
കുഞ്ഞുറങ്ങുന്നില്ല;
ഒരു കഥ പറയാമോ എന്ന്.
പുലിയും ആനയും മയിലുമൊന്നും വേണ്ട.
മനുഷ്യരുള്ള കഥ മതി.
രാജാവും രാജ്ഞിയും വേണ്ട;
അത്ര സാങ്കല്പികമായതൊന്നും വേണ്ട.
കുഞ്ഞിലേ അവൻ വളർന്നിരിക്കുന്നു!!
അതിർത്തിയിൽ യുദ്ധമാണ്..
ഇരു രാജ്യത്തെയും സൈനികർ
ജീവൻ കൈയിൽതാങ്ങി
രാജ്യാഭിമാനത്തിന് കാവലിരിക്കുന്നു.
ഓരോരുത്തരുടെയും കണ്ണുകളിൽ
അവരുടെ അമ്മമാരുടെ വെളിച്ചമുണ്ട്.
ഇത്രയുമായപ്പോൾ,
തൊണ്ടയൊന്നിടറി
മിഴിനീരടർന്ന്
കുഞ്ഞിന്റെ നെറുകയിൽ…
അച്ചമ്മയുടെ ചുടുകണ്ണീരിൻ
വേവറിഞ്ഞപോൽ കുഞ്ഞൊന്നിളകി…
സൈനികർ അതീവ ജാഗ്രതയോടിരിക്കുമ്പോൾ
ഒരു വെടിചീറ് മിന്നിയതുപോലെ
വീടിന്റെ കോളിങ് ബെൽ!!
ഞെട്ടലിൽ കൈകാലൊന്നിളകി
കുഞ്ഞ് സ്തബ്ധനായി;
അതിർത്തിയിൽ നിന്നുള്ള
സന്ദേശം വായിച്ച് വാതിൽക്കൽ അച്ഛമ്മയും.








