“ഇതുടനെയൊന്നും തീരുമെന്നു തോന്നുന്നില്ല. കണ്ടില്ലേ… രാജ്യം വല്ലാത്തൊരവസ്ഥയിലേക്കാണ് പോകുന്നത് മേ ബി ദ കംപ്ലീറ്റ് ലോക്ക് ഡൗൺ ഫോർ എ വീക്ക്”
അനൂപിന്റെ ശബ്ദത്തിൽ നിരാശകലർന്നിരുന്നു. ചാനലുകളിൽ നിന്നും ചാനലുകളിലേക്ക് അയാൾ പരതി നടന്നു. മരിച്ചവരുടെ മൗനം കൊണ്ട് നിശബ്ദമായ മഹാനഗരങ്ങൾ സഹസ്രാബ്ദങ്ങൾക്കപ്പുറത്ത് നിന്നും ഉത്ഖനനങ്ങളിലൂടെ വീണ്ടെടുത്ത മൃതനഗരങ്ങളെ ഓർമ്മിപ്പിച്ചു. തെരുവുകളിലാകട്ടെ തൂവാലയും മുഖാവരണവും കൊണ്ട് മരണത്തിൽ നിന്നും മറയാൻ കൊതിക്കുന്ന മുഖങ്ങൾമാത്രം. മൂടികൾക്കകത്തു നിന്നും പുറത്തേക്ക് തള്ളി നിന്ന കണ്ണുകൾക്കെല്ലാം മരണത്തെ നേരിൽ കാണുന്ന ഭാവം. പ്രസ് മീറ്റുകളിൽ ഒന്നിച്ച് നിന്ന് പോരാടാനുള്ള ആഹ്വാനങ്ങൾ. കൈ കഴുകിയും മുഖം മറച്ചും സ്വയം ഏകാന്ത വാസത്തിലേക്ക് മാറിയും രോഗത്തെ തടുക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പുകൾ. അതിനുമപ്പുറമായി ന്യൂസ് റൂമുകൾക്കും ഒന്നും പറയാനില്ലാതെയായി. വർക്ക് അറ്റ് ഹോം…നാല് ദിവസമായി ഫളാറ്റിലിരുന്ന് ലാപ്പിൽ പരതി മടുക്കുന്നു. രാവിലെയും ഉച്ചയ്ക്കും സ്വാമീസ് ഹോട്ടലിലേക്കും തിരിച്ചുമുള്ള നടത്തം. സന്ധ്യയിൽ ബെന്നി ചേട്ടന്റെ തട്ടുകട . ദിനചര്യകൾ മാറി മറിയുന്നു.ഇന്നലെയോടെ അതിനും മാറ്റമായി. ഹോട്ടലുകൾ പൂട്ടി. തട്ടുകടകൾ തുറന്നില്ല. പാചകം ചെയ്യേണ്ടതൊന്നും കരുതിയിരുന്നുമില്ല. അയാൾക്കോ അനൂപിനോ പാചകം അത്ര വശമുള്ള കാര്യമായിരുന്നുമില്ല.
ഉച്ചക്ക് വലിയ ടിഫിൻ കാര്യറും ചുമന്ന് രാംദാസ് എത്തുന്നതു വരേയും ഉച്ചയൂണ് അനിശ്ചിതത്വലായിരുന്നു.
“സ്വാമി നമ്മളെ കൈവിട്ടില്ല…” അനൂപ് പുഞ്ചിരിച്ചു. വീട്ടിൽ വച്ച് പാചകം ചെയ്ത് സ്വാമി തന്റെ വെപ്പുകാരന്റെ കൈയ്യിൽ കൊടുത്തയച്ചിരിക്കുന്നു.
ഹീറോ സൈക്കിളിനു പിന്നിൽ വലിയ ടിഫിൻ കാര്യയറും’ കെട്ടി വച്ച് അയാളുടെ വെപ്പുകാരൻ ഈ ദൂരമത്രയും താണ്ടി വന്നിരിക്കുന്നു. താനും അനൂപും ഉൾപ്പെടെ 30 ൽ താഴെ മാത്രമുള്ള സ്ഥിരം കക്ഷികളെ കൂടെ നിറുത്താനുള്ള സ്വാമിയുടെ തത്രപ്പാടിനെക്കുറിച്ചോർത്തപ്പോൾ പാവം തോന്നി. അമ്മ്യാരുടെ ചമയൽ മാത്രമാണ് സ്വാമിയുടെ കൈ മുതൽ. അതറിയാവുന്നതു കൊണ്ടാവണം മുട്ടു ചിരട്ടയ്ക്ക് ബലക്ഷയം വന്ന കാലുകളിൽ ശരീരഭാരം ക്രമപ്പെടുത്താൻ പ്രയാസപ്പെട്ടും അമ്മ്യാർ രാംദാസിനൊപ്പം സ്വാമീസ് ഹോട്ടലിന്റെ അടുക്കളയിൽ പ്രാഞ്ചി നടന്ന് തീയും പുകയുമേറ്റു.
മുറിക്കകത്തേക്ക് കയറിയ പാടേ രാംദാസ് തുവർത്തു കൊണ്ട് മുഖത്തിലെയും കഴുത്തിലെയും വിയർപ്പിനെ തുടച്ചെടുത്തു. മുഖത്തേക്കു വീണു കിടന്ന കോലൻ മുടിക്കു കീഴെ അയാളുടെ മുഖം ചുവന്നു.
“സാറന്മാരെ കഴിക്ക്. ഞങ്ങൾക്കറിയായിരുന്ന് ഇന്ന് നിങ്ങൾ പട്ടിണിയാവുന്ന് ” അയാൾ സ്വാമിസ് ഹോട്ടലിന്റെ പ്രവൃത്തിയിൽ അഭിമാനിയായി.
“വേണ്ടായിരുന്നു. ഈ പൊരി വെയിലത്ത്. അതും സൈക്കിളിൽ “.അനൂപ് ഉപചാരം പറഞ്ഞു.
“അത് സാരമില്ല.. ” വാഴയിലകളിലേക്ക് അയാൾ തന്നെ വിളമ്പി വച്ചു.
“ഹൊ ഇങ്ങനൊരു കാലം എന്റെ കുട്ടിക്കാലത്തും ഉണ്ടായിട്ടില്ല. കുറെയൊക്കെ മനുഷൻമാരുടെ പ്രവൃത്തി. ഇന്ദിരാമ്മ മരിച്ചപ്പോ രണ്ടീസം കടകളൊക്കെ അടഞ്ഞ് കിടന്നു. പിന്നെ ബാബറി പള്ളി പൊളിച്ചപ്പോഴും. ആളോള് കൊല വിളിയായിര്ന്നില്ലേ…. അന്ന് പക്ഷേ കാണാമ്പറ്റ്ണ ശത്രുവായ്ര്ന്നേ. ഒഴിഞ്ഞു മാറാനും അവസരോണ്ടാർന്നേ…. ഇന്നോ….?” രാംദാസ് ആരോടെന്നില്ലാതെ പറഞ്ഞു.
“മനുഷേന്റെ പ്രവൃത്തി ദോഷം….” അയാൾ നെടുവീർപ്പിട്ടു.
“ന്റെ കുഞ്ഞിനെ ഓർത്തിട്ടാ എനിക്ക്….” അയാൾ വാക്കുകൾ വിക്കി.., പാത്രങ്ങളുമെടുത്ത് അയാൾ ഇറങ്ങി.
രാംദാസിന് മൂന്നു കുട്ടികളായിരുന്നു. മുത്ത കുട്ടിക്ക് 17 വയസ്സ്. കട്ടിലിൽ നിന്നും എണീക്കില്ല. മരുന്നിനോട് പൊരുതി അവന്റെ ഹൃദയവും കിഡ്നിയും അവനോടൊപ്പം തളർന്നു വീണു. 50-ാം വയസ്സിലും പൂർണ്ണ വളർച്ചയെത്താത്ത അവിവാഹിതയായ സഹോദരി. ആളൊരു പ്രാരാബ്ധക്കാരൻ. പ്രാരാബ്ധം കടുക്കുമ്പോൾ അയാൾ വരും. നൂറോ അഞ്ഞൂറോ ഒക്കെ കടം വാങ്ങാൻ. സ്വാമി ശംബളം കൊടുത്താൽ ഉടനെത്തും കടം തീർക്കാൻ. സ്വാമിയും പ്രാരാബ്ധക്കാരൻ. കർഫ്യൂ തുടങ്ങുന്നതിന്റെ തലേന്നാൾ ഉച്ചയൂണു കഴിഞ്ഞിറങ്ങാൻ നേരത്തും രാംദാസ് അടുത്തു കൂടി തല ചൊറിഞ്ഞ് ചുറ്റിപ്പറ്റി നിന്നു. അയാൾക്ക് കാശ് കടം വേണം.
“രണ്ടീസം എല്ലാം അടപ്പല്ലേ… വീട്ടില് നട്ടൂട്ട് സാധനങ്ങളൊക്കെ വാങ്ങണം. കാശ് ഇല്ല. കൊച്ചിന്ള്ള മരുന്നും..”..സ്കൂട്ടറിൽ അയാളും കൂടെ കയറി. എ.ടി എമ്മിന്നു മുന്നിൽ കാത്തു നിന്നു…
മിനിമം ബാലൻസിനു താഴേക്ക് കൂപ്പു കുത്താൻ തുടങ്ങുന്ന സാമ്പത്തിക സ്ഥിതിയെപ്പറ്റി എ.ടി.എം തന്ന മുന്നറിയിപ്പുകളെ അവഗണിച്ചു. കിടക്കവിട്ടെണീക്കാത്ത രാംദാസിന്റെ 17 കാരൻ മകനെക്കുറിച്ചു മാത്രം ഓർത്തു.
കാശ് വാങ്ങി കണ്ണോട് ചേർത്തു വച്ച് അയാൾ നന്ദി പറഞ്ഞു. ഓഫീസിലേക്കുള്ള യാത്രയ്ക്കിടയിൽ അനൂപ് ഉപദേശിച്ചു
“നീ വേണ്ടാത്ത പണിയാ കാണിക്ക്ണത്… ഇത് എഴുതി തള്ളിക്കോ “
എ.ടി.എം മെഷീന്റെ ഓർമ്മപ്പെടുത്തൽ പേലെ അതും ഞാൻ കേട്ടതായി നടിച്ചില്ല. നഗരം കൂടുതൽ കൂടുതൽ ചുരുങ്ങി. അനൂപ് ആശങ്കപ്പെട്ടതു പോലെ തന്നെ ആരും പുറത്തിറങ്ങിയില്ല. ഈ രണ്ടുനാളും പൊരി വെയിലത്ത് ഞങ്ങൾക്കുള്ള ശാപ്പാടുമായി ഹീറോ സൈക്കിളിന്റെ വീലുകൾ നിരത്തുകൾ താണ്ടി. മൂന്നാം നാൾ വന്നത് രാം ദാസായിരുന്നില്ല. സ്വാമീസ് ഹോട്ടലിൽ പാത്രങ്ങൾ കഴുകാനും സാധനങ്ങൾ വാങ്ങാനുമായി നിന്നിരുന്ന സഹായി തമിഴൻ പയ്യനായിരുന്നു
“രാംദാസ് വന്നില്ലേ… “അനൂപ്
“അണ്ണാച്ചി കൊ ളന്തക്ക് തീനമാച്ച് ഊര്ക്ക് പോയാച്ച് “
“ആശുപത്രി ലാ? എപ്പോ പോയി ,എങ്ങനെ പോയി “
“നേത്ത് നൈറ്റ്ക്ക്.. ടാങ്കർ വണ്ടീല് “
“ഇപ്പോ എങ്ങനെ “
“കടവുള്ക്ക് താൻ തെരിയും ” : അവൻ കണ്ണുകൾ മേലേക്ക് ഉയർത്തി അര നിമിഷം നിന്നു. പിന്നെ പാത്രങ്ങളുമെടുത്ത് ഇറങ്ങി.
നഗരം കൂടുതൽ കൂടുതൽ വിജനമായി. പകലും പുറത്തിറങ്ങാത്തവരായി നഗരവാസികൾ. മരിച്ചവരെയും രോഗികളെയും വഹിച്ചുള്ള ആംബുലൻസുകൾക്കും അഗ്നിശമന സേനയുടെ വാഹനങ്ങൾക്കും മാത്രമുള്ളതായി നിരത്ത്. അവയുടെ സൈറൺ മാത്രം നഗരത്തിന്റെ മൗനത്തെ കീറി മുറിച്ചു.
വാർത്താ ചാനലുകളിൽ നിന്നും ഇറങ്ങിവന്നതൊന്നും ആരേയും സന്തോഷിപ്പിച്ചില്ല. മരിച്ചവരുടെ മൗനം കൊണ്ട് ശബ്ദമില്ലാതായ തെരുവുകളും ഭയം നിർജീവമാക്കിയനിരത്തുകളും മാത്രം നിറഞ്ഞ സ്ക്രീനുകൾ.
അനൂപിനും അയാൾക്കുമിടയിലും മറ്റൊന്നുമുണ്ടായില്ല. ഒരു മുറിയിലെ രണ്ട് കട്ടിലുകൾ. ഒരു ടി.വി.. രണ്ട് ലാപ്പ്ടോപ്പുകൾ, രണ്ട് മൊബൈൽ ഫോണുകൾ മുറിയുടെ ബാൽക്കണിയിൽ നിന്നു കാണാവുന്ന നഗരത്തിന്റെ ഒരു കഷണം അങ്ങനെ ഏറ്റവും ചെറുതായ ഒരു ലോകത്തിലിരുന്ന് ഒരു മൃതനഗരത്തെ കാണുന്ന ഭാവമായിരുന്നു അവർക്ക്.
സന്ധ്യയോടെ അപ്പുവും മണിക്കുട്ടിയും സ്കൈപ്പിൽ വന്നു. അപ്പു വരച്ച ചിത്രങ്ങൾ കാട്ടി. അവൻ ചൂണ്ടിക്കാട്ടി : “ഇത് മോൻ ഇത് അമ്മ ഇത് ചേച്ചി ഇത് അച്ഛൻ….”
നീലിമയും മണിക്കുട്ടിയും അപ്പുവും അയാളും കൈകോർത്തു നില്ക്കുന്ന ചിത്രം. അപ്പൂട്ടാ അയാൾ കൊഞ്ചിച്ചു. അവൻ ചിരിച്ചില്ല, മണിക്കുട്ടിയും. കുട്ടികളെയും ഏതോ ഭയം അലട്ടാൻ തുടങ്ങിയിരിക്കുന്നു.
അപ്പുവും മണിക്കുട്ടിയും മത്സരിച്ച് ഉമ്മ കൊടുത്തു പിരിഞ്ഞു. അച്ഛൻ എപ്പോഴാ വരികെന്ന് അപ്പു ചോദിച്ചോണ്ടേയിരിക്കുന്നു.. നീലിമ പറഞ്ഞു.
അവർ സ്ക്രീനിന്ന് പോയിട്ടും അയാൾ അതിലേക്കു തന്നെ നോക്കിയിരുന്നു. ഡൊമസ്റ്റിക് ഫൈളറ്റുകൾ.. ഉണ്ടാവുമോ.. അനൂപ് മുഖ ത്തേക്ക് നോക്കി
“എന്താപ്പോ അത്യാവശ്യം…”
“ഏയ് …..” അപ്പൂനെ, മണിക്കുട്ടിയെ നീലിമയെ അമ്മയെ അച്ഛനെ… ഓർമ്മകൾ നീണ്ടുനീണ്ടു പോയി
ഉറക്കത്തിലേക്ക്, ഇടക്കിടെ ഉയരുന്ന സൈറണുകൾ അവ്യക്തമായ ഒർമ്മകളിലേക്ക് കൂട്ടി. ഒരു സൈറണവസാനിച്ചത് തൊട്ടുപിന്നാലെയാണ് ഡോർ ബെൽ ശബ്ദിച്ചത്. അനൂപാണ് ആദ്യം എണീറ്റത്. അയാൾ ഉറങ്ങിയിരുന്നില്ലെന്നു തോന്നി.
ഡോറിന് പിന്നിൽ നിന്നും അയാൾക്കൊപ്പം രാംദാസ്.
“കുട്ടിക്കെങ്ങ് നൊണ്ട് …..”
അയാൾ അതിനു മറുപടി പറഞ്ഞില്ല.
“സാറേ എനിക്ക് കൊറച്ച് കാശൂടി വേണം.. ” “അവന് ‘ തീനം കൂടോലാ… ഞാൻ അവളെ ഏപ്പിച്ചിട്ടാ പോന്നേ.. വന്ന ടാങ്കറ് മടങ്ങിപ്പോമ്പം കൂടെ പ്പോണം… സാറ് ന്ക്ക്… എല്ലാം കൂടി കൊറേണ്ട്ന്ന് അറിയാം… ഞാന്തരും എങ്ങനേലും… ഇപ്പ കൂടി.., സാറ് സഹായിക്കണം…. “
അയാൾ കാലിൽ വീണേക്കുമെന്നു തോന്നി. എ.ടി.എം മെഷീൻ മനസ്സിലിരുന്ന് ഓർമ്മപ്പെടുത്തി… ഞാൻ സാമ്പത്തിക തകർച്ചയിലാണെന്ന്. അനൂപിനെ നോക്കി. ഉണ്ടാവും.. പ്രാരാബ്ധങ്ങളില്ലാത്തവൻ. ഒരാഴ്ചയെ ആയിട്ടുള്ളു 5,00,000 ന്റെ കുറി വീണ് കിട്ടീട്ട്. അതു ചെലവഴിക്കാനിടയുംകിട്ടീല. ഞാൻ പ്രതീക്ഷയോടെ അവനെ നോക്കി. അവൻ മറ്റെങ്ങോ നോക്കി നിന്നു.
വിളിച്ചു ബെഡ് റൂമിലേക്കു മാറ്റി നിർത്തി. ചോദിച്ചു “നിന്റേ ലൊണ്ടോ…. പത്തോ പതിനഞ്ചോ.. ഞാൻ പാപ്പരാ…”
അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി “ഇല്ല….
“നീ കൊടുക്ക് അയ്യാടെ കാര്യം നടക്കട്ടെ. പാവാണ് “
“ന്റെ ഇല്ല… ധർമ്മം കൊടുക്കാൻ കാശൂല്ല അവൻ ഉറക്കെത്തന്നെ പറഞ്ഞു.”
“പത്ക്കെ പറ. അയ്യാള് കേക്കും”
“ധർമ്മം വേണ്ട. അയ്യാള് തന്നില്ലെങ്കി ഞാന്തരാം ” ഞാൻ കേണു.
“നിനക്ക് വട്ടുണ്ടാ. അയ്യാള് നിന്റെ ആരാ…” അവൻ എന്റെ കൈ തട്ടിമാറ്റി ഹാളിലേക്ക് നടന്നു.
ശയ്യാവലംബിയായ ഒരു 17 വയസ്സുകാരന്റെ അച്ഛനോട് പറയാൻ എനിക്കുള്ള വാക്കുകളെയും കൂട്ടി ഞാൻ ഹാളിലേക്കു നടന്നു. അവിടെ അയാളെ അവിടെക്കണ്ടില്ല
.
“അയാളെവിടെ….?”
“പോയി… “അനൂപ് നിസ്സംഗതയോടെ കൈ മലർത്തി.
ബാൽക്കണി നിവർത്തിയിട്ട ഒരു തുണ്ട് നഗരത്തിൽ ആംബുലൻസുകളുടെയും അഗ്നിശമന വാഹനങ്ങളുടെയും വെളിച്ചത്തിൽ ഇരുളും വെളിച്ചവും മാറിമാറി വന്നു. താഴെ മൃതനഗരത്തിന്റെ ഇരുണ്ട നിരത്തിലൂടെ പാഞ്ഞുപോയ ആംബുലൻസുകളുടെ ചുവന്ന വെട്ടത്തിൽ നിസ്സഹായനായ ഒരു മനുഷ്യൻ മാത്രം നടന്നു കൊണ്ടിരുന്നു, ആംബുലൻസിനെക്കാൾ വേഗം ഒരച്ഛന്റെ കാലുകൾക്കുണ്ടായിരുന്നു