വീണ്ടും അവൾ

അവളൊരു ചിത്രകാരിയായിരുന്നു

കരിക്കട്ട കൊണ്ടും പച്ചിലകൊണ്ടും

മുറ്റത്തും ചുമരിലും വരച്ചു.

അമ്മ കൈയ്യടിച്ചു

അച്ഛനുമ്മ നൽകി

ചേട്ടൻ കോരിയെടുത്തു

ചേച്ചി ചേർത്തു നിർത്തി

അവൾ പെണ്ണായി

കൂടുതൽ മൗനിയും.

ചിത്രങ്ങൾ 

അവളായ്

വിപ്ലവം

അസഹിഷ്ണുത

പ്രതിഷേധം

സ്വപ്നങ്ങൾ

ക്യാൻവാസിൽ

സംസാരിച്ചു.

ചിലർ നെറ്റി ചുളിച്ചു

ചിലർ ഒറ്റപ്പെടുത്തി

ചിലർ സ്നേഹിച്ചു

സഹിക്കാനാവാതെ വീട്ടുകാർ

വർണ്ണ ബോധമില്ലാത്തവന്

അവളെ വിറ്റു.

അയാൾ ചായപ്പെൻസിലൊടിച്ചു.

നാവും ചുണ്ടും തുന്നിച്ചേർത്തു.

കണ്ണിൽ എരിക്കിൻ കറ ഇററിച്ചു.

ഒരു ത്രിസന്ധ്യയിൽ

സർഗ്ഗാത്മകതയുടെ ബാധ കേറി

അവൾ വീണ്ടും 

ചിത്രകാരിയായി, പെണ്ണായി.

അവളിലൂടെ 

നിറങ്ങൾ പ്രകാശിച്ചത് കണ്ട്

അവന് മഞ്ഞളിച്ചു.

എല്ലാ ബന്ധനങ്ങളുമറുത്ത്

അവൾ പ്രളയമാവുന്നതും

നിറങ്ങൾ ചേർന്നൊഴുകി

പരക്കുന്നതും 

അത് ചുമരും മുറ്റവും കടന്ന്

മനസ് വരെ ഒലിച്ചെത്തുന്നതും

പ്രജ്ഞയറ്റ് കണ്ടു നിന്ന

അവനെ തഴുകി

അവളൊരു കാറ്റായി

കടലായി വേനൽ സന്ധ്യയായി

മഴവില്ലായി.

 
 

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും. ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇ മലയാളിയിലും സ്‌ഥിരമായി എഴുതുന്നു. വയനാട് സ്വദേശി.