വെടിനിർത്തൽ

അങ്ങു ദൂരെ ,
യുദ്ധം പൊട്ടിപ്പുറപ്പെട്ട ദിവസം
മുറ്റത്തെ തൈമാവിൻ ഇലച്ചാർത്തിനടിയിലേക്കു
ഞാനെൻ ചാരുകസേര വലിച്ചിട്ടു

ഫ്ലാസ്കു നിറയെ ചൂടുചായ നിറച്ചുവച്ചു
കൊറിക്കാനൽപ്പം സ്നാക്സ് ,
ഒരു കടലാസു പെട്ടി നിറയെ പേനകൾ ,
എഴുത്തുപലകയിൽ
ഏറെ പേജുകളുള്ളൊരു നോട്ട് പാഡ്
ഇടക്കിടയ്ക്കകത്തു ചെന്ന്
ചാനലുകളിലൊളിഞ്ഞുനോട്ടം

യുദ്ധവാർത്തകളിൽ നിന്നൂറിയ ഗ്ലിസറിൻ
എന്റെ കണ്ണുകളിലെരിഞ്ഞു പടർന്നു
കണ്ണുനീരടർന്നുതിർന്നുവീണ കടലാസുകളിൽ
യുദ്ധഭൂമികൾ തൻ ഭൂപടങ്ങളുണ്ടായി
മരണം കൊണ്ടാടിയ തെരുവുകളും
ആത്മാക്കളെ ചിതറിത്തെറിപ്പിച്ച പടക്കോപ്പുകളും
രക്തം വാർന്നു മരിച്ച പാവക്കുട്ടികളും
അക്ഷരങ്ങളും കുത്തും കോമയുമെല്ലാമായി

ഇടക്ക് , വാക്കുകൾക്ക് പഞ്ഞം വന്നപ്പോൾ
ഞാൻ മേലോട്ടുനോക്കി
അമ്മ വിളമ്പിയ പൊടിയരിക്കഞ്ഞിയായ്
ആകാശം ശാന്തതയോടെ തെളിഞ്ഞുനിന്നു
മിന്നായമായ് ഒരു വർണ്ണപ്പട്ടത്തിൻ വാല്
പോക്കുവെയിലിൽ തിളങ്ങി മാഞ്ഞു പോയി

യുദ്ധം ആറാഴ്ച പിന്നിട്ട ദിവസം
ഉച്ചക്കൊരു ഫ്ലാഷ് ന്യൂസ് ;
വെടിനിർത്തൽ നിലവിൽ വന്നു
യുദ്ധം ഉടൻ അവസാനിച്ചേക്കാം

ടിവി റൂമിൽ നിറഞ്ഞു കുമിഞ്ഞ
കെട്ടിടാവശിഷ്ടങ്ങളും പൊടിയും
തൂത്തുവാരുമ്പോൾ ഒരു ചിന്ത
വെടിയുണ്ടയായെന്നെ
തുളച്ചു കടന്നു പോയി

യുദ്ധമവസാനിക്കുന്നു
യുദ്ധമില്ലാതെന്റെ കവിതകൾക്കെന്തു പ്രസക്തി
പത്രാധിപൻമാർ നിർദ്ദയം തിരിച്ചയച്ചേക്കാവുന്ന
കവിതകളുടെ ഭാവിയെന്താകുമോ ആവോ
യുദ്ധം കഴിഞ്ഞു കാണാതായവരുടെ പട്ടികയിൽ
ഉൾപ്പെട്ടുപോകുമോ ആ പതിനാറു കവിതകൾ ?

മലപ്പുറം ജില്ലയിൽ എരമംഗലം എന്ന സ്ഥലത്ത് സ്ഥിരതാമസം. ആനുകാലികങ്ങളിൽ ലേഖനങ്ങളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.