സാങ്കേതികത മുറ്റിനിൽക്കുന്ന സിനിമയാണ് ‘വൈറസ്’. നിപ്പ വൈറസിനെ നമ്മൾ നേരിട്ട നേർചരിത്രത്തിന്റെ ആഖ്യാനമാകുമ്പോൾ സിനിമ അങ്ങിനെ ആകേണ്ടതുണ്ട്. മലയാളികൾ ഏറെ കണ്ടിരിക്കുന്നു ഈ സിനിമ. ജനസമ്മതി ചില്ലറയല്ല ലഭിച്ചത്. ഒരു ഹോളിവുഡ് സിനിമയുടെ കെട്ടും മട്ടും സ്വാംശീകരിച്ച സിനിമ ആകൃഷ്ടതരം ആകുന്നതിൽ അദ്ഭുതമില്ല, കണ്ടറിഞ്ഞ കാര്യങ്ങളാകുമ്പോൾ വിശ്വസനീയത ഏറുന്നുണ്ടു താനും. സിനിമയ്ക്ക് കിട്ടിയ അംഗീകാരം മലയാളിയുടെ പൊതുബോധത്തിന്റെ നിദർശനമാണ് തീർച്ചയായും.
നമുക്ക് പരിചയമുള്ള സിനിമക്കഥയല്ല ഇതിനുള്ളിൽ. നായകനോ നായികയോ സംഘർഷാത്മക മെലോഡ്രാമകളോ ഇല്ല. പാട്ടോ കാൽപ്പനിക ദൃശ്യചാരുതകളോ നിബന്ധിച്ചിട്ടില്ല. ജനങ്ങളുടെ കൂട്ടായ്മയുടെ വിജയം എന്നത് പൊതുസൈക്കിനെ തൃപ്തിപ്പെടുത്തുന്നതായതു കൊണ്ട് സത്യമായും പരസ്പരസഹായത്തിന്റേയും പൊരുതലിന്റേയും അവ്യയാംശങ്ങൾ ത്രസിപ്പിക്കുന്നതാണു താനും. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടേയും ഭരണകൂടത്തിന്റേയും ചടുലമായ പ്രവർത്തനങ്ങളും നിശ്ചയദാർഢ്യവും നിപ്പയെ കീഴടക്കാൻ സഹായിച്ചു എന്നത് സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണലിപിയാങ്കിതമായ ഏട് ആയി ഗണിക്കപ്പെടുകയും ചെയ്യും. കലുഷിതവും വിഘടിതവും ആയ രാഷ്ട്രീയവും ഭരണകൂടത്തിന്റെ നിസ്സംഗതയും പരിചയിച്ചും അനുഭവിച്ചും നിസ്സഹായരെന്ന് സ്വയം ധരിച്ചു വശായ ജനതയ്ക്ക് ആശാവഹമായ ഒരു തുറസ്സ് നൽകലുമായിരുന്നു നിപ്പ വൈറസിനെ തുരത്തിയ ഘട്ടം. ലോകമെങ്ങും –പല ശാസ്ത്രമാഗസീനുകൾ ഉൾപ്പടെ- ഇത് പ്രധാനവാർത്തയായി പ്രസിദ്ധീകരിക്കുകയും ചെയ്തു, മൂന്നാം ലോകരാജ്യങ്ങൾക്കും സങ്കീർണ്ണസാങ്കേതികജ്ഞാനവും അനുബന്ധിതമായ ക്രിയാപടുത്വവും സാദ്ധ്യമാണെന്ന് തെളിയിച്ചു കൊണ്ട്.
ഇൻഡ്യൻ സിനിമയുടെ വിജയം നിശ്ചയിക്കുന്നത് പൊതുവായി അതിലെ വിനോദമൂല്യങ്ങളിൽ അധിഷ്ഠിതമായ മൂലകങ്ങളാണ്. നായകന്റേയോ നായികയുടേയോ വിജയം തന്മയീഭാവത്തിലൂടെ കാണിയുടെ വിജയമായി സ്വയം സമർത്ഥിക്കുന്നത് ഇതിന്റെ പ്രധാനഭാഗമാണ്. ആ കാഴ്ച്ചപ്പാടിലാണെങ്കിൽ വൈറസിന്റെ പകർച്ച തടയുക, രോഗബാധിതരെ രക്ഷപെടുത്തുക എന്നീ കാര്യങ്ങൾ ആരോഗ്യരംഗത്തുള്ളവരുടെ വിജയമായി സിനിമ ഗംഭീരമായി വെളിവാക്കുന്നുണ്ട്. പ്രതികൂലസാഹചര്യത്തിതിരേ പൊരുതി ജയിക്കുക എന്ന സ്ഥിരം സിനിമാക്കഥയുടെ അംശവുമുണ്ട്, ചില കഥാപാത്രബിംബവൽക്കരണങ്ങളോടൊപ്പം. സംഭവചരിത്രം- അതും അതി വിദൂരമല്ലാത്തത്- ആയതിനാൽ വിശ്വാസയോഗ്യതയുമുണ്ട്. ‘വൈറസി’ന്റെ വിജയത്തിന്റെ അടിസ്ഥാനം ഇഷ്ടതാരങ്ങൾ -അതും ഒരു നിര ഉണ്ട്- കണ്ണും കരളും നിറച്ചു എന്നതും ശരിയാണ്. സിനിമയുടെ ജനസമ്മതിയുടെ കാതൽ ഈ വിനോദമൂലകം ആണെന്ന് വാദിച്ചാൽ തന്നെ അതിലപ്പുറം ചില കാര്യങ്ങൾ ഈ സിനിമയുടെ വിജയം നിർവ്വഹിക്കുന്നുണ്ട് എന്ന സത്യവും അംഗീകരിക്കേണ്ടതുണ്ട്. ഈ കാലഘട്ടത്തിൽ ഈ പ്രമേയം ആവേശം കൊള്ളിച്ചിരിക്കുന്നു എന്നതാണത്. തീർച്ചയായും ശാസ്ത്രത്തിന്റെ വിജയമാണ് ഘോഷിക്കപ്പെടുന്നത്.
സിനിമയിലെ ശാസ്ത്രം- ആരുടെ ജയം?
ഒരു രോഗലക്ഷണം നിരീക്ഷിക്കപ്പെടുന്നതു മുതൽ അത് പൂർണ്ണമായും നിയന്ത്രണത്തിലാക്കുന്നതു വരെയുള്ള സംഭവങ്ങൾ ശാസ്ത്രീയമായി അവതരിപ്പിക്കുക്കയാണ് സിനിമ ചെയ്യുന്നത്. ഒരു അനുമാനം (hypothesis) നിർമ്മിച്ചെടുക്കുകയും (നിപ്പ വൈറസ് ആയിരിക്കാം എന്നത്) അത് തെളിയിക്കാൻ വേണ്ട പരീക്ഷണങ്ങൾ ചെയ്യുകയും നിപ്പ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നത്– hypothesis driven (വസ്തുതകളുടെ വെളിച്ചത്തിൽ തെളിയിക്കപ്പെടേണ്ട അനുമാനം) and evidence based (തെളിവുകളിൽ അടിസ്ഥാനപ്പെടുത്തിയ) –ശാസ്ത്രത്തിന്റെ രീതികൾ തന്നെയാണ്. ഇൻഡ്യൻ സിനിമയിൽ ശാസ്ത്രം സന്നിവേശിപ്പിച്ച് വിവരണങ്ങൾ നൽകുന്നത് സാധാരാണ വിഡ്ഢിത്തങ്ങൾ വിളമ്പിയാണ്, പ്രേക്ഷകർ മൂഢരോ അൽപ്പബുദ്ധികളോ ആണെന്ന ധാരണയിൽ. മാനസികരോഗങ്ങളുടേയോ ക്യാൻസറിന്റേയോ കാരണങ്ങളെക്കുറിച്ചോ ആൽസൈമേഴ്സ് ബാധിച്ചവരുടെ പെരുമാറ്റരീതികളെക്കുറിച്ചോ തെല്ലും വെളിവില്ലാത്ത രീതിയിലാണ് അവതരണം (‘തന്മാത്ര’ ഉദാഹരണം). ഷ്കൈസോഫ്രീനിയ ബാധിച്ച ആളിന്റെ പ്രപിതാമഹർ ചെയ്ത തെറ്റിന്റെ ശിക്ഷയാണിത് എന്ന് ഡോക്റ്റർ തന്നെ വന്ന് പ്രഖ്യാപിക്കുന്ന സിനിമ നമ്മൾ ഈയിടെ കണ്ടതാണ് (പത്താം നിലയിലെ തീവണ്ടി). സിനിമയിലെ ശാസ്ത്രത്തിനു കൃത്യത ആവശ്യമില്ലെന്ന് നിർമ്മാതാക്കളും പ്രേക്ഷകരും ഒരുമിച്ച് തീരുമാനമെടുത്ത മട്ടിലാണ് കാര്യക്രമനിദർശനങ്ങൾ. അതിനു വിപരീതമായ നിയോജനവ്യവസ്ഥകളാണ് വൈറസ് സിനിമ ഉത്പന്നമാക്കുന്നത്. യഥാതഥമായ ആശുപത്രിരീതികളും മെലോഡ്രാമയുടെ തീവ്രതകുറച്ചുള്ള കഥാഗതിയും സംഭവഗതികളും ശാസ്ത്രവിഷയം കൈകാര്യം ചെയ്ത് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഉപകരിച്ചിട്ടുണ്ട്. കഥാപാത്രങ്ങളിൽത്തന്നെ ഒതുക്കി നിറുത്തപ്പെട്ട വൻ താരനിര ഗ്ലാമറാലല്ല ശ്രദ്ധയാകർഷിക്കുന്നത്. പ്രമേയത്തെ സംകേന്ദ്രിതമായി നിലനിറുത്താനും അതിന്റെ ഗൗരവത്തിനു ചോർച്ച വരാതിരിക്കാനും ഇത് സഹായകമായി എന്ന് മാത്രമല്ല നിലവിലുള്ള സിനിമാ സങ്കൽപ്പങ്ങളിൽ നിന്ന് വിട്ടുമാറി ഹോളിവുഡ് രീതിയിൽ ശാസ്ത്രാന്വേഷണകഥയായി അവതരിപ്പിക്കാനും ഇത് ഇടയാക്കി.
പിന്തിരിപ്പൻ ചിന്തകൾ കൊണ്ട് മലീമസമായ മലയാളി സമൂഹത്തിലേക്കാണ് ഈ സിനിമ ഇറക്കി വിട്ട് വിജയം നേടിയതെന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. സിനിമയുടെ വിജയം ശാസ്ത്രചിന്തയുടെ വിജയവും കൂടിയായാണ് കണക്കാക്കപ്പെടേണ്ടത്. സാങ്കേതികതയുടെ ആധുനികചിന്താപദ്ധതികൾ നൽകുന്ന സൗജന്യങ്ങളും സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് തന്നെ ശാസ്ത്രത്തെ നിരാകരിക്കാനുള്ള താൽപ്പര്യപ്രവർത്തികൾ ഇൻഡ്യൻ സമൂഹത്തിൽ ഇന്ന് വേരോടിയിരിക്കുന്നത് ആഴത്തിലാണ്. ജേക്കബ് വടക്കഞ്ചേരിയും മോഹനൻ വൈദ്യരും മുൻ ഡി ഐ ജി അലെക്സാണ്ടർ ജേക്കബും ഇന്ന് ഒരു വൻ പറ്റം ആരാധകരെ ആണ് നയിക്കുന്നത്. മേൽപ്പറഞ്ഞവരുടെ ജൽപ്പനങ്ങൾ വേദവാക്യമെന്ന് വിശ്വസിക്കുന്നവരെ വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് എന്നിവിടങ്ങളൊക്കെ ധാരാളം കാണാം. നിപ വൈറസ് എന്നൊന്ന് ഇല്ലെന്നും മാമ്പഴം കടിച്ച് അത് തെളിയിക്കാനും ഒരുമ്പെട്ടു മോഹനൻ വൈദ്യർ. ശാസ്ത്രചിന്തയിൽ നിന്ന് വേർപെടുത്തി അന്ധവിശ്വാസങ്ങൾ ഉറപ്പിച്ചെടുക്കാൻ തീവ്രമായി യത്നിക്കുന്നവരാണ് മേൽപ്പറഞ്ഞവർ എന്നതിനേക്കാൾ ഇവരുടെ ശുംഭത്തത്തിനു പിന്തുണ ഏകുന്ന തരത്തിൽ മനസ്സ് മാറപ്പെട്ടവരാണ് കേരളജനതയിലെ ഒരു വൻ പറ്റം എന്നതാണ് സംഗതം. ജ്യോതിഷികൾ ടെക് കമ്പനികളുടെ തീരുമാനങ്ങളിൽ ഇടപെടുക എന്ന വൻ വൈരുദ്ധ്യമുള്ള നാടാണ് ഇൻഡ്യ. വാസ്തു എന്ന തട്ടിപ്പിനു വശംവദരാണ് പൊതുജനങ്ങളിൽ ഏറെയും എന്നതും നമുക്ക് അറിവുള്ളതാണ്. കുഞ്ഞ് മരിച്ചാലും പ്രതിരോധകുത്തിവയ്പ്പിനെ അംഗീകരിക്കാൻ കൂട്ടാക്കാത്തവരുടെ നാട്. അതിസാങ്കേതികതയുടെ കലയായ സിനിമ ഷൂടിങ് തുടങ്ങുമ്പോഴും തേങ്ങയുടച്ച് ദിവ്യദീപം ക്യാമറയ്ക്കു ചുറ്റും ഉഴിയുന്നവരുടെ നാട്. വിധി എന്നതിൽ കൂടുതൽ വിശ്വസിക്കുകയും ദൈവനിശ്ചയത്തിനപ്പുറം മനുഷ്യനു ഒന്നും ചെയ്യാനില്ലെന്ന് സ്വയം വിശ്വസിക്കുകയും അന്യരെ ധരിപ്പിക്കുയും ചെയ്യുകയാണിവർ. വൈറസ് സിനിമയുടെ ജനസമ്മതി സൂചിപ്പിക്കുന്നത് ഈ വിശ്വാസധാര ഇടമുറിയുന്നതിനു സാദ്ധ്യതകളുണ്ടെന്നാണ്. പ്രതിരോധകുത്തി വയ്പ്പ് നിരാകരിച്ചാലും മോഹനൻ വൈദ്യർ പ്രഭുതികൾക്ക് പരിഗണനയും പിൻതുണയും നൽകിയാലും ശാസ്ത്രം മാത്രമേ ഇന്ന് മനുഷ്യജീവനെ രക്ഷിക്കാനുള്ളൂ എന്നതിനു അംഗീകാരം ലഭിച്ചിരിക്കുന്നു എന്നു മാത്രമല്ല ഇതാണു സത്യം എന്ന് സിനിമ വ്യക്തമായും ദൃഢമായും ബോധിപ്പിക്കുന്നുണ്ട്. ഈ ബോദ്ധ്യം ധാരാളം പേർ ഏറ്റെടുത്തു എന്നതാണ് സിനിമയുടെ ദർശകസമൃദ്ധി വ്യക്തമാക്കുന്നത്. “ഈ പകർച്ചവ്യാധിയ്ക്ക് ഒരു പ്രതിരോധകുത്തിവയ്പ്പ് ഇല്ലാ എന്നുള്ളതാണ് പ്രധാനപ്രശ്നം” എന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാനശാസ്ത്രജ്ഞനെ (കുഞ്ചാക്കോ ബോബൻ)ക്കൊണ്ട് പ്രസ്താവിപ്പിക്കുമ്പോൾ അത് ഉൾക്കൊള്ളുന്ന പ്രേക്ഷകരിൽ ശാസ്ത്രത്തിന്റെ അപ്രമാദിത്വം രൂഢമൂലമാക്കുകയാണ്. ഇത് ശരിവയ്ക്കുന്ന മന്ത്രി എന്ന സൂചകം ജനപ്രതിനിധിയാണ്, ജനങ്ങൾ സ്വയമേവ അംഗീകരിക്കുന്നതിന്റെ ഉദാഹരണമാകുകയാണിവിടെ. നിപ്പ വൈറസ് പകരുമെന്ന് പേടിച്ച് മുഴുവനും ഒഴിഞ്ഞുപോയ തെരുവുകൾ സിനിമയിലെ ഒരു പ്രധാന ഷോട് ആണ്. ഇത് സംഭവിച്ചതുമാണ്. കുത്തിവയ്പ്പ് ഇല്ലാത്ത ഈ മാരകസാംക്രമികരോഗത്തെ ഒഴിവാക്കാനുള്ള ത്വര പൊതുജനത്തിനുണ്ടെങ്കിൽ, സിനിമയിൽ ആ രംഗം കണ്ട് സ്വാംശീകരിച്ചെങ്കിൽ അത് ശുഭോദർക്കമാണ്.
മറ്റ് പല വഴികളിൽക്കൂടിയും ഈ ബോദ്ധ്യപ്പെടുത്തൽ സിനിമ സാധിച്ചെടുക്കുന്നുണ്ട്.
1.തിരക്കഥ കരുപ്പിടിപ്പിച്ചത് — സ്വാഭാവികമായ ചെയ്തികളിൽക്കൂടി കഥ പറയുക എന്ന രീതി തന്മയത്വത്തേക്കാൾ വിശ്വാസയോഗ്യതയാണ് ആകപ്പാടെ സ്ക്രീനിൽ നിന്ന് പ്രേക്ഷകമനസ്സിലേക്ക് പ്രക്ഷേപണം ചെയ്തത്. ആശുപത്രിവ്യവഹാരങ്ങൾ കൃത്യമായ കാര്യപ്രണാലികൾ നിബന്ധിക്കപ്പെട്ടതാണ്, സാധാരണ സിനിമാദൃശ്യങ്ങളുടെ പദ്ധതിപ്രകാരമല്ല അവയുടെ ദൃശ്യനിർമ്മിതി. ക്യാമെറയുടെ വ്യത്യസ്തവും നൂതനവുമായ ചില പ്രയോഗങ്ങളും ഇതിനെ പിന്തുണച്ചിട്ടുണ്ട്. പ്രത്യേകിച്ചും ആശുപതിയിലെ തിരക്കും അനിശ്ചത്വവും സംഭവങ്ങളുടെ ആവേഗവും. ഈ ജനുസ്സുകളിലുള്ള ഹോളിവുഡ് സിനിമകളിൽ ആവിഷ്ക്കരിക്കപ്പെടാറുള്ള നൂതനത്വം കലർന്ന പശ്ചാത്തലസംഗീതവും കാൽപ്പനികഗതാനുഗതികത്വത്തിൽ നിന്ന് സിനിമയ അകലെ നിറുത്തുന്നുണ്ട്.
2.കുഞ്ചാക്കോ ബോബനെക്കൊണ്ട് ഒരു പ്രസ്താവന നടത്തിച്ചാൽ അത് പ്രേക്ഷകർക്ക് വിശ്വാസയോഗ്യത സമ്മാനിക്കും എന്നാണ് സിനിമക്കാരുടെ പൊതുവിശ്വാസം. അത് ഏറെക്കുറെ ശരിയാണു താനും. റൊമാന്റിക് ഹീറോ പരിവേഷത്തിനു രൂപാന്തരണം നടത്തി വൈറോളജിസ്റ്റ് ആക്കിയെടുക്കന്നത് ദുഷ്ക്കരമെങ്കിലും സിനിമ സാധിച്ചെടുത്തിട്ടുണ്ട്. സർവ്വസ്വീകാര്യമായ വേഷങ്ങൾ പകർന്നാടിയ കുഞ്ചാക്കോ ബോബന്റെ ചെയ്തികൾക്കും ഉക്തികൾക്കും സ്വാഭാവികമായി സ്വീകാര്യത വന്നു ചേരുകയാണ്. നിപ്പ വൈറസിനെതിരേ പ്രതിരോധകുത്തിവയ്പ്പ് ഇല്ലാ എന്നുള്ളത് മന്ത്രിയോട് പറയുന്നത് ആണെങ്കിലും പ്രേക്ഷകരോട് മുഖാമുഖം നോക്കി പ്രസ്താവിക്കുന്നതായിട്ടാണ് ചിത്രീകരണം. കുറ്റാന്വേഷകന്റെ ത്വരയോടേ വൈറസ് പരക്കുന്നതിൽ വവ്വാലുകളുടെ പങ്ക് തെളിയിക്കാനൊരുമ്പെടുന്ന ഈ വൈറോളജിസ്റ്റിനെ പ്രേക്ഷകർക്ക് എളുപ്പം സ്വീകാര്യയോഗ്യനാക്കുന്നതിൽ പാത്രനിർമ്മിതിയോടൊപ്പം കഥാപാത്രസ്വരൂപനിർമ്മിതിയും പങ്കെടുക്കുകയാണ്. താരങ്ങളെ കഥാപാത്രങ്ങളായി നിലനിർത്തുന്നത് സിനിമയുടെ ഉദ്ദേശം തന്നെയാണെന്ന് ദ്യോതിപ്പിക്കാനുള്ള ഘടനാനിർമ്മിതിയുമുണ്ട്. വൻപൻ താരനിര സൃഷ്ടിച്ചപ്പോഴും അവർക്കൊപ്പം സഞ്ചരിക്കാറുള്ള പ്രഭാവലയം മനഃപൂർവ്വം ഒഴിവാക്കിരിക്കുന്നു. ശാസ്ത്രത്തിന്റെ തനിമ പ്രകടിപ്പിക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്ന് വൈറസ് സിനിമയുടെ പിറകിൽ പ്രവർത്തിച്ചവർക്ക് നല്ല ബോദ്ധ്യമുണ്ടെന്നുള്ളതിന്റെ തെളിവ്.
3.ശാസ്ത്രീയമായ വിശകലനങ്ങൾ – വൈറസ് ബാധ ആണെന്നതും അത് നിപ്പാ ആയിരിക്കാമെന്നതും വവ്വാലുകൾ പരത്തിയേക്കാമെന്നൊക്കെ നിശ്ചയിക്കപ്പെടുന്നത്- തെളിവിൽ അധിഷ്ഠിതമായ ശാസ്ത്രം (evidence based science),സാങ്കൽപ്പിതസിദ്ധാന്ത രൂപീകരണവും പരീക്ഷണവും (hypothesis formation and testing) എന്നിങ്ങനെ നിയതവഴികളിൽ തെളിയിക്കപ്പെടുന്നത്- കൃത്യമായും എന്നാൽ ലളിതമായും നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. ഈ ശാസ്ത്രീയമായ വിശകലനങ്ങൾ ശരാശരി മലയാളി പ്രേക്ഷകരെ അലോസരപ്പെടുത്തുന്നതോ വിവരണജടിലതകൊണ്ട് വിമുഖത സൃഷ്ടിക്കപ്പെടുന്നതോ ആകാതിരിക്കാൻ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട് സിനിമയിൽ ഉടനീളം. മേൽപ്പറഞ്ഞ ശാസ്ത്രീയ വിശകലനങ്ങൾ ഒക്കെ അവയാണെന്ന് ധാരണയുണ്ടാക്കാത്ത വിധം ഒരു മലയാളം സിനിമയ്ക്ക് യോജിച്ച വിധത്തിൽ കൈകാര്യം ചെയ്തിട്ടുണ്ടെന്നുള്ളത് സമ്മതിക്കാതെ വയ്യ.
4.ഒരു മൂന്നാംലോക രാജ്യത്തിനു വികസിതരാജ്യങ്ങളുടെ രീതിയോട് സാമ്യമുള്ള നേരിടൽ സാദ്ധ്യമായി എന്നത് ഇൻഡ്യക്ക് പുറത്ത് വാർത്തയായതാണ്. ഒരു മാരകവൈറസിനെ നിജപ്പെടുത്തുകയും നേരിടുകയും കൂടുതൽ പകർച്ചകൾ തടയുകയും ചെയ്തത് ഇൻഡ്യയിലെ ഒരു ചെറിയ പട്ടണത്തിൽ സാദ്ധ്യമായത് സിനിമ എന്ന മാദ്ധ്യമത്തിലേക്ക് സ്ഥാനാന്തരണം ചെയ്യുകയും അത് ജനപ്രീതി നേടുന്ന വിധത്തിൽ ചിത്രീകരിക്കുകയും ചെയ്തു എന്നത് ചെറിയ കാര്യമല്ല. കൃത്യമായ സാങ്കേതികത നിബന്ധിച്ച സിനിമ ആയതിനാൽ മെലോഡ്രാമയിൽ അതിരുകവിഞ്ഞ് ആശ്വാസം അർപ്പിക്കുന്ന പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിക്കുക എന്ന വെല്ലുവിളി സമർത്ഥമായി ഈ സിനിമയുടെ നിർമ്മാതാക്കൾ നേരിടുകയും ചെയ്തിട്ടുണ്ട്.
നിപ്പ വൈറസിനെ എങ്ങനെ നേരിട്ടെന്ന് ജനങ്ങൾക്ക് പ്രാഥമികമായ അറിവു കിട്ടിക്കഴിഞ്ഞതാണ്, ജനങ്ങൾ അംഗീകരിച്ചതുമാണ്. അപ്പോൾ സിനിമ അതിൽക്കൂടുതൽ വല്ലതും സാധിച്ചെടുത്തോ എന്ന ചോദ്യമുണ്ടിവിടെ, തീർച്ചയായും. എന്നാൽ സിനിമ കൊണ്ട് നിർവ്വചിക്കുന്നതും സിനിമയാൽ നിർവ്വഹിക്കപ്പെടുന്നതും പൊതുജനം നേരിട്ടുള്ള അറിവുകൾ സ്വാംശീകരിക്കുന്നതുമായി വ്യത്യാസമുണ്ട്. പൊതുമനസ്സിൽ പ്രവേശിക്കുന്നത് വ്യത്യസ്തമായ രീതിനിർവ്വഹണ പര്യാലോചനകളാണ്. നടന്ന കാര്യങ്ങളൊ സംഭവങ്ങളോ സിനിമയിലേക്ക് സ്ഥാനാന്തരണം ചെയ്യുമ്പോൾ കാൽപ്പനികസ്വഭാവം വന്നു ചേരുന്നത് ഒരു മിതിക്കൽ പരിവേഷം സംഭാവന ചെയ്യാനുതകുകയാണ്. നടന്ന സംഭവം, സ്വാനുഭവം- അതിനെ സത്യം എന്നതിലപ്പുറം ഒരു നിശ്ചിത സമയഖണ്ഡത്തിൽ സംഭവിച്ചതിനെ ശാശ്വതീകരണത്തിലേക്ക് പ്രവേശിപ്പിക്കുകയാണ് സിനിമ. ഈ കാൽപ്പനിക/മിത്തിക്കൽ പരിവേഷം ഒരു പ്രദേശത്തെ ആളുകളുടെ അനുഭവം എന്നതിനെ വിദൂരങ്ങളിലും വ്യാപരിപ്പിക്കുകയാണ്, സ്ഥല-കാലനിബന്ധനകൾ ഭേദിച്ച്. ഇഷ്ടതാരങ്ങളെ നടന്ന സംഭവങ്ങളിലെ കഥാപാത്രങ്ങളായി സ്ക്രീനിൽ കാണുന്നതു മറ്റൊരു മാനവും സൃഷ്ടിയ്ക്കുന്നുണ്ട്. സംഭവം ഇതിഹാസതുല്യമായി മാറുന്നതിന്റെ ആദ്യപടി.
കപടശാസ്ത്രം അരങ്ങുവാഴുന്ന കേരളത്തിൽ ഈ സിനിമയ്ക്ക് മറ്റൊരു സാംഗത്യവുമുണ്ട്. സാങ്കേതികതയെ നിരസിയ്ക്കുക എന്നത് ഫാഷനായി മാറിക്കഴിഞ്ഞിട്ടുള്ള ഇക്കാലത്ത് അതിസാങ്കേതികതയുടെ വിജയം അംഗീകരിക്കലും കൂടിയാണ് സിനിമയുടെ പൊതുസമ്മതി പ്രഖ്യാപിക്കുന്നത്. നിപ്പ വൈറസ് പോലുള്ള സാംക്രമികരോഗങ്ങളെ ചെറുക്കാൻ ആധുനികവൈദ്യശാസ്ത്രം മാത്രമേ പ്രാപ്തമാകൂ എന്ന സത്യം മലയാളി സ്വന്തം അവബോധത്തിൽ പ്രതിഷ്ഠിച്ചിരിക്കയാണ്, സിനിമയുടെ ജനസമ്മതി അത് വ്യകതമാക്കുന്നുമുണ്ട്. സ്പെഷ്യാൽറ്റി ആശുപത്രികളും ആധുനിക ചികിൽസാ സമ്പ്രദായങ്ങളും അതിജീവനസഹായികളാണെന്ന് പ്രഖ്യാപിക്കുന്ന സിനിമ ശാസ്ത്രത്തിനെതിരേ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന എല്ലാ അലക്സാണ്ടർ ജേക്കബ്മാരേയും പ്രതിരോധിക്കുകയും കൂടിയാണ്. വാട്സ് ആപ്പിൽ സാങ്കേതികതയെ വിമർശിച്ച് കളിയാക്കുന്നവർ ഇരട്ടത്താപ്പുകരാണ്; അത്യാവശ്യം വരുമ്പോൾ സൂപ്പർ സ്പെഷ്യാൽറ്റി ആശുപതികളിൽ അഭയം പ്രാപിക്കുന്നവർ അന്ധവിശ്വാസങ്ങളിൽ ബന്ധിതമായവരാണെങ്കിൽ അവർക്ക് ഉഭയവിചാരം കൊണ്ടുനടക്കുന്നതിന്റെ സംഘർഷങ്ങളുണ്ട്. ഇവർക്ക് മനസ്സിനു ഒരു വിടുതി നൽകുകയാണ് സിനിമ. മനസ്സാക്ഷിയോട് യോജിക്കാം, ഇരട്ട മനസ്സാക്ഷിയുമായി നടക്കേണ്ട. ഒരു പരിധി വരെ ആശ്വാസം. സിനിമ അഘോഷിക്കപ്പെട്ടെങ്കിൽ മലയാളി മനഃസാക്ഷിയുടെ ഈ സ്വാതന്ത്ര്യത്തിന്റെ ആഘോഷം കൂടിയാണത്. മറയില്ലാതെ ആധുനിക സാങ്കേതികതയെ അംഗീകരിക്കാൻ ഒരു തുറസ്സു സൃഷ്ടിച്ചിരിക്കയാണ് ‘വൈറസ്’ സിനിമ.