
ചിത്രകാരിയായ
പഴയ കൂട്ടുകാരിയെ
ദീർഘ വർഷങ്ങൾക്കിങ്ങേപ്പുറത്ത്
വീണ്ടും കണ്ടുമുട്ടിയപ്പോൾ..
പുഴമറിച്ചിട്ട്
ഞങ്ങൾ
ഞങ്ങളെയൊളിപ്പിച്ച്
സ്വപ്നക്കല്ല് നാട്ടി
അടയാളം വെച്ചിട്ടും
മറന്നു പോയൊരിടം
കാലം ഒഴുകിയൊഴുകി
വിശുദ്ധമാക്കിത്തീർത്തത്
ഞങ്ങൾ
ഞങ്ങളുടെ
കണ്ണുകളിൽ
നോക്കി നോക്കി
വീണ്ടും
കണ്ടെടുത്തുന്മത്തരായ്.
അവൾ
അവളെഴുതിയ
അവളുടെ തന്നെ
ഒരു ചിത്രം എനിക്ക്
സമ്മാനിച്ചു.
എത്ര മനോഹരം
അവളും
ചിത്രവും..
പൂർവ്വ കാലത്തിലേക്ക്
ഹൃദയ പ്രയാണം ചെയ്ത്
ഞാൻ അവളുടെ ചിത്രത്തിൽ
ഒരൊറ്റയുമ്മവെച്ചു.
എന്റെ ഉമ്മയിൽ
ചിത്രത്തിൽ
നിന്നവളുടെ
ഉടയാടകളെല്ലാം
മാഞ്ഞ് പോയ്.
ചിത്രത്തിലവളൊരു
നഗ്ന ദീപിക
തുടുത്തു പോയ്
തീക്ഷ്ണ ശുഭ്രപ്പകൽ
പകർന്ന പോൽ,
വീണ്ടും
ഉമ്മ വെയ്ക്കാനാഞ്ഞ
എന്റെ ചുണ്ടിൽ
വിരൽ
ചേർത്തവൾ വിലക്കി
ഇനിയുമുമ്മവെച്ചെന്നെ
ഇല്ലാതെയാക്കല്ലെ
അവൾ തന്ന
അവളുടെ ചിത്രത്തിന്റെ കരയിൽ
പിടഞ്ഞ് പിടഞ്ഞ്
ഞാൻ നിൽക്കയാൽ
ഉമ്മ കൊണ്ട്
ഞാൻ ഉടലാടമായ്ച്ച
ചിത്രത്തിൽ
തന്നെയും ചേർത്ത് ചേർത്തവൾ
പറഞ്ഞു….
ഒരൊറ്റയുമ്മ കൊണ്ടെന്റെ
ഉടൽവിധാനങ്ങളെ
മായ്ചവനെ
ഉമ്മവെച്ചെന്റെയും
വിരഹ വസ്ത്രങ്ങളൂർക്കുക.
പ്രിയനെ
ഇനിയൊരു കാലത്തേയ്ക്കും
ഇനിയൊരു ചിത്രത്തിലേക്കും.
പകർത്തുവാനാകാത്തവിധം
എന്നെ നീ
ദ്രുതമേറ്റ് കൊൾക.
ഇനിയില്ല നമുക്ക് അധികദൂരമെങ്കിലും
ഞാൻ പ്രണയഭരിത-
യിന്നും ശതാസക്തമാനസ
നുണയുകെന്നെ
മധുര വീഞ്ഞ് പോൽ
നുരയ്ക്കുന്നു രക്തം
സിരകളിൽ
കത്തുന്ന മഞ്ഞു പോൽ.
പ്രണയാഭിഗമത്തിനാലവളെ
ദംശിച്ചവളുടെ
വെളിച്ചങ്ങളൊക്കെയും
ഊറ്റിക്കുടിച്ചു ഞാൻ
അത്യതിശയത്തിനാൽ
പ്രജ്ഞയറ്റവൾ
വിതുമ്പി
ഏതോവിദൂരത്തിൽ
എന്നോ മാഞ്ഞൊരു
പുഴയുടെ
ഭൂഗർഭഹൃത്തടം
താണ്ടി,
എത്തുന്നു
തപ്ത വികാരസ്വര
വിഷാദ ലായനി
ഇങ്ങനെ
എന്റെപ്രണയമേ,
എന്നെയിത്രയും
നിന്നോട്
ചേർക്കാഞ്ഞതെന്ത്,
എന്റെ പ്രണയമേ
എന്റെ പ്രണയമേ
എന്നെ നീ തന്നെ
യാക്കാഞ്ഞതെന്ത്..
പൊരിയുമായിരം
ഉമ്മപ്പകർച്ചയിൽ
അവളും
ഞാനും
മാഞ്ഞുപോയ്
കാലവും….
