വൃത്തം

ഒരു ബിന്ദുവിൽ തുടങ്ങി
അവിടെ തന്നെയെത്തുന്ന
വൃത്തമാണിന്നെൻ്റെ ജീവിതം.

നിന്നിൽ തുടങ്ങി
നിന്നിലൊടുങ്ങുന്ന ജന്മം.

ഒരു സന്ദേശത്തിനപ്പുറം  
എന്നെക്കണ്ടില്ലെങ്കിൽ
ബോധം മറഞ്ഞെന്ന്
വിശ്വസിക്കുക.

ഒരു വിറയലിനപ്പുറം
മറുവിറയലുണ്ടായില്ലെങ്കിൽ
കാഴ്ച നഷ്ടപ്പെട്ടതായ്
കരുതുക.

രണ്ടു ശരികൾ
നീലയാകുന്നതും നോക്കിയിരിപ്പാണു
നീയെന്നറിയാം,
സങ്കടപ്പെടരുത്.

‘എത്രയാേജന്മമായ്’ എന്നാെരീണം
നിർത്താതെ ചെവിയിലലയടിക്കുന്നുവെങ്കിൽ
വീണ്ടും വിളിക്കരുത്.

ഒരുപക്ഷെ,
നിൻ്റെ വിളി
ചെന്നെത്താത്തിടത്തായിരിക്കാം.
അതിന്നർഥം
ഞാൻ നിന്നെ വിട്ടകന്നുവെന്നല്ല.
നിന്നരികിൽ തന്നെ
എവിടെയാേ ഉണ്ടെന്നാണ്.
അല്ലെങ്കിലും
നിന്നെ വിട്ട്
ഞാനെവിടെ പോകാനാണ്!

ഭൂമിയുരുണ്ടതാണെന്ന്
പഠിപ്പിച്ച ഗുരുവിനെ
മനസാ നമിച്ച്
വീണ്ടും വീണ്ടും
ഞാൻ നിന്നെത്തെടി
വന്നു കൊണ്ടേയിരിക്കും.

സ്വദേശം കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കടുത്ത് കൊല്ലം. ജി എച്ച് എസ് എസ് ആഴ്ചവട്ടം യു.പി വിഭാഗം അധ്യാപികയായി ജോലി ചെയ്യുന്നു. നെരൂദ പബ്ലിക്കേഷൻസിൻ്റെ "മന്ത്രികത്തെരുവ്" , പേരക്ക ബുക്സിൻ്റെ 'പ്രണയത്തിൻ്റെ വേദപുസ്തകം' എന്നീ കവിതാ സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.