വൃന്ദാവനത്തിലെ വെളുത്തപക്ഷികൾ

യാത്രയിലൊരിക്കൽ എത്തിപ്പെട്ടതാണ് വൃന്ദാവനത്തിൽ. ഡൽഹിയിൽ നിന്നേകദേശം 150 കിലോമീറ്റർ മാറി ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണം. ശ്രീകൃഷ്ണ ഭഗവാൻ തൻറെ കുട്ടികാലം ചിലവഴിച്ചിരുന്നു എന്ന് കരുതപ്പെടുന്ന നഗരം. കൃഷണഭക്തി നിറഞ്ഞ അമ്പലങ്ങളും, കണ്ണനും പ്രിയസഖി രാധയും ആരാധന മൂർത്തികളായുള്ള പ്രദേശം. ഈ പ്രകാശത്തിലും ഇരുട്ടുവീണ കുറച്ചു ഇടനാഴികളാണ് ഈ ഓർമ്മയിൽ നിന്നും പങ്കുവെക്കാനുള്ളത്… “വിധവകളുടെ നഗരം”, “വൃന്ദാവനത്തിലെ വിധവകൾ ” അങ്ങിനെ പലരീതിയിൽ ലോകം അറിയപ്പെട്ടിട്ടും ജീവിതത്തിലെ ഓരോ ദിവസവും തള്ളിനീക്കാൻ പാടുപെടുന്ന കണക്കിൽപ്പെടാത്ത അത്രയും വെള്ള വസ്ത്രധാരികളായ സ്ത്രീകൾ…

കൗമാരത്തിൽ തന്നെ വൈധവ്യം ബാധിച്ചതിനെ തുടർന്ന് സമൂഹത്തിന്റെ കണ്ണിൽ നിർഭാഗ്യവതികളായി മാറേണ്ടിവന്ന കുറെ ഏറെ ജീവിതങ്ങൾ. അവരെ അശുഭ ലക്ഷണമായി കാണുന്നതുകൊണ്ടും, ചൂഷണത്തിന് നിന്ന് കൊടുക്കാത്തതുകൊണ്ട് പാഴ്ജന്മങ്ങളായി സ്വന്തം മക്കൾ പോലും കണക്കാക്കിയ കുറെ ചുളിവീണ ആത്മാക്കൾ. പതിനൊന്നാം വയസ്സിൽ കല്യാണം കഴിഞ്ഞു ഇരുപതുകളിൽ തന്നെ വിധവ എന്ന തലക്കെട്ട് നൽകി ഭ്രഷ്ട്ട് കൽപ്പിച്ചു നാടുകടത്തി ഇവിടെ വന്നു ചേർന്നവർ, ഇന്നവരിൽ പലരും സ്വന്തം നാടുപോലും മറന്നെന്നു പറയാൻ സ്വയം പഠിച്ചിരിക്കുന്നു. ജീവിതത്തിന്റെ പല നിറങ്ങൾ ഉപേക്ഷിച്ചു ശുഭ്രവസ്ത്രധാരികളായി മാറി. അവരിൽ പലരും ഇന്ന് വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു.

80 വയസുകഴിഞ്ഞ ലീലാഭായി എന്ന ഒരമ്മ അടുത്തുവന്നിരുന്നു പറഞ്ഞു. ഒന്നവരെ പോയി കാണണമെന്നുണ്ട്. ചോദിക്കാതെ തന്നെ നമുക്ക് മനസ്സിലാക്കാം ആരെയാണവർ ഉദ്ദേശിക്കുന്നതെന്ന്… അതിനായി അവർ സ്വരുക്കൂട്ടി വച്ച സമ്പാദ്യം ഭക്ഷണ ശേഷം കാണിച്ചുതരാമെന്നും പറഞ്ഞു. എന്നിട്ട് രണ്ടു പാത്രങ്ങളിലായി അന്ന് അവർക്കായുണ്ടാക്കിയ ചോറും പരിപ്പുകൊണ്ടുള്ള ഒരു ഉപ്പേരിയും വിളമ്പി തന്നിട്ട് പറഞ്ഞു ഇന്നെന്താണാവോ വിശപ്പ് കുറവാണ് പകുതി നീ കഴിച്ചോളൂ. നല്ല രുചിയായിരുന്നു…, കാരണം ഇപ്പോഴും തുടർച്ചയായി മൂന്നോ നാലോ മണിക്കൂർ ഭജന പാടി കിട്ടുന്ന പ്രതിഫലമായ 3 രൂപയും അരകപ്പ് അരിയും പിന്നെ അരക്കപ്പ് പരിപ്പും. ഇതുവച്ചാണ് ഈ സദ്യയുണ്ടാക്കിയത്, അതിനാൽ രുചി കൂടുതലായിത്തോന്നി.

ഭക്ഷണശേഷം ആ അമ്മ, മുഷിഞ്ഞെന്നു കണ്ണുകൾക്ക് മാത്രം തോന്നുന്ന വൃത്തിയുള്ള ഒരു ഭാണ്ഡകെട്ടെടുത്തു കൊണ്ടുവന്നു. അവരുടെ സമ്പാദ്യം മുഴുവൻ അതാണ്. അതിൽ കുറെ ചില്ലറപൈസകൾ, പിന്നെ കുറെ നോട്ടുകൾ നാലായി മടക്കി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയടുക്കി വച്ചിരിക്കുന്നു. ഇത് അത്രയും അവർ തൻറെ വീട്ടുകാരെ കാണാനായി മാറ്റി വച്ചിരിക്കുന്ന സമ്പാദ്യമാണ്. ആ ചോറിനുള്ള കൂലിയോ മനസ്സിൽ അപ്പൊ തോന്നിച്ചതോ, അവിടെ നിന്നിറങ്ങുമ്പോ ആ അമ്മയെയും കൂട്ടി. വലിയ സന്തോഷത്തിലാണവർ മറ്റുള്ളവരോട് യാത്ര പറഞ്ഞിറങ്ങിയത്. ഇതുപോലുള്ള കാഴ്ചകൾ മുൻപും കണ്ടിട്ടുണ്ടെങ്കിലും പ്രയാസമേറിയതാണ് കണ്ടുനിൽക്കാൻ, കാരണം മനസ്സിൽ തോന്നാറുണ്ട് ഇങ്ങോട്ടുതന്നെ മടങ്ങേണ്ടി വരുമെന്നത് ഉറപ്പാണ് കാരണം ഇത്രകാലമായിട്ടും ആരും തിരഞ്ഞിറങ്ങാത്ത ഒരമ്മയാണ് അവരുടെ പ്രിയപ്പെട്ടവരെന്നു അവർക്ക് മാത്രം തോന്നുന്നവരെ കാണാനായി പോകുന്നത്.

കൈപിടിച്ചു വണ്ടിയിൽ കയറുമ്പോൾ, മനസ്സ് പറഞ്ഞിരുന്നു വിഷമം ഉൾക്കൊള്ളാൻ മനസ്സിനെ ശക്തിപ്പെടുത്തിക്കോളൂ. എങ്കിലും ആ ഭക്ഷണത്തിനുള്ളത് ഞാൻ എന്ന മനുഷ്യൻ ചെയ്തേ മതിയാവു. ചിലപ്പോൾ അതവരുടെ അവസാന ആഗ്രഹമായിരിക്കാം, ചിലപ്പോൾ ജീവിതത്തിൽ അവരുടെ ഒരേയൊരു ആശയും, പോയി നോക്കാം. അധികം ദൂരെ അല്ലാത്ത ഗ്രാമത്തിലുള്ള ഒരു വീട്, വഴി പലപ്പോഴായി ചോദിച്ചാണ് എത്തിച്ചേർന്നത്. വീടിനു മുന്നിൽ വണ്ടി നിർത്തി ആ അമ്മയെ കൈപിടിച്ച് ഇറക്കി, അവർ വീടെല്ലാം പുറത്തുനിന്നു നോക്കിക്കണ്ടു, ഒടുവിൽ എന്റെ മുഖത്തു നോക്കി നിറഞ്ഞ കണ്ണുകൾ ഒരു ചെറിയ പുഞ്ചിരികൊണ്ട് മറച്ചു വച്ച് കയ്യിലുള്ള പിടി ഒന്നുകൂടെ മുറുക്കി.

വണ്ടി നീക്കിയിട്ടുവരാം അമ്മ മെല്ലെ മക്കളോട് സംസാരിച്ചിരിക്കു എന്ന് പറഞ്ഞു അവർ വാതിൽ തുറക്കുന്നതിനു മുന്നേ പിന്നിലേക്ക് മാറി നിന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു, എന്നിട്ടുടൻ മടങ്ങിപ്പോയി തിരിച്ചു വന്ന് ഒരു ഗ്ലാസിൽ കുറച്ചരി അളന്നെടുത്തു ആ അമ്മയ്ക്ക് കൊടുക്കാനൊരുങ്ങിയപ്പോൾ അവർ എന്തോ പറഞ്ഞതനുസരിച്ചു പുറത്തേക്ക് വന്ന സ്ത്രീ അതിലും വേഗത്തിൽ അകത്തു പോയി. പിന്നീട് വന്നത് ഒരാളാണ്, അയാൾ ആ അമ്മയോട് പരുക്കമായി എന്തോ പറയുന്നതും തിരിച്ചു പോയി വാതിൽ ശബ്ദത്തോടുകൂടി കൊട്ടിയടക്കുന്നതും കണ്ടുനിന്നു. ഇനി മടങ്ങാം, മനസ്സിന് ഇത്തവണയും തെറ്റിയില്ല, ആ അമ്മയുടെ അടുത്ത് പോയി മുഖത്തുനോക്കിയില്ല കൈപിടിച്ചു നമുക്ക് പോകാം അവർ പുറത്തുപോയിക്കാണും പിന്നെ വരാം എന്ന് പറഞ്ഞു. കാരണം അവർക്കു ബാക്കിയുള്ള ആത്മാഭിമാനം അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ സഹജീവികൾക്കുമുണ്ട്.

ആ അമ്മ തിരിച്ചു വണ്ടിയിൽ കയറുമ്പോൾ എന്നോടോ അതോ പൊതുവെ പറഞ്ഞതോ അറിയില്ല “അവർക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു, സാരമില്ല ഞാൻ കുറച്ചു മുന്നേ വരണമായിരുന്നു, പറഞ്ഞു മനസ്സിലാക്കാമായിരുന്നു. ഇനിയിപ്പോ വേണ്ട, ആ ആഗ്രഹവും കഴിഞ്ഞു…” തിരിച്ചു വൃന്ദാവനത്തിലെ ആ വിധവാഗൃഹത്തിലെത്തുമ്പോൾ അവിടെ ഉള്ള ആരും ആശ്ചര്യം കാണിച്ചില്ല, വേഗം തിരിച്ചെത്തിയല്ലോ എന്ന ഒരു സ്വീകരണ ഭാവത്തോടെയാണെല്ലാവരും ആ അമ്മയെയും വരവേറ്റത്.

ഇറങ്ങിയപ്പോൾ എന്നോട് ആ അമ്മ പറഞ്ഞു “ഇത് മോനെടുത്തോ ടിക്കറ്റ് പൈസ കുറെ ആയില്ലേ, ഇനി ഇത് അമ്മക്ക് എന്തിനാ” ആ കയ്യിലുള്ള പിടുത്തം ഒന്നമർത്തി അത് കേൾക്കാത്ത ഭാവത്തിൽ പതിവിലുള്ള ചിരി നിലനിർത്തി ശബ്ദമില്ലാത്ത ഒരു യാത്രപറച്ചിലും നടത്തി ഇറങ്ങി.

ഇറങ്ങുമ്പോൾ മറ്റൊരു മുത്തശ്ശി ചിരിച്ചു പറഞ്ഞു… “മോൻ വിഷമിക്കണ്ട ഇവിടെ എല്ലാർക്കും ഇതേ അനുഭവം തന്നെയാണ്… ഭ്രഷ്ട്ട്‌കൽപ്പിച്ച് നിര്ഭാഗ്യവതികൾക്കു കിട്ടിയ ഒരു വലിയ ഭാഗ്യം ആണ് വൃന്ദാവനം. നാളെ ഭജനയുടെ സമയം വരേയുള്ളു ഞങ്ങൾ ഓരോരുത്തരുടെയും വേദനയും വിഷമവും… രാധേകൃഷണ…” അവരും കണ്ണടച്ച് പ്രാർത്ഥനയിൽ മുഴുകി… ചിലർ ഭിക്ഷാടനത്തിനുള്ള തെയ്യാറെടുപ്പിലാണ്… ആ ഇരുണ്ട വഴികളിലൂടെ പുറത്തെത്തി വണ്ടിയിൽ കയറുമ്പോൾ കൃഷ്ണ ഭക്തിയേക്കാൾ നമ്മൾ സ്മരിക്കുന്നത് അമ്മമാരെയാണ്… കാരണം ഇന്ന് ആ മകൻ കാണിച്ച അനാദരവും ആ അമ്മയുടെ ഭിക്ഷയാണെന്നു തിരിച്ചറിയുന്ന വരെയുള്ള ഒരു തെറ്റ്, കാലം മാറ്റിച്ചിന്തിപ്പിക്കട്ടെ.

തിരിച്ചുള്ള യാത്രകളിൽ ഉടനീളം നമുക്ക് കാണാൻ കഴിയും ഇത്തരം ഭിക്ഷയാചിക്കുന്ന വിധവകളായ സ്ത്രീകളെ. അവരിൽ ചിലർക്ക് നടക്കാനുള്ള ശേഷിയുണ്ട്, കുറച്ചു പേർ വടി ഊന്നി നടക്കുന്നു, ചിലർ വഴിയരികിൽ ചുരുണ്ട് കിടക്കുന്നു. മനസ്സിൽ തോന്നിയ ഒരു കാഴ്ചയാണ്, ഒരുപക്ഷെ ഈ നഗരം മുകളിൽ നിന്നും നോക്കിയാൽ കുറെ വെളുത്ത പക്ഷികൾ അങ്ങിങ്ങായി നിറഞ്ഞിരിക്കുന്നത് പോലെയായിരിക്കും കാഴ്ച്ച.

അല്പമുറങ്ങട്ടെ… നടന്നോളു

പട്ടാമ്പി സ്വദേശി. അബുദാബിയിൽ സോഫ്റ്റ്‌വെയർ കമ്പനിയിൽ വർക്ക് ചെയ്യുന്നു. നവ മാധ്യമങ്ങളിൽ എഴുതാറുണ്ട്