വേനല്‍ക്കുറിപ്പുകള്‍

1

കൊഴിഞ്ഞു കിടക്കുന്നത്
കാണുമ്പോഴേ
മനസ്സു പിടയ്ക്കും.
വാടും മുമ്പേ
ഇത്തിരി വെള്ളം
കടയ്ക്കലെങ്കിലുമൊഴിച്ചിരുന്നെങ്കിലെന്ന്.
ചെടിക്കുമുണ്ടാവുമല്ലോ
പൂത്തിരിക്കാനൊരു
മനസ്സ്.

2

ജാലകമടക്കണം,
തണുപ്പാവുമെങ്കില്‍.
ജാലകം തുറക്കണം,
ചൂടേറുമെങ്കില്‍.
മനസ്സിന്‍റേതോ?

3

പച്ചവെള്ളത്തെ
മുന്തിരിച്ചാറാക്കുകയാണു
ഞാന്‍,
പക്ഷികള്‍ക്കായ്
ചട്ടിയില്‍
നീര്‍പകരുമ്പോള്‍,
മനസ്സില്‍.

4

ഒരു മരത്തിന്‍റെ
തണലില്‍ നില്‍ക്കുന്നു
വെയില്‍ മറന്നു ഞാന്‍.
എരിയും വെയിലിനെ
കുടിച്ചു വറ്റിക്കു_
മിലകള്‍ പച്ചയ്ക്ക്.
മനസ്സ് പൊള്ളുന്നു.

5

ഗ്രീഷ്മവെയില്‍
മാമ്പൂക്കളില്‍ ചെയ്യുന്നത്
എനിക്ക് നിന്നോട് ചെയ്യണം.
മനസ്സ് പൂക്കുവാന്‍.

6

വിയര്‍പ്പിലരിക്കുന്നു
വെയില്‍.
ഉടലെരിക്കുന്നു
സൂര്യന്‍.
മഴയ്ക്കു തുള്ളുവാന്‍
മനസ്സില്‍.

7

കാടിനുച്ചിയില്‍
കാട്ടുതീയായ്
വെയില്‍.
കടലലകളില്‍
തീജലമായ്
വെയില്‍.
വെയിലതു
മങ്ങുമിരവി_
ലെന്നാകിലും
പതയുമുള്ളിലെ
തീച്ചൂടൊടുങ്ങാതെ
തിരിയുമേ മനം
ഭൂവിതില്‍
ജീവകോടികള്‍.

8

കൊന്നപൂത്തതായെന്‍റെ
നിനവിലറിയുന്നു.
നിറയെ വീഴും പൂക്കള്‍
വഴിയില്‍,കൊന്നച്ചോട്ടില്‍.
കാല്‍ വെക്കാന്‍ വയ്യാതായി
സൗവര്‍ണ്ണപ്പകര്‍ച്ചയില്‍.

9

പുറത്തിറങ്ങുമ്പോള്‍
വെയിലിലോര്‍മ്മകള്‍
നിഴലു തുന്നുന്നൊ_
രുടുപ്പണിയണം.
നിഴലതു ഞാനോ
ഉടുപ്പതു ഞാനോ?
മനമഴിഞ്ഞാലേ_
യറിയുവെന്നാമോ?
നിഴലെന്നെത്തന്നെ_
യുടുപ്പതാക്കുന്നു.
നിഴലുടുപ്പഴി_
ഞ്ഞെരിവെയിലില്‍ ഞാനും.
പുറത്തിറങ്ങുമ്പോള്‍
നിഴലിനായൊരു
ഉടുപ്പു തുന്നുന്നു.
മനോവെയിലായ് ഞാനും.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.