ശുഭപ്രതീക്ഷ

വീണ്ടും കാണുമെന്നതില്‍
സന്ദേഹമൊട്ടുമില്ല

കടുത്ത ചൂടുള്ളൊരു സായന്തനത്തിലേക്ക്
ചാഞ്ഞു പെയ്തൊരു മഴ
കുളിര്‍ തൂകിയെത്തുന്ന നേരം
പിന്നാമ്പുറത്തെ, സിമന്‍റടര്‍ന്നതിണ്ണയില്‍
കെെവിരലുകള്‍ കോര്‍ത്ത്
മഴയുമ്മകള്‍ക്കായി കാലുകള്‍ നീട്ടി
തൊട്ട് തൊട്ട് നമ്മളിരിക്കും.

മുറ്റത്തിനപ്പുറം തെെവാഴയിലെ
കിളുന്നിലകളെ മഴത്തുള്ളികള്‍
നനുനനെ തഴുകി നനയ്ക്കും
അത്രയും പ്രണയാതുരനേരത്തും നീ
ഗൗരവമുള്ളൊരു സാഹിത്യമോ രാഷ്ട്രീയമോ
പറയുകയാവുമെന്നെനിക്കറിയാം.

അതിരിലെ മാങ്കൊമ്പീന്ന്
ഉറക്കമുണര്‍ന്നൊരു കാറ്റോടിവന്ന്
മാമ്പൂമണമുള്ളൊരുപിടി മഴനീര്
മേലാകെ കുടഞ്ഞ് തലോടി മറയും.
ഒരു ചെറുകുളിരില്‍ അറിയാതെ നാം
വീണ്ടും ചേര്‍ന്നിരിക്കും..
പറഞ്ഞുവന്ന വലിയകാര്യമെല്ലാം
മറന്നുപോകും…
ചുണ്ടിലുടയാനൊരുങ്ങി നില്‍ക്കുമൊരു
ജലകണത്തില്‍ നാം മെല്ലെ… മെല്ലെ…
നമ്മെ ചേര്‍ത്തു വയ്ക്കും
വര്‍ഷചുംബനമേറ്റ് നനഞ്ഞ പാദങ്ങള്‍
തമ്മിലുരുമ്മിയുരുമ്മി…
മഴതോര്‍ന്ന്…
മരം പെയ്തുതോരുവോളം
ഉടലിലെ കുളിരാറ്റി
ഉള്ളിലൊരു പനിച്ചൂടുണരുവോളം
ചേര്‍ന്നിരുന്നങ്ങനെ… അങ്ങനെ…

ഇല്ലാ…,
വീണ്ടും കാണുമെന്നതില്‍
എനിക്ക് സന്ദേഹമൊട്ടുമില്ല.

തൃശൂർ സ്വദേശിനി, സൗദി അറേബ്യയിൽ മിനിസ്ട്രി ഓഫ് ഹെൽത്തിൽ വർക്ക് ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ കവിതകൾ എഴുതാറുണ്ട്