പല നാടകങ്ങളും കളിക്കും. അതിലൊന്നാകാം ചന്തുവുന്റെ മണ്ടത്തരങ്ങൾ. അവനെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കലാണ് ദിലീനയുടേയും ശ്രീരഞ്ജിനിയുടേയും പ്രധാന ഹോബി.

പായ്ക്കപ് പറഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞാൽ റൂമിൽ ശ്രീരഞ്ജിനി തനിച്ചിരിക്കുന്നത് കാണാം. ചിലപ്പോൾ ടി വി കാണുന്നുണ്ടാകും. ഞാനവളെ എന്നും ശ്രദ്ധിക്കുന്നതിനാൽ ഒരു ദിവസം ധൈര്യം സംഭരിച്ച് ഞാനവളോട് ചോദിച്ചു

“എവിടെ മാനേജർ ? ഒറ്റയ്ക്കാണോ ? “

“പുറത്തുപോയതാ “

“ശ്രീരഞ്ജിനി ഭയങ്കര ജാഡക്കാരിയാണെന്നൊക്കെ ഗോസിപ് വരുന്നു”

“അതേയോ ?”

“ഉം”

“വെറുതെ പറയുന്നതാ എവിടെന്നാ കേട്ടത് ? “

“ഇന്നലെ കലൈഞ്ജർ ടി.വി ഓഫീസിൽ പോയിരുന്നു. അവിടന്ന് ഒരു ആങ്കർ പറഞ്ഞു. നീ പരിചയക്കാരോട് പോലും മിണ്ടില്ല. കണ്ടഭാവം നടിക്കില്ല. അങ്ങനെ പലതും”

“ഉം മനസ്സിലായി”

“നമ്മുടെ സെറ്റിൽ ഇതൊന്നും പറ്റില്ലല്ലോ. ഡയറക്ടറുടെ സുഹൃത്തിന് അതൊന്ന് പറഞ്ഞു കൂടേ ?”

“നോക്കട്ടെ”

“ഒന്നും തോന്നരുത് “

“എന്ത് തോന്നാൻ. പിന്നെ അടുത്ത പടം ആയോ ? “

“ഇതേ വരെ വന്നില്ല”

“ഓക്കെ”

റോട്ടിലൂടെ നടന്നു പോരുമ്പോൾ എന്റെയുള്ളിൽ ശ്രീരഞ്ജിനി പതിഞ്ഞിരുന്നു. ഒറ്റയാനായ ഇരുപത്തേഴുകാരന്റെ ഉള്ളിൽ വീണ്ടും സ്ത്രീ നൃത്തം ചെയ്തു തുടങ്ങി. പുരുഷ ജൻമത്തിന്റെ അവസ്ഥയാണിത്. സ്ത്രീയെക്കൂടാതെ അവന് ജീവിക്കാനാവില്ല. എന്നെന്നേയ്ക്കുമായ് ശ്രീരഞ്ജിനി തന്റെ ജീവിതത്തിന്റെ ഭാഗമാകാൻ വേണ്ടി ഇനി എന്തെല്ലാം ചെയ്യണമെന്ന ചിന്തയിൽ ഞാൻ മുഴുകിയപ്പോൾ ഒരു കാൾ വന്നു. അപ്പുറത്ത് ശ്രീരഞ്ജിനിയായിരുന്നു.

“ശ്രീരഞ്ജിനീ പറയൂ “

“രാജ് ഇവിടെ ഒന്നു വരാമോ ? “

“ദിലീനയില്ലേ അവിടെ ? നീ ഒറ്റയ്ക്കാണോ ?”

“ദിലി നാട്ടിൽ പോയി. ഞാനൊറ്റയ്ക്കാണ്”

“എത്തി. പിന്നെ നിനക്ക് ഫുഡ് വേണോ ?”

” ഉം. മസാലദോശ വാങ്ങിക്കോളൂ”

തൊട്ടപ്പുറത്തെ ശൈവം ഹോട്ടലിൽ നിന്നും മസാല ദോശയും, വടയും പാർസൽ വാങ്ങി ഞാൻ ശ്രീരഞ്ജിനിയുടെ ഫ്ലാറ്റിലേക്ക് വണ്ടി വിട്ടു. അവിടെ അവൾ തനിച്ചിരിപ്പായിരുന്നു. അവളുടെ മുഖമാകെ വാടിയിരുന്നു.

ഞാൻ ചോദിച്ചു ” നിനക്കെന്തെങ്കിലും അസുഖമുണ്ടോ ?

“ഉം. ഞങ്ങളുടേതായ അസുഖം”

“ശരി. റെസ്റ്റെട്. ഞാൻ കാപ്പിയിടാം “

“ഇരിക്ക്. നമുക്കെന്തെങ്കിലും സംസാരിക്കാം”

സംസാരത്തിനിടെ ഞാൻ ചോദിച്ചു “നിനക്ക് ബോയ് ഫ്രണ്ട്സായിട്ട് ആരെങ്കിലുമുണ്ടോ ? “

“ഇപ്പോഴില്ല “

“നിങ്ങൾ ആണുങ്ങൾക്ക് ഇത് മാത്രമാണോ ചോദിക്കാനുള്ളത് ?”

“വെറുതെ ചോദിച്ചെന്നേയുള്ളൂ”

“പിന്നെ എന്നെ പറ്റി ഡയറക്ടറുടെ അഭിപ്രായമെന്താണ് രാജ് ? കാര്യം രാജ് പുള്ളിയുടെ അടുത്ത കൂട്ടുകാരനല്ലേ ?”

“നിന്നെ വലിയ കാര്യമാണവന് . നിന്റെ കഴിവിലും വലിയ മതിപ്പാണ് പുള്ളിയ്ക്ക് “

“കാമറാമാൻ എന്നെ പറ്റി എന്താ പറയാറുള്ളത് ? “

“നീ ഫോട്ടോജനിക് ആണെന്നാ പുള്ളി പറയുന്നത് ? “

“റിയലി ? “

“ഉൺമൈ”

സോഫയിൽ ചാരിയിരിക്കുന്ന അവളുടെ അലസമായ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു..

“സൗത്തിന്ത്യയിലെ ഏറ്റവും സുന്ദരിയായ നടിയാണ് നീ “

“എന്നെ സുഖിപ്പിക്കാൻ പറയുന്നതല്ലേ ?”

“നിനക്ക് വേണ്ടി ഞാനൊരു സിനിമാക്കഥ എഴുതുന്നുണ്ട് “

“വിശ്വസിച്ചു”

“നിന്നെ പറ്റി ഞാനെപ്പോഴും ഓർക്കാറുണ്ട്. കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും വന്ന ഒരു പെൺകുട്ടി തമിഴ് – മലയാള സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന അത്ഭുതം”

“ഉം “

ശേഷം അവൾ പറഞ്ഞു “ഭയങ്കര തലവേദന”

അന്നേരം ഞാനവളോട് ഒരു ഡ്രിങ്കിനെ പറ്റി പറഞ്ഞു. അതിനല്‌പം വൈറ്റ് റമ്മും രണ്ട് ചുവന്നതും, പച്ചയുമായ ആപ്പിളുകളും ആവശ്യമായിരുന്നു. ഉടൻ തന്നെ അവ രണ്ടും വരുത്തിച്ചു. അവ എത്തുന്ന കാലവിളംബത്തിനിടെ ഞാനവൾക്ക് ഒരു കഥ പറഞ്ഞു കൊടുത്തു

“ശ്രീരഞ്ജിനീ ഹിച്ച് കോക്ക് സിനിമകളിലൊന്നിൽ നായകൻ ജോവാൻ സ്മാർത്തിന് ഓൾഗ എന്ന നാടൻ പെൺകുട്ടി ഉണ്ടാക്കിക്കൊടുത്ത ഒരു സ്പെഷ്യൽ ഡ്രിങ്കാണ് നമ്മൾ ഇന്ന് പ്രിപ്പയർ ചെയ്യാൻ പോകുന്നത്. ഹെഡ് ഏയ്ക്ക് മാത്രമല്ല മനസിനെ ബാധിച്ച എല്ലാ വേദനകളും അത് പാനം ചെയ്യുന്നതിലൂടെ വിട്ടുപോകുന്നതായിരിക്കും “

“ഉവ്വോ ?”

“അതെ. നീ നോക്കിക്കോ “

സാധനങ്ങൾ എത്തിയപ്പോൾ ഞാൻ ഹിച്ച്കോക്കിയൻ ഡ്രിങ്ക്സുണ്ടാക്കി ശ്രീരഞ്ജിനിക്ക് നൽകി. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ മെല്ലെ ചോദിച്ചു

“തലയിൽ നിന്നും ഒരു വണ്ട് താഴെ വീണതുപോലെ തോന്നുന്നില്ലേ ? “

“അതെ “

“ഇനി നീ നന്നായ് ഉറങ്ങ്. ഞാൻ പുറത്തിരിപ്പുണ്ട് “

പിറ്റേന്ന് രാവിലെ അവൾ എന്നെ വിളിച്ചു “എവിടെ ?”

“ഞാനിവിടെ എന്റെ റൂമിലുണ്ട് “

“ഇന്ന് വരില്ലേ ? “

“വരും “

അന്ന് രാവിലെ എട്ടുമണിയോടെ രണ്ട് മേക്കപ് ആർടിസ്റ്റുകളുടെ അകമ്പടിയോടെ ശ്രീരഞ്ജിനി എത്തിയപ്പോൾ സെറ്റാകെ ഉണർന്നു. ഡയറക്ടറുടെ അടുത്ത് നിൽക്കുകയായിരുന്ന എന്നെ അവൾ വിഷ് ചെയ്തപ്പോൾ അവൻ എന്നെ ഒന്നു നോക്കി. ഞാനവന്റെ ചെവിയിൽ പറഞ്ഞു ” ഒന്നുമില്ല. ചുമ്മാ “
“പടം തീരും വരെ ഒന്നുമുണ്ടാകരുത്. കണ്ണും , മനസ്സും സിനിമയിൽ മാത്രമായിരിക്കണം. ഒരു വെള്ളിയാഴ്ചയാണ് നമ്മുടെ ഭാവി നിർണയിക്കുക. ആ ദിനത്തിനു വേണ്ടി തപസ്സനുഷ്ഠിക്കണം. പല ഉർവശിമാരും, മേനക, രംഭ, തിലോത്തമമാരും വരും. പതറരുത്. ഓർത്തോ ആ ഒരു വെള്ളിയാഴ്ചത്തെ ആദ്യ ഷോ . ഓക്കെ “

“ഓക്കെ സാർ . ആക്ഷൻ പറഞ്ഞാലോ ? “

“ഉം. തുടങ്ങാം “

അന്നത്തെ ഷെഡ്യൂളിൽ ശ്രീരഞ്ജിനി നന്നായ് പെർഫോം ചെയ്തു. സിനിമ എന്ന ഭാരിച്ച ഉത്തരവാദിത്വംവും വെള്ളിത്തിരയിലെ ഭാഗ്യപരീക്ഷണവും എന്റെ തലയ്ക്കു മീതെ ഒരു ഡമോക്ലസ് വാളുപോലെ തൂങ്ങിക്കിടന്നിരുന്നതിനാൽ ആ ദിനം മുഴുവൻ ഞാൻ ശ്രീരഞ്ജിനിയെ ശ്രദ്ധിച്ചതേയില്ല. രണ്ടാമത്തെ കാര്യം എന്റെ ഇൻഫീരിയോറിറ്റി കോംപ്ലക്സും, ഭയവുമായിരുന്നു. എന്നെക്കാൾ എത്രയോ ഉയരത്തിൽ നിൽക്കുന്ന , സെറ്റ്ൽഡായ ഒരു കലാകാരിയാണ് ശ്രീരഞ്ജിനിയെന്ന കാര്യം ഓരോ നിമിഷത്തിലും എന്റെ മനസ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു. സിനിമയിലോ, സ്ക്രിപ്റ്റിലോ, ഡയറക്ഷനിലോ ഞാനൊന്നുമല്ലെന്നും എന്റെ മനസ് ഇടക്കിടെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. തുച്ഛമായ പ്രതിഫലത്തിൽ ജോലി ചെയ്യുന്ന ഞാനൊന്നും സിനിമയെന്ന വിശാലമായ സമുദ്രത്തിലെ ഒരു ചെറു നെത്തോലി പോലും അല്ല എന്നത് എന്റെ ചിന്തയെ എപ്പോഴും മഥിച്ചിരുന്നു. കയ്യിൽ പണമില്ല , വാഹനമില്ല , കൂട്ടുകാരില്ല. ഒന്നുമില്ല. എങ്ങോട്ടോ ഒഴുകുന്ന ഒരു മരക്കഷണം. എന്നാലതിന് സർവവികാരങ്ങളുമുണ്ട്. പരിഗണനയ്ക്കും, സ്നേഹത്തിനും , അംഗീകാരത്തിനും വേണ്ടി അത് അലയുന്നു. കൊതിക്കുന്നു. അത് കിട്ടുന്നിടത്തേക്ക് പതിയെ അടുക്കുന്നു. എന്നാൽ ഒന്നു തങ്ങി നിൽക്കാനാകാതെ, മുട്ടിയുരുമ്മി നീങ്ങാനാകാതെ അത് നിരന്തരം അകന്നു പോയ്ക്കൊണ്ടിരിക്കുന്നു. ഭാഗ്യത്തിന് താഴുന്നില്ല. പൊട്ടിപ്പൊളിഞ്ഞ് ഇല്ലാതാകുന്നുമില്ല.

ലഞ്ച് ബ്രേക്കിൽ ഡയറക്ടർ സജി വിളിച്ച് എന്നോട് പറഞ്ഞത് നാളെ മധുരയിലെ ഒരു പഴയ കോവിലിനടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിൽ വെച്ചാണ് ഷൂട്ടിംഗ് എന്നായിരുന്നു. ശ്രീരഞ്ജിനിയുടെ കാര്യം മൊത്തം അവൻ എന്നെ ഏൽപ്പിക്കുകയും ചെയ്തു. അതിരാവിലെ അവരെ പിക്ചെയ്ത് കോവിലിനരികെ എത്തിക്കുകയും വേണം.

“വെള്ളിയാഴ്ചത്തെ ആദ്യ ഷോ ഓർമയിൽ വെച്ചോ ” സജി വിളിച്ചു പറഞ്ഞു. അതൊരു ഓർമപ്പെടുത്തലും , താക്കീതുമാണ്.

ഞാൻ മനസിൽ പറഞ്ഞു “അറിയാമെടേ . നീ നോക്കിക്കോ എനിക്കും കാണും ഒരു വെള്ളിയാഴ്ച “

പിറ്റേന്ന് രാവിലെ ഒരു സുമോ ഗ്രാണ്ടെയുടെ കീ കയ്യിൽ തന്ന് സജി എന്നോട് പറഞ്ഞു “ശ്രീരഞ്ജിനിയേയും അവളുടെ കൂടെയുള്ളവരെയും കൂട്ടി കറുപ്പുരായൻ കോവിലിനരികെ എത്തണം. വല്ലാതെ വൈകരുത്. അവർക്ക് വേണ്ട വെള്ളമൊക്കെ നീ വണ്ടിയിൽ കരുതണം. ന്നാ വേഗം വിട്ടോ “

ഫ്ലാറ്റിന്റെ മുറ്റത്ത് ഇളം ചുവപ്പ് ഗൗൺ ധരിച്ച് ശ്രീരഞ്ജിനി നിൽപുണ്ടായിരുന്നു. ദേവസുന്ദരി എന്നൊന്നും പറഞ്ഞാൽ മതിയാവില്ല. പാതിയടഞ്ഞ മിഴികൾക്ക് താഴെ അലസമായ കണ്ണുകൾ. സുന്ദരമായ മുഖം. എവിടെയോ ചെറിയൊരു ശോകം ഒഴിച്ചു നിർത്തിയാൽ അവൾ സന്തോഷവതി തന്നെയെന്ന് തീർത്തും പറയാം. കൂടെ മേക്കപ് ആർടിസ്റ്റും ദിലീനയുമുണ്ടായിരുന്നു. ഒരുവേള ഞാൻ ശ്രീരഞ്ജിനിയെ നോക്കി നിന്നപ്പോൾ അവൾ ചോദിച്ചു

“എന്ത് ന്ന് പറ്റീതപ്പാ ? “

“സുന്ദരിയായിരിക്കുന്നു”

“രാവിലത്തന്നെ സുഖിപ്പിക്കല്ലേ “

“അല്ലെ ഡോ സത്യം. നല്ല മജയുണ്ട് “

“കാസ്രോട്ടെ ഭാഷയൊക്കെ പഠിച്ചെറോ ? “

“ചെറ്ങ്ങനെ . ബല്ങ്ങനെ ആയിറ്റ “

അവൾ പൊട്ടി ചിരിച്ചു

ഞാൻ ചോദിച്ചു ” നീ കുമ്പള എവിടെയാണപ്പാ ? “

“ആട ഏതൊക്കെ ജാഗെ തിരിയുപ്പാ ? “

“ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം അറിയാം . തിരുവനന്തപുരത്തെ പത്മനാഭ ക്ഷേത്രവുമായി അതിന് ബന്ധമുണ്ടത്രേ ! “

“കേട്ടിട്ടുണ്ട് “

“പിന്നെ അനിൽ കുമ്പളെ, ശ്രീദേവി, ശില്പ ഷെട്ടി, സുനിൽ ഷെട്ടി, ഐശ്വര്യാ റായി എത്രയെത്ര കുമ്പളക്കാരാണ്. ലാസ്റ്റ് ശ്രീരഞ്ജിനി കുംബ്ലേയും “

“നോ. ശ്രീരഞ്ജിനി പൂജാര”

“മംഗളൂരിലെ അധോലോക നായകൻ രവി പൂജാര നിന്റെ ആരായിട്ട് വരും? “

“അപ്പനായിട്ട് വരും “

“ആഹാ . കൗണ്ടർ സിംഗമേ “

“എന്തൊക്കെയാ അറിയേണ്ടാത്തത് ? മനസ്സിലാവുന്നുണ്ട് മോനേ “

ഞാൻ മനസ്സിൽ പറഞ്ഞു “മിസ് : പൂജാരാ ഏതോ ഒരു വെളളിയാഴ്ചത്തെ മോണിംഗ് ഷോ അവിചാരിതമായ് ഹിറ്റായതോടെയാണ് നീ തെന്നിന്ത്യൻ നടി ശ്രീരഞ്ജിനിയായ് മാറിയത്. അതു പോലൊരു വെള്ളിയാഴ്ച എനിക്കും വരും. അന്നൊരു പക്ഷെ നീ എന്റെ പിന്നാലെ വന്നേക്കാം “

വെള്ളച്ചാട്ടത്തിലെ പാട്ട് സീനായിരുന്നു ഷൂട്ടിംഗ്. അതെല്ലാം ശ്രീരഞ്ജിനി നന്നായി ചെയ്തുവെങ്കിലും ഇടയ്ക്ക് പെട്ടന്ന് ഒരപകടമുണ്ടായി. മുകളിലാരോ തടയണ തുറന്നതിനാൽ വെള്ളം കുത്തിയൊലിച്ച് വരികയും ശ്രീരഞ്ജിനി താഴെയുള്ള കയത്തിലേക്ക് വീഴുകയും ചെയ്തപ്പോൾ ഞാനൊന്നും ആലോചിക്കാതെ എടുത്ത് ചാടി അവളെ കരയിലേക്കെത്തിച്ചു. അവൾ എന്റെ കഴുത്തിൽ തൂങ്ങിക്കിടന്ന നേരത്ത് അവളുടെ കണ്ണുകളിലേക്ക് ഞാനൊന്നു നോക്കി. അതിൽ ജീവിതവും, പ്രണയവുമുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന് മീതെ ഭൂലോക കോഴിയായ നായകൻ നോക്കി നിൽപുണ്ടായിരുന്നെങ്കിലും അവൻ എന്റെ വില്ലനാകുമെന്ന് ഞാനൊരിക്കലും കരുതിയതേയില്ല !

അന്നു രാത്രി എനിക്ക് ഉറക്കം വന്നതേയില്ല. എന്റെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന ശ്രീരഞ്ജിനിയായിരുന്നു മനസ് നിറയെ. ഞാൻ ഒരു കാര്യം മനസ്സിലുറപ്പിച്ചു – നീ എന്റേതാണ് ശ്രീരഞ്ജിനീ. നിന്നെ കിട്ടാനായ് ഏതറ്റം വരെയും ഞാൻ സഞ്ചരിച്ചിരിക്കും “

മനസ് നിറയെ ശ്രീരഞ്ജിനി മാത്രം. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും ശ്രീരഞ്ജിനി, ശ്രീരഞ്ജിനി. ഇക്കാര്യം ഒരു ദിവസം ഡയറക്ടർ സജിയോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു…

“അതിമോഹമാണ് രാജാ. അതിമോഹം. ആകാശത്തിനു കീഴെയിരുന്ന് അമ്പിളിമാമനെ മോഹിക്കുന്നത് അൾട്ടിമേറ്റ്ലി ഒരു ക്രൈം അല്ലാത്തതിനാൽ താൻ ശ്രീരഞ്ജിനിയെ മനസിൽ കൊണ്ടു നടന്നോളൂ. എന്നാൽ ഒരു കാര്യം നീ അറിയണം. മംഗലാപുരത്തെ അധോലോക നായകൻ വിഗ്നേഷ് പൂജാരയുടെ ഭാവി വധുവാണവൾ. നീ എങ്ങാനും പിന്നാലെ നടന്നാൽ വിഗ്നേഷ് മധുരയിൽ വന്ന് നിന്നെ വെടിവെച്ച് കൊന്ന് ഏതെങ്കിലും കാനയിൽ കൊണ്ടു തള്ളും. പോലീസൊന്നും അന്വേഷിക്കില്ല ഡോ. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഒരു പ്രമുഖൻ ഇടപെട്ടിരിക്കും. അതിനാൽ റിസ്കെടുക്കാൻ നീ തയാറാണെങ്കിൽ ആദരാഞ്ജലി നേരുന്നു. ഗുഡ് നൈറ്റ് രാജാ. ഗുഡ് നൈറ്റ്. നാളെ എന്റെ പൊന്നുമോൻ നേരത്തേ എഴുന്നേൽക്കണം സുമോ എടുത്ത് ഒരിടം വരെ നമുക്ക് പോകാനുള്ളതാ “

ഷൂട്ടിംഗ് ഏകദേശം തീരാറായി. ഒരു ദിവസം സന്ധ്യയ്ക്ക് ശ്രീരഞ്ജിനിയെ വണ്ടിയിൽ കൊണ്ടു വിടുന്ന സമയത്ത് വണ്ടി ഓടിച്ചു കൊണ്ടിരിക്കേ ഞാൻ പറഞ്ഞു….

“ശ്രീരഞ്ജിനീ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് “

“എങ്ങനെത്ത ഇഷ്ടം ? “

“പ്രണയം . നമുക്കൊന്നിച്ച് ജീവിക്കാം “

“ആശയം കൊള്ളാം. എനിക്കും ഇഷ്ടമാണ് അതൊക്കെ. ഒരു വീട്ടിൽ തന്റെ ഭർത്താവിനും , മക്കൾക്കുമൊപ്പം സ്വസ്ഥമായ് ജീവിക്കുക എന്നത് സന്തോഷം തന്നെയാണ്. എന്നാൽ എനിക്കതിനുള്ള യോഗമില്ല. എന്നെ വെച്ച് കളിക്കുന്ന മനുഷ്യർക്കിടയിൽ എന്നെ നിഷ്കളങ്കമായ് സ്നേഹിക്കുന്ന രാജിനെപ്പോലുള്ള ഒരു മനുഷ്യൻ ഇല്ലാതാക്കപ്പെടുകയാണ് ചെയ്യുക. പണമാണ് ഞങ്ങളുടെ എല്ലാം രാജ്. അത് കൂടുതലുണ്ടാക്കാനായുള്ള കളിയിലെ ഒരു കരു മാത്രമാണ് ഞാൻ “

“നീ ഭയക്കുന്നത് വിഗ്നേഷ് പൂജാരയെയല്ലേ ? “

“അതെ. രാജ് എങ്ങനെ അറിഞ്ഞു ? “

“അറിയാമെന്നു വെച്ചോ “

“സൂക്ഷിക്കണം രാജ്. വലിയ മനുഷ്യരോട് എതിരിട്ട് തീരാനുള്ളതല്ല ഒരു സാധാരണക്കാരന്റെ ജീവിതം . എല്ലാം വിട്ടേക്ക് . നമുക്കൊരിക്കലും ഒന്നിച്ച് ജീവിക്കാനാകില്ല “

“നീ എന്നെ സ്നേഹിക്കുന്നുണ്ടോ ? അതു പറ “

“ഉം “

“തോ പ്യാര് കിയാ തോ ഡർനേ ക്യാ മിസ് : പൂജാരാ? “

“രാജ് ചില മനുഷ്യരെ ഭയക്കണം. ഇത്തരം വലിയ കളികൾ നിനക്ക് മനസ്സിലാവില്ല. എന്റെ കാര്യം വിട്ടുകള. നമുക്കൊന്നിച്ച് ജീവിക്കാനാവില്ലെന്ന് പറഞ്ഞില്ലേ, വേഗം വണ്ടി വിട്ട് എന്നെ ലൊക്കേഷനിലെത്തിക്ക്”
അന്ന് വൈകുന്നേരം ശ്രീരഞ്ജിനി എന്നെ വിളിച്ചു. ഫ്ലാറ്റിൽ അവൾ ഒറ്റയ്ക്കായിരുന്നു. എന്റെ ചുമലിൽ ചാരി അവൾ കുറെ നേരം നിശബ്ദയായി ഇരുന്നു. അവളുടെ മനോഹരമായ മുഖം ഉയർത്തി ഞാൻ പറഞ്ഞു..

“എന്തേലും പറ “

“ഒന്നുമില്ല “

“ഏതോ മുജ്ജന്മ ദുഃഖം നിന്റെ മുഖത്ത് കാണുന്നു . എന്താണത് ? “

“അത്… ഒന്നുമില്ല “

“നീ പറയേണ്ടതില്ല. എനിക്കറിയാം. എന്റെ ഉള്ളിലും കലയുണ്ടല്ലോ. അതായത് ഞാനൊരു എഴുത്തുകാരനാണ്. അവസരം കിട്ടിയാൽ ആ നൈസർഗിക ശേഷിയെ ഞാനും പൊതുമധ്യത്തിൽ അവതരിപ്പിക്കും. നിന്റെ സ്ഥായിയായ ദുഃഖത്തിനു കാരണം നിന്റെ ദുർബലാവസ്ഥയാണ്. ആരും ആരുടേതുമല്ല കുട്ടീ. നീ ഇത് മനസ്സിലാക്കിയേ പറ്റൂ “

“ഓരോ നിമിഷവും ഞാനൊരു വെടിയുണ്ട പ്രതീക്ഷിക്കുന്നു “

“നിന്നെ ഞാൻ രക്ഷിക്കാം. നമുക്ക് ഗ്രാമത്തിൽ താമസിക്കാം “

ശേഷം ഞാനവളെ കെട്ടിപ്പിടിച്ച് ചുംബിച്ചപ്പോൾ അവളുടെ കണ്ണുനീരിയിൽ എന്റെ നെഞ്ച് കുതിർന്നു പോയി. എത്ര നേരം പരസ്പരം കെട്ടിപ്പിടിച്ചു നിന്നുവെന്ന് ഇന്നും എനിക്കറിയില്ല. ഞാൻ വീണ്ടും ഉത്സാഹിയും , ഉൻമാദിയുമായി മാറിയതിനാൽ സജി എന്നെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി. കൂടാതെ കാര്യങ്ങളുടെ പോക്ക് ഏറെക്കുറെ അവന് മനസിലാവുകയും ചെയ്തിരുന്നു.എങ്കിലും വെള്ളിയാഴ്ചയെ പറ്റി അവനെപ്പോഴും ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.

ഷൂട്ടിംഗ് തീരാൻ രണ്ടു ദിവസം ബാക്കി നിൽക്കേ ഒരു വൈകുന്നേരം ശ്രീരഞ്ജിനി എന്നെ വിളിച്ചു

“ഞാൻ മുംബൈയിലേക്ക് പോകുന്നു “

“ഞാനും കൂടെ വരാം “

“കൂടെ വിഗ്നേഷ് പൂജാരയുണ്ട് “

“നിനക്ക് എന്റെ കൂടെ കേരളത്തിലേക്ക് വരാൻ പറ്റില്ലേ ? “

“ഇല്ല രാജേഷ്. എന്റെ അവസ്ഥ അതാണ് “

“ശരി. നീ പൊയ്ക്കോളൂ . ബൈ “

“രാജേഷ് മുംബൈയിലേക്ക് വരൂ . വിഗ്നേഷിന് ബോളിവുഡ് ഡിറക്ടേഴ്സുമായ് നല്ല ബന്ധമുണ്ട് “

“നീയുമൊത്തുള്ള ജീവിതമാണ് എനിക്ക് വേണ്ടത് “

“രാജേഷ് ഒന്ന് പക്വതയോടെ ചിന്തിക്കൂ “

“എന്ത് പക്വത ? “

“നിങ്ങളുടെ കരിയർ ഡവലപ്മെന്റ് “

“നീ ഡവലപ് ചെയ്തോളൂ . ബൈ. എനിക്ക് ജീവിക്കണം “

“ബൈ “

ശ്രീരഞ്ജിനി എന്ന നടിയെ പറ്റി ഞാൻ പിന്നീട് കേട്ടിട്ടേയില്ലായിരുന്നു. ഒരു ദിനം സജിയെ വിളിച്ച് ചോദിച്ചപ്പോൾ അവനും കൈമലർത്തി.

കഥാകൃത്ത് , നോവലിസ്റ്റ്. 'ഗതേ ഗതേ പരാഗതേ', അറിവിരുൾ, തെരു, 'Journey of soul' എന്നീ നോവലുകളും, മാട്ടി ക്കുത്തിലെ കൊലപാതകങ്ങൾ' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്