വീട് ചുട്ട് തിന്നുന്നവൾ

എന്റെ വീട്ടിലേക്ക് അഞ്ചു വഴികളുണ്ടായിരുന്നു.
വിശപ്പിന്റെ മൂരിയെ
അറവുശാലയിലേക്ക് കൊണ്ടുപോയും
ഒറ്റപ്പെടലിന്റെ ഇറച്ചിയെ വേവിച്ച് തിന്നും
ദുഖത്തിന്റെ വിറക് വെട്ടിക്കീറിയും
കവലയിലേക്ക് പടർന്നു കയറുമ്പോൾ
ആളുകളുടെ ശ്വാസങ്ങളിൽ
തൂങ്ങി കിടന്ന്, എന്റെ വീടിനെ
കുറിച്ച് ഞാൻ വീമ്പ് പറയുകയാവും.

ഞെരിച്ചുടച്ച ഭൂപടത്തിൽ –
കൊത്തി കൊല്ലും പുഴയായിരുന്നു
എനിക്കെന്റെ ഒന്നാം വഴി.
ശൂന്യതയുടെ ചില്ലു പാത്രം പൊടിച്ച്
സമയത്തിന്റെ പശ
തേച്ചൊട്ടിച്ച് നിർത്തിയതായിരുന്നു
വീട്ടിലേക്കുള്ള രണ്ടാം വഴി.
വിഷാദത്തിന്റെ ചോര പറ്റിയ
കിതപ്പിന്റെ ആമ്പൽ പൂക്കൾ
നിറഞ്ഞതായിരുന്നു എനിക്കെന്റെ മൂന്നാം വഴി.
പാപത്തിന്റെ നീലിച്ച മിന്നൽ
വീണു കരിഞ്ഞ മീൻ മുള്ളായിരുന്നു
വീട്ടിലേക്കുള്ള എന്റെ നാലാം വഴി.
മദ്യത്തിന്റെ പല്ല് കടിച്ചു പൊട്ടിച്ച
സന്തോഷത്തിന്റെ മാങ്ങാപ്പൂളായിരുന്നു
എന്റെ അഞ്ചാം വഴി.

കള്ള് മോന്തിയാടിയെത്തും
രാത്രിയെ, പണിയെടുത്തു നടുവൊടിക്കുന്ന
പകലിന്റെ ചുരത്തിലേക്ക് ഉന്തിക്കയറ്റുന്ന
രസം കൊല്ലിയിലേക്ക് വീട് ചുരുങ്ങി തീരും
ചില നേരങ്ങളിൽ.
ശരീരത്തിന്റെ തീവണ്ടി പാച്ചിലിൽ
ആത്മാവിന്റെ തലവെച്ച് ചത്തയെന്നെ
മോർച്ചറിയുടെ ഒറ്റവഴിയിലേക്ക്
കടത്തിവിടുമ്പോൾ വീടെത്തിയെന്ന്
നെഞ്ചിടിക്കുന്നുണ്ടാവും,
വീടെത്തിയെന്ന് കണ്ണ് തള്ളുന്നുണ്ടാവും.

രസം എന്താന്ന് പറഞ്ഞാൽ
ഞാനിത് വരെ എന്റെ വീട് കണ്ടിട്ടില്ല.
കവലയിൽ തൂക്കിയിരിക്കുന്ന ക്ലോക്കിലെ
മണിക്കൂറും മിനിറ്റും സൂചി
പോലെ ഞാനും വീടും പരസ്പരം
തൊടാനുള്ള നെട്ടോട്ടത്തിലാണ്.
ഇനിയിപ്പോ വീട് തന്നെയുണ്ടോ
എന്നൊന്നും എനിക്കറിയാൻമേല!
എന്നാലും എന്റെ കണ്ണീന്ന് നീര് ഇറങ്ങുമ്പോ
അതിൽ ഒരു കുഞ്ഞുവീട്
കുടുങ്ങി കിടപ്പുണ്ടെന്നാ
മേരി പറയാറ്!!!!

തൃശൂർ സ്വദേശി ആണ്. ബികോം മൂന്നാം വർഷ വിദ്യാർത്ഥി. ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്