ബംഗാളിന്‍റെ ചരിത്രം പറയുന്ന നോവല്‍

ഇടങ്ങളുടെ ആവിഷ്ക്കരണമാണ് സി ഗണേഷിന്‍റെ ബംഗ എന്ന നോവല്‍. സ്ഥായിയായി നില്‍ക്കുന്ന സ്ഥലങ്ങള്‍ ആവാസം കൊണ്ട് മറ്റൊന്നുകൂടിയായി മാറുന്ന പ്രക്രിയയെ ഹേബര്‍മാസിനെപ്പോലുള്ള ചിന്തകര്‍ നിര്‍വചിച്ചിട്ടുണ്ട്. ഇങ്ങനെ ഒരേ ഇടം തന്നെ സംഭവങ്ങളുടെ ആവര്‍ത്തനം കൊണ്ട് പുതുക്കപ്പെടുന്നത് ബംഗയുടെ മാത്രം പ്രത്യേകതയാണ്. ക്രമാനുഗതമായ സംഭവങ്ങളുടെ ആവിഷ്കരണം മാത്രമല്ല ബംഗയില്‍ നടക്കുന്നത്. ഒരുപക്ഷേ, ആദിമദ്ധ്യാന്ത പൊരുത്തങ്ങളുടെ പ്ലാറ്റോണിയന്‍ രീതി ഇവിടെ കാണാന്‍ സാധിക്കുകയില്ല. എന്നാല്‍ ഒരു ഭൂതക്കണ്ണാടിയിലൂടെ നോക്കുമ്പോള്‍ വസ്തുക്കള്‍ വലുതായി കാണുന്നതിന് സമാനമായ ആഖ്യാനശൈലി ഇവിടെയുണ്ട്.

മറന്നു പോയ വാക്കിലാണ് നോവല്‍ ആരംഭിക്കുന്നത്. കൂവിത്തോറ്റ മേഘത്തിന്‍റെ കഥ പറഞ്ഞുകൊണ്ട് ഒരു കടലിലെ രഹസ്യങ്ങളത്രയും ആവാഹിക്കാന്‍ കെല്പുള്ള പെരുന്തുള്ളിപോലെ നോവല്‍ വായനക്കാരന് മുന്നില്‍ സാവധാനം പെയ്തിറങ്ങുന്നു. മലയാളഭാഷയുടെ തെളിമയോടെ ബംഗാളിയും വായനക്കാരന് സുപരിചിതമാകുന്നു, ഒപ്പം കനൂദാ എന്ന വ്യക്തിത്വവും. സാവകാശം വായനക്കാരന്‍റെ അടുത്തിരുന്ന് ബംഗാളിലെ തെരുവുകളെയും മനുഷ്യരെയും പരിചയപ്പെടുത്തുന്ന അനുഭവമാണ് നോവല്‍ സമ്മാനിക്കുന്നത്.

ഇടയ്ക്ക് ചുവന്ന പൂക്കളുടെ എരിവുള്ള ഗന്ധം വായനയില്‍ എളുപ്പം അനുഭവപ്പെട്ടു തുടങ്ങുന്നു. ദൂരെ നിന്ന് കാണുമ്പോഴേ ആ പൂക്കള്‍ക്ക് വിപ്ലവത്തിന്‍റെ ഭംഗിയുണ്ട്. വസന്തം ചെറിമരത്തോട് ചെയ്യുന്നതുപോലെത്തന്നെ നോവല്‍, വായനക്കാരെ അവരറിയാതെ തന്നെ ഭാവഭേദങ്ങള്‍ക്ക് അധീനരാക്കും. അത്തരം മാസ്മരികത ഉള്‍ച്ചേര്‍ന്ന നോവലാണ് ‘ബംഗ’. “ഹം സബ് ബഡ്കേ ആഗേ ചലോ” എന്ന് ഓരോ ഏടും ഓരോ അദ്ധ്യായവും സമരധ്വനിയോടെ ആഹ്വാനം ചെയ്യുകയാണ്. ഒട്ടേറെത്തവണ ‘മഹാനന്ദ’യിലെ നിയന്ത്രിക്കാനാവാത്ത ഒഴുക്കുപോലെ ഓരോ ചിത്രങ്ങള്‍ പ്രവാഹം കണക്കെ നമ്മെ എടുത്തു കൊണ്ടു പോകും. ആദ്യമായി വായിക്കുന്ന ഒരാള്‍ക്ക് പ്രത്യേകമായ പാരവശ്യവും അസ്വസ്ഥതയും അനുഭവപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. നിങ്ങള്‍ നോവല്‍ വായിച്ചു തുടങ്ങിയെന്നതിന്‍റെ പ്രത്യക്ഷമായ തെളിവാണത്. നിങ്ങള്‍ നോവലിനെ സ്വന്തമാക്കിയതുപോലെ ഇതിലെ ജീവിതചിത്രങ്ങള്‍ നിങ്ങളെയും സ്വന്തമാക്കാന്‍ ആരംഭിച്ചിരിക്കും.

വിശാലമായ ഒരു ക്യാന്‍വാസിലാണ് ബംഗ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. പലവിധ ഭാവരസങ്ങളുടെ സമന്വയം ഈ നോവലില്‍ ദൃശ്യമാണ്. നക്സലിസവും ദാരിദ്ര്യവും വിശപ്പും പോരാട്ടവും സമരവും ഇതിന്‍റെ ഭാഗമാണ്. ഇതിലെ അമ്പതിലധികം നീണ്ട അദ്ധ്യായങ്ങളില്‍ ബംഗാളിന്‍റെ ചരിത്രം മാത്രമല്ല ‘കനുദാ’ എന്ന ഗാംഭീര്യം സ്ഫുരിക്കുന്ന ഇതിഹാസജീവിതത്തിന്‍റെ സ്പന്ദനങ്ങളുമുണ്ട്.

നോവലിന്‍റെ ഓരോ ഭാഗത്തിലും വ്യത്യസ്തമായ കാഴ്ചകള്‍ കാത്തിരിക്കുന്നുണ്ട്. വളരെ പ്രത്യേതമായി ആശയവും ആവേശവും പങ്കുവയ്ക്കുന്ന പോരാട്ടവീര്യമുള്ള മനുഷ്യരുടെ ചിത്രമാണ് അതിലേറെയും. സ്വാതന്ത്ര്യസമരം, നക്സല്‍പോരാട്ടം, ബ്രിട്ടീഷ് ഇന്ത്യയിലെ സാഹചര്യങ്ങള്‍, ഇന്ത്യ-ചൈന യുദ്ധം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ കടന്നുപോകുന്ന കഥാപ്രമേയം, ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന ഏടായ നക്സല്‍ ബാരി പ്രസ്ഥാനത്തിന്‍റെ പ്രാധാന്യവും വളര്‍ച്ചയും അടയാളപ്പെടുത്തുന്നു.

ഈ നോവലില്‍ പ്രതിപാദിച്ച പല സംഭവങ്ങളും ചരിത്രത്തിന്‍റെ പുനര്‍വായനയ്ക്ക് ഇടം നല്‍കുന്ന അധ്യായങ്ങളാണ്. ചരിത്രവും കഥയും തമ്മിലുള്ള അകലം ഇവിടെ വളരെ ചെറുതാവുകയും സംഭവങ്ങളെ ചരിത്രത്തിലെ ആഖ്യാനങ്ങളെക്കാള്‍ പ്രാധാന്യമുള്ളതാക്കി തീര്‍ക്കുകയും ചെയ്യുന്നു. നോവലിനുള്ളിലെ ഓരോ വരിയും ഏറെ പ്രാധാന്യമുള്ളതാണ് തലക്കെട്ടുകളും ഇടയില്‍ വന്നു ചേരുന്ന കവിതാശകലങ്ങളും പ്രമേയത്തെ പുതിയ തലത്തിലെത്തിക്കുന്നു.

സത്യങ്ങള്‍ തിരിച്ചറിവിലേക്കും തിരിച്ചറിവുകള്‍ പുതുക്കിയ ആശയത്തിലേക്കും നയിക്കുന്നു. ഇങ്ങനെയുള്ള ആശയവീക്ഷണങ്ങള്‍ പുതുക്കിയ ജീവിതക്കാഴ്ചപ്പാടുകളിലേക്ക് വഴിതെളിക്കുകയും അങ്ങനെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതായി മുന്നോട്ടു നീങ്ങുകയും ചെയ്യുന്നു.

ഉദിച്ചുയര്‍ന്ന നീലനക്ഷത്രം കണക്കെ, അകലെ നിന്നു കാണുമ്പോള്‍ ചെറുതും ദൂരദര്‍ശനയിലൂടെ നോക്കുമ്പോള്‍ അതിവിശാലവുമായി കാണപ്പെടുന്ന സവിശേഷത ബംഗയിലുണ്ട്. നിര്‍വചിക്കപ്പെട്ട എല്ലാ ആദിപ്രരൂപങ്ങള്‍ക്കും മുകളില്‍ മനുഷ്യജീവിതമെന്ന മഹായാനത്തില്‍ മറികടക്കേണ്ടതും തോല്‍പ്പിക്കപ്പെടേണ്ടതും തന്‍റെ തന്നെ അപരത്വത്തെയാണെന്ന വലിയ തിരിച്ചറിവില്‍ ഒരു പക്ഷേ ഈ നോവല്‍വായന നമ്മെ കൊണ്ടുചെന്നെത്തിക്കാം. വിജയവീരഗാഥ മാത്രമല്ല പരാജയങ്ങളുടെ കഥ കൂടിയാണ് ജീവിതം. ചില വിജയങ്ങള്‍ പരാജയങ്ങളായി കാലം തിരുത്തിയെഴുതും മറ്റു ചിലപ്പോള്‍ മറിച്ചും. ഇപ്രകാരമുള്ള ദൃശ്യാവര്‍ത്തി നോവലിന്‍റെ അധ്യായങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്നു. ഇതാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്. വായനക്കാരനെ ബംഗയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്നതും ഈ വ്യതിരിക്തതയാണ്.

നോവലിലെ ഒരോ കഥാപാത്രവും സൂക്ഷ്മമമായി വായനക്കാരോടൊപ്പം കഥാഗതിയെ പിന്‍തുടരുന്ന പ്രതീതി ലഭിക്കുന്ന മലയാളത്തിലെ ആദ്യ നോവലായിരിക്കും ഇത്. കഥാകഥനത്തില്‍ പരിസമാപ്തി ആദ്യമേതന്നെ വെളിപ്പെട്ടിട്ടും ആവേശം തെല്ലും നഷ്ടപ്പെടാതെ തുടരാന്‍ സാധിക്കുന്നത് ആഖ്യാനത്തിന്‍റെ സവിശേഷരീതി കൊണ്ടാണ്.

ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയിൽ മലയാള വിഭാഗം ഗവേഷകന്‍.