വെറ്റേം പാക്കും പിന്നെയൊരൊറ്റരൂപാത്തുട്ടും

വളരെ വിചിത്രമായ ഒരാവശ്യവുമായി അപ്പു ഗോവിന്ദനുണ്ണി മാഷിന്റെ വീട്ടില്‍ കയറിയിറങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. നാട്ടിൽ തിരിച്ചെത്തിയ അന്നു മുതൽ തുടങ്ങിയതാണ്. പഠിപ്പിച്ച വാക്കുകൾ തിരികെയെടുക്കണം, അതാണാവശ്യം. മാഷ് തന്റെ മുല്ലപ്പൂനിറമുള്ള വെപ്പുപല്ലുകളാട്ടി കുലുങ്ങിച്ചിരിച്ചു.

ആദ്യമായി ഇതുമായി വീട്ടിലെത്തിയ അപ്പൂം താനും ഈ വിഷയത്തില്‍ നടത്തിയ ഉഭയകക്ഷി ചർച്ച ഒരാഴ്ചയോളം നീണ്ട് എങ്ങുമെത്താതെ പിരിഞ്ഞത് മാഷോർത്തെടുത്തു. ഹ്രസ്വകാല ഓർമ്മയ്ക്കു തകരാറില്ല!

രണ്ട് കണ്ണും തിമിരശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഉപ്പും പുളിയും പരസ്പരം പുണർന്നു. തൊലി മത്സ്യാവതാരത്തെ ധ്വനിപ്പിച്ചു. കയറിവരുന്ന അതിഥികൾ മൂക്കു ചുളിച്ചു തുടങ്ങി. ഇങ്ങനെയൊക്കെയാണെങ്കി ലും വർധിതവീര്യത്തോടെ നിലനില്ക്കുന്ന ചിന്താശക്തിയേക്കുറിച്ചോർത്തോർത്ത് ഗോവിന്ദനുണ്ണിമാഷ് അഭിമാനിച്ചിരുന്നു.

അമ്മ മരിച്ചതോടെ അപ്പു പൂർണ്ണസ്വാതന്ത്ര്യം പ്രാപിച്ചു. എങ്കിലും വർണ്ണച്ചിറകുകളിൽ തേൻപൊടി വിതറാനൊരു കാട്ടുപൂ പോലുമവശേഷിച്ചിരുന്നില്ല, അവന്റെ തൊടിയിലെ പൂങ്കാവനത്തിൽ. സെൻ കഥയിലെ ശലഭം കണ്ട സ്വപ്നത്തിൽ അയാളൊരോക്കുമരമായി വളർന്നില്ല. ഒരു കുറ്റിച്ചെടിയായി മുരടിച്ചു നിന്നു.

വലിയ വെറ്റിലയും തുടുത്തുരുണ്ട പാക്കും ഒരൊറ്റ രൂപാത്തുട്ടും സ്വീകരിച്ച മാഷിന്റെ കൈകൾ എന്റെ നെറുകയിലും കണ്ണുകൾ എനിക്കുപിന്നിൽ തൊഴുതുനിന്ന സ്ത്രൈണ സൗന്ദര്യത്തിലുമായിരുന്നെന്ന നാട്ടുവർത്തമാനം അപ്പു കേട്ടുതുടങ്ങിയത് ഹൈസ്കൂളില്‍ എത്തിയപ്പോളായിരുന്നു.

അതിനും എത്രയോ മുന്നേ ആ വാർത്ത കേൾക്കുകയും ഏകപക്ഷീയമായി സ്ഥിരീകരിക്കുകയും ചെയ്തതുകൊണ്ടാണല്ലൊ പത്മാവതി ടീച്ചർ മാഷിനെ ഉപേക്ഷിച്ചത്. ആദ്യ പ്രസവത്തിനു പോയ ടീച്ചർ തിരിച്ചു വരാതിരുന്നത്. അച്ഛന്റെ കാഴ്ച ദോഷം വീണു നശിച്ചുപോകാതെ മകളെ പതിനെട്ടു കടത്തിയത്.

അങ്ങനെ നഷ്ടങ്ങളുടെ കണക്കെടുപ്പിൽ ഗുരുവായ ഗോവിന്ദനുണ്ണിമാഷും ശിഷ്യനായ ഏബ്രഹാം മാത്യു എന്ന അപ്പുവും തുല്യരാണെന്നു വേണമെങ്കിൽ പറയാം.

വിരമിച്ചതിനു ശേഷമാണ് മാഷു പൊതുവിടങ്ങളിൽ പടർന്നു പന്തലിച്ചത്. എതിരില്ലാതെ തന്നെ വാർഡു മെംബറായും തുടർന്ന് പ്രസിഡന്റായും രണ്ടു തവണകളായി കഷ്ടപ്പെട്ടതിന്റെ പ്രതിഫലമായിരുന്നു എൺപത്തൊമ്പതിലെ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ഇടതു ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പട്ടം.

എങ്ങനെ കണക്കുകൂട്ടിയാലും ജയം സുനിശ്ചിതം. പക്ഷേ തോറ്റു. അതോടെ മാഷിന്റെ പൊതുജീവിതത്തിന് തിരശ്ശീല വീണു. ആദ്യമായി മാഷപ്പൂനോടുകയർത്തു. നീയൊരുത്തൻ കാരണമാണിതൊക്കെയെന്നു പറഞ്ഞത് അപ്പൂന്റെയുള്ളിലേക്കു മുറിഞ്ഞു കയറി.

തുള്ളികൾ പുണർന്നൊഴുകിയിരുന്ന പുഴയിൽ ചുഴികൾ വീണു നെടുകെ പിളർന്നു. രണ്ട് നിറങ്ങളാർജ്ജിച്ച് രണ്ടു ദിക്കുകളിലേക്ക് വീണ്ടും കുതിച്ചു. അക്ഷരങ്ങൾ അടിസ്ഥാന ഘടകമാക്കി നിർമ്മിച്ചെടുത്ത യാനങ്ങളിൽ തുണയേതുമില്ലാതെ.

മാഷു പിന്നീടധികം പുറത്തേക്കിറങ്ങിയില്ല. ‘പലതരം കവികൾ’ എന്ന കവിത അദ്ദേഹം വീണ്ടും വീണ്ടും വായിച്ചു. അതിലെ അവസാനസ്ഥാനക്കാരനായ പ്രൈമറിസ്കൂള്‍ അദ്ധ്യാപകനെ തെരെഞ്ഞെടുത്തു മനസ്സാ വരിച്ചു.കുട്ടികളെ വിളിച്ചുവരുത്തി കഥകൾ പറഞ്ഞു. കുറെ പുസ്തകങ്ങള്‍ എഴുതിക്കൂട്ടി. ഗ്രന്ഥശാലയുടെ ഒരു റാക്കുമുഴുവൻ സ്വന്തം പുസ്തകങ്ങളു വന്നു നിറഞ്ഞു.

അപ്പു തെരഞ്ഞെടുപ്പിനുശേഷം സർവ്വകലാശാലയുടെ പടി കടന്നതേയില്ല. ഗവേഷണം എവിടെയെത്തിയോ അവിടെ നിറുത്തി. നിറങ്ങളിൽ, തടികളിൽ, കല്ലിലും കാരിരുമ്പിലും, പല്ലിലും നഖത്തിലും, താഴ്വാരകളിലെ പച്ചപ്പിൽ വിരിയുന്ന കൽക്കൂമ്പാരങ്ങളിൽ. നക്ഷത്രത്തിളക്കങ്ങളിൽ ഒടുവില് നീലയും പച്ചയും കറുപ്പും ചിലയിടങ്ങളിൽ മാത്രം ഭ്രമിപ്പിക്കുന്ന പീതവർണ്ണത്തിലും വിലസുന്ന മഹാസമുദ്രങ്ങളിൽ… ഒക്കെ നീലത്തിമിംഗലങ്ങളെ തേടിയവനിറങ്ങി.

തീർത്ഥ യാത്രയ്ക്കു മുമ്പ് പത്മാവതി ടീച്ചറിനെ തേടിപ്പിടിച്ച് ചെന്നു കണ്ടിരുന്നു. കൂടെ മകൾ ദുർഗ്ഗയേയും. അവരു മോൾക്കു പരിചയപ്പെടുത്തിക്കൊടുത്തത് ‘ഇതാ നിന്റെ സഹോദരൻ. വേണമെങ്കിലൊന്നു നമസ്കരിച്ചോളൂ എന്നായിരുന്നു’. അപ്രതീക്ഷിതവും അനർഹവുമായ സ്ഥാനലബ്‌ധിയിൽ അനാഥനായ അപ്പു സന്തോഷിക്കേണ്ടതാണ്. അയാൾക്ക് പക്ഷേ കടുത്ത സങ്കടമാണുണ്ടായത്. മറ്റു മോഹങ്ങളൊന്നുമുണ്ടായിട്ടല്ല, എന്നാലും മാഷിന്റെ കാര്യമോർത്തുള്ളൊന്നു തേങ്ങി.

ആരോ ഒരു മുതിർന്ന സ്ത്രീ വന്ന് ‘ഗോവിന്ദന്റെയടുത്തു നിന്നാണല്ലേ’ എന്നും പറഞ്ഞു നെറുകയിൽ തലോടി. ടീച്ചറുടെ മുഖത്തെ ഭാവമാറ്റം കണ്ടു ഭയന്ന് അവരകത്തളത്തിലേക്കു വലിഞ്ഞു.

ദുർഗ്ഗയേ ഒരിക്കൽ കൂടി കണ്ടിരുന്നു. കോളേജിൽ ചെന്ന്.

ദുർഗ്ഗ എം… മേലേപ്പാടത്ത്ദുർഗ്ഗ… പേരിൽ പൊടിക്കുപോലുമൊരു ഗോവിന്ദാംശമില്ല! ആശ്വസിപ്പിക്കാനായി തന്റെ പേരിലുള്ള ‘ഗ’ യുടെ ആവർത്തനം എടുത്തു പറഞ്ഞ് അവൾ വെളുക്കെ ചിരിച്ചു. ഫിൽട്ടർകോഫി ആസ്വദിച്ചു കുടിക്കുന്നതിനിടയിൽ ഒരു സഹായാഭ്യർത്ഥനയും നടത്തി. ഒരു ചെക്കനുമായവളുടെ ലോഹ്യത്തിന് ഇടനിലക്കാരനാകണം. വെറുതെയാരും വെളുക്കെച്ചിരിക്കില്ലല്ലോ! കൂടെയൊരു വാഗ്ദാനം കൂടെ.. അച്ഛനെ വന്നു കണ്ടോളാം. ഒരു ജോലി കിട്ടിക്കോട്ടെ. പറ്റുവാണേൽ അച്ഛന്‍റെ സ്കൂളിൽ തന്നെ ഒരദ്ധ്യാപികയാകണം. വീണ്ടും അതേ പാൽപുഞ്ചിരി!!

ആശ്രമങ്ങളിൽ നിന്നാശ്രമങ്ങളിലേക്ക്, .. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക്, നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക്, പർവ്വതങ്ങളിൽ നിന്ന് സമുദ്രങ്ങളിലേക്ക് ;ജലത്തിലൂടെ, വായുവിലൂടെ, പല നിറങ്ങളും രൂപങ്ങളുമുള്ള പുകച്ചുരുളുകൾക്കിടയിലൂടെ… തിരിച്ചറിവിന്റെ മരം തേടിയുള്ള സർപ്പസഞ്ചാരം. ദംശനമേറ്റില്ല.

ഒരു ദശാബ്ദത്തോളം നീണ്ട യാത്രയൊടുവിലായെത്തിയത് ഗോവിന്ദനുണ്ണി മാഷിന്റെ കാൽചുവട്ടിലാണ്. നിലത്തിരുന്ന് മാഷിന്റെ മടിയിൽ തല വച്ച് തളർന്നിഴയുന്ന ഒരപശ്രുതിയായവൻ രൂപാന്തരപ്പെട്ടു.

“മാഷേ.. ആ വെറ്റേം പാക്കും.. ഒറ്റരൂപാത്തുട്ടും.. അതൊക്കേയുമെനിക്കു തിരികെ വേണം.. പകരമെടുത്തോളൂ. മാഷെനിക്കു പകർന്നു തന്ന പരിജ്ഞാനമെല്ലാം.. “

എല്ലാമൊന്നുപോലെ കാണപ്പെടുന്നല്ലൊ മാഷേ, എന്നവൻ പരാതിപ്പെട്ടപ്പോൾ, ‘ആങ്ങനെയല്ലെ ഭവിക്കേണ്ടതപ്പൂ’ എന്നു മാഷു മനസ്സിലാശ്വസിച്ചു.

“കഥേം കവിതേം പാട്ടും വരേം.. എല്ലാമൊന്നുപോലായിമാഷേ… ദയചെയ്തെന്റ വെറ്റേം പാക്കും… “

ഇവനിപ്പോൾ പത്രം വായിക്കാറില്ല.. ഓരേ വാർത്ത എത്രയെത്ര വ്യത്യസ്ത രൂപഭാവങ്ങളാർജ്ജിക്കുന്നു.

ഒന്നാവുക, ഒന്നായിരിക്കുക, ഒരുപോലെ മരിക്കുക. അതാണ് സ്രഷ്ടാവ് നമുക്ക് കാണിച്ചു തന്നിട്ടുള്ള ത്. അതിനാലായിരിക്കും അണിയവും അമരവുമില്ലാതെ പ്രപഞ്ചത്തിനൊരു ഗോളാകാരം ചമയ്ക്കപ്പെട്ടത്. മനുഷ്യനത് കണ്ടെത്താൻ വൈകി. അല്ലെങ്കില്‍ നേരത്തെ കണ്ടെത്തിയവർ അതൊളിപ്പിച്ചു വച്ചു.

“മഹാനായ ബലി ചക്രവർത്തിയോടും എനിക്കീയിടെയായി കടുത്ത വിരോധാ മാഷേ… ഒരാശ്വാസം അദ്ദേഹം അക്ഷരങ്ങളെ ‘ഒന്നു പോലെ’ ആക്കിയിരുന്നില്ല. അതേ മാഷേ.. അവരുമിപ്പോളൊരുപോലെയാകും..

കാണുന്നോരെയൊക്കെ ‘അമ്മാവാ, മാഷേ’ എന്നൊക്കെ വിളിക്കും പോലെ അതിനപ്പുറത്തേക്ക് ‘അച്ഛാ, അമ്മേ’ എന്ന് നീട്ടി വിളി തൊടങ്ങും.. വാക്കുകൾക്കാത്മാവു നഷ്ടപ്പെടും.. അതിനു മുന്നേ മാഷേ, തിരിച്ചു തന്നേക്കൂ എന്റെ വെറ്റേം പാക്കും”

ആ വൃദ്ധ നയനങ്ങൾ നിറഞ്ഞു തുളുമ്പി… വിറയ്ക്കുന്ന വലം കൈയാലവന്റെ നെറുകയിൽ ചുംബിച്ചു…

“നിനക്ക് ദുർഗ്ഗേ കണണ്ടേ?.. പത്മാവതി പോയി ഏഴെട്ടുവർഷായീ.. നാട്ടാരെന്തൊക്കെയോ പറഞ്ഞും നടക്കുന്നുണ്ട്…. നീയൊന്നത്രടം പോണം”

“ഉം”

“ഒന്ന് പോയിക്കുളിച്ചു വരൂ.. ഇന്നിവിടെയുറങ്ങാം”

“പോര ഇടിഞ്ഞു പൊളിഞ്ഞ ആ പഴയപുരയിടത്തിൽ.. അവിടെ എന്നെക്കാത്തിരിക്കും.. ഒരു സഞ്ചയം. മരങ്ങൾ വള്ളിയൂഞ്ഞാലുകൾ, അണുക്കള്, പുഴുക്കള്‍, ചിത്രശലഭങ്ങള്, മൂങ്ങകള്, പാമ്പും പഴുതാരയും തേനീച്ചയും, പറവകൾ, കാക്കകൾ, പൂച്ചയും പട്ടിയും”

പള്ളിനടയിൽ ലേലത്തിന് വച്ച വിറങ്ങലിച്ച അപ്പൂന് വേണ്ടി മാഷ് പുരയിടത്തിലെ മാവുവെട്ടി.

ആളുന്ന തീയിലേക്കൊരു വെറ്റയും പാക്കും.. ഒരൊറ്റ രൂപാത്തുട്ടും ഭക്ത്യാദരങ്ങളോടെ നിവേദിച്ചു..

പാഠശാലയിലെ ശലഭ മർമ്മരങ്ങൾക്കിടയിലേക്ക് ഗോവിന്ദനുണ്ണി മാഷ് മെല്ലെ കടന്നിരുന്നു.

കോട്ടയം ജില്ലയിലെ അമയന്നൂരിൽ ജനനം. ഇപ്പോള്‍ കോഴിക്കോട് കണ്ണാടിക്കലിൽ താമസം. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ സീനിയർ കണ്‍സൽട്ടന്റ് ഓർത്തോപീഡിക് സർജ്ജനാണ്. ഭാഷ ബുക്സ് 'ആപ്പിൾ 'എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.