വെറുപ്പില്ലാത്ത രാജ്യം

കാണുമ്പോഴൊക്കെ നിന്നെ
ഞാൻ വരയ്ക്കുകയായിരുന്നു…
പ്രണയത്തിൻറെ മഷി
പുരണ്ടത്
ഞാൻ മുടന്തനായപ്പോഴാണ്.

വഴിയിലെ വാച്ചുകടയിൽ
സമയങ്ങൾ എനിക്കായി
അയാൾ
കണക്കാക്കി വച്ചിരുന്നു

ഞാൻ തിരഞ്ഞെടുത്തത്
എൻറെ രാജ്യത്തെ സമയം
നീ നിൻ്റയും

ചായക്കടക്കാരനായ അച്ഛൻ
ഗ്ളാസിൽ നിറച്ചത്
വെറുപ്പിൻ്റ പത

നുരഞ്ഞത്
പ്രണയമാണെന്ന്
നിൻറെ അമ്മതിരിച്ചറിയുന്ന
നാളിലൊക്കെയും
കണ്ണുകളാൽ ഒരു വലയം
രാജ്യാതിർത്തികളിൽ
തോക്ക് ചൂണ്ടിനിന്നു.

വെറുപ്പിൻ്റ രാഷ്ട്രീയം
സ്വീകരണമുറിയിൽ
പുലമ്പാൻ തുടങ്ങിയനേരത്താണ്
ഞാനും നീയും അന്യരായത്…

വാക്കുകൾക്കൊടുക്കം
നിന്നിലേക്ക് നാട് കടത്തുമെന്ന്
ഭീഷണി…

എന്നിൽ പ്രതീക്ഷ മുളയ്ക്കുന്നു
വെറുപ്പിൻ്റ വോട്ടില്ലാത്ത
രാജ്യത്തേക്ക്
നമ്മെ നാടുകടത്തിയെങ്കിൽ
എന്ന്…

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്വദേശി. നിശ്ശബ്ദ്ദവിപ്ലവം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യൽമീഡിയകളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്.