ശവംനാറിപ്പൂവുകൾ

ഞാൻ
ഒരു പക്ഷി.
വാക്കുകൾ കൊണ്ടു
കൂടുകൂട്ടി,
അതിൽ വീണുറങ്ങുന്ന
പക്ഷി.
വിരിഞ്ഞു പരക്കാത്ത
ചിറക്,
ഒരു കൊച്ചു ചിറക്.
പറക്കുവാനാകാശം
തേടുന്ന ചിറക്.

നീ
ഒരു വൃക്ഷം.
വാക്കിന്റെ വൃക്ഷം.
നിന്റെ ചില്ലകൾ
വാക്കിന്റെ വിത്തുകൾ
എന്നകക്കാമ്പിൽ
മുളയ്ക്കുന്ന വിത്തുകൾ.
മുളപൊട്ടി വളരുമ്പോൾ
ശവംനാറിപ്പൂവുകൾ.

ഞാനൊരു പക്ഷി
നീ കാണാത്ത
ചിറകുമായ്
പറക്കുന്ന പക്ഷി.
എന്റെ കൊക്കിൽ
കൊരുത്ത നിൻ
വാക്കുകൾ,
ദൂരെ ദൂരേ
പറക്കുന്നു പക്ഷി.
കൊക്കുനോവുമ്പോൾ
വിട്ടുപോം
വാക്കുകൾ,
കൂർത്തവാക്കിൽ
വീണുരയുന്ന
ചിറക്.

നീയൊരു വൃക്ഷം ,
വാക്കിന്റെ വൃക്ഷം .
അറിയുകില്ല നീ
ശവംനാറിപ്പൂക്കളെ.
അറിയുകില്ല നീ
നോവുന്ന ചിറകിനെ.

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് . മാതൃഭൂമി വിഷുപതിപ്പ് സാഹിത്യ മത്സരം 2021 ജേതാവ്