ആൾത്തിരക്കില്ലാത്ത വഴികളിൽ
അയാളെ കണ്ടുകിട്ടുമെന്ന് കരുതുന്നു
തെരുവുകൾക്ക് മഞ്ഞനിറം
അലങ്കാരമായി പടരുന്നു,
ചിറകറ്റ് നിലം പൊത്തിപിടയുന്ന
ഈയാംപാറ്റകൾ.
അവയെ നോക്കി മിന്നിക്കത്തി
പല്ലിളിക്കുന്ന നിയോൺ ബൽബുകൾ
കടുത്ത നിശബ്ദതയോടെ
അലസമായി അലയുന്ന തെരുവുപട്ടികൾ
വിശാലമായ ആകാശത്ത്
നക്ഷത്രങ്ങളെ നോക്കി
ഞാൻ കണ്ണുകൾ കൊണ്ട്
ചിത്രം വരയ്ക്കുന്നു.
വിണ്ടുകീറിയ മതിലിനരികിൽ നിന്നും
മുളച്ചുപൊന്തിയൊരു കുറ്റിക്കാട്
വികലമായി എത്തിനോക്കുന്നു
പിന്നെയും…
തനിച്ചുനിന്നു നക്ഷത്രങ്ങളെയെണ്ണുന്നു.
അകലെ നിന്നാരോ
അടുത്തേക്കുവരുന്നെന്നു തോന്നി
ഇടയ്ക്കിടെ കണ്ണെറിയുന്നു.
കേട്ടുപതിഞ്ഞൊരു പാട്ടിന്റെ വരികൾ
ഓർത്തെടുക്കുന്നു, മൂളിനോക്കുന്നു…
പിന്നെയും…,
ആൾത്തിരക്കില്ലാത്ത വഴികളിൽ
അയാളെ കണ്ടുകിട്ടുമെന്ന് കരുതുന്നു.