വർക്കല

വർക്കല സ്റ്റേഷൻ കടക്കുമ്പോളുള്ളിലെ
വൻകടൽത്തിരമാലയലയടിക്കും
എത്രയോ സായന്തനങ്ങളിൽ ചെന്നിരു-
ന്നത്രയും മിണ്ടിത്തുടങ്ങിയ നേരങ്ങൾ.

കരിംതീരം1 അന്തിയിൽ വെള്ളിനിലാവിനെ
തണ്ണീർ കണക്കെ നനഞ്ഞതും
പാതിരാനീലിമത്തുള്ളി പെരുക്കുന്ന
തീരത്തണുപ്പിൽ കിടന്നതും
നെഞ്ചിൽ കനക്കുന്ന വിങ്ങലാം നോവിനെ
ചുണ്ടിൽ പതപ്പിച്ചു ബോധം മറഞ്ഞതും
തലയിൽ പെരുക്കുന്ന രാസലായനി
തിരയിൽ കുളിച്ചങ്ങു തീർത്തതും
കാറ്റിൻ്റെ ചൂളം വിളിക്കൊത്തൊരോർമയായ്
പാളത്തിലൂടെത്തി തൊടുന്നൂ വാതിലിൽ.

പരദേശി മീട്ടിയ സംഗീതതന്ത്രികളി-
ലാകേ മനസ്സങ്ങലിഞ്ഞൊരു നാൾ
ഏതോ വിഷാദഗാനത്തിൻ്റെ ഓളമായ്
ദൂരെയോ പാതിരാ പൊൻവെളിച്ചം.
അലതല്ലുമുളളിലെ കടലേ കയങ്ങളേ
പരമില്ല ദു:ഖമെൻ സ്ഥായീഭാവം
അതുതന്നെയുടലിൽ പടരുന്നനേരം
ചെറുതല്ല നിർവൃതി, പതിരല്ല സത്യം.

നനയുന്ന മണലിൽ മയങ്ങുന്ന നേരം
അകലെയായ് കാണുന്നു ഗുരുവിൻ വെളിച്ചം
അതിൽ അലതല്ലും ഉലകിൻ്റെ മൊഴിയാഴം
അപരന്നുമാത്മന്നുമൊന്നെന്ന സത്യം 2.
അതുകേട്ടു മേഘരൂപങ്ങളായ് നിറയുന്നു
ടാഗോറ് ഗാന്ധിയീ 3. നിറതാരകങ്ങളും.

എത്ര തിരിഞ്ഞു നടന്നങ്ങു പോയാലും
ഉള്ളിൽ കുതികൊള്ളും വർക്കല
എത്ര മറന്നങ്ങ് പാദങ്ങൾ മാഞ്ഞാലും
അത്രയും നെഞ്ചിൽ കനക്കുന്നു വർക്കല.
കൂർമ്മത്തിനായുസ്സുപോലെയെൻ ചിന്തയിൽ
ഓർമകൾ തേടിപ്പിടിക്കുന്നു വർക്കല.
പാളം കടക്കുമ്പോൾ പോക്കുവെയിലിൻ്റെ
തൂവൽപൊഴിഞ്ഞിതാ സ്റ്റേഷൻ തിളങ്ങുന്നു
അതിൽ സൂര്യൻ വരഞ്ഞിട്ട ചിത്രലേഖങ്ങളി-
ലാകെത്തുടിക്കുന്നു വർക്കല.

  • വർക്കല ബീച്ച് രാത്രികളിലെ ഓർമ്മയ്ക്ക്.
  • അനീഷ് അണ്ണന്.
  1. കരിംതീരം – ബ്ലാക്ക് ബീച്ച്
  2. ആത്മോപദേശശതകം
  3. ഗുരുവിനെ ടാഗോറും ഗാന്ധിയും സന്ദർശിച്ച ചരിത്രം.
വടകര പുതുപ്പണം സ്വദേശി.വിവിധ മേഖലകളിലായി പതിനഞ്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഡി സി ബുക്സ് ബെസ്റ്റ് സെല്ലറായ 'പ്രേമനഗരം' എന്ന നോവലിൻ്റെ രചയിതാവാണ്. സിനിമകൾക്ക് സംഭാഷണവും ഗാനങ്ങളും രചിച്ചിട്ടുണ്ട്.നിലമേൽ എൻ.എസ്.എസ് കോളേജിൽ അസി.പ്രൊഫസർ.