കുട്ടികൾ സ്കൂളിൽ നിന്നു വരുന്നതിനു മുൻപ് ഈ ഡ്രസ്സ് തയ്ച്ചു തീർക്കണം… അവലു നനച്ചു വയ്ക്കാം. അനുവിന് അവലിഷ്ടമാണ് ഇന്നും
അവലാണോ?.അച്ചു പരാതി പറയും .. എന്നാലും കഴിച്ചോളും.
ഫോൺ അടിക്കുന്നുണ്ട്. രണ്ടു വട്ടമായി റിംങ്ങ് ചെയ്യണു.. എടുക്കാൻ പോയാ ഇതു കഴിയില്ല. കഴിയട്ടെ.
അംബികേ…. നീട്ടിയുള്ള വിളി കേട്ടപ്പോ തന്നെ ആളെ മനസ്സിലായി. ശാരതേച്ചിയാണ്.
എന്തു പുകിലും കൊണ്ടാണാവോ ഇന്നത്തെ വരവ്. “നെനക്കെന്താ ഫോണെടുത്താൽ? എത്ര തവണയായി വിളിക്കണ്” ?
നീരസത്തോടെയുള്ള ചോദ്യം കേട്ടപ്പോ ചിരിക്കാനാണ് തോന്നീത്. ഒരു ചുമരിന്നപ്പുറമിരുന്നാണ് ഈ വിളി.ഫോൺ എടുക്കാതായപ്പോ കാര്യമന്വേഷിക്കാൻ വന്നതാവും.
70 വയസ്സു കഴിഞ്ഞു. ആൺമക്കൾ രണ്ടു പേരും കല്യാണം കഴിച്ചതോടെ മാറിത്താമസിച്ചു. ഈ ലൈൻ മുറിക്കെട്ടിടത്തിൻ്റെ ഉടമസ്ഥൻ്റെ വീട്ടിലെ വർഷങ്ങളായുള്ള ജോലിക്കാരി എന്ന ആനുകൂല്യത്തിലാണ് അവിടത്തെ താമസം.
“നിനക്കെന്താ ഒരു പുച്ചം?” വിടാനുള്ള ഭാവമില്ല.
“എൻ്റെ പൊന്നു ശാരതേച്ചി ഇതൊന്ന് തയ്ച്ചു തീർക്കട്ടെ. ഇന്ന് കൊടുക്കണം.
“ഇതാപ്പോ നന്നായേ…നിൻ്റെ പണിമുടക്കണ ആളാ ഞാൻ?”
മൈൻഡ് ചെയ്യാതെ തയ്ച്ചു കൊണ്ടിരുന്നു.. കുറച്ചു നേരം നിന്നെങ്കിലും എൻ്റെ അവഗണന കൊണ്ടാവാം പിറുപിറുത്തു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങിപ്പോയി.
പാവം തോന്നി. സാരല്യാ.. ഇപ്പോ പിറകെ പോയാ ഇതു കഴിയില്ല.. ഇതു കഴിഞ്ഞ് ശരിയാക്കാം.
രണ്ടു പെൺകുഞ്ഞുങ്ങളുമായി കഴിയുന്ന തനിയ്ക്ക് അമ്മയും അമ്മായി അമ്മയുമൊക്കെയാണ് ശാരതേച്ചി. ഭർത്താവ് ഉപേക്ഷിച്ചു പോയപ്പോൾ വല്ലാത്തൊരു വാശിയായിരുന്നു.. ആരേയും ആശ്രയിക്കാതെ ജീവിക്കണം, മക്കളെ പഠിപ്പിക്കണം.
തയ്യലറിയാമായിരുന്നു… കുട്ടിക്കാലത്ത് പണിക്കു നിന്ന വീട്ടിലെ ചേച്ചി പഠിപ്പിച്ചതാ. കല്യാണം കഴിഞ്ഞ നാളുകളിൽ തയ്യൽക്കടയുടെ തൊട്ടമുറിയിലായിരുന്നു താമസം.
ദേവസിയേട്ടനും മറിയാമ്മച്ചേച്ചിയുമായിരുന്നു അവിടത്തെ തയ്യൽക്കാർ. നല്ല തിരക്കുള്ള കടയായിരുന്നു. ഭർത്താവ് അന്നൊരു ചെരുപ്പുകടയിൽ പോയിരുന്നു. അതു കഴിഞ്ഞാൽ ഒറ്റയ്ക്കിരുന്ന് ബോറടിച്ചപ്പോൾ തയ്യൽക്കടയിൽ സഹായിയായിക്കൂടി.
ബട്ടനും ഹുക്കും തയ്ക്കലായിരുന്നു ആദ്യമൊക്കെ കിട്ടിയ പണി. പിന്നീട് കുറേശ്ശേയായി തയ്യൽ ജോലികൾ ചെയ്തു തുടങ്ങി.
രണ്ടു കൊല്ലം കഴിഞ്ഞ് ആദ്യത്തെ കുട്ടി ജനിച്ചതോടെ അവിടന്ന് താമസം മാറിപ്പോന്നു. രണ്ടാമത്തെ മോൾ ജനിക്കുന്നതു വരെ ജീവിതം ഉന്തിയുളുക്കി മുന്നോട്ടു പോയി. ഭർത്താവ് ജോലിക്കു പോക്ക് വല്ലപ്പോഴുമാക്കി. പോയാൽ തന്നെ വീട്ടിലേയ്ക്ക് ഉപകാരമില്ലാത്ത അവസ്ഥയായി. ഒരു ദിവസം എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയി.
ജീവിതം അനിശ്ചിതത്വത്തിലേക്ക് കൂപ്പുകുത്തിയ നാളുകൾ. ജോലി തേടിയിറങ്ങി. ഒരു പാട് കഷ്ടപ്പെട്ടു.ഒരു തുണിക്കടയിൽ ജോലി കിട്ടി.
വളരെ തുച്ഛമായ വരുമാനം. ജീവിക്കാൻ മറ്റെന്തെങ്കിലും വഴി കണ്ടെത്തണമെന്ന് ചിന്തിച്ച നാളുകൾ.
തുണിക്കടയിൽ വന്ന സായ്‌വാണ് തയ്യലറിയുമെങ്കിൽ ഓർഡർ തരാമെന്നു പറഞ്ഞത്.
പട്ടിണിയില്ലാതെ മക്കളെ നോക്കാം ന്നൊരു ധൈര്യമുണ്ടിപ്പോൾ. നേരം പോയി. തുണി തയ്ച്ചതു മടക്കി വച്ച് വേഗം അവലു നനച്ച് വച്ചു.
ഹോ! ശാരതേച്ചിയ്ക്ക് എന്താവോ പറയാനുള്ളത്?
തൊട്ടമുറിയാണ്. കടന്നു ചെന്നപ്പോൾ ആരേയും കണ്ടില്ല. വാതിൽ ചാരിയിട്ടിരിക്കുന്നു. ഇതെവടെപ്പോയി? മറുപടിയില്ല.. പുറത്തു കടന്ന് റൂമിലേക്ക് തിരിച്ചു നടന്നു.
ശാരതേച്ചി തരാൻ പറഞ്ഞു … ഒരു പൊതി. ഒരു തുണ്ടുകടലാസിൽ ഒരു കത്തും നീട്ടിക്കൊണ്ട് ആയിഷാത്ത മുന്നിൽ.. വീട്ടുടമസ്ഥയാണ്. അവർ യാത്ര പറഞ്ഞിറങ്ങി.
ഇപ്പഴല്ലേ ശാരതേച്ചി വന്ന് വിളിച്ചത്? കത്തെഴുതാൻ മാത്രം എന്തുണ്ടായി എന്നു ചിന്തിച്ചു കൊണ്ട് തുണ്ടുകടലാസ് നിവർത്തി.
“മോളെ ഞാൻ മോൻ്റെ കൂടെ പോവ. തനിയെ ഒന്നിനും വയ്യാണ്ടായി. അച്ഛനില്ലാത്ത കുട്ടികളെ വളർത്തുന്ന അമ്മയുടെ കിതപ്പ് എനിക്കറിയാം. എൻ്റെ കഴുത്തിലേം കാതിലേം ഇതിലുണ്ട്. നിൻ്റെ മക്കൾക്ക് എന്തേലുമുണ്ടാക്കിക്കൊടുക്ക്. അവിടെപ്പോയാ ആദ്യം പോണത് ഇതാവും. എൻ്റെ മോനും മരുമോൾക്കും സ്വർണ്ണം അലർജിയാ .. വിളിക്കാം. “
ആ കത്തും അതിനകത്തെ സ്വർണ്ണവും കയ്യിലിരുന്ന് ചുട്ടുപഴുത്തു .
എങ്ങുനിന്നോ വീശിയടിച്ച കാറ്റിൽ ശാരതേച്ചിയുടെ ശബ്ദം മുഴങ്ങുന്നതായി തോന്നി. പതുക്കെ അകത്തോട്ടു നടന്നു. മുന്നോട്ടുള്ള വഴിത്താരകളിൽ താണ്ടിയെത്തേണ്ട ദൂരങ്ങളറിയാതെ… പിടയ്ക്കുന്ന മനസ്സോടെ.