വേദനയും പ്രണയ മധുരവും പേറുന്ന കുറിപ്പുകള്‍

‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക’ എന്ന അടുത്തകാലത്ത് മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആത്മകഥയും ‘അമ്മീമ്മക്കഥകളും’ ‘വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങളും’ മറ്റും എഴുതിയ പ്രിയ സുഹൃത്ത് എച്ച്മുക്കുട്ടിയുടെ പുസ്തകം ‘പുടവത്തുമ്പിൽ ഒതുക്കി വച്ച വിപ്ലവങ്ങൾ ‘ ഒടുവിൽ കയ്യിലെത്തി. ഒരു ബ്ലോഗർ എന്ന നിലയിൽ എഴുതിത്തുടങ്ങുന്ന കാലം മുതലുള്ള സൗഹൃദം. എന്നിട്ടും കോവിഡ് ഒരുക്കിയ പ്രതിസന്ധികൾ തരണം ചെയ്തു പുസ്തകം എൻ്റെ കൈവശമെത്തുവാൻ മാസങ്ങൾ വേണ്ടിവന്നു.

ടൗട്ടേ ചുഴലിയിൽ മലയാളക്കരയാകെ നനഞ്ഞു വിറച്ച ഉച്ചനേരം ഞാൻ ‘പുടവ ത്തുമ്പിൽ ഒതുക്കി വച്ച വിപ്ലവം’ കയ്യിലെടുത്തു. എച്ച്മു തുറന്നെഴുതും, അകത്തൊന്നും പുറത്തൊന്നുമില്ല. ആ മനസ്സ് അക്ഷരങ്ങളിൽ, വാക്കുകളിൽ തൊട്ടെടുക്കാം. വ്യത്യസ്ത ജാതികളിൽപ്പെട്ടവർ വിവാഹിതരായാൽ മുഖം ചുളിക്കുന്ന സാമൂഹ്യ നിലപാടിൽ നിസ്സഹായരായ കുട്ടിക്കാലം ആ രചനകളിൽ കണ്ടെടുക്കാം. കുഞ്ഞു മനസ്സിൻ്റെ നിഷ്കളങ്കതയിൽ മുതിർന്നവർ നിറയ്ക്കുന്ന അസഹിഷ്ണുത എപ്രകാരം എച്ച്മുവിനെ വേദനിപ്പിച്ചുവെന്നു തിരിച്ചറിയാം.

വേദനയും ഒപ്പം പ്രണയ മധുരവും പേറുന്ന കുറിപ്പുകള്‍ ഈ പുസ്തകത്തിലുണ്ട്. വിധവകളായ മൂന്ന് അമ്മുമ്മമാരെക്കുറിച്ച് ഒരു കുറിപ്പുണ്ടതിൽ. വാർദ്ധക്യത്തിലും ഒരു നഷ്ടപ്രണയത്തിൻ്റെ തുണ്ട് മനസ്സിൽ ഒളിപ്പിച്ച ആ അമ്മമ്മയെ അങ്ങനെ വരച്ചിടുമ്പോൾ ഉള്ളിലൊരു നനവു വായനക്കാരനും.

“എന്താ തിരുവോണത്തിനു വിളിയ്ക്കണേന്നറിയോ….” അമ്മയുടെ വിറയാർന്ന ശബ്ദത്തിൽ ഒരു കൗമാരകുതൂഹലം.
ഞാൻ ചെവി വട്ടം പിടിച്ചു.
” അന്നേയ്… തിരുവോണത്തിൻ്റെ ന്നേയ്… എൻ്റെ പിറന്നാളാണ്.”

ഇതു വായിക്കുമ്പോൾ എൻ്റെ ചുണ്ടിലുമൊരു പുഞ്ചിരി വിടർന്നു.

അതുപോലെ ഈ കുറിപ്പുകളിൽ കടന്നു വരുന്ന മറ്റു ചില മുഖങ്ങളുണ്ട്. രണ്ടു സെൻ്റ് ഭൂമിയിൽ വീടൊരുക്കാൻ തയ്യാറായി വന്ന സിബിഐ ഓഫീസർ അതിലൊരാളാണ്.

എച്ച്മുക്കുട്ടിയുടെ ഈ കുറിപ്പുകൾ പല കാലഘട്ടങ്ങളിൽ കോറിയിട്ടവയാണ്. 2015ലേയും 2019 ലേയും കുറിപ്പുകൾ, നിരീക്ഷണങ്ങൾ ഒക്കെ ഇതിലുണ്ട്. കുറിപ്പുകൾ മാത്രമല്ല ലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് ഈ പുസ്തകത്തിൽ. അമ്മീമ്മയെക്കുറിച്ചു വീണ്ടും ചിലതു കൂടി ഈ ലേഖനങ്ങൾക്കിടയിൽ നമുക്കു കണ്ടെത്താം. അമ്മീമ്മ എന്ന വ്യക്തി എഴുത്തുകാരിയിൽ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം കണ്ടറിയാനാകും. ഇനിയുമൊരു ഭാഗം എച്ചുമ്മുക്കുട്ടിയെന്ന എഴുത്തുകാരി എടുത്തു പറയുവാൻ ആഗ്രഹിച്ച ചില എഴുത്തുകളെക്കുറിച്ചാണ്. അതിൽ ‘മസ്തിഷ്ക മച്ചികൾക്കും’ ‘വെട്ടത്താൻ്റെ ബ്ലോഗുകൾക്കുമിടയിൽ’ എൻ്റെ ‘ഓർമ്മകളുടെ ജാലകം’ എന്ന ചെറുകഥാ സമാഹാരവും ഉൾപ്പെട്ടിരിക്കുന്നു. പണ്ടെന്നോ നടത്തിയ വായനയുടെ ഓർമ്മ 2020ൽ ഒരു പുസ്തകത്തിൻ പരാമർശിക്കപ്പെടുന്നു എന്നതിൽ ഏറെ സന്തോഷം തോന്നി. ഒന്നുറപ്പാണ്. എച്ച്മുവിനു ഒരു രീതിയേ ഉള്ളു. അതു നേരിൻ്റെ, നീതിയുടെ വഴിയാണ്. അതിനാൽ തന്നെ ജ്വലിക്കുന്ന പ്രമേയങ്ങൾ ഈ പുസ്തകത്തിലെ കുറിപ്പുകളുടെ രൂപത്തിലും നമ്മളെ സ്തബ്ദരാക്കി മുന്നിലെത്തുന്നു.

പ്രിയപ്പെട്ട സുഹൃത്തിൻ്റെ എഴുത്തു ജീവിതത്തിന് എല്ലാ ആശംസകളും.

പുടവത്തുമ്പിൽ ഒതുക്കി വച്ച വിപ്ലവങ്ങൾ (ലേഖനങ്ങള്‍)
എച്ച്മുക്കുട്ടി
പബ്ലീഷേര്‍സ് : ഡോണ്‍ ബുക്സ്

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.