വെയിലെരിച്ച പ്രണയം

മണ്ണും മനസ്സുമെരിച്ചു തിന്ന
വേനലിന്റെ മാറിൽ ചത്തു വീണ
നിന്റെ ചിതയെരിഞ്ഞതിന്നോ
തുള്ളി തുളുമ്പിയോടിയ കാട്ടരുവീ?
ചൂടാറിയില്ല മോന്തിയാവുമ്പഴും

തളർന്നു വീണ കരയുടെ
വ്യഥ നീയറിഞ്ഞില്ലേ…..
ഒരു മാത്രപോലും നിന്നെ
പിരിഞ്ഞിടാതെന്നും മെയ്യോടു
ചേർന്നു രമിച്ചതല്ലേ…..?

നിന്റെ കരയിലുണങ്ങിയ
ചില്ലകൾ കോർത്തസ്ഥിയായ്
നില്ക്കയാണിരു തരുക്കൾ
മരണത്തിലും വേർപിരിയാത്ത
കമിതാക്കളോ?

താഴെ മണ്ണിലുതിർന്ന കരിയില
കരഞ്ഞു നദിയുടെ ചോര
വറ്റിയൊരുടലിലെന്റെ നോവു
വിരിച്ചു പ്രണയമേകിടാം….

കാട്ടുചോല നിൻ നഗ്നതയി—
ലിണ ചേർന്നു കലഹിച്ച
ശിലകൾ രതിശില്പങ്ങൾ പോൽ
എരിഞ്ഞു തീർന്ന ചുടലയിൽ!

ഞാനെന്റെ പ്രണയമിനി
ആരോടു ചൊല്ലുമീയുട—
ലെരിയും വെയിലിലും
പിരിയാതെ നില്ക്കുമെൻ
നിഴലിനോടോ?

മലപ്പുറം ജില്ലയിൽ ചോക്കാട് പെടയന്താൾ സ്വദേശി. നിലമ്പൂരിൽ മഹാറാണി ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. അരയാലുകൾ പൊഴിയുമ്പോൾ, എണ്ണ വറ്റിയ ചിരാതുകൾ, പുഞ്ചിരിപ്പൂക്കൾ എന്നീ കവിതാസമാഹാരങ്ങൾ വോയ്സ് ബുക്സ് പ്രസിദ്ധീകരിച്ചു.